ശംഖുപുഷ്പം മുതൽ ക്രഷ്ഡ് കാന്താരിവരെ: കാര്യമായ മുതൽമുടക്കില്ലാതെയും വീട്ടുകാര്യങ്ങൾക്കു മുടക്കമില്ലാതെയും മികച്ച വരുമാനം നേടി വീട്ടമ്മ
Mail This Article
തിരുവനന്തപുരം നാലാഞ്ചിറയിലുള്ള സിന്ധുവിന്റെ വീട്ടിൽ ഒരു ഭക്ഷ്യോൽപന്ന യൂണിറ്റിന്റെ തിരക്കോ ബഹളമോ ഒന്നുമില്ല. എന്നാൽ, സിന്ധുവുണ്ടാക്കുന്ന വിഭവങ്ങൾക്ക് ഓർഡറിന് പഞ്ഞവുമില്ല. കാര്യമായ മുതൽമുടക്കില്ലാതെയും വീട്ടുകാര്യങ്ങൾക്കു മുടക്കമില്ലാതെയും മികച്ച വരുമാനമുള്ള സംരംഭം സാധ്യമാണെന്നു തെളിയിക്കുകയാണ് ഈ വനിത. വർഷങ്ങളായി തിരുവനന്തപുരം നഗരത്തിൽ മികച്ച നിലയിൽ ബുട്ടീക് നടത്തുന്ന സിന്ധു ഒരു വർഷം മുന്‍പാണ് ഭക്ഷ്യോൽപന്ന സംരംഭത്തില്‍ കൂടി കൈവച്ചത്. ഒട്ടേറെ അന്വേഷണങ്ങൾക്കുശേഷം മുരിങ്ങയില ഉൽപന്നങ്ങളിലാണ് തുടക്കം.
തമിഴ്നാട്ടിൽ വാണിജ്യക്കൃഷിയിലും വ്യാവസായിക ഉൽപാദനത്തിലും വൻ വളർച്ച നേടിയ കാർഷികവിളയാണ് മുരിങ്ങ. ഇലയ്ക്കായുള്ള മുരിങ്ങക്കൃഷിയിലും മൂല്യവർധനയിലും കയറ്റുമതിയിലും വൻ മുന്നേറ്റമാണ് അവിടെ. കേരളത്തിൽ പക്ഷേ ഇലയ്ക്കായുള്ള മുരിങ്ങക്കൃഷിക്കു പ്രചാരം നേടാനായിട്ടില്ല. അതേസമയം മുരിങ്ങയില ഉൽപന്നങ്ങൾക്കു മികച്ച വിപണിയുണ്ടെന്നു സിന്ധു പറയുന്നു. വൻതോതിൽ മുരിങ്ങയില സംഭരിക്കുന്നവരോ ഫാക്ടറി അടിസ്ഥാനത്തിൽ മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവരോ ഇല്ലാത്തതുകൊണ്ടാണ് മുരിങ്ങയിലക്കൃഷിക്ക് ഇവിടെ പ്രചാരമില്ലാത്തത്. അതേസമയം മുരിങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ഏറ്റവും അവബോധമുള്ള സമൂഹമാണ് നമ്മുടേതെന്നു സിന്ധു. കോവിഡ്കാലത്ത് ആരോഗ്യഗുണങ്ങളുള്ള ഉൽപന്നങ്ങൾ ആളുകൾ തേടിപ്പിടിക്കാനും തുടങ്ങി. ആ ധൈര്യത്തിലാണ് മുരിങ്ങയിൽ തുടക്കമിട്ടത്.
വരുമാന വിഭവങ്ങൾ
സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്നു മുരിങ്ങയില ശേഖരിച്ചു മഞ്ഞൾവെള്ളത്തിൽ കഴുകിയെടുത്ത് തണലത്തുണക്കി മിക്സിയിൽ പൊടിച്ചുണ്ടാക്കിയ മുരിങ്ങയിലപ്പൊടിയാണ് ആദ്യ ഉൽപന്നം. ഒപ്പം മുരിങ്ങയിലത്തോരൻ ഇഷ്ടപ്പെടുന്നവർക്കായി കഴുകി പാക്ക് ചെയ്ത റെഡി ടു കുക്ക് ഫ്രഷ് മുരിങ്ങയില, മുരിങ്ങയിലയും കശുവണ്ടിപ്പരിപ്പും ചേരുന്ന മുരിങ്ങ ലഡു, മുരിങ്ങയിലപ്പൊടി ചേരുന്ന മൂന്നിനം പ്രോട്ടീൻ പൗഡർ, മുരിങ്ങയിലപ്പൊടി ക്യാപ്സൂൾ എന്നിവയും തയാറാക്കി. ഇതിൽ ക്യാപ്സൂൾ നിർമാണത്തിനു മാത്രമാണ് ലഘുയന്ത്രം ആവശ്യം. ബാക്കിയെല്ലാം കാര്യമായ അധ്വാനമില്ലാതെ തയാറാക്കാം. കറിവയ്ക്കാൻ പരുവത്തിൽ കഴുകി പാക്ക് ചെയ്ത പച്ച മുരിങ്ങയിലയുടെ സ്വീകാര്യത അമ്പരപ്പിച്ചെന്നു സിന്ധു. നഗരത്തിലെ ജോലിക്കാരായ വീട്ടമ്മമാരാണ് മുഖ്യ ആവശ്യക്കാർ.
തുടക്കത്തിൽ ഉൽപന്നങ്ങൾക്ക് ഓർഡർ നേടാൻ സെയിൽസ് എക്സിക്യൂട്ടീവിനെ വച്ചു. ഒട്ടേറെ ഓർഡര്‍ കിട്ടി. 10–12 കിലോ മുരിങ്ങയില ഉണങ്ങുമ്പോഴാണ് ഒരു കിലോ മുരിങ്ങയിലപ്പൊടി ലഭിക്കുക. ആവശ്യത്തിനു മുരിങ്ങയില പരിസരങ്ങളിൽനിന്നു മാത്രം ലഭിക്കുക എളുപ്പമായിരുന്നില്ല. കുടപ്പനക്കുന്നു കൃഷി ഭവനുമായി ബന്ധപ്പെടുന്നതും കൃഷി ഓഫിസർ സ്നേഹയുടെ ശക്തമായ പിന്തുണയോടെ കൃഷിക്കൂട്ട ത്തില്‍ അംഗമാകുന്നതും അപ്പോഴാണ്. അത് മറ്റ് ഉൽപന്നങ്ങളിലേക്കും വഴി തുറന്നു. ഇന്ന് തിരുവനന്തപുരത്തെ ഒട്ടേറെ കാർഷകരിൽനിന്നു ഭക്ഷ്യോൽപന്ന നിർമാണത്തിനാവശ്യമായ ഇനങ്ങൾ സിന്ധു നേരിട്ടു സംഭരിക്കുന്നു. കിലോയ്ക്ക് 40 രൂപ നൽകിയാണ് മുരിങ്ങയില എടുക്കുന്നത്. കർഷകരുമായി നേരിട്ടു ബന്ധമായതോടെ കാർഷികോൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുമായി.
സിന്ധുവിന്റെ ഉൽപന്നങ്ങളിൽ ഉണക്കിയ ശംഖുപുഷ്പം മുതൽ ക്രഷ്ഡ് കാന്താരിവരെയുള്ള കൗതുകങ്ങളുണ്ട്. ഒട്ടേറെ ഔഷധ–ആരോഗ്യമേന്മകളുള്ള പൂവാണ് ശംഖുപുഷ്പം. ഉണക്കിപ്പൊടിച്ച ശംഖുപുഷ്പം കൊണ്ടുള്ള ബ്ലൂ ടീ ഇന്ന് വിപണിയിലെത്തിക്കുന്ന വൻകിട സംരംഭകരുണ്ട്. നീല ശംഖുപുഷ്പത്തിന്റെ പൂക്കൾ തണലത്തുണക്കി പൂവായിത്തന്നെ മനോഹരമായ ഗ്ലാസ് ബോട്ടിലിൽ വിപണിയിലെത്തിക്കുന്നു സിന്ധു. ഏറെ അധ്വാനമില്ലാതെ തയാറാക്കാവുന്ന ഇത്തരം ഒട്ടേറെ ഭക്ഷ്യോൽപന്നങ്ങളുണ്ട്. കർഷകരിൽനിന്നു ശേഖരിക്കുന്ന പഴുത്ത കാന്താരിമുളക് കഴുകി ഉണങ്ങി ചതച്ചെടുക്കുന്ന ക്രഷ്ഡ് കാന്താരിക്ക് ആവശ്യക്കാർ ഏറെ. ഉപ്പിലിട്ടത്, പൗഡർ, ക്യാപ്സൂൾ തുടങ്ങി പലതുണ്ട് കാന്താരി ഉൽപന്നങ്ങൾ. മുരിങ്ങ പാസ്തപോലെ പുതുതലമുറ വിഭവങ്ങളും തയാർ.. മുപ്പതിലേറെ മൂല്യവർധിത ഉൽപന്നങ്ങളാണ് ‘ദ ലീവ്സ്’ എന്ന ബ്രാൻഡിൽ പ്രത്യേക വിതരണക്കാര്‍ വഴി ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്.
ഫോൺ: 9497391803 (Whatsapp Only)