ADVERTISEMENT

കഴിഞ്ഞമാസം തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറിയിൽ എത്തിച്ച 72 പഴം-പച്ചക്കറി സാംപിളുകളിൽ 14 എണ്ണത്തിൽ അനുവദനീയമായ പരിധിക്കു മുകളിൽ കീടനാശിനി സാന്നിധ്യം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. കീടനാശിനി പ്രയോഗത്തിനു ശേഷം നിശ്ചിത സമയം കഴിഞ്ഞും ചെടികളിലും കായ്കളിലും മണ്ണിലും തങ്ങി നിൽക്കുന്ന കീടനാശിനിയെയും അവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കളെയും ചേർത്താണു കീടനാശിനി അവശിഷ്ടം എന്നു പറയുന്നത്. കീടനാശിനി അവശിഷ്ട വിഷാംശം എങ്ങനെ നിയന്ത്രിക്കാം?

കർഷകർ ശ്രദ്ധിക്കാൻ

  • കൃഷി ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്ന കീടനാശിനികൾ കൃത്യ അളവിലും കൃത്യ സമയത്തും മാത്രം പ്രയോഗിക്കുക.
  • പച്ചക്കറികളിൽ കായ രൂപപ്പെട്ടതിനു ശേഷം കഴിവതും കീടനാശിനി പ്രയോഗം ഒഴിവാക്കുക.
  • കീടനാശിനി പ്രയോഗത്തിനും വിളവെടുപ്പിനും ഇടയ്ക്കു നിശ്ചിത ഇടവേള നൽകണം. കുറഞ്ഞത് ഒന്നര ആഴ്ചയെങ്കിലും കാത്തിരുന്ന ശേഷമാണ് വിളവെടുക്കേണ്ടത്
  • അധികകാലം വിളകളിൽ തങ്ങി നിൽക്കുന്ന കീടനാശിനികൾ കഴിവതും ഒഴിവാക്കി വേഗത്തിൽ വിഘടിച്ചു പോകുന്ന പുതു തലമുറ കീടനാശിനികൾ ഉപയോഗിക്കുക.
  • കീടബാധ ആരംഭദശയിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ രാസ നിയന്ത്രണത്തിനു പകരം ജൈവ നിയന്ത്രണ മാർ‌ഗങ്ങൾ അവലംബിക്കാം.
  • വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം വർധിപ്പിക്കണം.
Representational image. Image credit: enviromantic/iStockPhoto
Representational image. Image credit: enviromantic/iStockPhoto

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

  • പച്ചക്കറികളും മുന്തിരി പോലുള്ള പഴവർഗങ്ങളും 2% വാളൻപുളി വെള്ളത്തിലോ (20 ഗ്രാം വാളൻപുളി 1 ലീറ്റർ വെള്ളത്തിൽ), 2 % വിനാഗിരിയിലോ (20 മില്ലി വിനാഗിരി 1 ലീറ്റർ വെള്ളത്തിൽ), 2 % കറിയുപ്പ് ലായനിയിലോ 15-20 മിനിറ്റ് മുക്കി വച്ച ശേഷം ശുദ്ധജലത്തിൽ 2-3 തവണ കഴുകണം.
  • പച്ചക്കറികളിലും, പഴവർഗങ്ങളിലും തൊലിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനി അകറ്റാൻ പച്ചക്കറികളും പഴ വർഗങ്ങളും നല്ലവണ്ണം ഉരസി കഴുകണം.
  • തൊലി കളയാവുന്ന പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും തൊലി ചെത്തി മാറ്റിയ ശേഷം ഉപയോഗിക്കുക.
  • കാബേജിന്റെ പുറത്തെ 2-3 ഇലകളെങ്കിലും നീക്കം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
  • പച്ചക്കറികൾ നന്നായി പാകം ചെയ്യുന്നതിലൂടെ നല്ലൊരളവ് കീടനാശിനികൾ നശിച്ചു പോകുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റു മാർഗങ്ങളിലൂടെ നീക്കം ചെയ്യാൻ കഴിയാത്ത അന്തർ വ്യാപന ശേഷിയുള്ള കീടനാശിനികളുടെ നല്ലൊരു ഭാഗവും പാചകം ചെയ്യുന്നതിലൂടെ മാറ്റാം.
  • ഏലയ്ക്കയുടെ തൊലി കളഞ്ഞ് ഉപയോഗിക്കുന്നത് അവശിഷ്ട കീടനാശിനി മൂലമുള്ള ആപത്തു കുറയ്ക്കും.
banana-monu-varghese-1

കീടനാശിനി മുക്തം ഈ വിളകൾ

നാട്ടിൻപുറങ്ങളിൽ വിളയുന്ന ചേന, ചേമ്പ്, ശീമച്ചക്ക, ചക്ക, കൂമ്പ്, വാഴപ്പിണ്ടി എന്നിവ സുരക്ഷിതമാണെന്നാണു നിലവിലുള്ള പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്. പഴവർഗങ്ങളിൽ പപ്പായ, വാഴപ്പഴം, കൈതച്ചക്ക, ചാമ്പയ്ക്ക, സീതപ്പഴം, പേരയ്ക്ക എന്നിവയും സുരക്ഷിതമാണ്.

പരിശോധന നിർണായകം

ഭക്ഷ്യ വസ്തുക്കളിലെ പരിശോധനയിലൂടെ കണ്ടെത്തുന്ന അവശിഷ്ട വിഷാംശത്തിന്റെ തോതു വളരെ ചെറുതാണ്. എന്നാൽ, ഈ കുറഞ്ഞ അളവിൽ പോലും വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. കാഴ്ചയിലൂടെയോ മണത്തിലൂടെയോ രുചിയിലൂടെയോ ഭക്ഷ്യവ സ്തുക്കളിൽ അടങ്ങിയിരിക്കുന്ന വിഷാംശത്തെ തിരിച്ചറിയാൻ കഴിഞ്ഞന്നു വരില്ല. ഇതുവരെ സാംപിൾ ശേഖരണം നടത്തിയിരുന്നതു പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരുന്നു.

കഴിഞ്ഞ മാസം മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാണു സാംപിൾ നേരിട്ടു ശേഖരിച്ചു വെള്ളായണിയിലെ ലാബിലെത്തിക്കുന്നത്.

അടുത്ത 3 വർഷത്തിനിടെ കേരളത്തിലെ 152 ബ്ലോക്കുകളിൽ പരിശോധന നടത്താനാണ് കൃഷി വകുപ്പിന്റെ തീരുമാനം. ഫീസടച്ച് ലാബിൽ സാംപിളുകൾ പരിശോധിക്കാം.

ഫോൺ: 9446179111.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com