ADVERTISEMENT

ലോക പുസ്തക ദിനം സാഹിത്യത്തിന്റെ ആഘോഷമാണ്. ഈ ആഘോഷത്തിന്റെ ഭാഗമാണ് നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളും. വായനയോടുള്ള സ്നേഹം നിലനിർത്തി, ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത പുസ്തകങ്ങൾ സെലിബ്രിറ്റികൾക്കുമുണ്ട്. ഈ വർഷത്തെ ലോക പുസ്തക ദിനത്തില്‍ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ വ്യത്യസ്ത മേഖലയിലുള്ളവർ. 


ഉണ്ണി ആർ. 

(തിരക്കഥാകൃത്ത്)

ധർമ്മപദം - ബുദ്ധന്‍

unni-r-insta
ഉണ്ണി ആർ, Image Credit: UnniR/Instagram

ഒരുപാടിഷ്ടങ്ങൾക്കിടയിൽ നിന്നും ഒന്നിനെ മാത്രം തിരിച്ചിച്ചെടുക്കുക ബുദ്ധിമുട്ടാണ്. ചില 'നേരങ്ങൾ' വായിക്കുവാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ ഉണ്ട്. ചില 'നേരങ്ങൾ' കൈയ്യിൽ എടുത്തു വെച്ച പുസ്തകങ്ങളോട് മുഖം തിരിക്കുകയും ചെയ്യും. നേരമെന്നത് ഒരു മാനസികാവസ്ഥയാണ്. വെളിച്ചവും നിഴലും ഇരുട്ടുമെല്ലാം മാറി മാറി സഞ്ചരിക്കുന്ന ഒരു ഭൂപ്രദേശം. അവിടെ ഒന്നിലേക്ക് മാത്രമായി ഒരിഷ്ടവും ഏറെ നേരം നോക്കി നിൽക്കുകയില്ല. വായനയിലെ ഊടും പാവും നെയ്യൽ അവ്വിധമാണ്. ഭാരതവും കാമസൂത്രവും ആശാനും ഇടശ്ശേരിയും പട്ടത്തുവിളയുമെല്ലാം ഇഴയടുപ്പങ്ങളായി മാറുന്ന വിചിത്രമായൊരു നെയ്ത്ത്. ഈ നെയ്ത്ത് ശാലയിൽ നിന്നും ഒരിഴ കണ്ണടച്ച് പൊട്ടിക്കുകയാണ്. അത് ധർമ്മപദമാണ്. ധമ്മപദ എന്നും എഴുതാറുണ്ട്. മലയാളത്തിൽ ധർമ്മപദമാണ്. ഓഷോ പന്ത്രണ്ട് വാല്യങ്ങളിലായി ധർമ്മപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. സഹോദരനയ്യപ്പൻ ധർമ്മപദം മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. ലഭ്യമായ നല്ല പരിഭാഷകളിലൊന്ന് മാധവൻ അയ്യപ്പത്തിന്റെ വിവർത്തനമാണ്. പാലിയിൽ നിന്നും നേരിട്ടുള്ള ഭാഷാന്തരമാണ്. പദ്യത്തിലാണ് അദ്ദേഹമത് നിർവ്വഹിച്ചത്. പുസ്തകം മുന്നിൽ ഇല്ല. ഓർമയിലെ നാലു വരികൾ: 

ദൂരെ മഞ്ഞു മാമലപോൽ 

വിളങ്ങീടുന്നു നല്ലവർ 

രാവിലെയ്ത ശരംപോലി- 

ങ്ങദൃശ്യന്മാരസത്തുക്കൾ. 

ഉള്ളിലേക്ക് ചെല്ലും തോറും മനോശുദ്ധിയ്ക്കുള്ള മാർഗ്ഗമായി മാറുന്ന അത്ഭുതമാണ് ബുദ്ധന്റെ ധർമ്മപദം. ആവാഹനത്തിന്റെ വേഗമല്ല കാലത്തിന്റെ (നേരം) പ്രകൃതിയാണ് ആ ശുദ്ധീകരണ പ്രവൃത്തിക്ക് നിലമൊരുക്കുക. എത്രവട്ടം വായിച്ചിട്ടും ആ ചിന്തയുടെ ഉൾപ്പിരിവുകളിലേക്കെത്തുവാൻ കഴിഞ്ഞിട്ടില്ല. നിരാസത്തിന്റെ ആ പ്രകോപനമാണ് വീണ്ടും വീണ്ടും ധർമ്മപദത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. പരാജയം നിശ്ചയമെന്ന് ഉറപ്പുണ്ടായിട്ടും. ബുദ്ധനിൽ വിജയപരാജയങ്ങൾ ഇല്ല. തിരികെ എത്തുന്നവൻ ആ ദർശനത്തെ അറിയുവാൻ നടത്തുന്ന ശ്രമകരമായ ഊർജ്ജ നഷ്‌ടത്തെ പരാജയമെന്ന് വിളിച്ചേക്കും. ആ തോൽവിയറിഞ്ഞതിൽ നിന്നുമാണ് ഒരിക്കൽ വിജയിച്ചേക്കാമെന്ന വൃഥാ ധാരണയും ആ പ്രതീക്ഷയുടെ വാക്കായി വിജയമെന്ന് എഴുതുവാൻ നിർബന്ധിക്കുന്നതും.

buddha-book

ഈ ധാരണകൾ ഒഴിയുന്ന നേരത്താവാം ഉള്ളിലേക്ക് പ്രവേശിക്കൂ എന്ന് ധർമ്മപദം ക്ഷണിക്കുക. ചിലപ്പോൾ പാഞ്ഞുവരുന്ന കൊറ്റിയുടെ ശ്വേത നിറം ഒരു നിമിഷം കൊണ്ട് എല്ലാം മാറ്റി മറിക്കുകയും ചെയ്തേക്കാം. നിശ്ചയമില്ല.

അനൂപ് സത്യൻ

(സംവിധായകൻ)

ചിദംബരസ്മരണകൾ - ബാലചന്ദ്രൻ ചുള്ളിക്കാട്

sathyan-insta
അനൂപ് സത്യൻ Image Credit: AnoopSathyan/Instagram

എനിക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണകൾ വളരെ ഇഷ്ടമാണ്. 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് എപ്പോഴും നമുക്കായി കാത്തു വയ്ക്കും' എന്ന വരികളാണ് എന്നെ ആ പുസ്തകത്തിൽ കൊരുത്തിട്ടത്. ഒരു കവിയെഴുതിയതിന്റെ അധികഭാരം ആ പുസ്തകത്തിന് ഇല്ല. ലളിതമാണ് ഭാഷ. ആ ബാലൻസ് എനിക്ക് ഇഷ്ടമാണ്.

chidambarasmaranakal

വലിയ സാഹിത്യഭാഷയെക്കാൾ യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന എഴുത്താണ്. എന്റെ ഡിപ്ലോമ സിനിമ തുടങ്ങുന്നതിനു മുൻപ് എഴുതി കാണിക്കുന്നത് ചിദംബരസ്മരണകളിലെ വരികളാണ്. ആ വരികളിൽ പറയുന്നത് സത്യമാണ്, ഏറ്റവും വലിയ അത്ഭുതം ജീവിതമാണ്.
 

ശ്യാം മോഹൻ

(അഭിനേതാവ്)

നാലഞ്ചു ചെറുപ്പക്കാർ - ഇന്ദുഗോപൻ

mohan-insta
ശ്യാം മോഹൻ Image Credit: Shyammeyyy/Instagram

ഒരു സിനിമ കാണുന്ന ഫീലാണ് ഈ പുസ്തകം വായിക്കുമ്പോൾ! അത്രയും കൃത്യമായി എഴുതി വയ്ക്കപ്പെട്ട കഥാപാത്രങ്ങളാണ് ഇതിലുള്ളത്. കഥ തുടങ്ങുന്ന രീതിയും അതിന്റെ വളർച്ചയും വായനക്കാരെ ആ കഥാപരിസരത്തേക്ക് വലിച്ചിടും. നമ്മൾ അവിടെയുണ്ടെന്നു തോന്നിപ്പോകും. കൊല്ലത്തെ കടൽതീരവും ആ പ്രദേശവും അവിടെ നടക്കുന്ന സംഭവങ്ങളും നമ്മുടെ കൺമുന്നിൽ തെളിയും.

indugopan-book

വലിയ താൽപര്യം ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്ത്. ഈ കഥ സിനിമയാകാൻ പോവുകയാണ്. ബേസിൽ ജോസഫ് ആയിരിക്കും നായകൻ എന്നാണ് കേട്ടത്. ആ കഥ വായിച്ചപ്പോൾ എന്റെ മനസിലും ബേസിലിന്റെ മുഖമായിരുന്നു.  

അഭയ ഹിരൺമയി

(ഗായിക)

ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി

abhaya-insta
അഭയ ഹിരൺമയി Image Credit: AbhayaHiranmayi/Instagram

അഗ്നിസാക്ഷി, ഐതിഹ്യമാല, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ‌. ഈ മൂന്നു പുസ്തകങ്ങളിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഐതിഹ്യമാലയാണ്. കാരണം അത് വായിക്കാൻ തുടങ്ങിയത് നാലാം ക്ലാസിൽ വെച്ചാണ്. എന്റെ ഓർമയിൽ അച്ഛൻ ദൂരദർശന്റെ ലൈബ്രറിയിൽ നിന്ന് എനിക്ക് എടുത്തുകൊണ്ടുവന്ന കട്ടിയുള്ള ഒരു പുസ്തകം. ആദ്യമായിട്ടാണ് കട്ടിയുള്ള ഒരു പുസ്തകം ഞാൻ വായിക്കുന്നത്. കട്ടിയുള്ള പുസ്തകം ഒക്കെ വായിക്കുന്നമ്പോൾ ആ സമയത്ത് നാലാം ക്ലാസുകാരിക്ക് ഭയങ്കര ജാഡയൊക്കെ കാണിക്കാമല്ലോ. അതിന്റെ ഒരു ആവേശത്തിലാണ് ഞാൻ അത് വായിക്കാൻ തുടങ്ങിയത്.

ഞാൻ ആദ്യം വിചാരിക്കുന്നത് ആ പുസ്തകമൊന്നും എനിക്ക് വായിക്കാന്‍ പറ്റില്ല എന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല ആദ്യത്തെ പേജ് വായിക്കാൻ തുടങ്ങിയപ്പോള്‍ മുതല്‍ അതിൽ സ്വപ്നം കാണാനും അതൊരു സങ്കൽപ്പത്തിലേക്ക് കൊണ്ടുപോകാനും സാധിച്ചു. ഒരു ഫാന്റസി വേൾഡ് ആണല്ലോ ഐതിഹ്യമാല. കത്തനാര് ഇങ്ങനെ വന്നു നിന്നു, ദേവി ഇപ്പുറത്ത് പ്രത്യക്ഷപ്പെട്ടു, മാജിക് സംഭവിക്കുന്നു.

aitheehamala

ചിന്തിക്കാന്‍, സങ്കൽപ്പിക്കുവാന്‍ തുടങ്ങി കുറേ കാര്യങ്ങൾക്ക് ആ പുസ്തകം എന്നെ സഹായിച്ചിച്ചുണ്ട്. ആ പുസ്തകം ഇപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. എപ്പോൾ വേണമെങ്കിലും, ഏത് കാലത്ത് വേണമെങ്കിലും വായിക്കാൻ പറ്റുന്ന സമാധാനമുള്ള ഒരു പുസ്തകം എന്നുള്ള രീതിക്ക് ഐതിഹ്യമാല എനിക്ക് ഭയങ്കര ഇഷ്ടമാണ്.

English Summary:

World Book Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com