ADVERTISEMENT

അധ്യായം: പന്ത്രണ്ട്

ചിരുതയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ പലതവണ ഇമ പൂട്ടി തുറന്നു. മാനത്തു നിന്നും ഇറങ്ങിവന്ന ദൈവദൂതനെ പോലെ ചെമ്പൻ. പാതിവിരിഞ്ഞ കാട്ടുപൂക്കൾക്കിടയിലൂടെ ചെമ്പൻ ചിരുതയുടെ അടുത്തേക്ക് വന്നു. ചെമ്പനെ കണ്ടതോടെ ചിരുതയുടെ കണ്ണുകൾ ഇടവപാതിയിലെ തുരുത്തി പുഴ പോലെ നിറഞ്ഞു കവിഞ്ഞു. ഒറ്റ ദിവസത്തെ പരിചയം മാത്രമെ ചെമ്പനുമായിട്ടുള്ളുവെങ്കിലും തന്റെ ആരൊക്കെയോയാണെന്ന ചിന്തയിൽ അതുവരെ അടക്കിപിടിച്ച ദുഃഖങ്ങളെല്ലാം അണപൊട്ടിയപോലെ പുറത്തേക്ക് കുതിച്ചു. ആരെ തേടിയാണോ തന്റെ അച്ഛന്‍ പോയത്, അയാളിതാ തന്റെ മുമ്പിൽ. പക്ഷേ അച്ഛൻ... അച്ഛൻ ഇതുവരെയും വന്നില്ലല്ലോ.

അച്ഛനെയോർത്ത് ഹൃദയം പൊട്ടി തന്റെ അമ്മയും.. കരച്ചിലടക്കാൻ ചിരുത പാടുപെട്ടു. ചിരുതയുടെ ഈ ഭാവമാറ്റം ചെമ്പനെ ആകെ അമ്പരപ്പിച്ചു. എന്താണ് കാര്യമെന്നറിയാതെ അവൻ കുഴങ്ങി. പച്ച വിരിച്ച തുരുത്തി പാടത്തിനോരത്ത് കാട്ടുവള്ളികൾ വയലറ്റ് പൂക്കൾകൊണ്ടലങ്കരിച്ച മൺതിട്ടയിൽ ചെമ്പന് അഭിമുഖമായി ചിരുത ഇരുന്നു. ചിരുതയ്ക്ക് പറയുവാനേറെയുണ്ടല്ലോ. അന്ന്, ചെമ്പൻ പോയതിനു ശേഷമുള്ള സംഭവവികാസങ്ങൾ അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. കാരിരുമ്പിന്റെ കരുത്തുള്ള ചെമ്പന് അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു.

തന്റെ മാറോട് ചേർത്തു പിടിച്ചാലോ? വേണ്ട ചിരുത എന്ത് വിചാരിക്കും? പെരുമാൾക്കാവിലെ ക്ഷേത്ര ചുമരിൽ കൊത്തിവെച്ച ലക്ഷണമൊത്ത പുരുഷശിൽപം പോലെ അഴകാർന്ന ചെമ്പന്റെ മാറിൽ തലചായ്ച്ച് കിടക്കാൻ ചിരുതയും ആഗ്രഹിച്ചു. വേണ്ട ചെമ്പനെന്ത് വിചാരിക്കും?

രാത്രി ഒരു കള്ളനെപോലെ പതുങ്ങി വന്ന് തുരുത്തി പാടത്തെ ഇരുട്ടു പുതപ്പിച്ചപ്പോഴാണ് ചിരുത വീട്ടിലേക്ക് തിരികെ നടന്നത്. വീടിന്റെ മുറ്റം വരെ ചെമ്പന്‍ പിന്തുടർന്നു. നാളെ വരാമെന്ന് പറഞ്ഞ് ചെമ്പൻ തിരിച്ചു നടന്നപ്പോൾ, ഈ രാത്രിയിൽ എങ്ങോട്ടാണെന്ന ചോദ്യം ചിരുതയുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു. തുരുത്തി കാടിന്റെ പല ഭാഗത്തുമുള്ള വന്മരങ്ങളിൽ ഏറുമാടങ്ങൾ ചെമ്പന്‍ മുമ്പേ ഒരുക്കിവെച്ചിരുന്നു.

വനവിഭവങ്ങൾ ശേഖരിക്കാൻ തുരുത്തിക്കാടിനുള്ളിലേക്ക് വന്നാല്‍ നാലഞ്ചു ദിവസം കഴിഞ്ഞെ ചെമ്പൻ പാലോറ മലയടിവാരത്തിൽ തിരിച്ചു ചെല്ലാറുള്ളു. താൻ അടക്കിപിടിച്ച സങ്കടങ്ങൾ ചെമ്പനുമായി പങ്കുവെച്ചതോടെ ചിരുതയ്ക്ക് വളരെയേറെ ആശ്വാസം തോന്നി. അതുകൊണ്ടായിരിക്കാം അവൾ കിടന്നയുടനെ ഉറങ്ങിപോയത്. തല തല്ലി പൊട്ടിത്തെറിച്ച വര്‍ഷകാലത്തിനു ശേഷം ശാന്തമായ കടൽ പോലെ ചിരുത മയങ്ങി. കടലനക്കം പോലെ അവളുടെ ആലില വയർ പതുക്കെ പൊങ്ങിത്താണു. പക്ഷെ നത്തു പോലും മയങ്ങി പോകുന്ന നട്ടപാതിരയ്ക്ക് ഉമ്മറപടി വാതിലിൽ ആരോ ശക്തിയിൽ മുട്ടുന്ന ശബ്ദം കേട്ട് ചിരുത പതുക്കെ കണ്ണു തുറന്നു. കൂരിരുട്ട്. നിശബ്ദത.


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

പെട്ടെന്ന് വീണ്ടും മുട്ടു കേട്ടു. ഭയത്തിന്റെ കരിമൂർഖൻ അവളെ ചുറ്റിവരിയാൻ തുടങ്ങി. എങ്കിലും എണ്ണ വിളക്ക് തെളിച്ച്, തലയിണക്കടിയിൽ നിന്ന് കൊടുവാളുമെടുത്തവൾ ധൈര്യസമേതം ഉമ്മറപടിവാതിക്കലേക്ക് ചെന്നു. ആരായെന്ന് ചിരുത ചോദിക്കുന്നതിന് മുമ്പ് ചിരുതേയെന്ന വിളി പടി കടന്നു വന്നു.

ചെമ്പന്റെ ശബ്ദമല്ലേയത്? "ചിരുതേ.. ഞാനാ ചെമ്പൻ. നീയിവിടെ ഒറ്റയ്ക്കാണെന്ന ചിന്ത കൊണ്ട് എനിക്ക് ഉറക്കം വന്നില്ല." ചിരുതയുടെ ഉള്ള് കുളിർത്തു. തന്നെ സംരക്ഷിക്കാൻ ഒരാളുണ്ടായിരിക്കുന്നു. "വാതില് തുറക്കേണ്ട. ഞാനിവിടെ കോലായിൽ കിടന്നോളാം. നിനക്കൊരു കാവലായി." ചിരുതയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒരു വാക്കു പോലും പുറത്തേക്ക് വന്നില്ല. പകരം അവൾ വാതിൽ തുറന്നു. എണ്ണ വിളക്കുമേന്തി, പാതി കൂമ്പിയ മിഴികളും മുട്ടോളമെത്തുന്ന മുടിയുമായി പുറത്തേക്ക് വന്ന ചിരുതയ്ക്ക്, പറഞ്ഞു കേട്ട കഥകളിലെ ദേവതകളെക്കാളും സൗന്ദര്യമുണ്ടെന്ന് ചെമ്പന് തോന്നി.

കോലായിയിലെ മരയിരിപ്പിടത്തിൽ ചെമ്പനിരുന്നു. ഉത്തരത്തിൽ എണ്ണവിളക്ക് തൂക്കി ചെമ്പന് അഭിമുഖമായി ചിരുതയുമിരുന്നു. ലോകം നിശീഥിനിയുടെ നിശബ്ദതയിൽ മയങ്ങുമ്പോൾ ചെമ്പനും ചിരുതയും വാതോരാതെ സംസാരിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ചിരുത ചിരിച്ചു. ചെമ്പനും ആദ്യമായിട്ടാണ് ഒരു പെൺകിടാവിനോട് ഇങ്ങനെ സംസാരിക്കുന്നത്. ചിലപ്പോള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തതുപോലെ അവർ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. മറ്റു ചിലപ്പോൾ ഒന്നും പറയാനില്ലാത്തതുപോലെ പരസ്പരം നോക്കിയിരുന്നു. കണ്ണുകൾക്ക് കഥ പറയാൻ പറ്റുമെന്ന് അന്നേരം ചെമ്പൻ തിരിച്ചറിഞ്ഞു. മൗനത്തിന് വാചാലതയുണ്ടെന്ന് അന്നേരം ചിരുത മനസ്സിലാക്കി. നേരം പുലരാതിരുന്നെങ്കിലെന്ന് അവർ ആഗ്രഹിച്ചു.

പാതിമുറിഞ്ഞ ചന്ദ്രന്‍ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ അവരെ ഒളിഞ്ഞുനോക്കി അസൂയപ്പെട്ടു. പുള്ളാത്തിക്കിളികൾ മയക്കം വിട്ടുണരുന്ന കുളിർന്ന പുലർകാലത്താണ് ചിരുത ചെമ്പന്റെ മാറിൽ മെല്ലെ തല ചായ്ച്ച് ചാഞ്ഞിരുന്നത്. ചെമ്പൻ അവളെ തന്നോട് ചേർത്തു പിടിച്ചു.

സ്ഥലകാലബോധം വന്ന ചിരുത ചെമ്പന്റെ മാറിൽ നിന്നും കുതറി മാറി. ഞെട്ടി കണ്ണു തുറന്നപ്പോൾ പുലർ വെളിച്ചം കണ്ണുകളിൽ നീരസം പടർത്തി. പുറത്ത് കിളികളുടെ കൊഞ്ചൽ ഉയർന്നു കേട്ടു. കിടക്ക പായയിൽ നിന്നും ചിരുത പതുക്കെ എഴുന്നേറ്റിരുന്നു. ചെമ്പനെവിടെ? അതൊരു സ്വപ്നമാണെന്ന് വിശ്വസിക്കാൻ ചിരുതയ്ക്ക് പ്രയാസം തോന്നി. ചെമ്പന്റെ മാറിലെ ചൂട് എനിക്ക് ശരിക്കും അനുഭവപ്പെട്ടതാണല്ലോ. ആ സ്വപ്നത്തിന്റെ കുളിരിൽ അവൾ അൽപനേരം കൂടി മൂടി പുതച്ചു കിടന്നു.

അന്ന് വൈകുന്നേരം വരെ ചെമ്പൻ വരുമെന്ന പ്രതീക്ഷയിൽ അവളിരുന്നു. മുറ്റത്തൊരു ശബ്ദം കേട്ടാൽ, ഇടവഴിയിലൊരു ആളനക്കം കണ്ടാൽ അവളോടി ഉമ്മറ മുറ്റത്തു വരും. ചെമ്പനല്ലെന്നറിയുമ്പോൾ നിരാശയോടെ അകത്തേക്ക് കയറിപ്പോകും. ഉച്ച ആറി തണുത്തിട്ടും ചെമ്പൻ വന്നില്ല. ഇന്നലെ വൈകിട്ട് തുരുത്തി പാടത്ത് ചെമ്പന്‍ വന്നതും സംസാരിച്ചതും സ്വപ്നമായിരുന്നോ? സ്വപ്നവും യാഥാർഥ്യവും തിരിച്ചറിയാനാകാതെ ചിരുത വിഷമിച്ചു. പതിവുപോലെ അന്ന് വൈകുന്നേരവും തുരുത്തിപ്പാടത്തെ പച്ച പുൽമേട്ടിൽ അവൾ പോയിരുന്നു. ഇന്നലെ വരെ അച്ഛനെയും പ്രതീക്ഷിച്ചാണ് അവളവിടെ ഇരുന്നതെങ്കിൽ ഇന്ന് ചെമ്പൻ മാത്രമായിരുന്നു അവളുടെ മനം നിറയെ. 

അവളുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. കാട്ടുതേനും കാട്ടുപഴങ്ങളുമായി ചെമ്പൻ വന്നു. അന്ന് മാത്രമല്ല പിന്നീടുള്ള പല ദിവസങ്ങളിലും. തുരുത്തി പാടത്തും തുരുത്തി കാടിനോരത്തും അവർ പൂമ്പാറ്റകളെ പോലെ പാറി നടന്നു. ഔഷധചെടികളും ചികിത്സാ രീതികളും തുരുത്തിക്കാടും കാട്ടുതീയും പെരുമാൾക്കാവിലെ നിറദീപവും ഉത്സവാഘോഷവും തുടങ്ങി പലതിനെ കുറിച്ചും അവർ സംസാരിച്ചു.

അഷ്ടാംഗഹൃദയത്തിലെയും സസ്യപുരാണത്തിലെയും സുപ്രധാന ചികിത്സാരീതികൾ ചെമ്പനെ ചിരുത ഇരുത്തി പഠിപ്പിച്ചു. ചിരുതയുടെ പ്രാഗൽഭ്യത്തിനു മുന്നിൽ ചെമ്പൻ പലപ്പോഴും വിസ്മയിച്ചു നിന്നു പോയി. ഗോത്ര ചികിത്സാ രീതികളെ കുറിച്ച് ചെമ്പൻ ചിരുതയെയും പഠിപ്പിച്ചു. വൈദ്യത്തില്‍ ചെമ്പൻ അതിവിദഗ്ധനാണെന്ന് ചിരുതയ്ക്ക് മുമ്പേ അറിയാമായിരുന്നല്ലോ. എങ്കിലും ചില രീതികളിൽ ചെമ്പന്റെ സൂക്ഷ്മതലത്തിലുള്ള നിഗമനങ്ങൾ അവളെ അത്ഭുതപ്പെടുത്തി. തനിക്കറിയാത്ത പലതരം കാട്ടുചെടികളുടെ ഔഷധഗുണത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ചെമ്പൻ വിശദീകരിച്ചു തന്നെങ്കിലും ചന്ദ്രവിമുഖിയെ കുറിച്ച് മാത്രം അവനൊന്നും പറയാത്തത് ചിരുത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എപ്പോഴെങ്കിലും അവനത് പറയുമെന്ന പ്രതീക്ഷയിൽ അവൾ കാത്തിരുന്നു.

അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നൂറ്റാണ്ടുകളായി മഹാമനീഷികൾ അന്വേഷിച്ചു നടക്കുന്ന ദിവ്യ ഔഷധമാണത്. അതെന്തായാലും എന്നെ സംബന്ധിച്ച് അച്ഛന്റെ ജീവന്റെ വിലയുണ്ടതിന്. അച്ഛന്റെ മാത്രമല്ല; അമ്മയുടെയും. ചന്ദ്രവിമുഖിയുടെ പ്രധാന്യം ചെമ്പന് തികച്ചും ബോധ്യമുള്ളതിനാലാണ് അവനത് എന്നില്‍ നിന്ന് മറച്ചു വയ്ക്കുന്നത്. ഞാൻ എടുത്തു ചാടി അക്കാര്യം ചോദിച്ചാൽ അവൻ പിണങ്ങി പോയാലോ? അവൻ സ്വമേധയാ പറയുന്നതുവരെ അല്ലെങ്കിൽ ഞാൻ ചോദിച്ചാൽ അവന് പറയാതിരിക്കാനാവാത്ത കാലം വരെ കാത്തിരിക്കുക തന്നെ. അച്ഛന് സാധിക്കാത്തത് മകൾക്ക് സാധിക്കണം. ചിരുത മനസ്സിൽ ഉറപ്പിച്ചു.

തുരുത്തി കാടിന്റെ വിശാലമായ മേലാപ്പിൽ പലയിടങ്ങളും പല തരം വർണ്ണങ്ങളിലുള്ള പൂക്കളാൽ മൂടി. ഒരിക്കൽ വിഷത്താളിയുടെ വെള്ളപൂക്കൾകൊണ്ട് ചിരുത ഒരു മാല കോർത്തു. ചെമ്പൻ വന്നപ്പോൾ അവളത് അവന്റെ മാറിലണിയിച്ച് കൊടുത്തു. ചെമ്പന് ആ മാല വളരെയേറെ ഇഷ്ടമായി. വിഷത്താളി പൂക്കളുടെ സുഗന്ധം പരിസരമാകെ നിറഞ്ഞു. തുരുത്തി കാടിനോട് ചേർന്നുള്ള പുളിമരത്തിന്റെ താഴ്ന്ന ശിഖരത്തിൽ അടുത്തടുത്തിരിക്കുമ്പോൾ അന്നാദ്യമായി ചെമ്പൻ ചിരുതയുടെ കൈ പിടിച്ചു.

കൈതപ്പുഴയുടെ ആഴങ്ങളിലെ കുളിരും കിളി പൈതലിൻ തൂവലിന്റെ മൃദുലതയുമുണ്ടായിരുന്നു ആ കൈകൾക്ക്. "ഇത് ഏത് ചെടിയുടെ പൂവാണെന്നറിയുമോ?" ചെമ്പന്റെ തോളത്ത് തല ചായ്ച്ച് ചിരുത പതുക്കെ ചോദിച്ചു. "ഈ ചെടിയുടെ ഇല പറിക്കാൻ വന്നപ്പോഴല്ലേ ചിരുതയ്ക്ക് കാട്ടുപുലിയുടെ ആക്രമണം നേരിടേണ്ടിവന്നത്" ചെമ്പൻ പറഞ്ഞു. "ഹോ.. എല്ലാം ഓര്‍മ്മയുണ്ടല്ലോ?" ചിരുത മന്ദഹസിച്ചു. "അത് മാത്രമല്ല.. എണ്ണമയത്തിൽ പറ്റിച്ചേർന്ന ഒറ്റമുണ്ടും ഓർമ്മയുണ്ട്" ചെമ്പൻ കുസൃതിയോടെ പറഞ്ഞു. അത് കേട്ട് നാണത്താൽ പൂത്തു വിടർന്ന ചിരുതയുടെ മുഖം കണ്ടിട്ടും കണ്ടിട്ടും ചെമ്പന് മതിവന്നില്ല. അവനവളെ ചേർത്തു പിടിച്ചു. "അന്ന്, തണ്ടൊടിഞ്ഞ താമരമൊട്ടു പോലുള്ള ആ കുട്ടിയെ രക്ഷപ്പെടുത്തിയ ഔഷധം ഏതായിരുന്നു?"

ചിരുത സന്ദർഭവശാൽ എന്ന വ്യാജേന കൗശലത്തോടെ പതുക്കെ ചോദിച്ചു. അതുകേട്ട് ചെമ്പനൊന്നു ഞെട്ടി. "ചന്ദ്രവിമുഖിയാണോ?" ചെമ്പനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ചിരുത വീണ്ടും ചോദിച്ചു. തോളത്തു ചാഞ്ഞിരുന്ന ചിരുതയെ മെല്ലെ തള്ളിമാറ്റി ചെമ്പൻ പുളി കൊമ്പിൽ നിന്നും താഴേക്ക് ചാടിയിറങ്ങി. പിന്നെ ഒന്നും മിണ്ടാതെ, ചിരുതയെ തിരിഞ്ഞു നോക്കാതെ കാടിനുള്ളിലെ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.

(തുടരും)

English Summary:

E-novel Chandravimukhi by Bajith CV