ADVERTISEMENT

പട്ടണത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് ജോലിയുടെ സമ്മർദ്ദങ്ങളില്ലാതെ ഒരാഴ്ച കഴിച്ചുകൂട്ടണം എന്ന ചിന്തയോടെയാണിങ്ങോട്ടു തിരിച്ചത്. സന്ധ്യയുടെ ചായക്കൂട്ടിൽ അണിഞ്ഞൊരുങ്ങി സുന്ദരമായ താഴ്‌വരയിലൂടെ വണ്ടിയോടിക്കുമ്പോൾ അയാൾക്ക് വല്ലാത്തൊരു ഉത്സാഹം തോന്നി. ഏസി ഓഫ് ചെയ്ത് കാറിന്റെ ചില്ലുകൾ കുറച്ചു താഴ്ത്തി. തണുത്ത കാറ്റിൽ പാലപ്പൂവിന്റെ സുഗന്ധം ഒഴുകിയെത്തി. കാർ റോഡിന്റെ വശത്തേക്കൊതുക്കി ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി. പുറത്ത് സാമാന്യം നല്ല തണുപ്പുണ്ട്. ബാക്ക് ഡോർ തുറന്ന് സീറ്റിലിട്ടിരുന്ന ഷാളെടുത്തു. മെല്ലെ പുതച്ച് കുറച്ചു മുൻപിലേയ്ക്ക് നടന്നു. ആട്ടിൻപറ്റത്തെ മേച്ചു കൊണ്ട് കടന്നു പോകുന്ന ബാലന്മാരും സ്ത്രീകളുമെല്ലാം തിടുക്കത്തിൽ അയാളെ കടന്നു പോയി. ഒരു പക്ഷേ രാത്രിയാകുന്നതോടെ നല്ല തണുപ്പാവാം അവിടെ. അതിനു മുൻപ് വീടെത്താനുള്ള ഓട്ടമാവാം. 

വിജനമായ വഴിയിലൂടെ കുറച്ചു സമയം മുന്നോട്ടു നടന്നു. എവിടെ നിന്നോ മനോഹരമായൊരു ഗാനത്തിന്റെ  ഈണം ഒഴുകിയെത്തി. ഈ വിജനമായ സ്ഥലത്ത് ആരു പാടാനാണ്‌? ചുറ്റും നോക്കി. ആരേം കാണാനില്ല. മഞ്ഞിന്റെ പുതപ്പണിഞ്ഞ അവിടെ ഇരുട്ടു പരന്നു തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് താമസ സ്ഥലത്ത് എത്തണം. കോട വന്നാൽ ബുദ്ധിമുട്ടാവും. തിടുക്കത്തിലയാൾ കാറു പാർക്കു ചെയ്തിടത്തേക്ക് തിരിച്ചു നടന്നു. വഴിതെറ്റരുതെന്ന് കരുതി നേരേയുള്ള വഴിയിലൂടെ മാത്രമാണ് നടന്നത്. കുറേ നേരമായ് തിരിച്ചു നടക്കാൻ തുടങ്ങീട്ട്. എന്നിട്ടും തന്റെ കാറുകാണുന്നില്ലല്ലോ. ഇത്ര ദൂരത്തേക്കൊന്നും താൻ പോയിട്ടില്ല! അകാരണമായൊരു ഭീതി അയാളെ വരിഞ്ഞുമുറുക്കി. എന്നിട്ടും അയാൾ മുന്നോട്ടു തന്നെ നടന്നു. കുറച്ചു മുൻപ് കേട്ട ഈണം  വീണ്ടും. അതുവരെയുണ്ടായിരുന്ന ആകുലതകൾ അയാളെ വിട്ടകന്നു. നടന്നു നടന്ന് മനോഹരമായി അലങ്കരിച്ച ഒരു വീടിനു മുന്നിലാണ് അയാൾ ചെന്നു നിന്നത്. സംഗീത സാന്ദ്രമായ ഒരു ഗന്ധർവ്വ ലോകത്താണ് താൻ എത്തിച്ചേർന്നിരിക്കുന്നതെന്നയാൾക്കു തോന്നി. സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം അവിടെങ്ങും വ്യാപിച്ചിരുന്നു. 

വീടിന്റെ പുറത്താരേയും കണ്ടില്ല. ഉൾപ്രേരണയാലെന്ന പോലെ അയാൾ നേരെ അകത്തേക്കു കയറി. മോടിയായി അണിഞ്ഞൊരുങ്ങിയ സ്ത്രീ പുരുഷന്മാർ.. എല്ലാരും വളരെ സന്തോഷത്തിലാണ്. ഒരു പെൺകുട്ടി ഒരു തളികയിൽ ഗ്ലാസുകളുമായി കടന്നു വരുന്നു. ജ്യൂസാവാം. നല്ല വിശപ്പും ക്ഷീണവുമുണ്ട്. ഒരു ഗ്ലാസ് ജ്യൂസെടുത്തു കുടിച്ചു. പേരയ്ക്കയാണ്. നല്ല സ്വാദ്. അയാൾക്ക് സുപരിചിതമായ ഒരാളേയും അവിടെ കണ്ടില്ല.. എന്നാൽ അപരിചിതനായ തന്നോടാരും പരിചയക്കുറവ് കാണിക്കാത്തത് അയാളെ അത്ഭുതപ്പെടുത്തി. ഒരു പക്ഷേ കൂടുതലും വിരുന്നുകാരാവും. എന്തായാലും ഉല്ലാസപ്രദമായ അന്തരീക്ഷം. അവരുടെ ഇടയിലൂടെ അയാളും നടന്നു. ഇടയ്ക്ക് ദാഹിച്ചപ്പോൾ വീണ്ടും ജ്യൂസുകുടിച്ചു. ഇത്തവണ മാമ്പഴ ജ്യൂസാണു കിട്ടിയത്. നല്ല അൽഫോൺസാമാമ്പഴത്തിന്റെ രുചിയുള്ള ജ്യൂസ്.. അത്താഴത്തിനായി എല്ലാവരേയും ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പുണ്ടായി. രസമുകുളങ്ങളെ പുളകം കൊള്ളിക്കുന്ന രുചിഭേദങ്ങളിൽ അയാൾ അഭിരമിച്ചു.

രാത്രിയുടെ ഏതോ യാമത്തിൽ പാട്ടും ആഘോഷവും നിലച്ചപ്പോൾ അയാളും ഉറങ്ങാൻ കിടന്നു.. ദേഹത്ത് എന്തോ സ്പർശിക്കുന്നതു പോലെ തോന്നിയിട്ടാണ് അയാൾ കണ്ണു തുറന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ചേർന്നൊരുകൂട്ടമാളുകൾ ചുറ്റും കൂടി നിൽക്കുന്നു. താൻ സ്വപ്നം കാണുന്നതാണോ? അയാൾ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. ശരീരത്തിന് വല്ലാത്തൊരു ഭാരം.. വളരെ പണിപ്പെട്ട് അയാൾ എഴുന്നേറ്റിരുന്നു. അയ്യോ! പ്രേതം. കൂട്ടത്തിലൊരു കുട്ടി ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു. എല്ലാരും അയാളെ കുറച്ച് സംശയത്തോടെ തന്നെയാണ് നോക്കി നിൽക്കുന്നത്. താനെവിടെയാണ്? വീടിനു പുറത്തിട്ട പഴയൊരു കട്ടിലിലാണ് താൻ കിടക്കുന്നത്. താൻ എങ്ങനെ ഇവിടെയെത്തി? സ്ഥലകാലബോധം നഷ്ടപ്പെട്ട പോലെ അമ്പരപ്പോടെ ചുറ്റും നോക്കി.

പെട്ടെന്ന് അയാൾ ചാടി എഴുന്നേറ്റു. തലേന്ന് രാത്രിയിലെ ആഘോഷത്തെക്കുറിച്ചയാൾക്കോർമ്മ വന്നു. "ഇന്നലെ ഇവിടെ വലിയ ആഘോഷമായിരുന്നല്ലോ. അവരൊക്കെ എവിടെപ്പോയ്?" അയാളുടെ ചോദ്യം കേട്ട് കൂടി നിന്നവർ ഭീതിയോടെ അയാളെ നോക്കി. കൂട്ടത്തിൽ പ്രായമായ ഒരാൾ മുന്നോട്ടുവന്നു. "ഇവിടെ കാലങ്ങളായി ആരും താമസമില്ല. സന്ധ്യ കഴിഞ്ഞാൽ ഒരാളും ഈ വഴി വരില്ല. വന്നവരാരും തിരിച്ചുപോയിട്ടൂല്ല." എന്നു പറഞ്ഞത് കേട്ട് അയാൾ അനക്കമറ്റ് നിന്നു. താനിന്നലെ കണ്ട ആൾക്കാരും സംഗീതത്തിന്റെ മാസ്മരികമായ അന്തരീക്ഷത്തിൽ നടന്ന ആഘോഷവുമൊന്നും ഉണ്ടായിട്ടില്ലെന്ന് ആരു പറഞ്ഞാലും സമ്മതിക്കാനാവില്ല. ആ അന്തരീക്ഷത്തിലുണ്ടായിരുന്ന സുഗന്ധം ഇപ്പോഴും തന്നോടൊപ്പമുണ്ട്. "സാറ് ഇന്നലെ നല്ല ഫിറ്റായിരുന്നൂലേ?" കൂട്ടത്തിലുള്ള പയ്യന്റെ ചോദ്യം കേട്ട് കൂടെയുള്ളവർ ചിരിച്ചു. അയാളിൽ നിന്ന് കാര്യമായ പ്രതികരണമില്ലെന്നു കണ്ട് ഓരോരുത്തരായി പിരിഞ്ഞു പോയി.

സ്വപ്നവും യാഥാർഥ്യവും തിരിച്ചറിയാനാവാതെ മുന്നോട്ടു നോക്കിയ അയാൾ റോഡിനു മറുവശത്ത് മരത്തിനു താഴെ പാർക്ക് ചെയ്തിരിക്കുന്ന തന്റെ കാറുകണ്ടു. ഈ കാറെന്തേ ഇന്നലെ താൻ കണ്ടില്ല? പോക്കറ്റിൽ നിന്ന് കീയെടുത്ത് വണ്ടിയിലേക്ക് നടക്കുന്നതിനിടയിൽ ഒരു നിമിഷം അയാൾ തിരിഞ്ഞു നോക്കി. ആൾക്കൂട്ടം പറഞ്ഞതുപോലെ ഇടിഞ്ഞു വീണ ഒരു കെട്ടിടവും കാടുപിടിച്ചു കിടക്കുന്ന പറമ്പും! താനിന്നലെ കണ്ട കാഴ്ചകൾ! അതൊരു സ്വപ്നമായിരുന്നില്ല തീർച്ച. എത്രയും പെട്ടെന്ന് നാട്ടിലെത്തണം.. അയാൾ കാർ സ്റ്റാർട്ട് ചെയ്തു. ഒരിക്കലും മറക്കാനാവാത്ത ഈണത്തിന്റെ മാസ്മരികതയിൽ ലയിച്ചു ചേർന്ന ഇളം കാറ്റുപോലെ അയാളുമങ്ങനെ ഒഴുകിയൊഴുകി മുന്നോട്ടു നീങ്ങി. 

English Summary:

Malayalam Short Story ' Gandharvasangeetham ' Written by Rajasree C. V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com