കോറിഡോറിലുമാകാം പച്ചക്കറിവിപ്ലവം; കൃഷിയിടമായി കോൺക്രീറ്റ് തൂണുകളും ഡ്രൈനേജ് പൈപ്പുകളും: രീതികൾ പങ്കുവച്ച് വീട്ടമ്മ
Mail This Article
കൃഷി ചെയ്യാൻ സ്ഥലം വേണോ? ഇല്ലെങ്കിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുമെന്ന് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ റീന അജുമോൻ പറയും. ബെംഗളൂരുവിലായതിനാൽ സ്ഥലലഭ്യതയുടെ കാര്യം ഊഹിക്കാമല്ലോ. കോറിഡോറിലെ രണ്ടു കോൺക്രീറ്റ് തൂണുകൾ, 3 ഡ്രൈനേജ് പൈപ്പുകൾ എന്നിവയും കൃഷിയിടത്തിൽ ഉൾപ്പെടും. ഇവിടെ റീന കൃഷിചെയ്യാത്ത പച്ചക്കറികളില്ല. കുറഞ്ഞ സ്ഥലത്തെ പച്ചക്കറിക്കൃഷിയെക്കുറിച്ച് റീന അജുമോൻ എഴുതുന്നു.
ശുദ്ധമായ പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുമുപരി വര്‍ധിച്ചുവരികയാണ്. വിഷരഹിത ഭക്ഷ്യവിളകളുടെ ഉൽപാദനം അനിവാര്യതയുമാണ്. മാറിവരുന്ന ഭക്ഷണരീതികളും ജീവിത സാഹചര്യങ്ങളും പലവിധ രോഗങ്ങളിലേക്കാണു നമ്മെ നയിക്കുന്നത്. പോഷക സമ്പുഷ്ടമായ പച്ചക്കറികളുടെ ഉൽപാദനം ഓരോ വീടുകളിലുമുണ്ടായാല്‍ ഈ പ്രശ്‌നങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും.
നല്ലൊരു അടുക്കളത്തോട്ടം ഏതൊരു വീടിനും അലങ്കാരമാണ്, അലങ്കാരം മാത്രമല്ല അതൊരു ആവശ്യവുമാണ്. നമുക്ക് ആവശ്യമായ പച്ചക്കറികൾ നാം തന്നെ നട്ടു പിടിപ്പിക്കണം. നമ്മുടെ വീടിന്റെ പരിസരത്തോ, ടെറസിലോ, ബാൽക്കണിയിലോ ഒരു അടുക്കളത്തോട്ടം ഒരുക്കിയെടുക്കാം. നമുക്കു വേണ്ട പച്ചക്കറികളും പഴങ്ങളും അടുക്കളത്തോട്ടത്തിൽ വെച്ചു പിടിപ്പിക്കുന്നത് സാമ്പത്തിക ലാഭത്തോടൊപ്പം ആരോഗ്യവും നൽകുന്നു .
അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളിൽ എന്തെങ്കിലും ഒരിനം എങ്കിലും ദിവസവും ലഭിക്കുന്നു എങ്കിൽ നല്ലൊരു അടുക്കളത്തോട്ടം ഉണ്ടെന്നു തന്നെ പറയാം. എല്ലാം ചെയ്യാൻ കുടുംബവും ഒപ്പം ഉണ്ടെങ്കിൽ മാനസിക സന്തോഷവും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. പച്ചക്കറികൾ നട്ടു പിടിപ്പിക്കുന്നത് ഒരു ഹോബി ആയോ നമുക്കാവശ്യമായവ നാം തന്നെ കൃഷി ചെയ്തു എടുക്കും എന്ന ഒരു വാശിയോടുകൂടിയോ കണ്ട് അതിനുവേണ്ടി സമയം കണ്ടെത്തണം. ഇതൊരു ജീവിതശൈലിയാക്കി മാറ്റണം. വീട്ടിലെ എല്ലാ അംഗങ്ങളും കൃഷിയിൽ പങ്കെടുക്കണം. പ്രത്യേകിച്ചു കുട്ടികളെ വീട്ടിലെ അടുക്കളതോട്ടത്തിൽ സഹകരിപ്പിക്കണം. ടിവി യുടെയോ മൊബൈലിന്റെയോ അമിത ഉപയോഗം അവർക്കിടയിൽ ഉണ്ടാകാതിരിക്കാനും, സർഗ്ഗാത്മക പ്രവർത്തനങ്ങളിലേയ്ക്ക് അവരെ നയിക്കാനും നമ്മുടെ അടുക്കളതോട്ടങ്ങളിലൂടെ കഴിയും. വിഷം തളിച്ച് വരുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിൽ കൂടി പതിയെ നമ്മുടെ അടുത്ത് എത്തുന്ന ക്യാൻസറിനെയും വന്ധ്യതയെയും ചെറുക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം.
Read also: 8 രാജ്യങ്ങളിൽനിന്ന് 106 തക്കാളി ഇനങ്ങൾ; പത്തര മീറ്റർ കോറിഡോറിൽ തക്കാളിവിപ്ലവവുമായി വീട്ടമ്മ
ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ സ്ഥലം ഇല്ല എന്നു പറയുന്നവർ ഏറെയുണ്ട്. ചെയ്യാനുള്ള മനസ് ഉണ്ടായാൽ സ്ഥലവും സമയവും ഒക്കെ നമ്മൾ തനിയെ കണ്ടെത്തും. ഞാൻ തന്നെ ഒരു ഉദാഹരണം ആണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങൾ എനിക്കുണ്ട്. പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. ഒപ്പം സ്റ്റിച്ചിങ് ചെയ്യുന്നു. ഇതിനിടയിൽ സമയം കണ്ടെത്തിയാണ് എന്റെ കൃഷി. എല്ലാ ജോലിത്തിരക്കുകളുടെയും മാനസിക പിറുമുറുക്കം കൃഷിയിൽ കൂടി ഞാൻ മാറ്റുന്നു. കുറച്ച് നേരം ഇവർക്കായി മാറ്റി വച്ചാൽ മതി.
ഗ്രോബാഗിലോ ചട്ടിയിലോ ഒക്കെ ചെടികൾ വയ്ക്കാം. സ്ഥലമുള്ളവർ നല്ല വെയിൽ കിട്ടുന്ന സ്ഥലം നോക്കി ചെടികൾ വയ്ക്കാം. ചെറിയ അടുക്കളത്തോട്ടം ഒക്കെ സീറോ ബജറ്റ് ജൈവകൃഷി ആണ്. നേട്ടം എന്നത് നമ്മുടെ ആരോഗ്യവും.
ഒരു ബാൽക്കണി ആണോ നിങ്ങൾക്ക് ഉള്ളത്. വിഷമിക്കേണ്ട. അതിലും നമുക്ക് ആവശ്യമായത് കൃഷി ചെയ്യാം. വരാന്ത ആയാലും കോറിഡോർ ആയാലും അതിൽ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം. കമ്പികളും ഡ്രൈനേജ് പൈപ്പും ഒന്നും വെറുതെ വിടണ്ട. ഇതിലൊക്കെ കുപ്പികളോ ചെറിയ ചട്ടികളോ കെട്ടി വച്ചു ചെടികൾ നടാം. ഇതിലൊക്കെ എന്തു നടും എങ്ങനെ നടും എന്ന ചിന്ത വേണ്ട. ഇതിലൊക്കെ ക്യാരറ്റ്, റാഡിഷ്, ചീര, മുളക്, മല്ലി, പുതിന ഇവയൊക്കെ നടാൻ പറ്റും. ഇതൊക്കെ ഞാൻ കൃഷി ചെയ്യുന്നതുകൊണ്ട് എനിക്ക് ധൈര്യമായി മറ്റുള്ളവരോട് പറയാൻ പറ്റും.
നിലത്ത് ഒരിക്കലും ചട്ടികൾ വയ്ക്കരുത്. സ്റ്റാൻഡ് ഉണ്ടെങ്കിൽ നല്ലത്. അതല്ലെങ്കിൽ ട്രേ വച്ച് അതിന്റെ മേലെ വേണം ചട്ടി വയ്ക്കാൻ. പെയിന്റ് ബക്കറ്റ് ഉപയോഗിച്ചാൽ അതിന്റെ അടപ്പ് അടിയിൽ ട്രേ ആയി ഉപയോഗിക്കാം. ഗ്രോബാഗ് അല്ലെങ്കിൽ ചാക്ക് ഉപയോഗിക്കുന്നവർ ഓട് വച്ച് അതിന്മേൽ വയ്ക്കണം. അത് ഇല്ലെങ്കിൽ വിഷമിക്കേണ്ട രണ്ടോ മൂന്നോ ചിരട്ടകൾ നാല് മൂലയിലും അടുക്കി അതിന്റ മേലെയും ഗ്രോബാഗ് വയ്ക്കാം.
Read also: ഇലക്കറികൾക്കുവേണ്ടി ഹൈഡ്രോപോണിക് യൂണിറ്റ്; വിദേശപ്പച്ചയിൽ ആറാടി 'കിളിവീട്'
രാസവളങ്ങളും രാസകീടനാശിനികളും പൂർണമായും ഒഴിവാക്കി ചെറിയ സ്ഥലത്ത് നമുക്ക് ആവശ്യമായത് കൃഷി ചെയ്ത് എടുക്കാം. വളമായി സാധാരണ മണ്ണിര കമ്പോസ്റ്റ്, സ്ലറി, പിണ്ണാക്കുകൾ, പച്ചക്കറി വേസ്റ്റുകൾ ഉപയോഗിക്കുന്നു. രോഗകീട ബാധ നിയന്ത്രണത്തിന് ജൈവ കീടനാശിനി ഉപയോഗിക്കുന്നു. വേപ്പിന്റെ ഉൽപന്നങ്ങൾ ഇപ്പോൾ ധാരാളം ഉണ്ട്. നമ്മൾ കളയുന്ന കഞ്ഞിവെള്ളം കീട നാശിനി ആയും വളമായും ഉപയോഗിക്കാം...
ജൈവകൃഷി ചിലവ് കുറവും. ആരോഗ്യപ്രദവും ആണ്. അതുകൊണ്ട് വീട്ടാവശ്യത്തിനുള്ള പച്ചക്കറിക്കൃഷി വൻ വിജയം തന്നെ ആണ്. ആകെ ചെലവ് വരുന്നത് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ വാങ്ങുന്ന പണം മാത്രം. സ്ഥലം ഉള്ളവർക്ക് മണ്ണും ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും ഒന്നും വാങ്ങേണ്ടി വരില്ല.. അതില്ലാത്തവർക്ക് ഇതും വാങ്ങേണ്ടി വരും. ഒരിക്കൽ മണ്ണ് ഫലഭൂയിഷ്ടമാക്കിയാൽ പിന്നെ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടക്കും.
ജൈവ സ്ലറി, ഫിഷ് അമിനോ ആസിഡ് (ഫിഷ് അമിനോ ഉണ്ടാക്കാൻ നമ്മൾ കളയുന്ന മത്തി വേസ്റ്റ് മതി. ശർക്കര വാങ്ങുന്ന ചെലവ് മാത്രം) എന്നിവയാണ് പ്രധാനമായും നടത്തുന്ന വളപ്രയോഗം. ചെടികൾ വളർന്നു വരുന്ന ഘട്ടത്തിൽ ഇടയ്ക്കിടയ്ക്ക് മുട്ടത്തോട് പൊടിച്ചത് ചേർക്കാറുണ്ട്. വേപ്പെണ്ണ മിശ്രിതം, കഞ്ഞിവെള്ളം നേർപ്പിച്ചത്, സോപ്പ് ലായനി എന്നിവയാണ് കീടനാശിനികൾ. നാലില പ്രായം മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ എമൾഷൻ തളിക്കുന്നത് കീടങ്ങൾ വരാതിരിക്കാൻ നല്ലതാണ്. ആരോഗ്യമുള്ള ചെടികൾക്ക് കീടശല്യം കുറയും..
എന്തൊക്കെ ചെയ്താലും ഒരു ചെടി പോയാൽ 10 എണ്ണം വയ്ക്കാനുള്ള മനസ് വേണം. ഒരു ചെടി വച്ചിട്ട് പുഴു വരുമ്പോൾ കൃഷിയിൽ പരാജയപ്പെട്ടുവെന്നു പറഞ്ഞ് കൃഷി ഉപേക്ഷിക്കരുത്. നല്ല ഗുണമേന്മയുള്ള നടീൽ വസ്തുക്കളും വിത്തുകളുമൊക്കെ ഉപയോഗിക്കുക. സമയത്തിനുതന്നെ വള പ്രയോഗം, കീടങ്ങളെ തുരത്തൽ എന്നിവയൊക്കെ ചെയ്യുക. കൃഷി വിജയിക്കും.