'സിനിമയാക്കാൻ താൽപര്യം പ്രകടിപ്പിച്ചു പലരും വന്നതാണ്', ഓപ്പൻഹൈമറിനെക്കുറിച്ച് പുസ്തകത്തിന്റെ രചയിതാവ് കൈ ബേഡ്
Mail This Article
ഓപ്പൻഹൈമർ സിനിമ സൂപ്പർ ഹിറ്റാകുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളാണു കൈ ബേഡ് (kai bird) എന്ന അമേരിക്കൻ എഴുത്തുകാരൻ. അദ്ദേഹവും മാർട്ടിൻ ജെ. ഷെർവിനും ചേർന്നെഴുതിയ ‘അമേരിക്കൻ പ്രോമിത്യൂസ്: ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൻഹൈമർ’ എന്ന പുസ്തകം ആസ്പദമാക്കിയാണു ക്രിസ്റ്റഫർ നോളൻ ഓപ്പൻഹൈമർ എന്ന സിനിമ സംവിധാനം ചെയ്തത്. റോബർട്ട് ഓപ്പൻഹൈമർ എന്ന ‘ഓപ്പി’യുടെ അസാധാരണ ജീവിതം പ്രമേയമാക്കിയ സിനിമ നേടിയത് 7 ഓസ്കർ അവാർഡുകൾ. തന്റെ പുസ്തകം കൂടുതൽപ്പേരിലെത്താൻ സിനിമ കാരണമായെന്നും അതിനാൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ വർത്തമാനം.
ജനുവരി അവസാനം നടന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) പങ്കെടുക്കാനെത്തിയപ്പോഴാണു കൈ ബേഡിനെ കണ്ടുമുട്ടുന്നത്. ഇന്ത്യയിൽ ഏറെക്കാലം താമസിച്ചിട്ടുള്ള കൊടൈക്കനാലിൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയിട്ടുള്ള കൈ ബേഡ് പറഞ്ഞത് ആ പുസ്തകത്തിലേക്കുള്ള വഴികളെക്കുറിച്ചും അതു സിനിമയാകാൻ വൈകിയതിനെക്കുറിച്ചുമെല്ലാമാണ്. ഓർക്കണം 2005ൽ പുറത്തുവന്ന പുസ്തകം നോളൻ സിനിമയാക്കാൻ തീരുമാനിക്കുന്നതു 2021ലാണ്. മാർട്ടിൻ ജെ. ഷെർവിന്റെ പ്രൊജക്ടിൽ കൈ ബേഡ് എത്തുന്നതു 2000ൽ. അതിനും 20 വർഷങ്ങൾക്കു മുൻപു മാർട്ടിൻ ഇതിന്റെ ജോലികൾ ആരംഭിച്ചിരുന്നു. ഫലത്തിൽ പുസ്തകം പൂർത്തിയാക്കാൻ എടുത്തതു 25 വർഷം. അതു സിനിമയാകാൻ വീണ്ടുമൊരു 18 വർഷം.
രാഷ്ട്രീയ നിരീക്ഷകൻ, ജീവചരിത്രകാരൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള കൈ ബേർഡിന്റെ സിഐഎ ഓഫിസർ റോബർട്ട് എയിംസിനെക്കുറിച്ചുള്ള ‘ദ് ഗുഡ് സ്പൈ’, യുഎസ് പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുടെ ജീവചരിത്രം ‘ദി ഔട്ട്‌ലൈനർ’ എന്നിവയെല്ലാം ഏറെ ശ്രദ്ധ നേടിയവ. ജയ്പൂർ സാഹിത്യോത്സവത്തിൽ മുൻപും കൈ ബേഡ് എത്തിയിട്ടുണ്ട്. ഇക്കുറി ഓപ്പൻഹൈമർ എന്ന സിനിമയുടെ ആഘോഷത്തിലേക്കായിരുന്നു ആ ജീവിതത്തിന് അക്ഷരം പകർന്നയാളുടെ വരവ്. സിനിമയെക്കുറിച്ചും, പുസ്തകത്തെക്കുറിച്ചും സിനിമകൾ പുസ്തകമാക്കുന്നതിനെക്കുറിച്ചുമെല്ലാം ജെഎൽഎഫിന്റെ ഇടവേളയിൽ അദ്ദേഹം സംസാരിച്ചു.
∙ മാർട്ടിയുടെ പുസ്തകം എന്റെയും
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററി വിഭാഗം പ്രഫസറായിരുന്ന കാലത്താണു മാർട്ടിൻ ജെ. ഷെർവിൻ ഓപ്പൻഹൈമർ പുസ്തകത്തിന്റെ രചനകൾ ആരംഭിക്കുന്നത്. ആർക്കൈവൽ രേഖകളും ഓപ്പൻഹൈമറുടെ സഹപ്രവർത്തകരും വിദ്യാർഥികളുമെല്ലാമായി നടത്തിയ അഭിമുഖങ്ങളും ഉൾപ്പെടെ അൻപതിനായിരത്തോളം പേജുകൾ ഇതിനോടകം മാർട്ടി ശേഖരിച്ചിരുന്നു. പക്ഷേ, എഴുതിത്തുടങ്ങിയിരുന്നില്ല. ‘ജീവചരിത്രകാരൻമാരുടെ അസുഖം’ അദ്ദേഹത്തെ ബാധിച്ചിരുന്നു. നിരവധി രേഖകൾക്കിടയിൽ നിന്ന് എന്ത് എഴുതാൻ, എവിടെ എഴുതിത്തുടങ്ങാൻ.
രണ്ടായിരത്തിലാണ് അദ്ദേഹം എന്നെ വന്നു കാണുന്നത്. ആദ്യം എനിക്കു സമ്മതമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ഗവേഷണമാണ്. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് സംശയിച്ചു. പക്ഷേ, മാർട്ടിൻ പിന്നാലെ കൂടി. ഞാൻ ഒപ്പം നിന്നില്ലെങ്കിൽ പുസ്തകമെഴുതില്ലെന്നും ശവകുടീരത്തിൽ ‘അദ്ദേഹം അതിനെയും ഒപ്പം കൊണ്ടുപോയി’ എന്നു രേഖപ്പെടുത്തുമെന്നും പറഞ്ഞു. പിന്നെ എന്റേതായ നിലയിൽ ഗവേഷണങ്ങൾ ആരംഭിച്ചു. സ്വകാര്യ കത്തുകളും ഡയറികളുമെല്ലാം വായിച്ചു. തുടർന്നാണു ആ പ്രൊജക്ടിൽ ഭാഗമാകാൻ തീരുമാനിച്ചത്. 5 വർഷത്തിനു ശേഷം 2005ലാണു പുസ്തകം പുറത്തുവരുന്നത്.
ആദ്യം ‘ഓപ്പി’ എന്നു പേരു നൽകാനായിരുന്നു തീരുമാനം. എന്റെ ഭാര്യ ആദ്യം അമേരിക്കൻ പ്രോമിത്യൂസ് എന്ന പേരു ശുപാർശ ചെയ്തെങ്കിലും ഞാൻ അത്ര താൽപര്യം പ്രകടിപ്പിച്ചില്ല. തൊട്ടടുത്ത ദിവസം രാത്രി മാർട്ടിൻ ഫോൺ ചെയ്ത് ഇതേ പേര് പറഞ്ഞപ്പോൾ ഞെട്ടിയെന്നതാണു വാസ്തവം. ഒടുവിൽ ആ പേര് പുസ്തകത്തിനു നൽകുകയായിരുന്നു.
∙ സിനിമയാക്കാൻ
പലരും സിനിമയാക്കാൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നതാണ്. എന്നാൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇടയ്ക്ക് ഒരു പ്രൊജക്ട് സജീവമാകുമെന്ന നില വന്നുവെങ്കിലും തിരക്കഥ മുന്നോട്ടു കൊണ്ടുപോകാനാകാതെ അതും പാതിയിൽ ഉപേക്ഷിക്കപ്പെട്ടു. 2021ലാണു ക്രിസ്റ്റഫർ നോളൻ പുസ്തകം വായിക്കുന്നത്. അതേറെ ഇഷ്ടപ്പെട്ട നോളൻ അതു തിരക്കഥയാക്കാൻ തീരുമാനിച്ചു. 4–5 മാസത്തിനുള്ളിൽ അതു പൂർത്തിയാക്കിയ ശേഷമാണു 2021 സെപ്റ്റംബറിൽ ഞങ്ങളെ അദ്ദേഹം ബന്ധപ്പെടുന്നത്. തിരക്കഥയാകുമോ എന്നുറപ്പില്ലാത്തതിനാലാണു അക്കാര്യം പറയാതിരുന്നത്. ആദ്യ കൂടിക്കാഴ്ച വളരെ സൗഹാർദപരമായിരുന്നു. തിരക്കഥയെക്കുറിച്ചു ഞങ്ങൾ തിരക്കിയെങ്കിലും അതിൽ ജോലികൾ പുരോഗമിക്കുകയാണെന്നായിരുന്നു മറുപടി. ഇതിനിടെ മാർട്ടിൻ മരണമടഞ്ഞു.
2022 ഫെബ്രുവരിയിൽ വീണ്ടും കണ്ടുമുട്ടി. അന്ന് അദ്ദേഹം തിരക്കഥ വായിക്കാൻ തന്നു. വായനയ്ക്കു ശേഷം ചില നിർദേശങ്ങൾ ഞങ്ങൾ നൽകി. അദ്ദേഹം അതെല്ലാം സ്വീകരിച്ചു. സത്യത്തിൽ ഇത് നോളന്റെ തിരക്കഥയാണ്. ഞങ്ങൾക്ക് അതിൽ കാര്യമൊന്നുമില്ല. പക്ഷേ, ആ സിനിമയും തിരക്കഥയുമെല്ലാം കേന്ദ്രമാക്കിയിരിക്കുന്നതു ഞങ്ങളുടെ പുസ്തകമാണ്.
∙ സിനിമയും പുസ്തകവും
ചിത്രത്തിലെ ചില സംഭാഷണ ഭാഗങ്ങളെല്ലാം പുസ്തകത്തിൽ നിന്നു നേരിട്ടു സ്വീകരിച്ചിട്ടുണ്ട്. ആ പുസ്തകം ഇത്തരത്തിലൊരു സിനിമയായി മാറിയതിൽ ഏറെ സന്തോഷമുണ്ട്. മനോഹരമായ സിനിമ. ചരിത്രത്തോട് ഏറെ നീതി പുലർത്തുന്നുവെന്നതും സന്തോഷിപ്പിക്കുന്നു. കേംബ്രിഡ് യൂണിവേഴ്സിറ്റിയിൽ ഓപ്പൻഹൈമറുടെ അധ്യാപകനായിരുന്ന പാട്രിക് ബ്ലാക്കെറ്റിന്റെ ആപ്പിളിൽ വിഷം പുരട്ടുന്ന രംഗം സിനിമയിലുണ്ട്. ലാബ് ജോലികളിൽ മികവു കാട്ടാതിരുന്ന ഓപ്പൻഹൈമറെ നെയ്ൽസ് ബോറിന്റെ പ്രഭാഷണം കേൾക്കാൻ അനുവദിക്കാത്തതിനെ തുടർന്നായിരുന്നുവത്. പുസ്തകത്തിൽ അത്ര കൃത്യമായിട്ടല്ല പറയുന്നത്. എന്തോ സംഭവിച്ചുവെന്നു അറിയാമായിരുന്നു. അത് എന്താണെന്നു കണ്ടെത്താൻ പല രേഖകളും പരിശോധിച്ചു. പക്ഷേ, അതൊരു സമസ്യയായി നിലനിന്നു. എന്താണെന്ന് കൃത്യമായി പറയാൻ ഞങ്ങൾക്കു സാധിച്ചില്ല. ഒരു ജീവചരിത്രകാരനു അഴിക്കാൻ സാധിക്കാത്ത കുരുക്കായി അത് അവശേഷിക്കുകയാണ്. സിനിമയിൽ അത് ആപ്പിളിൽ വിഷം പുരട്ടിയ സംഭവമായി. അതു ഞങ്ങൾ എതിർത്തുമില്ല. ഓപ്പൻഹൈമറുടെ വ്യക്തിത്വത്തിന്റെ സങ്കീർണത വെളിപ്പെടുത്തുന്നുണ്ട് ആ സംഭവം. അദ്ദേഹത്തിന്റെ ദൗർബല്യങ്ങൾ, ബലഹീനതകൾ എല്ലാം ആ രംഗത്തിലൂടെ കാണാം. സിനിമ കാണാൻ മാർട്ടിനുണ്ടായില്ല എന്നൊരു വേദനയുണ്ട്. കാൻസർ രോഗബാധിതനായി 2021 ഒക്ടോബറിലാണ് അദ്ദേഹം മരിച്ചത്.
∙ ശാസ്ത്രത്തിലെ കവിത
ശാസ്ത്രത്തെക്കുറിച്ച് അധികമൊന്നും അറിയാത്ത ഒരാളാണ് ഞാൻ. കോളജ് കാലത്ത് എടുത്ത കവികൾക്കുള്ള ഫിസിക്സ് എന്ന കോഴ്സ് മാത്രമാണു സയൻസുമായുള്ള ബന്ധം. എന്നാൽ പുസ്തകത്തിനു വേണ്ടി ക്വാണ്ടം ഫിസിക്സിനെക്കുറിച്ചു കൂടുതലായി പഠിച്ചു. പുസ്തകത്തിനു വേണ്ടി അങ്ങനെ പല വഴികളും താണ്ടിയിട്ടുണ്ട്. പക്ഷേ, സിനിമയിൽ പൂർണമായി ഇതൊന്നും ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. ഉദാഹരണത്തിനു ഓപ്പൻഹൈമറുടെ കുട്ടിക്കാലം, അതല്ലെങ്കിൽ 1954നു ശേഷം എന്തു സംഭവിച്ചു... ഇക്കാര്യങ്ങളൊന്നുമില്ല. 3 മണിക്കൂർ സിനിമയാണ്. അതിൽ പറയാൻ സാധിക്കുന്നതിനു പരിമിതിയുണ്ട്. അക്കാര്യം മനസിലാക്കുന്നു. അതേസമയം ഓപ്പൻഹൈമറുടെ ശാസ്ത്ര മികവ്, അദ്ദേഹത്തിന്റെ രാഷ്ട്രീയം, ഭാര്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, ആറ്റംബോംബിനു ശേഷമുണ്ടായ അന്വേഷണത്തെയും വിചാരണയെയുമൊന്നും അദ്ദേഹം എതിർത്തില്ല. അദ്ദേഹത്തിന് ഇതിന്റെ ഭാഗമാകേണ്ട കാര്യവുമുണ്ടായില്ല. എന്നാൽ ഇതൊന്നും പ്രതിരോധിക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ കിറ്റി മറിച്ചായിരുന്നു. തന്റെ ഭർത്താവിനു വേണ്ടി അവർ ഏറെ വാദിച്ചു, പ്രോസിക്യൂട്ടറുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു.
∙ പുതിയ പുസ്തകം
റോയ് കോൺ എന്നയാളെക്കുറിച്ചുള്ള ജീവചരിത്രത്തിന്റെ പണിപ്പുരയിലാണ്. അദ്ദേഹം അത്ര പ്രശസ്തനല്ല. പക്ഷേ യുഎസ് സെനറ്ററായിരുന്ന ജോസഫ് മക്കാർത്തിയുടെ ചീഫ് കൗൺസിൽ ലോയറായിരുന്നു 1950കളിൽ. പിന്നീട് ന്യൂയോർക്ക് നഗരത്തിലെ 5 മാഫിയാ കുടുംബങ്ങളുടെ അഭിഭാഷകനായി. പിന്നീടു ഡോണൾഡ് ട്രംപിന്റെയും. എങ്ങനെ കള്ളം പറയണമെന്നും എങ്ങനെ നികുതി അടയ്ക്കാതിരിക്കണമെന്നുമെല്ലാം ട്രംപിനെ പഠിപ്പിച്ചത് റോയ് ആണ്. ആ ജീവിതമാണ് ഇപ്പോൾ എഴുതുന്നത്.