ADVERTISEMENT

വൃദ്ധ സദനത്തിന്റെ പടിയിറങ്ങി കാറിൽ കയറിയിരുന്നപ്പോൾ ഞാൻ കണ്ടു അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ. കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ വണ്ടി മുൻപോട്ടു എടുത്തു. കുറെ ദൂരം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഡാ വല്ലതും കഴിക്കേണ്ടേ. ഉച്ചയ്ക്കുമൊന്നും കഴിച്ചില്ല. വേണ്ട നീ കഴിച്ചോ. നിനക്കു വേണ്ടെങ്കിൽ എനിക്കും വേണ്ട ഞാൻ പറഞ്ഞു. ചില ഓർമ്മകൾ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിനക്ക് അറിയുമോ? ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾ. ബിസിനസിൽ ഉണ്ടായ നഷ്ടം അച്ഛനെ ഞങ്ങൾക്കു നഷ്ടമായി. ഞാനും അമ്മയും അനാഥരായി. ശേഷിച്ച സ്വത്തുക്കൾ വിറ്റു 'അമ്മ ഓരോ കടങ്ങൾ വീട്ടി. അപ്പോൾ ഞങ്ങളുടെ ബന്ധുക്കളെല്ലാം അകലം പാലിച്ചുതുടങ്ങി. ബാക്കി വന്ന കടവും വീടുവിറ്റു കൊടുത്തു തീർത്തു. കോഴ്സ് തീരാൻ രണ്ടു വർഷമുള്ള എനിക്കു അവശ്യമുള്ള പണം കൈയ്യിൽ വച്ച് തന്നു പറഞ്ഞു. നീ പഠിച്ചു നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണമെന്ന്. അതിനുശേഷം അമ്മ പറഞ്ഞു നീ എന്നെ വൃദ്ധസദനത്തിലാക്കിയിട്ട് ഹോസ്റ്റലിൽ പോയി നിന്ന് പഠിച്ചോളു. ഒരു ബന്ധുക്കളുടെയും അടുത്ത് പോയി നില്‍ക്കാൻ എനിക്കു പറ്റില്ലയെന്നത് അമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. അങ്ങനെ നീണ്ട രണ്ടു വർഷം ഞാനും അമ്മയും അകന്നു കഴിഞ്ഞു. കോഴ്സ് കഴിഞ്ഞു ഒരു ജോലി നേടി അമ്മയെ എന്റെ കൂടെ വാടകവീട്ടിലേക്കു കൊണ്ടു വരുന്ന ദിവസംവരെ ഞാൻ ശരിയായി ഒന്നുറങ്ങിയിട്ടില്ല. പിന്നീടുള്ള ഞങ്ങളുടെ ഒന്നിച്ചുള്ള ഓരോ ദിവസവും അമ്മ പറയും എന്റെ കാലശേഷവും ഈ വൃദ്ധ സദനത്തിൽ എത്തി ഇവിടെ ഉള്ളവരെ കാണണം കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന്. അത് ഈ മൂന്നാംവർഷവും ചെയ്യുന്നു. 

നിനക്ക് അറിയുമോ എവിടെ പോയാലും അമ്മ എന്നെ കൂട്ടും. കാരണം അമ്മ പറയും ഒരാൺ തുണ എനിക്കു വേണമെന്ന്. അത് നുണയാണ് എന്നെ വിട്ടു മാറി നിക്കുന്നത് അമ്മക്ക് വിഷമമാണ്. ഒലിച്ചിറങ്ങുന്ന കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി. സാധാരണ അമ്മവീട്ടിലേക്കുള്ള യാത്ര ബോട്ടിൽ ആയിരിക്കും. ഒരുദിവസം പതിവുപോലെ ഞാനും അമ്മയും ബോട്ട് ജെട്ടിയെത്തിയപ്പോൾ അറിഞ്ഞു ഇന്നു ബോട്ട് ഇല്ല. കേടായിട്ടു ഇന്നു വന്നില്ല. നേരെ ആ വഴി പോകു. അത് കേട്ടതും അയ്യോ അതുവഴി പോയാൽ ഇന്നു വീടെത്തുബോൾ രാത്രിയാകുമെന്ന് അമ്മ. പക്ഷെ പോയേ പറ്റൂ. എങ്ങനെ പോകും അമ്മ ദീർഘനിശ്വാസത്തോടെ പറഞ്ഞു കൊണ്ട് എന്റെ കൈപിടിച്ചു നടന്നുതുടങ്ങി, അവിടെ ഒരു പുഴയുണ്ട്. കടത്തു സൗകര്യങ്ങൾ ഒന്നുമില്ല  അക്കരെ കടന്നാൽ ബോട്ട് ജെട്ടിയിൽ എത്താം. പക്ഷെ എങ്ങനെ അക്കരെയെത്തുമെന്നായിരുന്നു അമ്മയുടെ ചിന്ത. അതിലുപരി ഈ ആറുവയസുകാരന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയുക എന്ന വിഷമം വേറെയും. ചിലപ്പോൾ പറയും നീ വായുമടച്ചു കൂടെ വരൂ. നിന്റെ ഒരു സംശയം. അതുകേൾക്കേണ്ട താമസം ഞാൻ പിണങ്ങി തെങ്ങിൻ ചോട്ടിൽ ഇരിക്കും. പിന്നെ സന്ധി സംഭാഷണങ്ങൾക്കൊടുവിൽ വീണ്ടും നടത്തം. അങ്ങനെ കുറെ പിണക്കങ്ങളും ഇണക്കങ്ങൾക്കു ശേഷം ഞങ്ങൾ നടന്ന് പുഴക്കരികിൽ എത്തി. നടന്നു വന്ന ക്ഷീണത്താൽ ഞാൻ ചെറിയ മാവിൻചോട്ടിൽ ഇരുന്നു.

അമ്മ അക്കരെ നിന്ന ചേച്ചിയോട് ചോദിച്ചു. ഒന്ന് അക്കരെ ഇറക്കാമോ? അവർ കേട്ടിട്ടും കേൾക്കാത്ത പോലെ നിന്നു. അങ്ങനെ അക്കരെ ഉള്ള പല വീടുകളിലെ പല ചേട്ടൻമാരോടും, ചേച്ചിമാരോടും ചോദിച്ചു ആരും സഹായത്തിനെത്തിയില്ല. ഞാൻ ഈ സമയമെല്ലാം വിശക്കുന്നു എന്ന് പറഞ്ഞു മുറവിളി കൂട്ടി കൊണ്ടിരുന്നു. അപ്പോൾ അമ്മയുടെ മുഖത്തു ദേഷ്യവും, സങ്കടവും മാറി മാറി വരുന്നത് കണ്ടു. അങ്ങനെ കുറെ മണിക്കൂറുകൾക്ക് ശേഷം ഒരു വലിയ വള്ളം കിഴക്കു നിന്നും വരുന്നതു കണ്ടു. അമ്മയുടെ നീണ്ട അപേക്ഷ കണ്ടു അലിവ് തോന്നിയ ചേട്ടൻ മറുകര എത്തിച്ചു. അപ്പോഴും ചിലർ വിളിച്ചു പറയുന്നുണ്ടായിരുന്നു ഈ കടവിൽ ഒന്നും അടിപ്പിക്കരുത് അങ്ങോട്ട് മാറ്റിയടിപ്പിക്കുയെന്ന്. വള്ളമൂന്നി അടുത്ത കടവിലേക്ക് അടുപ്പിക്കുമ്പോൾ ചേട്ടൻ പറയുന്നുണ്ടായിരുന്നു ഇവറ്റകൾ മനുഷ്യർ തന്നെയോ എന്ന്. അക്കര കടത്തിയ ചേട്ടനോടു ആയിരം തവണ നന്ദി പറഞ്ഞു എന്റെ കൈപിടിച്ചു പറഞ്ഞു എന്റെ മോൻ പെട്ടെന്ന് നടക്കണം. നമ്മൾ താമസിച്ചു ആ ബോട്ട് കൂടി പോയാൽ നമ്മൾ രാത്രിയാകും വീട് എത്തുമ്പോൾ. അങ്ങനെ നടന്ന് ബോട്ട് ജെട്ടിയിൽ എത്തി. അവിടെ ഉള്ള തയ്യൽക്കാരൻ ചേട്ടൻ പറഞ്ഞു ബോട്ടരെണ്ണം പോയി ഇനി അടുത്തതുണ്ട് ഒരു മണിക്കൂർ കഴിഞ്ഞു. അമ്മ ആശ്വസത്തോടെ ഒന്ന് നെടുവീർപ്പിട്ടു പറഞ്ഞു ഭഗവാൻ കാത്തു. രാവിലെ മുതൽ ഉള്ള നടപ്പുകാരണം ഞാൻ നന്നേ ക്ഷീണിച്ചിരുന്നു. വാ എന്ന് പറഞ്ഞു ആറ്റിൻ കരയിൽ നിർത്തി മുഖം കഴുകി പറഞ്ഞു ആ ചായ കടയിൽ പോയി എന്തങ്കിലും കഴിക്കാം. 

പലകകൾ കൊണ്ട് ചുറ്റും മറച്ച ഒരു ഷെഡ്. അകത്തു കയറി ഞങ്ങൾ ബെഞ്ചിൽ ഇരുന്നു പ്രായമായ ഒരാൾ വന്നു പറഞ്ഞു കഴിക്കാൻ അപ്പം മാത്രമേയുള്ളൂ കറിയെല്ലാം തീർന്നു. എന്നാൽ അപ്പം പാലൊഴിച്ചു കൊടുക്കു എന്നമ്മ. ഞാൻ കഴിക്കുമ്പോൾ 'അമ്മയ്ക്ക് വേണ്ടേ? ചൂട് ചായ ഊതി കുടിച്ചു കൊണ്ട് പറഞ്ഞൂ മോൻ കഴിച്ചോ. ചായ കുടിച്ചു കഴിഞ്ഞു അടുത്തുള്ള ആൽത്തറയിൽ ഇരുന്നു എന്റെ ചോദ്യങ്ങൾക്കും അമ്മയുടെ ഉത്തരങ്ങൾക്കുമിടയിൽ ഞാൻ എപ്പോഴോ അമ്മയുടെ മടിയിൽ കിടന്നുറങ്ങി. മയക്കത്തിൽ എപ്പോഴോ എന്നെ വിളിച്ചുണർത്തി ഉറക്ക ചടവോടെ അമ്മയുടെ കൈയ്യിൽ പിടിച്ചു നടന്ന് ബോട്ടിൽ കയറി വീട് എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഇതു കേട്ട ഞാൻ പറഞ്ഞു നമുക്ക് ആ വഴി ഒന്നുപോയാലോ. അവൻ പറഞ്ഞു പോകാം. വയലിന്റെ ചേർന്നുള്ള ഗ്രാവൽ റോഡിലൂടെ കുറെ ദൂരം കഴിഞ്ഞു നോക്കുമ്പോൾ കണ്ടു ആ മാവ്. അവിടെ വണ്ടി നിർത്തി പുറത്തിറങ്ങി ഒപ്പമവനും.. വളർന്നു പന്തലിച്ചു നിൽക്കുന്ന ആ മാവിൻ ചോട്ടിൽ നിന്നു. അടുത്ത് കുറച്ചു പുതിയ വീടുകൾ. അക്കരകരയിൽ വള്ളങ്ങൾ മാറി എല്ലാവരുടെ മുറ്റത്തും വണ്ടികൾ. അതെ കാലം കുറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു, എന്നാൽ ഇപ്പോഴും മാറ്റമില്ലാതെ ഉൾകരുത്തായ ആ അമ്മയുടെ ഓർമ്മകൾ എന്റെ കണ്ണുകളിൽ നനവുപടർത്തി.. പിന്തിരിഞ്ഞു നോക്കിയപ്പോൾ അസ്തമയ സൂര്യന്റെ മങ്ങിയ പ്രകാശത്തിൽ ദുഃഖം കടിച്ചമർത്തി നിൽക്കുന്ന അവനെ ആശ്വസിപ്പിക്കാനാവാതെ ഞാൻ നിർത്തിയിട്ട കാറിനടുത്തേക്ക് നടന്നു.

English Summary:

Malayalam Short Story ' Yathra ' Written by Ratheesh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com