പുസ്തകപ്രദർശനശാലയിലെ വൈകുന്നേരം – കെ. ആർ. രാഹുൽ എഴുതിയ കവിത
Mail This Article
ചാറ്റൽ മഴയുള്ള വൈകുന്നേരം
നഗരത്തിലെ പുസ്തക
പ്രദർശനശാലയിലൊന്നിൽ
ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.
തൊണ്ടയിൽ ഉറച്ചഗദ്ഗദം
നിശ്വാസത്തിലലിയുംവരെ
ഒരു നിമിഷം നോക്കി നിന്നു.
കണ്ണിലും മാനത്തും മഴ കനത്തു.
പുതുമണ്ണിൽ മഴ വീണപോലെ
പുസ്തകത്തിന്റെ ഗന്ധം പരന്നു.
പുസ്തകം കൊണ്ട് കൊട്ടാരം
പണിത് ക്ഷണിച്ചാൽ
ഒറ്റവരി പ്രണയ കവിതയാകാമെന്ന
ലംഘിക്കപ്പെട്ട വാഗ്ദാനം
സ്മരണയിൽ ഉണർന്നു.
നഗ്നമായ മോതിരവിരലിൽ
പൊള്ളിയടർന്ന ഉമ്മയുടെ
നീലിച്ച നിസ്സംഗത
അപകർഷതയുടെ
അർദ്ധസോദരനായി.
ഇതിഹാസങ്ങൾ കൊണ്ടടിത്തറ
നോവലുകൾ കൊണ്ട് ചുമരുകൾ
ചുമരുകളിൽ പതിപ്പിക്കുന്നത് ചില്ലക്ഷരങ്ങൾ
ചെറുകഥകൾ വാതിലുകൾ
ഉറക്കറ അലങ്കരിക്കാൻ കവിതകൾ
ജാലകങ്ങൾ ഉപന്യാസങ്ങൾ.
മേൽക്കൂരയില്ലാത്ത കൊട്ടാരത്തിൽ
വേരുകളില്ലാതെ വള്ളികളായി
പടർന്നാകാശത്തെ തൊടുമ്പോൾ
രതിയുടെയും മൃതിയുടെയും
കൊയ്ത്തു പാട്ട്.
സകലതും മറച്ചുപിടിക്കാൻ
പുസ്തകശാലകൾക്ക് കഴിയും.
കൊഴിഞ്ഞുപോയ ഭൂതകാലങ്ങളുടെ
ശവപ്പറമ്പാണത്.
ആരിലൂടെയെങ്കിലും
പുനർജന്മം കാംക്ഷിക്കുന്ന
പെടുമരണപ്പെട്ട ജീവിതങ്ങൾ.
ഉറഞ്ഞുപോയ നിലവിളികൾക്കാണ് അവിടെ
ആസ്വാദകരേറെയും.
അവിടെയെത്തുന്നവർ
നിഴലുകളില്ലാത്ത രൂപങ്ങൾ
വേദനിപ്പിക്കുന്നതിലൂടെ
ആശ്വാസം കണ്ടെത്തുന്നവർ
വേദനിക്കുന്നതിലൂടെ
നിർവൃതിയടയുന്നവർ.
അവരെ ഉൾക്കൊള്ളാൻ
പുസ്തകശാലകൾക്കാവും.
ജീവിത വിജയത്തിനുള്ള
101 കുറുക്കുവഴികൾ
പ്രദർശനശാലയുടെ
പ്രധാന ഗേറ്റിൽ
പ്രകാശനം ചെയ്യപ്പെടുന്നുണ്ടായിരുന്നു.
അതിനും കാണികളേറെ.
പതിവുപോലെ
കവിതകളും നോവലുകളും
അടുക്കിയ റാക്കുകൾക്കിടയിൽ
മുഖം താഴ്ത്തി ഞാൻ നടന്നു.
നാലുവരി അപ്പുറത്തുള്ള
വൈജ്ഞാനിക സാഹിത്യത്തിലേക്കും
അവളിലേക്കുമുള്ള ദൂരം
നാലു കോടി പ്രകാശവർഷങ്ങളാണെന്ന്
പണ്ടേ തിരിച്ചറിഞ്ഞിരുന്നല്ലോ!