ADVERTISEMENT

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ കാണിക്കുന്നത് ഏകദേശം 422 മില്യൺ ജനങ്ങൾക്ക് പ്രമേഹം ഉണ്ടെന്നതാണ്. പ്രമേഹം, കോവിഡ് 19 ബാധക്കു ശേഷം വർധിച്ചു വരുന്നതായി കാണുന്നു. ജീവിതരീതിയിലുള്ള മാറ്റം, ഭക്ഷണക്രമത്തിലുള്ള ശ്രദ്ധയില്ലായ്മ, വ്യായാമക്കുറവ്, മാനസിക സംഘർഷം എന്നിവയെല്ലാം പ്രമേഹ രോഗമുണ്ടാവാൻ കാരണമാണ്.

സാധാരണക്കാർക്ക് എളുപ്പം വായിച്ചു മനസ്സിലാക്കുവാൻ പറ്റുന്ന ഒരു പുസ്തകമാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രമേഹത്തെ അതിജീവിക്കാം ആയുർവേദത്തിലൂടെ’. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും ആയുർവേദിക് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ സൂപ്രണ്ടുമായ ഡോ. കെ. മുരളീധരനാണ് രചയിതാവ്.

32 അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ എങ്ങനെയാണ് പ്രമേഹത്തെ നേരിടേണ്ടത് എന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകും. ആയുർവേദ ശാസ്ത്ര സിദ്ധാന്തങ്ങൾ പ്രായോഗിക ജീവിതത്തിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന് ലളിതമായ ഭാഷയിൽ വിവരിക്കുന്നു. രോഗത്തെ ഭയക്കുകയല്ല നേരിടുകയാണ് വേണ്ടത്. അതിനു സഹായകമായ എല്ലാ കാര്യങ്ങളും ഇതിലുണ്ട്. മരുന്ന് കൊണ്ട് മാത്രം നിയന്ത്രിക്കാവുന്നതല്ല പ്രമേഹം എന്ന കാഴ്ചപ്പാടാണ് പ്രധാനം. പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഗുളികകൾ ശീലിച്ചു പുതിയ രോഗങ്ങൾ ഉണ്ടാക്കുന്നതല്ല പ്രമേഹ ചികിത്സ.

ആഹാര നിഷേധമല്ല ആയുർവേദം. പ്രമേഹമുള്ളപ്പോൾ/ പ്രമേഹസാധ്യത ഉള്ളപ്പോൾ ഉപയോഗിക്കാവുന്ന ആഹാരങ്ങൾ, ശീലങ്ങൾ എന്നിവ ശ്രദ്ധാപൂർവം പിന്തുടർന്നാൽ രോഗത്തിന്റെ സങ്കീർണമായ അവസ്ഥകളിലേക്ക് പോകാതെ ആരോഗ്യജീവിതം നയിക്കാം.

ayurveda-book-big

ആര്യവൈദ്യൻ എസ്. വാരിയരുടെയും ആര്യവൈദ്യൻ പി. കെ. വാരിയരുടെയും പ്രധാന ശിഷ്യനാണ് ഡോ. കെ. മുരളീധരൻ. വൈദ്യരത്നം പി. എസ്. വാരിയരുടെ പാദമുദ്രകൾ എല്ലാ അർഥത്തിലും പിന്തുടർന്ന മഹാന്മാരുടെ ശിഷ്യൻ. അവതാരികയിൽ ഡോ. പി. കെ. വാരിയർ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാകുന്നു. "നേരിട്ട് സ്വീകരിക്കപ്പെടുന്ന മധുരം പ്രമേഹമുള്ളവർ കഴിയുന്നതും വർജ്ജിക്കുന്നതാണ് ഉചിതം. എന്നാൽ ഡോ. മുരളി എഴുതിയ ഈ പുസ്തകത്തിന് ഒരു തൃമധുരത്തിന്റെ ആസ്വാദ്യതയാണ് അനുഭവപ്പെടുക. നിരന്തരമായ സാധനയിലൂടെ നിത്യവും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രന്ഥകർത്താവിന്റെ ആയുർവേദജ്ഞാനം ഈ തൃമധുരത്തിലെ മധുവായിരിക്കുന്നു. അലോപ്പതിയിൽ നിന്നും പ്രകൃതി ചികിത്സയിൽ നിന്നും ഇതര ശാസ്ത്രശാഖകളിൽനിന്നും സ്വാംശീകരിച്ച അറിവ് ഇതിലെ കൽക്കണ്ടമാണ്. നാലു ദശകങ്ങളായി രോഗികളുമായി ഇടപെട്ട് നേടിയ അനുഭവത്തിന്റെ നെയ്യ് കൂടി ചേർത്താണ് ഈ തൃമധുരം രൂപപ്പെടുത്തിയിട്ടുള്ളത്."

ജനകീയ ആരോഗ്യ ബോധവൽക്കരണത്തിൽ ഉൾപ്പെടുന്ന ഈ പുസ്തകത്തിന് ചില സാഹിത്യഅംശങ്ങളും ഇടകലർന്നിരിക്കുന്നതു കൗതുകകരമാണ്. (ഉദാ: കാളിദാസൻ വൈദ്യം പഠിച്ചിരുന്നുവോ എന്ന ആദ്യ അധ്യായം, ഒന്നായ നിന്നെയിഹ രണ്ടായി കണ്ട്, നടക്കുക നേടുക എന്ന അധ്യായം തുടങ്ങുന്നത് എം. മുകുന്ദന്റെ വരികളുമായാണ് – മനുഷ്യൻ ചെയ്യുന്ന ഏറ്റവും സർഗാത്മകമായ പ്രവൃത്തിയാണ് നടത്തം എന്നിവയെല്ലാം.)

പ്രമേഹം ബാധിച്ചവർക്കും രോഗസാധ്യത ഉള്ളവർക്കും ഉണ്ടാകാനിടയുള്ള നിരവധി സംശയങ്ങൾക്ക് പുസ്തകത്തിന്റെ അവസാനം കൃത്യമായ മറുപടികൾ നൽകുന്നുണ്ട്. ആയുർവേദ സാധ്യതകൾ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തണം, ആഹാരനിഷ്കർഷ എങ്ങനെ തുടങ്ങി നിരവധി സംശയങ്ങൾക്ക് ഉത്തരമാകുന്നു ഈ പുസ്തകം.

പ്രമേഹ രക്തപരിശോധന, ആയുർവേദ ഔഷധങ്ങൾ, മഞ്ഞളിനും നെല്ലിക്കക്കും പ്രമേഹ ചികിത്സയിലുള്ള പ്രാധാന്യം. എണ്ണ തേച്ചു കുളിക്കുന്നതിന്റെ ഗുണം, കന്മദം, ചിറ്റമൃത് എന്നിവക്ക് പ്രമേഹ ചികിത്സയിലുള്ള പ്രാധാന്യം, യോഗ ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം തന്നെ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. രോഗനിയന്ത്രണത്തിനാണ് പ്രമേഹ ചികിത്സയിൽ പ്രധാനം.

പ്രമേഹത്തെ അതിജീവിക്കാം ആയുർവേദത്തിലൂടെ

ഡോ. കെ. മുരളീധരൻ

മനോരമ ബുക്സ്

English Summary:

Malayalam Book ' Pramehathe Athijeevikkam Ayurvedathilude ' Written by Dr. K. Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com