ADVERTISEMENT

‘‘കിലോ 100–150 രൂപയ്ക്കാണു വിൽപന. നാലഞ്ചു വർഷമായി മുടങ്ങാതെ എല്ലാ ആഴ്ചയും ശരാശരി 10 കിലോ കറിവേപ്പില വിൽക്കാനുണ്ടാകും. അതായത്, വർഷം ശരാശരി 50,000 രൂപയുടെ കറിവേപ്പില. ഒരേ വിപണി, സ്ഥിര വരുമാനം. അതിശയോക്തി ആണെന്നു തോന്നുന്നവർക്ക് ആഴ്ചതോറുമുള്ള  നെടുവത്തൂർ സ്വാശ്രയവിപണിയിൽ വന്ന് നേരിൽക്കണ്ടു ബോധ്യപ്പെടാം.’’ കട്ടർ ഉപയോഗിച്ച് കറിവേപ്പിലത്തണ്ടുകൾ മുറിച്ചെടുക്കുന്നതിനിടയിൽ സുന്ദരൻ പറയുന്നു.

കൊല്ലം ജില്ലയിൽ കൊട്ടാരക്കയ്ക്കടുത്ത് നെടുവത്തൂർ വല്ലത്തുള്ള സുന്ദരൻ ബാലകൃഷ്ണൻ പ്രദേശത്തെ മികച്ച കർഷകരിലൊരാളാണ്. മൂന്നേക്കറിലധികം വരുന്ന കൃഷിയിടത്തിൽ വാഴ, മരച്ചീനി, റംബുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങി ഒട്ടേറെ വിളകള്‍. കൃഷിയിടത്തിൽ പല ഭാഗങ്ങളിലായി ഇടവിളയായി ഇരുനൂറോളം കറിവേപ്പുകളും നട്ടു പരിപാലിക്കുന്നു. ഇത്രയും കറിവേപ്പുകൾക്ക് 20 സെന്റിലധികം സ്ഥലം ചെലവിട്ടിട്ടില്ലെന്ന് സുന്ദരൻ. കാര്യമായ അധ്വാനമോ കൃഷിച്ചെലവോ ഇല്ലാതെ 20 സെന്റിൽനിന്ന് വർഷം അര ലക്ഷം രൂപ ലഭിക്കുന്നത് ചെറിയ കാര്യമാണോ എന്നു സുന്ദരൻ ചോദിക്കുന്നു.  

curry-leaves-3

ജൈവരീതിയിൽ കൃഷി ചെയ്തെടുക്കുന്ന നാടൻ കറിവേപ്പിലയന്ന പെരുമയും ചൂഷണമില്ലാത്ത വിപണിയുമാണ് ഈ നേട്ടത്തിനു മുഖ്യ കാരണമെന്നു സുന്ദരന്‍. സംസ്ഥാനത്ത് ആദ്യം വിഎഫ്പിസികെ ആരംഭിച്ച സ്വാശ്രയ വിപണികളിലൊന്നാണ് നെടുവത്തൂരിലേത്. കച്ചവടക്കാർ തമ്മിൽ ഒത്തുകൂടി വിലയിടിക്കുന്നതാണ് പലയിടത്തും നടക്കുന്നതെങ്കിൽ അതിനു തടയിട്ടാണ് നെടുവത്തൂരിലെ ലേലമെന്ന് വിപണിയുടെ പ്രസിഡന്റ് കൂടിയായ സുന്ദരൻ പറയുന്നു. ഇവിടെ നല്ല നാടൻ കാർഷികോൽപന്നങ്ങൾ സുലഭമായതിനാൽ കൂടുതല്‍ കച്ചവടക്കാരുമെത്തുന്നു. കറിവേപ്പിലയ്ക്കു മികച്ച വില ലഭിക്കാൻ ഇതാണ് മുഖ്യ കാരണമെന്നു സുന്ദരൻ പറയുന്നു. 

നടീൽ രീതി

  • 1.5x1.5x1.5 അടി അളവിൽ കഴിയെടുത്ത് കുമ്മായം വിതറി ഒരാഴ്ചയിട്ടശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമാക്കി തൈ നടാം

പരിചരണം

  • നന, ആണ്ടിൽ 4–5 വട്ടം ചാണകസ്ലറി, ഫിഷ് അമിനോ ആസിഡ് പ്രയോഗം

തമിഴ്നാടന്‍ കറിവേപ്പിലയ്ക്ക് ഇതിന്റെ നാലിലൊന്നു വിലയേയുള്ളൂ. എന്നാൽ, വരവു കറിവേപ്പിലയിലെ രാസകീടനാശിനിസാന്നിധ്യത്തെക്കുറിച്ച് പലർക്കും ആശങ്കയുണ്ട്. കറികളിൽ ചേര്‍ക്കാന്‍ മാത്രമല്ല, ഔഷധനിര്‍മാണത്തിനും ശുദ്ധമായ കറിവേപ്പിലയ്ക്കായി ആളുകൾ സുന്ദരനെ തേടിയെത്തുന്നു.

curry-leaves-2

എളുപ്പം കൃഷിയും വിളവെടുപ്പും 

രണ്ടു മുതൽ 5 വർഷം വരെ പ്രായമുള്ള കറിവേപ്പുകളാണ് സുന്ദരന്റെ തോട്ടത്തില്‍. 1.5x1.5x1.5 അടി അളവിൽ കഴിയെടുത്ത് കുമ്മായം വിതറി ഒരാഴ്ചയിടുന്നു. തുടർന്ന് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമാക്കി തൈ നടുന്നു. വേണ്ടത്ര നനയും ആണ്ടിൽ 4–5 വട്ടം ചാണകസ്ലറി നൽകലും വല്ലപ്പോഴും ഫിഷ് അമിനോ ആസിഡ് പ്രയോഗവുമല്ലാതെ പരിപാലനങ്ങളൊന്നുമില്ലെന്ന് സുന്ദരൻ. സ്പ്രിംഗ്ലർ ഉപയോഗിച്ചാണ് നന. കറിവേപ്പിന് ഏറ്റവും പ്രധാനം നന തന്നെ. വളങ്ങളൊന്നും നൽകിയില്ലെങ്കിലും ജല ലഭ്യത ഉറപ്പു വരുത്തണം. ഫിഷ് അമിനോ ആസിഡ് പ്രയോഗിക്കുന്നത് കീടങ്ങളെ അകറ്റും, ഇലയുടെ ഗുണമേന്മ വർധിപ്പിക്കും. 

ആറു മാസം പ്രായമാകുന്നതോടെ വിളവെടുപ്പു തുടങ്ങാം. 2 മാസം ഇടവിട്ടാണ് ഒരു ചെടിയിൽനിന്ന് ഇലയെടുക്കുക. ഓരോ ആഴ്ചയും ശരാശരി 10 കിലോ ലഭിക്കുന്ന രീതിയിൽ വിളവെടുപ്പു ക്രമീകരിക്കുന്നു. ഒടിച്ചെടുക്കുന്നതിനു പകരം കട്ടർ ഉപയോഗിക്കും. ഒടിക്കുമ്പോൾ തണ്ട് ചീന്തിപ്പോയേക്കാം. കട്ടർ ഉപയോഗിക്കുമ്പോൾ അതൊഴിവാകും, മുറിച്ചെടുത്ത ഭാഗത്തുനിന്ന് വേഗത്തിൽ പുതിയ പൊടിപ്പുകൾ വരുകയും ചെയ്യും. ആഴ്ചയിൽ 10 കിലോ വിൽക്കുമ്പോഴും ഡിമാൻഡ് അതിനെക്കാൾ ഏറെയെന്നു സുന്ദരൻ. അതുകൊണ്ടുതന്നെ കറിവേപ്പുകൃഷി കൂടുതൽ വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് ഈ കർഷകൻ. 

ഫോൺ: 9495506792

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com