ADVERTISEMENT

കൊതുകിനെയും ഈച്ചയെയും കെണിയില്‍ കുടുക്കി തിന്നുന്ന തനി മാംസഭുക്ക് ചെടികൾ! സസ്യലോകത്തെ വിചിത്ര വർഗമായ പ്രാണിപിടിയൻ ചെടികൾക്ക് ഇന്ന് അലങ്കാരച്ചെടികള്‍ എന്ന നിലയില്‍ പ്രിയമേറുന്നു. ഇവയിൽ പിച്ചർ പ്ലാന്റ് മലയാളിക്കു പരിചിതമാണ്. എന്നാൽ, നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒട്ടേറെ മറ്റു പ്രാണിപിടിയൻ ചെടികള്‍ ഇന്നു ലഭ്യമാണ്. എല്ലാം തന്നെ നേരിട്ട് വെയിൽ കിട്ടുന്നിടത്തേക്കു യോജിച്ചവയുമാണ്. ഉദാ: സറാസീനിയ അഥവാ ട്രംപെറ്റ്, ഡ്രൊസീറ അഥവാ സൺ ഡ്യൂ, ഡൈയോനിയ അഥവാ വീനസ് ഫ്ലൈ ട്രാപ്പ്, പിങ്ക്യുകുല അഥവാ ബട്ടർ വർട്സ്. 

വളം ചേർക്കാത്ത മിശ്രിതത്തിലാണ് മാംസഭോജി സസ്യങ്ങൾ വളർത്തേണ്ടത്, എങ്കിൽ മാത്രമേ ഇര പിടിക്കാനുള്ള അവയങ്ങൾ ഉല്‍പാദിപ്പിച്ച് ഇവ പ്രാണികളെ പിടിച്ചു തിന്നുകയുള്ളൂ. നന്നായി ഈർപ്പം തങ്ങിനിൽക്കുന്നിടങ്ങളാണ് ഇവയ്ക്ക് ഇഷ്ടമെന്നതിനാല്‍ വേനൽക്കാലത്ത് ഏറെ ശ്രദ്ധ വേണം. പിച്ചർ പ്ലാന്റിനെക്കുറിച്ച് ഈ പംക്തിയിൽ മുൻപു വിവരിച്ചിട്ടുള്ളതിനാല്‍ മറ്റ് ഇനങ്ങളുടെ സവിശേഷതകളും പരിപാലനരീതികളുമാകട്ടെ ഈ ലക്കത്തില്‍. 

സറാസീനിയ
ഇരപിടിക്കാന്‍ പാകത്തില്‍ പാതി തുറന്ന അടപ്പോടുകൂടി, ഒരടിയോളം നീളത്തിൽ, നേർത്ത ഫണൽപോലെയുള്ള അവയവങ്ങൾ മാത്രം മണ്ണിനു മുകളില്‍ കാണാവുന്ന ചെടി. ചുവപ്പ്, മെറൂൺ, പച്ചയിൽ ചുവന്ന ഞരമ്പുകളോടുകൂടിയത്, ചുവപ്പും പച്ചയും വെള്ളയും ഇടകലർന്നത് എന്നീ നിറങ്ങളില്‍ ഫണലുകളുള്ള ഇനങ്ങള്‍ വിപണിയില്‍ കിട്ടും. ദൂരെനിന്നു നോക്കിയാൽ ഒരു കൂട്ടം കുഞ്ഞൻ മൂർഖൻ പാമ്പുകൾ പത്തി വിടർത്തി നിൽക്കുന്നതുപോലെ തോന്നും. കാൽ ഭാഗത്തോളം ദ്രാവകം നിറഞ്ഞ ഫണലിനുള്ളിൽ പ്രാണി വീണാൽ പിന്നെ രക്ഷയില്ല, ഇരയാക്കി ഉള്ളിലുള്ള എൻസൈമുകൾ ഉപയോഗിച്ച് അതിനെ ഭക്ഷണമാക്കും. പിച്ചർ പ്ലാന്റിൽ ഇലയുടെ അറ്റം മാത്രമാണ് കൂജപോലെ ഇരയെ പിടിക്കുന്ന അവയവമായി മാറുന്നതെങ്കിൽ സറാസീനിയയിൽ ഇലകൾ പൂർണമായി രൂപാന്തരം പ്രാപിച്ച് ഫണൽ ആകൃതിയിൽ ആകും.

Read also: പ്രാണിപിടിയൻ ചെടികളുടെ കൂട്ടുകാരി; ടെറസിൽ നോൺവെജ് ചെടികളുടെ ശേഖരവുമായി വീട്ടമ്മ  

മണ്ണിനടിയിലെ കിഴങ്ങിൽനിന്നാണ് സറാസീനിയ, ഇരപിടിയൻ അവയങ്ങൾ മണ്ണിനു മുകളിലേക്ക് ഉല്‍പാദിപ്പിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും തായ്‌ലൻഡിൽനിന്നുമാണ് മിക്ക പ്രാണിപിടിയൻചെടികളും വന്നെത്തുന്നത്. ഉയർന്ന പ്രദേശത്തേക്കും സമതലങ്ങളിലേക്കും പറ്റിയ ഇനങ്ങൾ ലഭ്യമാണ്. ഇവ തമ്മിൽ സങ്കരണം നടത്തി ഉണ്ടാക്കിയവയും സമതലങ്ങളിൽ വളരുന്നവയാണ് നമ്മുടെ നാട്ടില്‍ കൂടുതൽ യോജ്യം. കിഴങ്ങാണ് സറാസീനിയയുടെ നടീല്‍വസ്തു. വലുപ്പമുള്ള ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈകള്‍ കിഴങ്ങുൾപ്പെടെ വേർപെടുത്തിയെടുത്തും നടാം. കിഴങ്ങ് നേരിട്ടു മണ്ണിൽ നടാതെ കൊക്കോപീറ്റിൽ ഇറക്കിവച്ച് പാ തി തണൽ നൽകി സംരക്ഷിക്കണം. നേരിട്ടുള്ള വെയിലും മഴയും ഈ ചെടിയുടെ വളർച്ചയ്ക്ക് ആ വശ്യമാണ്. ചതുപ്പുപോലെ എപ്പോഴും വെള്ളം തങ്ങിനിൽക്കുന്ന ഇടമാണു വേണ്ടത്.

Dionaea  (Image credit: Bogdan Lazar/iStockPhoto
Dionaea (Image credit: Bogdan Lazar/iStockPhoto

ഡയോണിയ
ഇലയുടെ അറ്റത്തു കാണുന്ന, 2 വശത്തേക്കുള്ള പാളികൾ ഉപയോഗിച്ചാണ് ഈച്ച, കൊതുക്, പുൽച്ചാടി എന്നിവയെ ഈ ചെടി ഇരയാക്കുന്നത്. ഈ പാളികളുടെ അരികിലൂടെ മുള്ളുകളുണ്ടാവും. ചുവപ്പ്, തവിട്ട് നിറങ്ങളില്‍ ഉള്‍വശമുള്ള പാളികളിലേക്ക് പ്രാണികള്‍ ആകർഷിക്കപ്പെടുന്നു. പ്രാണി ഉള്ളില്‍ കയറിയാൽ പാളികൾ വേഗത്തിൽ അടയുകയും തുടര്‍ന്ന് അ തിനെ തിന്നുകയും ചെയ്യും. സ്വാഭാവികമായി മിതശീതോഷ്‌ണ കാലാവസ്ഥയിൽ വളരുന്ന ഈ ചെടിയുടെ സങ്കരയിനങ്ങൾ അൽപം ശ്രദ്ധ നൽകിയാൽ നമ്മുടെ നാട്ടിലും പരിപാലിക്കാം. 

Read also: അകത്തളങ്ങൾക്കു ഭംഗിയേകി ഇരപിടിയൻ ചെടികൾ, ഒപ്പം വരുമാനവും 

ചെടി വളർന്ന് കൂട്ടമായി മാറിയാൽ തൈകൾ വേരുൾപ്പെടെ അടർത്തിയെടുത്ത് നടാനെടുക്കാം.  ഇലയും നട്ടുവളർത്താൻ പറ്റിയതുതന്നെ. ഇതിനായി ഇലയുടെ ചുവട്ടിലുള്ള വെളുത്ത ഭാഗം ഉൾപ്പെടെ വേണം ഉപയോഗിക്കാൻ. കുതിർത്തെടുത്ത പാക്കിങ് മോസി(Sphagnum)ലാണ് ഇലയും തൈയും നടേണ്ടത്. നേരിട്ട് വെയിൽ ഇഷ്ടപ്പെടുന്ന ഡയോണിയ സ്ഥിരമായി വളർത്താനും പാക്കിങ് മോസ് തന്നെ വേണ്ടിവരും.

Drosera (Image credit: scubaluna/iStockPhoto
Drosera (Image credit: scubaluna/iStockPhoto

ഡ്രൊസീറ
നേരിട്ട് വെയിൽ ആവശ്യമുള്ള  ഡ്രൊസീറയുടെ സസ്യപ്രകൃതിയിൽ ഇലകൾ രൂപാന്തരപ്പെട്ടു വള്ളികൾ അല്ലെങ്കിൽ സ്പൂണിന്റെ ആകൃതിയിൽ ആകും. ഇതിൽ നിറയെ ഉള്ള ടെന്റക്കിൾ (tentacle) ആണ് ഇരയെ ചുറ്റിവരിഞ്ഞു പിടിക്കുക. ഇതിനായി ഇവയുടെ അറ്റത്തു ബൾബ് പോലെ തിളങ്ങി നിൽക്കുന്ന, പശയുള്ള ഗോളങ്ങൾ ഉണ്ടാകും. ഒരിനത്തില്‍ സ്പൂൺ ആകൃതിയിലുള്ള ഇലകൾ റോസാപ്പൂപോലെയാണ് ഉണ്ടായിവരിക. ഗോളങ്ങളിൽ അബദ്ധവശാൽ പറ്റിപ്പിടിക്കുന്ന പുൽച്ചാടി, ഈച്ച, ചെറു ശലഭം എന്നിവയെ ടെന്റക്കിൾ ചുറ്റി ബന്ദിയാക്കി ഭക്ഷിക്കും.

വര്‍ഷത്തില്‍ 3 - 4 തവണ പൂവിടുന്ന ഡ്രൊസീറയുടെ വിത്ത് കുതിർത്തെടുത്തു പാക്കിങ് മോസിൽ കിളിര്‍പ്പിച്ചെടുക്കാം. ഇലകളും ഇങ്ങനെ തൈകളായി വളർത്തിയെടുക്കാം. നാട്ടിൽ ലഭ്യമായ പലതും കൃത്രിമ സങ്കരണം വഴി ഉല്‍പാദിപ്പിച്ചവയാണ്. ചെടിയുടെ വേരുകൾ ആഴത്തിൽ വളരുന്നതിനാല്‍ നടീല്‍ മിശ്രിതം ആവശ്യത്തിനു വേണം. ചെടി സ്ഥിരമായി വളർത്താൻ  കുതിർത്തെടുത്ത കൊക്കോപീറ്റ് ഉപയോഗിക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com