ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ !
Mail This Article
വാരിയെല്ലുകൾക്കിടയിൽ ചൂണ്ട കൊളുത്തി വലിക്കുമ്പോലുള്ള വേദന വരുമ്പോൾ വശം ചെരിഞ്ഞു കിടന്നാണ് കുഞ്ഞേനാച്ചൻ ആശ്വാസം തേടുന്നത്. അതു ശാരീരികമായ വേദനയാണ്. എങ്ങനെയങ്കിലും സഹിക്കാം. മരുന്നിന്റെ സഹായം തേടാം. എന്നാൽ അതേ വേദനയിൽ മനസ്സു പിടയുമ്പോഴോ. വയസ്സ് 90 കഴിഞ്ഞെന്ന ബോധവും ബോധ്യവും അദ്ദേഹത്തിനുണ്ട്. ബന്ധുക്കൾക്കും നാട്ടുകാർക്കുമുണ്ട്. കണ്ണു പിടിക്കുന്നില്ല. കേൾവിക്കുറവുണ്ട്. ഇടയ്ക്കിടെ മയങ്ങിപ്പോകും. സ്വപ്നവും സത്യവും കൂടിക്കലരുന്നു. എന്നാലും തെളിച്ചമുണ്ട് കുഞ്ഞേനാച്ചന്റെ മനസ്സിന്. കൊച്ചുമകൾ സിസിലിയുടെ ഭാവി ജീവിതത്തെ വരയ്ക്കാൻ അദ്ദേഹത്തിന് ഏതാനും വാക്കുകൾ മതി. മിഴിവോടെ, യാഥാർഥ്യബോധത്തോടെ ജീവിതത്തെ കാണുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. കുഞ്ഞേനാച്ചന്റെ ദുരന്തവും അതുതന്നെയാണ്. അകലെ സ്വർണസിംഹാസനത്തിൽ നിന്ന് വിളിക്കുന്നു. മഹാ ശബ്ദത്തിൽ. പോരൂ. എന്റെ കൂടാരത്തിലേക്കു പോരൂ. നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്റെ ജനത്തിൽ ഒരുവൻ. ഞാൻ നിന്റെ കണ്ണുനീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടപ്പാടും ഇനി നിനക്കുണ്ടാകുകയില്ല. എന്നാലും പോകാൻ വയ്യ. വാക്കുകൾ തൊണ്ടയിൽ തിക്കിത്തിരക്കുന്നു. മുന്നറിയിപ്പ് കൊടുത്തിട്ടു വേണം പോകാൻ. എന്നാലോ, വായ് തുറക്കാനാവുന്നുമില്ല. ഞെട്ടിവിറയ്ക്കുകയാണ്. ഇവിടെനിന്നും പോകാനാകാകുന്നില്ല. അവിടേക്കുള്ള വിളി ചെറുത്തുനിൽക്കാനുമാവുന്നില്ല.
അരനാഴിക കൂടി പൂർത്തിയാക്കി, യാത്ര പറയാൻ കാത്തുകിടന്ന കുഞ്ഞേനാച്ചൻ അവസാന നിമിഷം നടത്തുന്ന ചെറുത്തുനിൽപാണ് ജീവിതം എന്ന നാടകത്തിന്റെ ദുരന്തം. ഫലിതവും. എത്രയൊക്കെ എങ്ങനെയൊക്കെ ആരൊക്കെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും ഇനിയും തിരിയാത്ത ജീവിതത്തിന്റെ രഹസ്യം. ആ രഹസ്യത്തിന്റെയും സമസ്യയുടെയും വാതിൽ വലിച്ചുതുറക്കുന്നു എന്നതാണ് അരനാഴിക നേരത്തിന്റെ ഇന്നത്തെയും എന്നത്തെയും പ്രസക്തി. പാറപ്പുറം എന്ന നോവലിസ്റ്റിന്റെ പണി തീരാത്ത കലയുടെ മഹത്വം. നിണമണിഞ്ഞ കാൽപാടുകളിലൂടെ ആദ്യ കിരണങ്ങൾ തേടി വീണ്ടും അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നത്. അന്വേഷിച്ചു; കണ്ടെത്തിയില്ല എന്ന വിലാപവും.
പാപം എന്താണെന്ന ചോദ്യമാണ് അരനാഴിക നേരം ഉയർത്തുന്നത്. പാറപ്പുറം ഉത്തരം പറയുന്നില്ല. സൂചനകൾ പോലും തരുന്നില്ല. എന്നാൽ ഉത്തരം ഉള്ളിലുദിപ്പിക്കാൻ നോവലിനു കഴിയുന്നുമുണ്ട്. പാപം ഒന്നല്ല രണ്ടാണ്. സ്വയം ചെയ്യുന്നതും മറ്റുള്ളവർ ചെയ്യുന്നതും. പാപം ചെയ്തു എന്ന ഉറച്ച ബോധ്യമുണ്ട്. പാപികൾക്കെതിരെ കയ്യോങ്ങുമ്പോഴെല്ലാം പിന്നോട്ടു വലിക്കുന്നത് ആ ബോധമാണ്. എന്നാലോ, ക്ഷമിക്കാൻ കഴിയാത്ത, സഹിക്കാനാവാത്ത പാപം വാ പിളർന്നുനിൽക്കുമ്പോൾ ഒരു നിമിഷം കൂടി എന്നു യാചിക്കുന്നു. ചൂണ്ടിക്കാണിക്കണം. തെളിച്ചുപറയണം. ഇവർ പാപികൾ. ഇവരെ അടുപ്പിക്കരുത്. പറയുന്നതും പാപികളോടാണെങ്കിലോ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഒരിക്കൽപ്പോലും നോവൽ പറയുന്നില്ല. സദൃശ വാക്യങ്ങൾ പാറപ്പുറം എത്രയോ ഉദ്ധരിക്കുന്നുണ്ട്. ദീർഘമായിത്തന്നെ. തുറന്ന പുറത്തിൽ നിന്ന് മുൻപിൻ നോക്കാതെ വായിക്കുന്നുണ്ട്. ആദ്യ പാപത്തെ ഓർമിപ്പിക്കുന്നുണ്ട്. അവരോട് ദൈവം ചോദിക്കുമന്ന് നിസ്സഹായനായി ആശ്വസിക്കുന്നുണ്ട്. എന്നാൽ, മനുഷ്യരുടെ പാപത്തിനു മനുഷ്യർ തന്നെ തീർപ്പു കൽപിക്കുന്നതാണു ജീവിതമെന്ന് സൗമ്യമായി ഓർമിപ്പിച്ച് കണക്കുകൾ തീർക്കുന്നുമുണ്ട്.
ശിവരാമക്കുറുപ്പ് സാധാരണക്കാരനല്ല. താർക്കികനാണ്. ആത്മീയതയിൽ താൽപര്യമുള്ള ആൾ. സൻമാർഗത്തെയും ദുർമാർഗത്തെയും വേർതിരിച്ച്, ജീവിതത്തിന്റെ ആത്യന്തിക സത്യത്തെക്കുറിച്ച് പുരോഹിതൻമാരോടു പോലും സംവാദം നടത്താൻ ശേഷിയുള്ളയാൾ. ഇതാണു ജീവിതം. ഇതാണു സത്യം. എല്ലാവരും പറയുന്നത് ഇതു തന്നെ എന്ന് ആവർത്തിച്ചുറപ്പിക്കുന്ന അയാൾ തന്നെയാണ് ആത്മസുഹൃത്തിന്റെ കണ്ണുവെട്ടിച്ച് ബലാൽക്കാരത്തിന് കൈ ഉയർത്തുന്നതും. ആദ്യത്തെ തവണ കയ്യിൽ തൊട്ടപ്പോൾ ചുട്ട മറുപടിയാണു കിട്ടിയത്. പിൻതിരിഞ്ഞില്ല. രണ്ടാമത്തെ തവണ ബലം പ്രയോഗിച്ചു തന്നെ കീഴപ്പെടുത്തി. അയാൾക്കറിയാമായിരുന്നു ആ ബലപ്രയോഗം ആവശ്യമാണെന്ന്. ഇനിയൊരിക്കലും ബലം പ്രയോഗിക്കേണ്ടിവരില്ലെന്നും. ജീവിതത്തെക്കുറിച്ചുള്ള ആത്യന്തിക അറിവിൽ അങ്ങനെയൊരു അർഥം കൂടി ഉൾച്ചേർന്നിട്ടുണ്ടോ. അതോ, അറിവിനും മീതെയാണോ ദൗർബല്യത്തിന്റെ, ചാപല്യത്തിന്റെ കൊടി ഉയർന്നുപാറുന്നത്.
പാഠങ്ങൾ പഠിക്കാനുള്ളതാണ്. പഠിക്കാൻ മാത്രം. ജീവിതം ജീവിക്കാനുള്ളതും. ജീവിത മഹാനാടകത്തിൽ വെളിച്ചം കാണിക്കാൻ മനസാക്ഷി മാത്രമേയുള്ളൂ. ഇരുളും നിഴലും കാണിക്കാനും. നിലാവു കാണിക്കാനും. നില നിർത്താനും നില തെറ്റിക്കാനും. തെന്നിവീഴാതിരിക്കാൻ എല്ലാ പാഠങ്ങളും പഠിച്ചാലും വീഴുക തന്നെ ചെയ്യും. അതൊഴിക്കാവാനാവില്ല. ഒരിക്കലല്ല. പല തവണ. എഴുന്നേറ്റേക്കാം. എന്നാലും വീഴും. ആ വീഴ്ചയുടെ ആഘാതമാണ് അരനാഴിക നേരത്തിന്റെ ഓർമക്കുറിപ്പ്.
ഞാൻ ചെയ്യുന്ന പാപങ്ങൾക്കു ശിക്ഷ വിധിക്കാൻ ഞാനുണ്ട്. നീ ചെയ്യുന്ന പാപങ്ങൾക്കും ഞാൻ തന്നെ വിധിച്ചാലോ. ഞാൻ എന്റെ മനസ്സു പറയുന്ന വഴിയിലൂടെ നടന്നു. നീ നിന്റെ മനസ്സു പറയുന്ന വഴിയിലൂടെ നടന്നാൽ നമ്മുടെ വഴികൾ ഏറ്റുമുട്ടും. അവിടെ ഞാൻ നിന്നെ വിധിക്കും. ഞാൻ എന്ന കുറ്റവാളി തന്നെ ന്യായാധിപനാകും. തെറ്റു ചെയ്ത ഞാൻ തന്നെ നിന്റെ കുറ്റം ഉറക്കെ വിളിച്ചുപറയും. ആദ്യത്തെ കല്ല് ഞാൻ തന്നെ എറിയും. അരനാഴിക നേരത്തിനു മുമ്പ്.
ഒരു മനുഷ്യനു വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാനൊക്കാത്തതുപോലെ, കാൽ പൊള്ളാതെ തീയിൽ നടക്കാനൊക്കാത്തതുപോലെ, നിന്റെ മോഹവലയത്തിൽ കുടുങ്ങിയവനു നശിച്ചുപോകാതെ രക്ഷപ്പെടാൻ സാധ്യമല്ല. വെയിലുറച്ചുനിൽക്കുമ്പോൾ ഒരു മേഘക്കീറു വന്ന് സൂര്യനെ മറച്ചതുപോലെ വീണ്ടും പ്രകാശം മങ്ങുന്നല്ലോ. അതോ, നേരം വൈകുകയാണോ?
അരനാഴികനേരം
പാറപ്പുറത്ത്
ഡിസി ബുക്സ്
വില: 350 രൂപ