ADVERTISEMENT

ജാഡയാണെന്ന് പറയല്ലേ എന്ന മുൻകൂർ ജാമ്യത്തോടെയാണ് അധ്യാപികയും മാനേജ്മെന്റ് വിദഗ്ധയുമായ ഡോ. സുജ കാർത്തിക പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. എട്ടാം ക്ലാസ് വരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂവെന്നും വായനയുടെ സുഖം മുറിയാതെ വായിച്ചുപോകാനാകുന്നത് ഇംഗ്ലിഷിലായതിനാൽ വായിച്ച പുസ്തകങ്ങളിൽ കൂടുതലും ആ ഭാഷയിലാണെന്നും സുജ കാർത്തിക പറയുന്നു.

 

മലയാള സാഹിത്യം വളരെ കുറച്ചേ എക്സ്പ്ലോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ

 

മലയാളത്തിൽ പൂർണമായും വായിച്ച പുസ്തകം. മാധവിക്കുട്ടിയുടെ ‘നീർമാതാളം പൂത്തകാല’മാണ്. തപ്പിപ്പിടിച്ചു വായിക്കുമ്പോൾ, കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാനാവില്ലല്ലോ. അതുകൊണ്ട് പിന്നീടുള്ള വായന ഇംഗ്ലിഷിലാക്കി. എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴ’ത്തിന്റെ ഇംഗ്ലിഷ് വിവർത്തനം ‘Bhima Lone Warrior’ ആണ് വായിച്ചത്. അതുപോലെ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് വിവർത്തനം ‘ഗോട്ട് ഡെയ്സ്’ വായിച്ചിട്ടുണ്ട്. മലയാളം അധികം വായിക്കാതെ ഇംഗ്ലിഷ് വായിക്കുന്നതിനെ അഹങ്കാരമായി ഒരിക്കലും തെറ്റിദ്ധരിക്കരുതെന്നു വായനക്കാരോട് ഒരഭ്യർഥനയുണ്ട്.

neermathalam-becoming

 

bhima-goat-days

വായിച്ചു വായിച്ചുറങ്ങാൻ ഏറെയിഷ്ടം

 

ദിവസവും ഉറങ്ങുംമുമ്പ് അര മണിക്കൂറെങ്കിലും വായിക്കും. വായനയെന്നു പറയുമ്പോൾ സീരിയസ് വായനയെന്ന് തെറ്റിദ്ധരിക്കരുത്. ഫിലോസഫി പോലെയുള്ള ഗൗരവമുള്ള വിഷയങ്ങളിലെ വായന തീരെയില്ല. അധ്യാപന മേഖലയിലായതുകൊണ്ട് അക്കാദമിക് റീഡിങ് ധാരാളമുണ്ടാകാറുണ്ട്. അത് അത്യാവശ്യം കനപ്പെട്ട പണിയാണ്. നല്ല കാറ്റഗറി ജേണലിലൊക്കെ വരുന്ന ചില ലേഖനങ്ങളും മറ്റും ഒന്നു രണ്ടാവൃത്തിയൊക്കെ വായിച്ചാലേ വൃത്തിയായി മനസ്സിലാകൂ. 

 

പകൽ ചെലവഴിക്കുന്നത് അക്കാദമിക് വായനയ്ക്ക് മാത്രമാണ്. രാത്രി ഉറങ്ങുന്നതിനു മുൻപുള്ള അരമുക്കാൽ മണിക്കൂറാണ് ലൈറ്റ് റീഡിങ്ങിനായി മാറ്റി വയ്ക്കുന്നത്. വായിച്ചു ചിന്തിച്ച് അവലോകനമൊന്നും ചെയ്യണ്ടാത്ത വളരെ ലളിതമായ വായനയാണ് ആ സമയത്തുണ്ടാവുക. നമ്മളെ വേറെയൊരു സ്ഥലത്തേക്കു കൊണ്ടു പോകുന്ന, വേറെയൊരാളുടെ ജീവിതം കാട്ടിത്തരുന്ന, കൽപനാശേഷി വളർത്തുന്ന വളർത്തുന്ന വായനയാണ് പണ്ടും ഇപ്പോഴും.  വായന എനിക്കേറെയിഷ്ടമുള്ള ഒരു വിനോദോപാധിയാണ്. ഒരു ദിവസം പോലും വായിക്കാതെ ഉറങ്ങാൻ എനിക്ക് കഴിയില്ല.

kane-and-abel-the-kite-runner

 

ഇഷ്ടപ്പെട്ട പുസ്തകം

 

അങ്ങനെ ഒരു പുസ്തകത്തിന്റെ പേരു മാത്രമായി എടുത്തു പറയാൻ കഴിയില്ല. ഓരോ കാലഘട്ടത്തിലും ഓരോ പുസ്തകങ്ങളോടും ഓരോ എഴുത്തുകാരോടുമായിരുന്നു താൽപര്യം. ഇപ്പോഴത്തെ കുട്ടികൾ ‘Diary of the wimpy kid’ വായിക്കുന്നതുപോലെ ഞാനൊക്കെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ വായിച്ചു തുടങ്ങുന്ന പുസ്തകങ്ങൾ പ്രശസ്ത ഇംഗ്ലിഷ് സാഹിത്യകാരി ഇനിഡ് ബ്ലൈറ്റണിന്റെ ‘ദ് സീക്രട്ട് സെവൻ കളക്‌ഷൻ’ ഒക്കെയാണ്. അതുപോലെ ‘നാൻസി ട്രൂ’ എന്ന പുസ്തകം. അഞ്ചാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് ഞാനീ പുസ്തകങ്ങളൊക്കെ വായിക്കാൻ തുടങ്ങിയത്. ഇനിഡ് ബ്ലൈറ്റണിന്റെ പുസ്തകങ്ങളിലേറെയും വാങ്ങിയിരുന്നു. അതൊക്കെ ഇപ്പോഴും വീട്ടിലുണ്ട്. അന്നൊക്കെ പോക്കറ്റ് മണി മുഴുവൻ പുസ്തകങ്ങൾ വാങ്ങാനാണ് ചെലവഴിച്ചിരുന്നത്.

sujakarthika-1

 

ഇനിഡ് ബ്ലൈറ്റണിന്റെ വായനയൊക്കെ കഴിഞ്ഞ് 11, 12 ക്ലാസുകളൊക്കെയായപ്പോൾ ഞാൻ അഭിനയം തുടങ്ങിയിരുന്നു. അപ്പോഴത്തെ ട്രെൻഡ് ജെ. കെ റൗളിങ്ങിന്റെ ‘ഹാരിപോട്ടറാ’യിരുന്നു. ആ പുസ്തകങ്ങൾ കൈയിൽക്കിട്ടാനായി കാത്തിരിക്കുമായിരുന്നു. ആ പരമ്പരയിലെ എല്ലാ പുസ്തകവും വായിച്ചു. അന്ന് സിനിമയൊന്നും ഇറങ്ങിയിട്ടില്ല. അതുകൊണ്ട് പുസ്തകം വായിച്ച് അത് സിനിമ കാണുന്നതുപോലെയൊക്കെ ഇമാജിൻ ചെയ്യുമായിരുന്നു.

 

tcs-story-best-leader

പ്രണയകാലത്തെ പുസ്തകക്കൈമാറ്റങ്ങൾ

 

പ്രണയ കാലത്ത് ഞങ്ങൾ പുസ്തകങ്ങൾ പരസ്പരം കൈമാറുമായിരുന്നു. ആ കാലഘട്ടത്തിൽ വായിച്ചുകൊണ്ടിരുന്നത് ജഫ്രി ആർച്ചറെ ആയിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കൂടുതലും പറയുന്നത് കുടുംബകഥകളായിരുന്നു. അദ്ദേഹത്തിന്റെ ‘കെയ്ൻ ആൻഡ് ഏബൽ’ മുതൽ  2018 ൽ പുറത്തിറങ്ങിയ ‘ഹെഡ്സ് യു വിൻ’ എന്ന ഏറ്റവും ഒടുവിലിറങ്ങിയ പുസ്തകം വരെ ഞങ്ങൾ വായിച്ചിട്ടുണ്ട്. ഇറ്റാലിയൻ–അമേരിക്കൻ കഥാകൃത്തും സ്ക്രീൻ റൈറ്ററും മാധ്യമ പ്രവർത്തകനുമായ മരിയൊ പുസൊയുടെ ‘ഗോഡ് ഫാദർ സീരീസ്’ ആയിരുന്നു പിന്നത്തെ ക്രേസ്. അതിനു ശേഷം അമേരിക്കൻ നോവലിസ്റ്റ് ജോൺ ഗ്രിഷാമിന്റെ പുസ്തകങ്ങളായിരുന്നു താൽപര്യം. നിയമജ്ഞനായ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ പലതും ത്രില്ലറുകളാണ്. പിന്നെ എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരൻ ഡാൻ ബ്രൗൺ, ജയിംസ് പാറ്റേഴ്സൺ, ‘കൈറ്റ് റണ്ണർ’ എന്ന പുസ്തകത്തിന്റെ രചയിതാവും അഫ്ഗാനി എഴുത്തുകാരനുമായ ഖാലിദ് ഹുസൈനി ഇവരെല്ലാമാണ് ഓരോ കാലഘട്ടത്തിലെയും പ്രിയപ്പെട്ട എഴുത്തുകാർ.

 

karmayogi-the-secret-seven

പിന്നെ താൽപര്യം ഹൊറർ നോവലുകൾ വായിക്കാനായിരുന്നു. അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സ്റ്റീഫൻ കിങ്ങിന്റെ ഹൊറർ നോവലുകൾ ഉറക്കം കെടുത്താൻ തുടങ്ങിയപ്പോൾ രാത്രിയിൽ അത്തരം ഹൊറർ നോവലുകൾ വായിക്കുന്ന പതിവു നിർത്തി.

 

അധ്യാപന ജീവിതത്തെ സ്വാധീനിച്ച പുസ്തകങ്ങൾ

 

എന്റെ ഒരു അധ്യാപകൻ ക്ലാസിൽ പറഞ്ഞ ഒരു കാര്യം ഓർത്തുകൊണ്ടുതന്നെ അതിനുത്തരം പറയാം. ഏതു പുസ്തകം കിട്ടിയാലും വായിക്കണം. കാരണം ഏതു പുസ്തകത്തിലെ ഏതു വരിയാണ് നമ്മുടെ ജീവിതം മാറ്റി മറിക്കുകയെന്ന് നമുക്ക് പറയാൻ സാധിക്കില്ല. പുസ്തകങ്ങൾക്ക് അങ്ങനെയൊരു കഴിവു കൂടിയുണ്ടല്ലോ. നമ്മുടെ ഭാവനാശേഷിയും സർഗാത്മകതയും വർധിപ്പിക്കുക മാത്രമല്ലല്ലോ, ചില റിഫ്ലക്‌ഷൻ കൂടിയല്ലേ വായന സമ്മാനിക്കുന്നത്.

 

ചില പുസ്തകങ്ങൾ വായിക്കുമ്പോൾ ഈ കഥാപാത്രം ഞാനാണല്ലോ, എന്റെ ജീവിതത്തിൽ ഇത് ആപ്ലിക്കബിളാണല്ലോ, ഇങ്ങനെ മാറിയാൽ എന്റെ ജീവിതത്തിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവില്ലേ എന്നൊക്കെ തോന്നും. ഇത് ഒരു തെറപ്പി പോലെയാണ്.

 

സെൽഫ് ഹെൽപ്, സക്സസ് സ്റ്റോറികൾ, ആത്മകഥകൾ ഇവയൊക്കെ വായിക്കാനിഷ്ടമാണ്. അതൊക്കെ വായിക്കുമ്പോൾ അവരൊക്കെ എത്ര കഠിനമായി പ്രയത്നിച്ചിട്ടാണ് ഈ ലെവലിൽ എത്തിയത് എന്നൊക്കെ ചിന്തിക്കാറുണ്ട്. വായിക്കുന്ന പുസ്തകങ്ങളിലെ ക്വട്ടേഷൻസ് കുറിച്ചെടുത്ത് സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ കുറിച്ച ഒരു ക്വട്ടേഷൻ ജീവിതത്തിൽ ഏറെ സഹായകമായിട്ടുണ്ട്. ജീവിതത്തിൽ റിയാക്റ്റ് ചെയ്യരുത്, റെസ്പോണ്ട് മാത്രമേ ചെയ്യാവൂ എന്നതാണത്. റിയാക്റ്റ് ചെയ്യുമ്പോൾ വികാരങ്ങൾക്കാണു പ്രാധാന്യം. എന്നാൽ റെസ്പോണ്ട് ചെയ്യുമ്പോൾ അവിടെ വികാരമില്ല, സൊലൂഷൻ മാത്രമേ ഉള്ളൂ. 

 

ജീവിതത്തെ സ്വാധീനിച്ച പുസ്തകങ്ങൾ

 

എസ്. രാമദുരൈയുടെ ‘ദ് ടിസിഎസ് സ്റ്റോറി ആൻഡ് ബിയോണ്ട്’ (The TCS Story . . . and Beyond) എന്ന പുസ്തകത്തിലെ ചില വരികൾ വ്യക്തി ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  ജീവിതത്തെ പട്ടം പറത്തൽ മൽസരത്തോടുപമിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മൽസരത്തിൽ, ഒപ്പം പറക്കുന്ന പട്ടങ്ങളുടെ മുകളിൽ പറക്കാൻ ശ്രമിക്കണം. ഒരു പട്ടത്തിനു മാത്രമേ വിജയിക്കാൻ സാധിക്കൂ. അതുപോലെ ജീവിതത്തിലും മറ്റുള്ളവരെ അനുകരിക്കാനല്ല ശ്രമിക്കേണ്ടത്. നമ്മുടെ കഴിവിന്റെ പരമാവധി പ്രയോഗിച്ച് ജീവിതത്തിൽ വിജയിക്കാനാണ് ശ്രമിക്കേണ്ടത്. ലോക്ഡൗൺ സമയത്ത് കിട്ടിയൊരു തിരിച്ചറിവാണത്. തിരക്കുകളിൽനിന്ന് പെട്ടെന്നു മാറി നിൽക്കേണ്ടി വന്നപ്പോൾ ആ മാറ്റം ഉൾക്കൊള്ളാൻ ആദ്യം കുറച്ചു ബുദ്ധിമുട്ടി. ഇത്തരം പുസ്തകങ്ങളാണ് ആ സമയത്ത് സഹായിച്ചത്.

 

ഞാനൊരു ബ്രയൻ ട്രെയ്സി ഫാൻ

 

കനേഡിയൻ– അമേരിക്കൻ മോട്ടിവേഷൻ സ്പീക്കറും സെൽഫ് ഡെവലപ്മെന്റ് എഴുത്തുകാരനുമായ ബ്രയൻ ട്രെയ്സിയുടെ കടുത്ത ആരാധികയാണ് ഞാൻ. ‘ഹൗ ദ് ബെസ്റ്റ് ലീഡേഴ്സ് ലീഡ്’ (How the Best Leaders Lead) എന്ന പുസ്തകമൊക്കെ എന്നെ നല്ല രീതീയിൽ സ്വാധീനിച്ചിട്ടുണ്ട്. 

 

ആത്മകഥകളുമേറെയിഷ്ടം

 

മെട്രോമാൻ ഇ. ശ്രീധരന്റെ ‘കർമയോഗി’ എന്ന ആത്മകഥ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എത്തിക്സ്, പ്ലാനിങ്, മറ്റുള്ളവർ അസാധ്യമെന്നു പറയുന്ന കാര്യങ്ങൾ പോലും വിജയകരമായി എങ്ങനെ ചെയ്തു എന്നതൊക്കെ വളരെ പ്രചോദിപ്പിച്ചിട്ടുണ്ട്. അതുപോലെ മിഷേൽ ഒബാമയുടെ ‘ബികമിങ്’ എന്ന പുസ്തകവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

 

പുസ്തകമെഴുതണം

 

വായിക്കാനും എഴുതാനും എനിക്കേറെയിഷ്ടമാണ്. അതുകൊണ്ട് തീർച്ചയായും പുസ്തകമെഴുതും. ആദ്യം പുറത്തിറങ്ങുന്നത് ഒരു അക്കാദമിക് റിലേറ്റഡ് പുസ്തകമാകും. അതിന്റെ പണിപ്പുരയിലാണ്. പിന്നെയെഴുതാൻ സാധ്യത ഫിക്‌ഷനോ മോട്ടിവേഷൻ റിലേറ്റഡായ പുസ്തകങ്ങളോ ആയിരിക്കും. ടെക്നിക്കൽ റൈറ്റിങ്, ലൈറ്റ് ഫിക്‌ഷൻ എന്നിവയെല്ലാം എഴുതണമെന്ന ആഗ്രഹമുണ്ട്.

 

English Summary: Dr. Suja Karthika Talks About Her Favourite Books And Writers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com