കുരുമുളകും ജാതിയും കാപ്പിയും വളർന്ന് 23 ഏക്കർ കൃഷിയിടം: വിശ്രമ ജീവിതത്തിന് ‘കൊച്ചു കേരളം’ സൃഷ്ടിച്ചു ദമ്പതിമാർ
Mail This Article
‘ഈ 23 ഏക്കർ സ്ഥലം വൈകാതെ ഞങ്ങളൊരു കൊച്ചു കേരളമാക്കി മാറ്റും...’, വേപ്പിലും തേക്കിലും മലവേമ്പിലുമെല്ലാം പടർന്നു കയറി കായ്ച്ചു തുടങ്ങിയ കുരുമുളകുചെടികൾക്കിടയിലൂടെ ആവേശത്തോടെ നടക്കുന്നതിനിടയിൽ കോയമ്പത്തൂരിടുത്ത് ദീനംപാളയത്തുള്ള ഡോ. മാണിക്യരാജും ഭാര്യ രത്തനവും പറയുന്നു. അവരുടെ വാക്കുകൾ യാഥാർഥ്യമാകാൻ ഏറെ വൈകില്ല. കുരുമുളകും ജാതിയും കാപ്പിയും മാവും സപ്പോട്ടയും മഞ്ഞളും പച്ചമുളകും തേനീച്ചകളും നാടൻ പശുക്കളും നാട്ടുകോഴിയുമെല്ലാം ചേരുന്ന ‘സീതാവനം’ ഇപ്പോൾതന്നെ കേരളത്തിലെ ഒരു സമ്മിശ്ര കൃഷിയിടം പോലെ.
പാരമ്പര്യത്തിലേക്കു വീണ്ടും
കൃഷി രക്തത്തിലുണ്ടെന്നു ഡോക്ടർ. ‘ശരിക്കും പറഞ്ഞാൽ കൃഷിയാണ് ഇഷ്ടം. ഡോക്ടറായത് ആകസ്മിക’മെന്നു മാണിക്യരാജ്. തലമുറകളായി കൃഷികുടുംബമാണ് അദ്ദേഹത്തിന്റേത്. ദീനംപാളയത്തെ ഭൂമി 7 തലമുറകളായി കുടുംബസ്വത്ത്. തെങ്ങായിരുന്നു മുഖ്യവിള. മാണിക്യരാജും സഹോദരങ്ങളുമൊക്കെ ഉദ്യോഗത്തിലേക്കു തിരിഞ്ഞതോടെ കൃഷിയിടങ്ങൾ പലതും ശോഷിച്ചു. ദീനംപാളയത്തെ 23 ഏക്കര്‍ ഏറക്കുറെ പാഴ്ഭൂമിയായി. എന്നാൽ ഒരു ഘട്ടത്തിൽ ജോലിത്തിരക്കുകൾ മാറ്റിവച്ചു കൃഷിയിലേക്കു തിരിയാൻ തീരുമാനിച്ചു മാണിക്യരാജും രത്തനവും. സർക്കാർ സർവീസിൽനിന്നു വിആർഎസ് എടുത്തു ഡോക്ടർ. പ്രാക്ടീസ് തുടർന്നെങ്കിലും കൃഷിയില്‍ കൂടുതൽ ശ്രദ്ധവച്ചു. രത്തനം പൂർണമായി കൃഷിയിൽ മുഴുകി. ഇന്ന് ഈ ദമ്പതികളുടെ ജീവിതം ഏറ്റവും ആഹ്ലാദഭരിതമാക്കുന്നത് ഈ കൃഷിയിടമാണ്. ഡോക്ടർമാരായ രണ്ടു മക്കളും അവരുടെ ജോലിത്തിരക്കുകൾക്കിടയിൽ ആശ്വാസം തേടിയെത്തുന്നതും ഈ പച്ചത്തുരുത്തിലേക്കു തന്നെ.
പ്രകൃതിക്കൃഷിയിലേക്ക്
വിശ്രമവും വിനോദവുമൊക്കെയാണു മുഖ്യ ലക്ഷ്യമെങ്കിലും കൃഷി നേരമ്പോക്കല്ല രത്തനത്തിനും മാണിക്യരാജിനും. കാർഷികോൽപന്നങ്ങൾ, മൂല്യവർധന, ഫാം ടൂറിസം എന്നിവയിലൂടെ സാമാന്യം മികച്ച വരുമാനം നൽകുന്നുണ്ട് ഈ കൃഷിയിടം. ഉൽപാദനശേഷി ഇടിഞ്ഞ തെങ്ങുകൾ മാത്രമായി ഏറക്കുറെ തരിശുകിടന്ന ഈ പ്രദേശത്തെ കുറഞ്ഞ കാലംകൊണ്ടാണ് രത്തനവും മാണിക്യരാജും വിളസമൃദ്ധമാക്കിയത്. അതിനു തുണയായതോ പ്രകൃതിക്കൃഷിയും. മണ്ണിന്റെ ജൈവഗുണം തിരിച്ചു പിടിക്കാൻ സഹായകമായത് ജൈവ പുതയും ജീവാമൃതവും. കാങ്കേയം ഉൾപ്പെടെ നാടൻ ഇനം പശുക്കളെ വാങ്ങി വിപുലമായി ജീവാമൃതം നിർമിച്ചു നിരന്തരം പ്രയോഗിച്ചതോടെ മണ്ണ് ഫലപുഷ്ടമായി. ഒപ്പം, കൃഷിയിടത്തിലെ കളകളും കരിയിലകളും മണ്ണിനു പുതയാക്കി. ഇന്ന് എവിടെ ചികഞ്ഞാലും നിറയെ മണ്ണിരകളെന്ന് രത്തനം.
മണ്ണു നന്നായതോടെ അറുന്നൂറോളം വരുന്ന പഴയ തെങ്ങുകളെല്ലാം ഉൽപാദനശേഷി വീണ്ടെടുത്തു. ഒപ്പം പുതുതായി വച്ച അറുന്നൂറോളം തെങ്ങുകളും, മഞ്ഞളും പച്ചമുളകും സപ്പോട്ടയുമുൾപ്പെടെയുള്ള ഇടവിളകളും പുതുവരുമാനമാർഗമായി. 2 വർഷം മുൻപു നട്ട 1200 കുരുമുളകുചെടികളിൽ 300 എണ്ണം വിളവിലെത്തി. തമിഴ്നാട് ഹോർടികൾചർ വകുപ്പ് കുരുമുളകുതൈകൾ സൗജന്യമായാണ് നൽകിയത്. കരിമുണ്ട, പന്നിയൂർ 1 ഇനങ്ങൾ. ഈയിടെ കേരളത്തിൽനിന്നു തൈകൾ വാങ്ങി ജാതിക്കൃഷിയിലും കൈവച്ചു. തമിഴ്നാട്ടിലെ പ്രകൃതിക്കൃഷിസംഘങ്ങളുമായുള്ള സമ്പർക്കം കൃഷിയിൽ പുതിയ അറിവുകൾ നൽകിയെന്ന് രത്തനം. ശുദ്ധമായ ജൈവ കാർഷികോൽപന്നങ്ങൾക്കു തമിഴ്നാട്ടില്‍, വിശേഷിച്ച് കോയമ്പത്തൂർപോലുള്ള നഗരങ്ങളിൽ മികച്ച വിപണി ലഭിക്കുമെന്ന് ബോധ്യമായത് അങ്ങനെ. അതിന്റ ഭാഗമായി കൃഷിയിടത്തോടു ചേർന്ന് വഴിയരികിൽത്തന്നെ ഫാം ഫ്രഷ് ഉൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കാനുള്ള വിപണനശാലയും തുറന്നു.
കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, കറിവേപ്പിലപ്പൊടി, മുളകു കൊണ്ടാട്ടം, ഫാം ഫ്രഷ് പച്ചക്കറികൾ, മഞ്ഞൾ അച്ചാർ ഉൾപ്പെടെ വിവിധയിനം അച്ചാറുകൾ തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഒട്ടേറെ. നാടൻപശുവിന്റെ പാൽ എ ടു (A2) മിൽക് എന്ന് ബ്രാൻഡു ചെയ്ത് ലീറ്ററിന് 120 രൂപയ്ക്കാണു വിൽപന. രസകദളി, കർപ്പൂരവല്ലി ഇനങ്ങളിലായി ഫാമിൽ വിളയുന്ന വാഴ ക്കുലയത്രയും പടല തിരിച്ച് ഔട്‌ലെറ്റ് വഴി വിൽക്കുന്നു. കോയമ്പത്തൂരിൽ ടെറസ്കൃഷി വർധിച്ച തോടെ ചാണകപ്പൊടിക്കും നല്ല ഡിമാൻഡ് ഉണ്ടെന്ന് രത്തനം. ചെറു പായ്ക്കറ്റുകളാക്കി ചാണക പ്പൊടിവിൽപനയും സജീവമാക്കയാണ്.
ഫാം ടൂറിസം
മനോഹരമായ കൃഷിയിടത്തിനു ‘സീതാവനം’ എന്നു പേരിട്ട് ഫാം ടൂറിസത്തിലേക്കും ശ്രദ്ധ വച്ചു. കൃഷി കാണാനും പരിചയപ്പെടാനും മാത്രമല്ല ഏകദിന ശിൽപശാലകൾ, കലാപരിപാടികൾ എന്നിവ നടത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ദമ്പതിമാരുടെ രണ്ടാമത്തെ മകൾ മേനക കുട്ടികൾക്കായി ഇവിടെ ക്യാമ്പുകൾ ഒരുക്കുന്നുമുണ്ട്. പഴയസഹപാഠികളുടെ ഒത്തുകൂടല്‍ ഉൾപ്പെടെ ജീവിതത്തെ ആഹ്ലാദഭരിതമാക്കുന്ന ഒട്ടേറെ നിമിഷങ്ങൾക്കു സീതാവനം നിമിത്തമായെന്ന് രത്തനവും മാണിക്യരാജും പറയുന്നു. ഓരോ പ്രഭാതവും ആരംഭിക്കുന്നതു തന്നെ സീതാവനത്തിലൂടെ ശുദ്ധവായു ആസ്വദിച്ചുള്ള നടത്തത്തിലാണ്. ഓരോ കൃഷിയിനവും കണ്ടും ഓരോന്നിനോടും കുശലം പറഞ്ഞുമുള്ള പ്രഭാത നടത്തം ആ ദിവസത്തേക്കുള്ള മുഴുവൻ ഊർജവും നൽകുമെന്ന് രത്തനവും മാണിക്യരാജും പറയുന്നു. രാവിലെ മാത്രമല്ല, ഒഴിവുള്ള വൈകുന്നേരങ്ങളിലും കൃഷിയിടത്തിലെത്തും. അപൂർവം ദിവസങ്ങളിൽ കൃഷിയിടത്തിൽ നിശാസന്ദർശകരുണ്ടാകും; കാടിറങ്ങിയെത്തുന്ന ആനയും പന്നിയും. പക്ഷേ കാര്യമായ ശല്യങ്ങളുണ്ടാക്കാതെ വന്നുപോകുന്നതിനാൽ അതില്‍ പേടിയോ പരാതിയോ ചിരിയോടെ ദമ്പതികള്‍.
അയല്‍നാട്ടില്‍ വിളക്രമം മാറുന്നു
തെങ്ങ് ഏകവിളയായി കൃഷി ചെയ്യുന്ന പാരമ്പര്യരീതിയിൽനിന്ന് ഇടവിളകളിലേക്കും സമ്മിശ്രക്കൃഷിയിലേക്കും ചുവടുമാറ്റുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ തമിഴ്കർഷകരുടെ പൊതുപ്രവണതയ്ക്ക് ഉദാഹരണമാണ് ഈ ഡോക്ടർ ദമ്പതിമാരുടെ കൃഷിയിടം. കോയമ്പത്തൂരിന്റെ പരിസരങ്ങളായ ശിരുവാണി, തൊണ്ടാമുത്തൂർ, പേരൂർ, മാതംപട്ടി, ആനമല, പൊള്ളാച്ചി എന്നിങ്ങനെ കേരള അതിർത്തിയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ മിക്ക കൃഷിയിടങ്ങളിലും ജാതിയും കമുകും കൊക്കോയും കുരുമുളകും ഉൾപ്പെടെയുള്ള ഇടവിളകൾ ഇടം പിടിച്ചു കഴിഞ്ഞു. വിത്തും തൈയും സൗജന്യമായി നൽകി തമിഴ്നാട് കൃഷി വകുപ്പ് കർഷകർക്കു പിന്തുണ നൽകുന്നുമുണ്ട്. തുള്ളിനന ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രചാരത്തിൽ വന്നതും ജലലഭ്യത കൂടിയതും ഈ മാറ്റത്തിനു വേഗത കൂട്ടുന്നു. തെങ്ങിനിടവിളയായും തനിവിളയായും കമുകുകൃഷി അതിവേഗം വ്യാപിക്കുന്നതും കാണാം. അടയ്ക്ക മാത്രമല്ല, ലക്ഷ്യം. പാളയിൽനിന്ന് പാത്രങ്ങൾ നിർമിക്കുന്ന ഒട്ടേറെ ചെറുകിട യൂണിറ്റുകൾ കോയമ്പത്തൂരിന്റെ പരിസരപ്രദേശങ്ങളിലുണ്ട്. അടയ്ക്കയ്ക്കു വില കുറഞ്ഞാലും പാളയിൽനിന്നു സ്ഥിരവരുമാനം ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ഫോൺ: 7947128502