ADVERTISEMENT

കാതലിന്റെ ഷൂട്ട് നടക്കുന്ന സമയം. സിനിമയിലെ പ്രധാനപ്പെട്ട ഒരു സീക്വൻസ് എടുക്കുന്നതിനായി കാറിൽ റിഗ് കെട്ടി വച്ചുകൊണ്ടിരിക്കുകയാണ് ക്യാമറ ടീം. അപ്പോഴാണ്, സിനിമയിൽ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുധി കോഴിക്കോട് മേക്കപ്പിട്ട് വരുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ ക്യാമറ ടീമിലെ ആരോ പറഞ്ഞു, നിങ്ങളുടെ ക്ലോസപ് എടുക്കാനാ ഈ റിഗ് കെട്ടിക്കൊണ്ടിരിക്കുന്നത്" എന്ന്. ആ നിമിഷം സുധിയുടെ കണ്ണു നിറഞ്ഞു. തൊണ്ടയിടറി. അതൊരു വല്ലാത്ത നിമിഷമായിരുന്നുവെന്ന് പറയുകയാണ് സുധി കോഴിക്കോട്. "കാതൽ എന്റെ 43–ാമത്തെ പടമാണ്. ഒരു ഫ്രെയിമിൽ മുഖം കാണിക്കാൻ തള്ളവിരലൂന്നി നിന്നിട്ടുണ്ട് ഞാൻ. അങ്ങനെയുള്ള ഒരാളുടെ മുഖത്തിന്റെ ക്ലോസ് പിടിക്കാൻ ക്യാമറ വച്ചിരിക്കുകയാണ്. ഞാൻ ഇത്രയും കാലം കഷ്ടപ്പെട്ടത് ഇങ്ങനെയൊരു നിമിഷത്തിനായിരുന്നല്ലോ. അങ്ങനെ ഓർമകളോരോന്നും തികട്ടി വന്നു," സുധിയുടെ ഈ വാക്കുകളിലുണ്ട് കടന്നു വന്ന വഴികളുടെ കയ്പും മധുരവും. കാതൽ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിലെ തങ്കനെ ആഘോഷിക്കുന്നതു കാണുമ്പോൾ, ചേർത്തു പിടിക്കുന്നത് അറിയുമ്പോൾ സുധി കോഴിക്കോടിന് ആ അനുഭവത്തെ വിവരിക്കാൻ വാക്കുകളില്ല. ഏറെ വൈകാരികമായ കാതലിനെക്കുറിച്ച് ഉള്ളു തുറന്ന് സുധി കോഴിക്കോട് മനോരമ ഓൺലൈനിൽ.    

ഇത്ര വലുത് പ്രതീക്ഷിച്ചില്ല

ജിയോ ബേബി എന്റെ സുഹൃത്താണ്. ഒരുപാടു കാലത്തെ സൗഹൃദമുണ്ട് ഞങ്ങൾ തമ്മിൽ. 2015ൽ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അതിൽ ഞാനും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിൽ ചീഫ് അസോഷ്യേറ്റ് ആയിരുന്നു ജിയോ ബേബി. അന്നു മുതലുള്ള ബന്ധമാണ്. പിന്നീട് ജിയോ സിനിമകൾ ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യകാല പടങ്ങളിൽ ഞാനില്ലായിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലാണ് എനിക്കൊരു വേഷം ജിയോ തരുന്നത്. സുരാജിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു അത്. അതിന്റെ എഡിറ്റിങ് സമയത്ത് ജിയോ പറഞ്ഞു, "ഇനി എന്റെ എല്ലാ സിനിമയിലും ചേട്ടനുണ്ടാകും" എന്ന്. ആ വാക്ക് ജിയോ പാലിച്ചു. പിന്നീട് ഇറങ്ങിയ ഫ്രീഡം ഫൈറ്റിലും അതിനു ശേഷം വന്ന ശ്രീധന്യ കാറ്ററിങ് സർവീസിലും ഞാൻ അഭിനയിച്ചു. അപ്പോഴൊക്കെ ഞാൻ ജിയോനോട് ചോദിക്കാറുണ്ട്, എപ്പോഴാ എനിക്കൊരു വലിയ വേഷം തരിക എന്ന്! പക്ഷേ, ഇത്ര വലിയ വേഷം ജിയോ തരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. 

മമ്മൂട്ടി, ജ്യോതിക
മമ്മൂട്ടി, ജ്യോതിക

മമ്മൂക്കയ്ക്കൊപ്പം ഇത് നാലാം തവണ

ഓഡിഷൻ ചെയ്തു നോക്കിയതിനു ശേഷമാണ് തങ്കൻ എന്ന കഥാപാത്രത്തിലേക്ക് എന്നെ ഉറപ്പിക്കുന്നത്. അമൽ ചന്ദ്രനായിരുന്നു മേക്കപ്പ്. മമ്മൂക്കയുടെ പ്രായത്തിലേക്ക് എന്നെ കൊണ്ടു വരുന്ന തരത്തിലുള്ള ഗെറ്റപ്പായിരുന്നു. മേക്കപ്പിലും ഓഡിഷൻ നടന്നു. അതിനുശേഷമാണ് ഇതൊരു മമ്മൂക്ക പടമാണെന്ന് ഞാൻ അറിയുന്നത്. അദ്ദേഹത്തിനൊപ്പം പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തിൽ, അങ്കിൾ എന്നീ മൂന്നു ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നെ കണ്ടാൽ തിരിച്ചറിയാവുന്ന പരിചയം അദ്ദേഹവുമായുണ്ട്. മമ്മൂക്കയുമായി കോംബിനേഷനുകൾ കുറവാണെങ്കിലും എന്റെ സീനുകൾ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ ഞാനും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് പോസറ്റീവ് റിയാക്ഷൻ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. കാരണം, അദ്ദേഹത്തെപ്പോലെ ഒരു മഹാനടനൊപ്പം അതും മമ്മൂട്ടികമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ചിത്രത്തിൽ ഇത്ര വലിയ കഥാപാത്രത്തെ അഭിനയിക്കാനുള്ള അവസരം അപൂർവമാണല്ലോ. 

ആൾക്കൂട്ടത്തിൽ നിന്ന് മമ്മൂക്ക വിളിച്ചു

തങ്കൻ എന്ന കഥാപാത്രത്തിലേക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ ലാൻഡ് ചെയ്യാൻ കുറച്ചു സമയമെടുത്തു. ഒരു ഫാമിലി ആംബിയൻസായിരുന്നു സെറ്റിൽ. ഞാൻ നേരത്തെ തന്നെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. കാരണം, കോട്ടയം സ്ലാങ് എനിക്ക് പഠിച്ചെടുക്കണമായിരുന്നു. ഞാനൊരു കോഴിക്കോടുകാരൻ ആണല്ലോ. കോട്ടയം സ്ലാങ്ങിൽ ഡയലോഗ് പറയുമ്പോൾ അതിലൊരു അരോചകത്വം ഉണ്ടാവരുതല്ലോ. സിനിമ സിങ്ക് സൗണ്ട് കൂടി ആയതിനാൽ അക്കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. അതാണ്, നേരത്തെ സെറ്റിലെത്തി അതിന്റെ ഭാഗമായത്. ജിയോ ബേബി സിനിമകൾക്ക് പൂജയൊന്നും ഇല്ല. ഷൂട്ട് തുടങ്ങുന്ന ദിവസം എല്ലാവരും വരും, അങ്ങനെ ചെയ്തു തുടങ്ങും. അങ്ങനെ, ഷൂട്ടിന്റെ ആദ്യ ദിവസം മമ്മൂക്ക സെറ്റിൽ വന്നു. ഞാൻ മമ്മൂക്കയുടെ കണ്ണിൽപ്പെടാതെ പിന്നോട്ട് മാറി നിൽക്കുകയായിരുന്നു. നടനും സംവിധായകനുമായ മുസ്തഫയൊക്കെയുണ്ട് സെറ്റിൽ. അദ്ദേഹത്തിന്റെ പിന്നിലാണ് ഞാൻ നിന്നത്. മമ്മൂക്കയുടെ ഓർമശക്തി സമ്മതിക്കണം. അദ്ദേഹം അവിടെ വന്ന് 360 ഡിഗ്രി നോക്കി. എന്നെ കണ്ടു. അദ്ദേഹം കൈനീട്ടി എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ ഞെട്ടിപ്പോയി. മനസു നിറഞ്ഞു പോയെന്നൊക്കെ പറയില്ലേ... ഞാൻ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു പോയി. ആരൊക്കെയോ തുരുതുരാ ഫോട്ടോ എടുത്തു. ഞാൻ അതിലൊന്നു ഇൻസ്റ്റയിൽ ഇട്ടിരുന്നു. ജിയോ അതു കണ്ടിട്ട് എന്നോട് അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. കാരണം, സിനിമ ഇറങ്ങുന്നതിനു മുമ്പ് എന്റെ കഥാപാത്രത്തെക്കുറിച്ച് ഒന്നും പുറത്തുവിടില്ലെന്നും റിലീസിനു ശേഷമായിരിക്കും ആ കഥാപാത്രത്തിന് പബ്ലിസിറ്റി കൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതോർക്കാതെയാണ് ഞാൻ ആ ചിത്രം ഇൻസ്റ്റയിൽ ഇട്ടത്. 

"തനിക്കെന്താടോ വേണ്ടേ?", മമ്മൂക്ക ചോദിച്ചു

സിനിമയുടെ ഷൂട്ട് തീർന്ന ദിവസം മറ്റൊരു സംഭവം നടന്നു. മമ്മൂക്ക ഷൂട്ട് പൂർത്തിയാക്കി സെറ്റിൽ നിന്നു പോകുന്നതിനു മുമ്പ് എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കുന്ന പരിപാടിയുണ്ട്. എല്ലാവരും വന്ന് മമ്മൂക്കയ്ക്കൊപ്പം ഫോട്ടോ എടുക്കും. ഞാനും ചെന്ന് ഫോട്ടോ എടുത്തു. സാധാരണ പോലെ അടുത്തു നിന്നായിരുന്നു ആ ഫോട്ടോ. അതെടുത്തതിനു ശേഷം ഞാൻ പറഞ്ഞു, "മമ്മൂക്ക... എനിക്കിതു പോരാ". എന്റെ കൈ പിടിച്ച് അദ്ദേഹം ചോദിച്ചു, "തനിക്കെന്താടോ വേണ്ടേ?" ഞാൻ പറഞ്ഞു, "ഈ കൈ എടുത്ത് എന്റെ തലയിൽ വയ്ക്കാൻ പറ്റോ?. അദ്ദേഹം ചിരിച്ചു. അദ്ദേഹം എന്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ആ നിമിഷം കാതലിന്റെ സ്റ്റിൽ ഫോട്ടോഗ്രഫർ ലെബിസൺ ഗോപി കൃത്യമായി ക്യാമറയിൽ പകർത്തുകയും ചെയ്തു.  അങ്ങനെ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ വാട്ട്സാപ്പിലെ എന്റെ ഡിപി. ആ ഫോട്ടോ ഫ്രെയിം ചെയ്ത് വീട്ടിലും സൂക്ഷിച്ചിട്ടുണ്ട്. ഒരുപാടു പേർക്ക് ജീവിതം ഉണ്ടാക്കിക്കൊടുത്ത മഹാമനുഷ്യനാണ് മമ്മൂക്ക. 

sudhii-kaathal
കാതൽ സിനിമയിൽ നിന്നും

ആ സീൻ സംഭവിച്ചത് ഇങ്ങനെ

മഴയിലൂടെ ഞാൻ നടന്നു പോയി കാറിൽ കയറുന്ന രംഗത്തെക്കുറിച്ച് പലരും എടുത്തു പറഞ്ഞു. അതും അതിനു തൊട്ടു മുമ്പ് മമ്മൂക്കയുമായുള്ള കോംബിനേഷനും രണ്ടു ദിവസങ്ങളിലാണ് ചിത്രീകരിച്ചത്. മമ്മൂക്ക എനിക്ക് നോട്ടീസ് തരുന്നതും അതു വാങ്ങി ഞാൻ കാറിൽ കയറുന്നതും ഒരു ദിവസമെടുത്തു. അടുത്ത ദിവസമാണ് ബാക്കി ചിത്രീകരിച്ചത്. അന്ന് മമ്മൂക്ക സെറ്റിൽ ഇല്ല. അന്നാണ് ഞാൻ മമ്മൂട്ടി എന്ന മഹാമനുഷ്യനെ മനസിലാക്കിയത്. സിനിമയിലെ പ്രധാനപ്പെട്ട രംഗമാണ് അത്. പാളിപ്പോയാൽ ബോറാകും. അക്കാര്യം നേരിട്ട് എന്നോടു പറഞ്ഞാൽ ഞാൻ ടെൻഷനടിക്കും എന്ന് അറിയാവുന്നതുകൊണ്ട് മമ്മൂക്ക സിനിമയുടെ തിരക്കഥാകൃത്തുക്കളോടു കാര്യം പറഞ്ഞു. അവർ എന്നോട് അത് അവതരിപ്പിച്ചു. ടെൻഷടിച്ചിട്ട് എനിക്ക് അന്ന് ശരിക്ക് ഉറങ്ങാൻ പറ്റിയില്ല.

ഇതെന്റെ 43–ാമത്തെ പടമാണ്. ഒരു ഫ്രെയിമിൽ മുഖം കാണിക്കാൻ തള്ളവിരലൂന്നി നിന്നിട്ടുണ്ട് ഞാൻ. അങ്ങനെയുള്ള ഒരാളുടെ മുഖത്തിന്റെ ക്ലോസ് പിടിക്കാൻ ക്യാമറ വച്ചിരിക്കുകയാണ്. എനിക്കിനി വേറൊന്നും വേണ്ടെന്നു തോന്നിപ്പോയി.

പുലർച്ചെ നാലു മണിക്കൊക്കെ ഞാൻ എണീറ്റു. ഉള്ളിൽ ആ ഇമോഷൻസ് ഉണ്ട്. പക്ഷേ, അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. ഞാൻ രാവിലെ സെറ്റിലെത്തി ജിയോ ബേബിയെ കണ്ടു. ഫ്രീഡം ഫൈറ്റിൽ ജിയോ സംവിധാനം ചെയ്ത സീക്വൻസിൽ ഒരു കൺക്ലൂഷൻ മ്യൂസിക് ഉണ്ട്. അതിന്റെ എംപി3 എനിക്കൊന്നു തരാൻ പറ്റുമോ എന്നു ഞാൻ ചോദിച്ചു. ഉടനെ ജിയോ അതെനിക്കു അയച്ചു തന്നു. ആ മ്യൂസിക് കേൾക്കുമ്പോൾ എന്താണെന്നറിയില്ല, എന്റെ കണ്ണുകൾ നിറയും. വല്ലാത്തൊരു കണക്ട് ഉണ്ട് അതിന്. സാധാരണ സെറ്റിലെത്തിയാൽ എല്ലാവരോടും ലോഹ്യം പറഞ്ഞു നടക്കാറുള്ള ഞാൻ ആ ദിവസം ഒരിടത്തു തന്നെ ഇരുന്നു. ആ മ്യൂസിക് കേട്ടുകൊണ്ടു തന്നെയാണ് മേക്കപ്പ് ചെയ്തതും.

ഉച്ചയോടെ ഷോട്ട് ആയി. കാറിന്റെ മുമ്പിൽ റിഗ് വച്ചാണ് അതു ഷൂട്ട് ചെയ്തത്. മേക്കപ്പ് ചെയ്ത് ഞാൻ അവിടേക്ക് ചെന്നപ്പോൾ ക്യാമറ ടീമിലെ അംഗങ്ങൾ പറഞ്ഞു, "നിങ്ങളുടെ മുഖത്തേക്കു വയ്ക്കാനാ ഈ റിഗ് കെട്ടിക്കൊണ്ടിരിക്കുന്നത്" എന്ന്. ഞാനറിയാതെ എന്റെ കണ്ണു നിറഞ്ഞു. ഇതെന്റെ 43–ാമത്തെ പടമാണ്. ഒരു ഫ്രെയിമിൽ മുഖം കാണിക്കാൻ തള്ളവിരലൂന്നി നിന്നിട്ടുണ്ട് ഞാൻ. അങ്ങനെയുള്ള ഒരാളുടെ മുഖത്തിന്റെ ക്ലോസ് പിടിക്കാൻ ക്യാമറ വച്ചിരിക്കുകയാണ്. എനിക്കിനി വേറൊന്നും വേണ്ടെന്നു തോന്നിപ്പോയി. കാരണം, ഞാൻ ഇത്രയും കാലം കഷ്ടപ്പെട്ടത് ഇങ്ങനെയൊരു നിമിഷത്തിനായിരുന്നല്ലോ. അങ്ങനെ ഓർമകളോരോന്നും തികട്ടി വന്നു.

sudhi-kozhikode-4

കാറിലുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനു മുമ്പ് ഞാൻ ജിയോയോടു ഒരു കാര്യം ആവശ്യപ്പെട്ടു. ആക്ഷൻ പറഞ്ഞു കഴിഞ്ഞ് എനിക്കൊരു 30 സെക്കൻഡ് തരണം. ജിയോ തന്ന ആ മ്യൂസിക് ഒന്നു പ്ലേ ചെയ്യാനാണ്. എന്റെ ഫോണിൽ അതു പ്ലേ ചെയ്ത് ഞാൻ അത് അടുത്തു വച്ചു. അങ്ങനെയാണ് ആ ഷോട്ട് എടുത്തത്. ആ സീൻ എല്ലാവർക്കും വലിയ ഇഷ്ടമായി. സത്യത്തിൽ ഞാനേറ്റവും ബുദ്ധിമുട്ടിയ സീൻ ആയിരുന്നു അത്. എന്നെ ശരിക്കും അറിയാവുന്നത് ജിയോ ബേബിക്കു മാത്രമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചാണ് എല്ലാവരും എനിക്ക് ആ കഥാപാത്രം തന്നത്. തിരക്കഥാകൃത്തുകൾക്കു പോലും ചിലപ്പോൾ സംശയം തോന്നിയിരിക്കാം. പക്ഷേ, അന്ന് ആ രംഗം ഷൂട്ട് ചെയ്തതിനു ശേഷം പോൾസണും ആദർശും എന്നെ തോളിൽ തട്ടി അഭിനന്ദിച്ചു. വലിയ വേഷങ്ങളൊന്നും ചെയ്യാത്ത എന്നെപ്പോലത്തെ ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് ഇങ്ങനെയൊരു നിമിഷം സമ്മാനിക്കുന്ന ആത്മവിശ്വാസമെന്നു പറയുന്നത് വലുതാണ്. 

എന്റെ കാഴ്ചപ്പാട് മാറ്റിയ സിനിമ

സിനിമ കൊണ്ട് ഏറ്റവും കൂടുതൽ മാറ്റമുണ്ടായ ഒരാൾ ഞാനാണ്. വ്യക്തിപരമായി LGBTQ+ കമ്മ്യൂണിറ്റിയെക്കുറിച്ച് ധാരണ ഉണ്ടാവുകയും അവരുടെ ജീവിതവും മാനസികാവസ്ഥകളും മനസിലാക്കാനുള്ള ഒരു അവസരം എനിക്ക് ലഭിക്കുകയും ചെയ്തു. പ്രത്യേകിച്ചും ഗേ കമ്മ്യൂണിറ്റിയിലുള്ളവരുടെ ജീവിതം! കിഷോർ കുമാർ എഴുതിയ രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ എന്ന പുസ്തകം റഫറൻ‌സിനായി എനിക്കു തന്നിരുന്നു. കഥാപാത്രത്തിന്റെ കാതൽ മനസിലാക്കാൻ ഇവയിലൂടെ കഴിഞ്ഞു. ബാക്കിയെല്ലാം ചെയ്തത് ജിയോ ബേബിയാണ്. അദ്ദേഹം പറഞ്ഞത് ഞാൻ ചെയ്തു. കഥാപാത്രത്തിന്റെ മീറ്റർ പോലും അദ്ദേഹമാണ് പറഞ്ഞു തന്നത്. ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല.

സ്വവർഗാനുരാഗം ഒരു രോഗമാണെന്ന് ധരിക്കുന്നവരുണ്ട്. എന്നാൽ അതൊരു രോഗമല്ല. അതൊരു അവസ്ഥയാണ്. പണ്ടൊക്കെ ആളുകൾ പറയും, കല്യാണം കഴിച്ചാൽ ഇതൊക്കെ മാറുമെന്ന്. പക്ഷേ, അത് ശരിയല്ല. സ്വന്തം അസ്തിത്വം തുറന്നു കാണിക്കാനാകാതെ നിശബ്ദമാക്കപ്പെട്ടു ജീവിക്കേണ്ടി വരുന്ന ഒരുപാടു പേരുണ്ട്. അവർക്കിതു പുറത്തു പറയാൻ പറ്റില്ല. കാരണം, സമൂഹം അവരെ അംഗീകരിക്കില്ല. ഈ സിനിമയിൽ അഭിനയിച്ചതോടെ എന്റെ കാഴ്ചപ്പാടുകൾ മാറി. എനിക്കിപ്പോൾ അവരെ മനസിലാക്കാൻ സാധിക്കും. 

English Summary:

Exclusive chat with actor Sudhi Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com