ADVERTISEMENT

കാക്കയുടെ ആയുസ്സ് എത്രയെന്നു അറിയാമോ, ചിലർ പറയുന്നു അപകട മരണമല്ലാതെ കാക്കയ്ക്ക് മരണമില്ല എന്നും നൂറു വയസ്സ് ആകുമ്പോൾ പഴയ ചിറകുകളിൽ ഉള്ള തൂവൽ കൊഴിഞ്ഞു പോകും, എന്നിട്ടു പുതിയവ മുളച്ചു വരും കാക്ക വീണ്ടും കുഞ്ഞു കാക്കയായി മാറും എന്നൊക്കെ. എന്നാൽ ഇതിലൊന്നും വലിയ കാര്യം ഇല്ല മറ്റു ജീവികളെ പോലെ കാക്കയും മരിക്കുന്നുണ്ടാവാം. എന്നാൽ വളരെ വർഷങ്ങൾ കാക്ക ജീവിക്കുന്നു എന്നത് ഒരു സത്യം തന്നെ. അങ്ങനെ വർഷങ്ങൾ ജീവിച്ച ഒരു കാക്ക കഥ ഇതാ.

എന്റെ അമ്മ കുട്ടിക്കാലത്ത് അമ്മയുടെ അമ്മ നിർമ്മിച്ച വാൽപ്പറമ്പിൽ എന്ന വീട്ടിലേക്ക്‌ താമസിക്കുന്നു. നെൽകൃഷിയും കൊയ്ത്തും ഉള്ളതിനാൽ വീട്ടു മുറ്റത്തു നിറയെ കാക്കകൾ വരും. കൂട്ടത്തിൽ ഞൊണ്ടിയായ ഒരു കാക്കയും മുടങ്ങാതെ എല്ലാ ദിവസവും മുറ്റത്ത് എത്തുക പതിവായിരുന്നു. പല വർഷങ്ങളും കഴിഞ്ഞു അമ്മയുടെ വിവാഹം കഴിഞ്ഞു ഭർതൃവീട്ടിലേക്ക് പോയി, പിന്നെ കുറച്ചു കാലങ്ങൾക്ക് ശേഷം ഷൊർണൂരിൽ തന്നെ സ്വന്തമായി വീടും ഉണ്ടാക്കി.   കുടംബസമേതം നാട്ടിൽ സ്ഥിരതാമസമാക്കി.

മക്കളുടെ പിറന്നാൾ പോലുള്ള പല ആഘോഷങ്ങളും വീട്ടിൽ നടക്കുമ്പോൾ ക്ഷണിക്കാത്ത അതിഥിയായി ഞൊണ്ടികാക്കയും മുറ്റത്ത്‌ എത്തുക പതിവായിരുന്നു. പക്ഷി മൃഗാദികളെ അളവറ്റു സ്നേഹിച്ചിരുന്ന ആളായിരുന്നു അമ്മ. വളർത്തു മൃഗങ്ങളായ പശു, പൂച്ച, കോഴികളോടൊക്കെയും വർത്തമാനം പറയുകയും പരിചരിക്കുകയും ചെയ്യും, രാത്രി ഉറങ്ങുന്നത് വരെ പശുവിന്റെ അടുത്ത് നിന്നു കൊതുകുകളെയും മറ്റു പ്രാണികളെയും ഓടിച്ചു വിടും. വല്ല പനിയോ അസുഖമൊ വന്നു ഒരു ദിവസം പുറത്തു വന്നില്ലയെങ്കിൽ പശുവിന്റെ വെപ്രാളവും, പ്രയാസങ്ങളും കാണേണ്ട കാഴ്ചയായിരുന്നു. ആൾ പറയുന്ന ഭാഷ പശുവിനു മനസ്സിലാകുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല, എന്നാൽ പശുവിനു ആളെ കണ്ടില്ലെങ്കിൽ വല്ലാത്ത പ്രയാസം ആയിരുന്നു. അതു കൊണ്ട് നിർത്താതെ കരഞ്ഞു ബഹളം ഉണ്ടാക്കുമായിരുന്നു.

പല വർഷങ്ങൾ ആയി മുടങ്ങാതെ മുറ്റത്ത്‌ എത്തുന്ന ഞൊണ്ടി കാക്കയോടു ആൾക്കു വല്ലാത്ത സഹതാപം ആയിരുന്നു. പറന്നു നിലത്തു ഇറങ്ങിയാൽ നടക്കാൻ പറ്റാത്ത കാക്ക തുള്ളിക്കൊണ്ടാണ് മുന്നോട്ട് നീങ്ങാറ്. അത് കൊണ്ട് തന്നെ മറ്റു കാക്കകൾ ഭക്ഷണ അവശിഷ്ടം കഴിച്ചു തീർക്കും, വല്ലപ്പോഴുമേ എന്തെങ്കിലും ഞൊണ്ടിക്ക് കിട്ടാറുള്ളൂ. വിഷമം തോന്നിയ അമ്മ രാവിലെ പ്രാതലും ഉച്ച ഭക്ഷണവും കഴിഞ്ഞാൽ കുറച്ചു ഞൊണ്ടിക്ക് കൊടുക്കുക പതിവായി. ഭക്ഷണ ശേഷം കുറച്ചു ചോറെടുത്ത് കൂട്ടാനും കൂട്ടി കുഴച്ചു കൈയിൽ വാരിയെടുത്ത് മുറ്റത്തിറങ്ങി വാഴയില പറിച്ചെടുത്തു മുറ്റത്ത്‌ വിരിക്കും, ഇലയിൽ ചോറു വിളമ്പും. പിന്നെ മുകളിലേക്ക് നോക്കി ഉച്ചത്തിൽ വിളിക്കും, ആ, ആ, ആ, കേൾക്കണ്ട താമസം ഞൊണ്ടി ഓടിയെത്തും. ചോറു കഴിക്കും, അഥവാ വേറെ കാക്കകൾ വന്നാൽ വടിയെടുത്ത് ഓടിക്കും. പല വർഷങ്ങൾ കഴിഞ്ഞപ്പോൾ വിളിക്കേണ്ട ആവശ്യം ഇല്ലാതായി. കൃത്യ സമയത്തു തന്നെ പറമ്പിലും മുറ്റത്തുമായി കാക്ക പറന്നു നടക്കും. ആരും ഓടിച്ചു വിടില്ലയെന്ന തിരിച്ചറിവ് ഉണ്ടായ കാക്ക പിന്നെ ഉമ്മറത്തും, അടുക്കളപ്പടി വരെയും വരാനും തുടങ്ങി.

മാസങ്ങളും വർഷങ്ങളും കടന്നു പോയി ഞങ്ങൾ മക്കൾ കാക്കയ്ക്ക് പേരും വിളിച്ചു "അമ്മയുടെ കാക്ക" അമ്മ മരിച്ചു.. 2016 ഫെബ്രുവരി 20 ന്. മരണ വാർത്ത‍ അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും വീട്ടിൽ തടിച്ചുകൂടിയപ്പോൾ എന്തോ വിശേഷം നടക്കുന്നു എന്നു കരുതിയാവാം ഞൊണ്ടികാക്കയും പ്ലാവിൻ മുകളിലും പറമ്പിലുമായി പറന്നു നടന്നെന്നു നാട്ടുകാർ പറയുന്നു. അമ്മയുടെ മരണശേഷം രണ്ടു നാൾ മുറ്റത്തും പറമ്പിലുമായി പറന്നു നടന്ന കാക്ക പിന്നെ മുറ്റത്ത്‌ വരുന്നതും വല്ലപ്പോഴുമായി, ഒന്നും കിട്ടാതെ ആയപ്പോൾ വരവും നിർത്തി, അനാഥത്വം വീട്ടുകാരെ പോലെ കാക്കയേയും ബാധിച്ചിരിക്കാം. അമ്മയുടെ  മരണശേഷം നാല് അഞ്ച് ദിവസങ്ങൾ ഞൊണ്ടിയെ കണ്ടിരുന്നതായി എന്റെ ഭാര്യ പറഞ്ഞിരുന്നു. ചിലപ്പോൾ മറ്റു വീട് തേടി പോയതാവാം, അല്ലെങ്കിൽ വല്ല അസുഖവും വന്നു മരിച്ചു പോയിരിക്കാം.

ഒരിക്കൽ ഞാൻ അമ്മയോട് കാക്ക വിശേഷം ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ "എന്താണ് എന്ന് അറിയില്ല, ഞാൻ പോകുന്ന വഴികളിലെല്ലാം കാക്ക എന്നെ പിന്തുടരുന്നു, ചിലപ്പോൾ നിന്റെ അച്ഛന്റെ ആത്മാവ് ആ കാക്കയിൽ ഉണ്ടായിരിക്കാം, അത് കൊണ്ടാവാം കാക്ക എന്നെ പിന്തുടരുന്നതെന്ന്." അതെ ചിലപ്പോൾ അമ്മയെ പിന്തുടർന്ന് കാക്കയും ഭൂലോകം വിട്ടു പോയിരിക്കാം. "ആത്മാവിനു നിത്യ ശാന്തി നേരുന്നു"

English Summary:

Malayalam Article ' Kakka ' Written by Ramanunni