ADVERTISEMENT

ലൂവിക്ക, ലവി–ലവി, ഇന്ത്യൻ പ്ലം എന്നി പേരുകളിൽ അറിയപ്പെടുന്ന ഫലവൃക്ഷത്തിൽ ചുവന്നുതുടുത്ത പഴങ്ങൾ കായ്ച്ചു കിടക്കുന്നത് മനോഹരദൃശ്യമാണ്. അതിനാൽ ഉദ്യാനസസ്യമായും വളർത്താൻ യോജ്യം. 

ഉഷ്ണമേഖലാ, മിതോഷ്ണമേഖലാ രാജ്യങ്ങളിൽ (ഇന്ത്യ, ബംഗ്ലദേശ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക) എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. 5 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരത്തിന്റെ ഇലകൾക്ക് നല്ല മിനുസവും തിളക്കവുമുണ്ട്. തളിരിലകൾക്ക് ആദ്യം ചുവപ്പുനിറവും പിന്നീട് തവിട്ടുനിറവുമാകും. സെപ്റ്റംബർ–ഒക്ടോബറാണ് പൂക്കാലം തുടങ്ങുക. വർഷത്തിൽ രണ്ടു തവണ പൂക്കുകയും കായ്ക്കുകയും ചെയ്യും. പൂക്കൾക്ക് പച്ചകലർന്ന വെളുപ്പുനിറമാണ്. മൃദുഗന്ധവുമുണ്ടായിരിക്കും. കായ്കൾ ഉരുണ്ടതാണ്. പഴുക്കുമ്പോൾ വശ്യമായ ചുവപ്പു നിറം. പഴുത്ത കായ്കൾക്ക് പുളിപ്പു കലർന്ന മധുരം. ഇവ പാകം ചെയ്യാതെയും കഴിക്കാം.

ഓരോ കായയിലും 4–5 പരന്ന വിത്തുകളുണ്ടാവും. വിത്തുകൾക്കു കട്ടിയുള്ളതിനാൽ കിളിർപ്പുശേഷി കുറവാണ്. പതിവച്ച തൈകൾ നടുന്നപക്ഷം നേരത്തേ പൂക്കുകയും കായ്ക്കുകയും ചെയ്യും. പൂക്കളുണ്ടായി കായ്പിടിക്കാൻ മൂന്നു മാസത്തോളമെടുക്കും. 

നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് വളർച്ചയ്ക്കു യോജ്യം. നല്ല നീർവാർച്ചയുള്ള മണൽ മണ്ണാണ് ഏറ്റവും നല്ലത്. നിലം നന്നായി കിളച്ചൊരുക്കി 11/2 x 11/2 X 11/2 അടി താഴ്ചയിൽ കുഴിയെടുത്ത് മേൽമണ്ണും കുമ്മായവും ചേർത്ത് യോജിപ്പിക്കുക. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് നന്നായി ഇളക്കി, ഒരാഴ്ചയ്ക്കുശേഷം നന്നായി വേരുംപിടിച്ച് പതിവച്ച തൈകൾ (രണ്ടു മാസം പ്രായമായത്) നടുക. ചെറുപ്രായത്തിൽ വരുന്ന പൂക്കൾ നുള്ളിക്കളയുക. ഒരു വർഷത്തിനു ശേഷം പൂക്കാൻ അനുവദിക്കുക.

ലോലോലിക്കകൊണ്ട് അച്ചാർ, സ്ക്വാഷ്, വൈൻ, ചമ്മന്തി, ജാം എന്നീ വിഭവങ്ങൾ ഉണ്ടാക്കാം. പുളിക്കു പകരം മീൻകറിയിൽ ഇട്ടുവയ്ക്കുന്നതും നന്ന്. കായ്കളിൽ വിവിധ വൈറ്റമിനുകൾ, ഫോസ്ഫറസ്, കാത്സ്യം, ഇരുമ്പ്, നിരോക്സീകാരികൾ എന്നിവ അടങ്ങിയിരിക്കുന്നു.

lovlolika-1

വൈൻ ഉണ്ടാക്കാം

ചുവന്നു പഴുത്തതും കേടില്ലാത്തതുമായ ലോലോലിക്ക നന്നായി കഴുകി എടുക്കുക. ഞെട്ടുകളഞ്ഞ ശേഷം വൃത്തിയുള്ള തുണികൊണ്ടു തുടയ്ക്കുക. നന്നായി ഉണക്കിയ, വൃത്തിയുള്ള ഭരണിയിൽ ഒരു കപ്പ് കായ്കൾ ഇടുക. അതിനുമേല്‍ അരക്കപ്പ് പഞ്ചസാര ഇടുക. ഇതേ രീതിയിലും അളവിലും  ഭരണിയുടെ മുകൾഭാഗം വരെ നിറയ്ക്കുക. മുകളിൽ പഞ്ചസാര ഒരു കപ്പ് ചേർക്കുക. 4 കറുവപ്പട്ടയും 10 ഗ്രാമ്പൂവും 4 ഏലയ്ക്കയും ചേർക്കുക. ഇടയ്ക്കു ഭരണി കുലുക്കുക. 40 ദിവസത്തിനുശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക.

ചമ്മന്തി

ഉപ്പിലിട്ട്, മയത്തിലുള്ള ലോലോലിക്കയും ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും തേങ്ങയും ചേർത്ത് അരയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com