നേന്ത്രനു വേണം മുകളിൽ തീയും കീഴെ വെള്ളവും; കുലയ്ക്കു തൂക്കവും കായ്കള്‍ക്കു വലുപ്പവും കൂട്ടാൻ ചെയ്യേണ്ട സൂത്രപ്പണി
Mail This Article
വാണിജ്യാടിസ്ഥാനത്തിൽ ഏതാണ്ട് 50,000ലധികം ഹെക്ടർ സ്ഥലത്ത് കേരളത്തിൽ നേന്ത്രവാഴ കൃഷി ചെയ്യുന്നുണ്ട്. ഓണക്കാലത്തെ ലാക്കാക്കി നനവാഴയും മഴയെ മാത്രം ആശ്രയിച്ചു പൊടിവാഴയും. സൂര്യപ്രകാശം സമൃദ്ധമായ പാടങ്ങളിലും പറമ്പുകളിലുമാണ് നേന്ത്രൻ ശോഭിക്കുന്നത്. 25 വർഷത്തിനുമേൽ പ്രായമുള്ള തെങ്ങിൻതോട്ടങ്ങളിലും നേന്ത്രവാഴയ്ക്കു വേണ്ടത്ര സൂര്യപ്രകാശം ലഭിക്കും.
ഇനം, നടീൽവസ്തുവിന്റെ ഗുണമേന്മ, കൃഷിസ്ഥലത്തെ സൂര്യപ്രകാശലഭ്യത, മണ്ണിന്റെ ഭൗതിക–രാസ–ജൈവഗുണങ്ങൾ, മണ്ണിലെ നീർവാർച്ച/ വെള്ളത്തെ പിടിച്ചു നിർത്താനുള്ള കഴിവ്, ശരിയായ കളനിയന്ത്രണം, ചിട്ടയായ വളപ്രയോഗവും നനയും, ചെടികൾ തമ്മിലുള്ള ശരിയായ അകലം, ശരിയായ കീട–രോഗ പ്രതിരോധവും നിയന്ത്രണവും, കായ്കൾക്കുള്ള പ്രത്യേക പരിചരണം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഒരു കാർഷികവിളയുടെ വിളവ്.
വാഴക്കുലയ്ക്കു നല്ല വിപണിയും വിലയുമൊക്കണമെങ്കില്‍ നല്ല തൂക്കത്തോടൊപ്പം കായ്കൾക്ക് നല്ല ഭം ഗിയും വേണം. 100 വാഴക്കന്നു നട്ടാല്‍ വൈറസ് രോഗവും കീടബാധയും മൂലം 10 ശതമാനം വാഴകൾ കുലയ്ക്കുകയേ ഇല്ല. ശേഷിക്കുന്ന 90 ശതമാനത്തിൽ 60 ശതമാനം ഒന്നാം തരവും 20 ശതമാനം രണ്ടാം തരവും 10 ശതമാനം മൂന്നാം തരവും കുലകളായിരിക്കും ലഭിക്കുക. ഈ അവസ്ഥ മാറി നൂറിന് നൂറും ഒന്നാം തരം കുലകൾ തന്നെ ആക്കിയെടുക്കാൻ എന്തു ചെയ്യണം എന്ന് കർഷകൻ ചിന്തിക്കണം. എണ്ണത്തിൽ മാത്രമല്ല, വണ്ണത്തിലും കാര്യമുണ്ടെന്നതും കർഷകൻ മറക്കരുത്. മുകളിൽ പറഞ്ഞ ഘടകങ്ങള്‍ വിശദീകരിക്കാം.
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ? നല്ല വാഴക്കന്നു നട്ടാലേ നല്ല വിളവ് കിട്ടുകയുള്ളൂ. വെയിലുള്ളിടത്തേ വിളവുള്ളൂ എന്നതും മറക്കരുത്. എത്രയധികം സൂര്യപ്രകാശം വാഴയുടെ ഇലകളിൽ പതിക്കുന്നുവോ അത്രയും കൂടുതൽ പ്രകാശസംശ്ലഷണം നടക്കും. ആ അന്നജമാണ് പിന്നീട് കുലകളിൽ സംഭരിക്കപ്പെടുന്നത്.
മണ്ണിന്റെ ഇളക്കം, നീർവാർച്ച, ജൈവാംശം, അമ്ല–ക്ഷാരനില, ജലസംഗ്രഹണശേഷി, മണ്ണിലെ അനുകൂല സൂക്ഷ്മാണുക്കളുടെ പെരുക്കം എന്നിവയും വിളവിനു പ്രധാനമാണ്. ശരിയായ കുമ്മായപ്രയോഗം, സമ്പൂഷ്ടീകരിച്ച ജൈവവളങ്ങളുടെ ഉപയോഗം എന്നിവ ഏറെ പ്രധാനം.
നമ്മൾ ഇട്ടുകൊടുക്കുന്ന വളങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകുന്നവരാണ് കളകൾ. ഇവയാണ് പല രോഗകാരികളുടെയും കീടങ്ങളുടെയും താവളം. അതിനാൽ തോട്ടം എപ്പോഴും കളവിമുക്തമായിരിക്കണം. വാഴക്കന്ന് നടുമ്പോൾതന്നെ അതിന് ചുറ്റും 10 ഗ്രാം കുറ്റിപ്പയർ വിതയ്ക്കുകയും ഇടസ്ഥലങ്ങളിൽ ഹ്രസ്വകാലവിളകൾ നട്ട് പരിപാലിക്കുകയും ചെയ്താൽ കള നിയന്ത്രിക്കാം. പച്ചിലവളം വാഴയ്ക്കും ലഭിക്കുകയും ചെയ്യും.
നനച്ചു വളർത്തുന്ന വാഴയ്ക്ക് നാലിലയ്ക്ക് ഒരു മേൽവളം എന്നാണ്. നടുമ്പോൾ അടിസ്ഥാനവളമായി അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കരിയിലകൾ എന്നിവ ചേർത്ത് കൊടുക്കണം. ഒന്നാം മേൽവളത്തോടൊപ്പം പച്ചിലവളങ്ങളും കൊടുക്കണം. നട്ട് 30, 60, 90, 120, 150 ദിവസങ്ങളില്‍ എന്‍പികെ വളങ്ങളും 60, 120 ദിവസങ്ങളിൽ സൂക്ഷ്മമൂലകങ്ങളും ചേർത്ത് കൊടുക്കണം. ഓരോ മേൽവളപ്രയോഗത്തിനും 14 ദിവസം മുൻപ് 100 ഗ്രാം വീതം കുമ്മായപ്പൊടി വാഴത്തടത്തിന് ചുറ്റുമായി വിതറിക്കൊടുക്കുന്നത് വളങ്ങൾ വലിച്ചെടുക്കാൻ മണ്ണിനെ പര്യാപ്തമാക്കും. നേന്ത്രവാഴയ്ക്ക് മുകളിൽ തീയും കീഴെ വെള്ളവും എന്നാണ്. അതായത്, നല്ല സൂര്യപ്രകാശവും ചിട്ടയായ നനയും– അതാണ് ബമ്പർ വിളവിലേക്കുള്ള വഴി.
ആഴത്തിൽ കിളച്ച് അകലത്തിൽ നടണം എന്നാണ് പഴമൊഴി, വാഴകൾ തമ്മിലുള്ള അകലം കുറഞ്ഞാൽ, വാഴ നീണ്ട് കൊലുന്നനെ പോകും. വാഴയ്ക്കു ബലം കുറയും. കാറ്റിനെ പ്രതിരോധിക്കാൻ കഴിയാതെ വരും. ഇലപ്പുള്ളി രോഗം കൂടും. അതിനാൽ 2 വാഴകൾ തമ്മിൽ 2 മീറ്റർ അകലം നൽകി ആദ്യത്തെ 3 മാസത്തിൽ ഇടവിളകൾ ചെയ്ത് അധികവരുമാനം ഉണ്ടാക്കണം.
ഉണങ്ങുന്ന ഇലകൾ ഒടിഞ്ഞ് തൂങ്ങുന്നതിനു മുൻപ് വാഴത്തടയോടു ചേർത്ത് മുറിച്ചു മാറ്റണം, ഇതു വളരെ പ്രധാനമാണ്. അഞ്ചര മാസം കഴിയുന്നതോടെ പിണ്ടിപ്പുഴുവിനെ പ്രതിരോധിക്കാൻ തയാറെടുക്കണം. തോട്ടവും വാഴയും വളരെ വൃത്തിയായി സൂക്ഷിച്ച്, വാഴയുടെ അടിയിലക്കവിളുകളിൽ പൊടിച്ച വേപ്പിൻപിണ്ണാക്ക്–പാറ്റാഗുളിക–ബാർസോപ്പ് മിശ്രിതം രണ്ടാഴ്ചയിലൊരിക്കൽ ഇട്ടുകൊടുക്കണം. അതോടൊപ്പം തന്നെ മുളച്ചുവരുന്ന മറ്റു വാഴക്കന്നുകൾ എല്ലാം ചവിട്ടിയൊടിച്ചിടണം.
കുലച്ചു കഴിഞ്ഞാലോ?
കുലയിലെ വിൽപനയോഗ്യമായ അവസാന പടല (ചീർപ്) വിരിഞ്ഞ് കഴിഞ്ഞാൽ കൂമ്പ് (കുടപ്പൻ) ഒടിച്ചു മാറ്റണം. കയ്യെത്തും ഉയരത്തിലാണ് കുലകൾ എങ്കിൽ ഓരോ കായയുടെ തുമ്പത്തുമുള്ള പൂവിന്റെ ബാക്കി ഭാഗം പൊട്ടിച്ച് കളയണം. നൈട്രജനും പൊട്ടാസ്യവുമടങ്ങിയ ഒരു മേൽവളം (കുലവളം) നൽകണം. നല്ല മുഴുപ്പുണ്ടെങ്കിൽ പൊട്ടാസ്യം ഒഴിവാക്കാം. 20 ഗ്രാം സൾഫേറ്റ് ഓഫ് പൊട്ടാഷ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അതിൽനിന്ന് 200 മില്ലി കുലയിലും ഇലകളിലും തളിക്കാം. രണ്ടാഴ്ച കഴിഞ്ഞ് ആവശ്യമെങ്കിൽ ആവർത്തിക്കണം.
കത്തിച്ച സാമ്പ്രാണിത്തിരികൊണ്ട് എല്ലാവശത്തും കുറച്ച് ദ്വാരങ്ങൾ ഇട്ട, നീല/വെള്ള വാഴക്കുലകവറുകൾ (Banana Bunch Cover/Sleeves) ഉപയോഗിച്ച് കുല പൊതിയാം കവറിന്റെ കീഴ്ഭാഗം തുറന്ന് കിടക്കണം. ഇത് കുലയ്ക്കു തൂക്കം, ഭംഗി, രുചി എന്നിവ വർധിപ്പിക്കും. പൊടിച്ച കടലപ്പിണ്ണാക്ക് 100 ഗ്രാം തടത്തിൽ ചേർത്ത് കൊടുക്കുന്നത് കായയുടെ മുഴുപ്പ് കൂട്ടും. കായ്കള്‍ മൂപ്പെത്താൻ (കുലച്ച് 3 മാസം) മൂന്നാഴ്ച ബാക്കിയുള്ളപ്പോൾ കുറച്ച് ഇലകൾ പകുതി വച്ച് മുറിച്ചു മാറ്റുന്നത് കാറ്റ് പിടിക്കാതിരിക്കാനും കുലകൾ വേഗത്തിൽ മൂപ്പെത്താനും സഹായിക്കും. കൃഷിയിൽ മികച്ച വിളവ് എന്നത് ഭാഗ്യക്കുറിയല്ലെന്ന് ഓര്‍മിക്കുക.
ഫോൺ: 9496769074