പച്ചക്കറികൾ വിഷമില്ലാതെ കൃഷി ചെയ്യാൻ ആത്മവിശ്വാസം നൽകിയത് ഗ്രോബാഗ്; കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
Mail This Article
വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വിഷമില്ലാതെ കൃഷി ചെയ്യാൻ നമുക്ക് ആത്മവിശ്വാസം നൽകിയത് ഗ്രോബാഗാണ്. വീട്ടുമുറ്റത്തും മട്ടുപ്പാവിലും എന്തിന്, മതിലിനു മുകളിലെ ഇത്തിരി സ്ഥലത്തുപോലും ഗ്രോബാഗില്‍ കൃഷി ചെയ്യാമെന്നതു നേട്ടം. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് ഗ്രോബാഗ് വയ്ക്കാം. നീർവാർച്ച ഉറപ്പാക്കാന്‍, ചുടുകട്ടകളോ ചകിരിയോ ഉപയോഗിച്ച് തറനിരപ്പിൽനിന്ന് ഗ്രോബാഗുകൾ ഉയർത്തിവയ്ക്കണം. സൂര്യപ്രകാശത്തോടൊപ്പം പ്രധാനമാണ് മണ്ണും വെള്ളവും. 1:1:1 എന്ന അനുപാതത്തിൽ മേൽമണ്ണും ചകിരിച്ചോറും കംപോസ്റ്റും കലർത്തി നടീൽമിശ്രിതം ഒരുക്കാം. നടീൽമിശ്രിതത്തിലെ മണ്ണിന്റെ പുളിരസം മാറ്റുന്നതിനു പൊടിഞ്ഞ കുമ്മായം ഇളക്കിച്ചേർക്കാം. മണ്ണിനു പുട്ടിന്റെ നനവ് നൽകിയ ശേഷമേ കുമ്മായം ചേർക്കാവൂ. രണ്ടാഴ്ച ഇങ്ങനെയിട്ട ശേഷം വേണം നടീൽമിശ്രിതത്തിൽ ചേർക്കേണ്ടത്. ഒപ്പം, നടീൽമിശ്രിതത്തിന്റെ ഗുണം കൂട്ടുന്നതിനായി നെല്ലിന്റെ ഉമിയും (കരിച്ചതും കരിക്കാത്തതും തുല്യ അളവിൽ) ചേർക്കാം.
പച്ചക്കറിവിളകളെ രോഗങ്ങളിൽനിന്നു രക്ഷിക്കാനായി ഓരോ ഗ്രോബാഗിലും നടീൽമിശ്രിതത്തിനൊപ്പം 50 ഗ്രാം ട്രൈക്കോഡെർമ കുമിൾ കൂടി ചേർക്കാം. ഇതു ചേർക്കുന്ന പക്ഷം നടീൽമിശ്രിതം ഇടയ്ക്കു നനച്ചും ഇളക്കിയും രണ്ടാഴ്ച തണലിൽ വച്ച ശേഷമേ പച്ചക്കറി നടാവൂ.
ഒരു ഗ്രോബാഗിൽ തുടർച്ചയായി ഒരേ തരം പച്ചക്കറിവിളകൾ നടരുത്. ഒരു സീസണിൽ വഴുതന വർഗവിളകളാണ് കൃഷിയെങ്കിൽ തുടർന്ന് പയർകൃഷിയാകാം. ഓരോ സീസണിനും യോജിച്ച പച്ചക്കറിയിനങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. മേയ്–ജൂൺ സീസണിൽ വെണ്ട, പയർ, പടവലം, മുളക്, വഴുതന, മത്ത ൻ, പച്ചച്ചീര, പാവൽ എന്നിവ നടാം. ഓഗസ്റ്റ് –സെപ്റ്റംംബർ–ഒക്ടോബർ മാസങ്ങളിലും ഇവയിൽ പലതും കൃഷിയിറക്കാം: ഒപ്പം ശീതകാല പച്ചക്കറികളും. ഫെബ്രുവരി–മേയ് കാലയളവ് പയർ, ചീര, വെള്ളരി, ചുരയ്ക്ക, വെണ്ട, കക്കിരി, മത്തൻ, കുമ്പളം എന്നിവയുടെ കൃഷിക്കു യോജിച്ച സമയമാണ്.
മിക്ക പച്ചക്കറികളും മൂന്നും നാലും മാസം വിളദൈർഘ്യമുള്ളവയാണ്. അതുകൊണ്ട്, ഇവയുടെ ആരോ ഗ്യപാലനത്തിനും ഉൽപാദനമികവിനുമായി 10 ദിവസത്തിലൊരിക്കൽ ജൈവവളക്കൂട്ടുകൾ തയാറാക്കി നൽകണം. ഒരേ വളം തന്നെ നൽകാതെ പല തരം വളങ്ങൾ മാറി മാറി നല്‍കാനും മറക്കേണ്ടാ. പൊടിഞ്ഞ കാലിവളം, മത്സ്യവളം, കോഴിക്കാഷ്ഠം. മണ്ണിരക്കംപോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക്, സൂക്ഷ്മാണു വളങ്ങൾ എന്നിവയെല്ലാം ഗ്രോബാഗ് കൃഷിക്കു ഗുണം ചെയ്യും.
പീച്ചിൽ, വഴുതന: കൃഷി ഇങ്ങനെ
വേനൽക്കാലവിളയായ പീച്ചിങ്ങയ്ക്ക് ഒട്ടൊക്കെ വരൾച്ചയെ ചെറുക്കാനുള്ള കഴിവുണ്ട്. ഇളക്കവും നീർവാർച്ചയുമുള്ള മണ്ണാണ് പീച്ചിൽകൃഷിക്കു യോജ്യം. മണ്ണു നന്നായി കിളച്ചു നിരപ്പാക്കിയശേഷം 2 മീറ്റർ അകലത്തിൽ 2 അടി വ്യാസവും ഒന്നര അടി താഴ്ചയുമുള്ള കുഴികൾ എടുക്കണം. അഴുകിപ്പൊടിഞ്ഞ കംപോസ്റ്റും മേൽമണ്ണും കുഴിയിൽ നിറച്ച ശേഷം 4–5 വിത്തു നടാം. രണ്ടാഴ്ച കഴിഞ്ഞ് 3–4 തൈകൾ നിർത്തിയശേഷം ആരോഗ്യം കുറഞ്ഞ തൈകൾ നീക്കം ചെയ്യാം.
നീർവാർച്ചയുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണാണ് വഴുതനക്കൃഷിക്കു നല്ലത്. ആഴത്തിൽ കിളച്ച്, കട്ടകൾ ഉടച്ച്, കളകൾ നീക്കം ചെയ്ത ശേഷം സെന്റിന് രണ്ടര കിലോ പൊടിഞ്ഞ കുമ്മായം മണ്ണുമായി ഇളക്കി ചേർക്കണം. തവാരണകളിൽ വിത്തുപാകി തൈകൾ ഉൽപാദിപ്പിച്ച് പറിച്ചു നട്ടാണ് വഴുതനക്കൃഷി ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് വിത്തു മുളയ്ക്കും. ഒന്നര മാസമാകുമ്പോൾ തൈകൾ പറിച്ചു നടാൻ പാകമാകും. രണ്ടടി അകലത്തിൽ ചാലുകൾ എടുത്ത് രണ്ടടി അകലത്തിൽ തൈകൾ നടാം.