ആ സീൻ ചെയ്യുമ്പോൾ ഞാൻ വിറയ്ക്കുകയായിരുന്നു: ‘കാതലി’ലെ ചാച്ചൻ അഭിമുഖം
Mail This Article
ഉള്ളുലയ്ക്കുന്ന ദുഃഖങ്ങളുള്ള, ആത്മസംഘര്‍ഷങ്ങളുടെ അലകടല്‍ പേറുന്ന മനസ്സുകളുണ്ട് നമുക്ക് ചുറ്റും. ഇന്നേ വരെ, ഈ നിമിഷം വരെ അത്രമേല്‍ പ്രിയപ്പെട്ടവരോടു പോലും പറയാനാകാതെ ഉറഞ്ഞുപോയ അവരുടെ സങ്കടങ്ങളെ പലതരത്തില്‍ സിനിമ തുറന്നുപറഞ്ഞിട്ടുണ്ട് സിനിമ പലപ്പോഴായി. ഒട്ടുമേ എളുപ്പമല്ലത് : അങ്ങനെയൊരു പ്രമേയം കൈകാര്യം ചെയ്യാനും അത് കണ്ടുതീര്‍ക്കാനും. ‘കാതലി’ലെ ചാച്ചന്‍ അങ്ങനെയുള്ളൊരാളാണ്. മകന്റെ സ്വത്വം തിരിച്ചറിയുന്ന, വ്യവസ്ഥിതികളോടു കലഹിക്കാന്‍ അപ്രാപ്യനായ, സമരസപ്പെടലുകള്‍ക്കൊടുവില്‍ മൗനം കൊണ്ടു സ്വയംമൂടി ജീവിക്കുന്ന ചാച്ചന്‍, അടുത്തിടെ മലയാള സിനിമയില്‍ കണ്ട ശക്തനായ ഒരച്ഛന്‍ കഥാപാത്രമായിരുന്നു. ആർ.എസ്. പണിക്കരായിരുന്നു ചാച്ചനായി വേഷമിട്ടത്. കാമറയ്ക്കു മുന്‍പില്‍ പലകഥാപാത്രങ്ങളാടിയൊരു അഭിനേതാവിനെകൊണ്ടു കൈകാര്യം ചെയ്യേണ്ട വേഷം ഇന്നേവരെ ഒരു സിനിമ സെറ്റില്‍ പോലും പോകാത്ത ആര്‍.എസ്. പണിക്കരെ ഏല്‍പ്പിച്ച സംവിധായകന്റെ തീരുമാനവും പണിക്കര്‍ സാറിന്റെ അഭിനയവും ഒരുപോലെ കയ്യടിയര്‍ഹിക്കുന്നു.
മുസ്തഫ വഴി...
‘കപ്പേള’ എന്ന സിനിമയുടെ സംവിധായകനായ മുസ്തഫ എന്റെ അയല്‍വാസിയാണ്. എനിക്കേറ്റവും ഇഷ്ടമുള്ള ചെറുപ്പക്കാരിലൊരാളും. അല്‍പ്പം നാടകവും പാട്ടും എഴുത്തും നല്ല രീതിയില്‍ രാഷ്ട്രീയ-സംഘടന പ്രവര്‍ത്തനവും കയ്യിലുള്ളതുണ്ട് ഒരുപാട് സൗഹൃദങ്ങളുണ്ട്. ഈ എഴുപത്തിനാലാം വയസ്സിലും ജീവിതം അങ്ങനെയാണ് പോകുന്നത്. മുസ്തഫയ്ക്കു ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍ നാട്ടില്‍ അദ്ദേഹത്തിന് ആദരമൊരുക്കിയിരുന്നു. ചെറുപ്പംതൊട്ടേ എനിക്കു മുസ്തഫയെ അറിയാം. നാടകം ചെയ്യാറുണ്ടെന്നു പറഞ്ഞല്ലോ മുസ്തഫയ്ക്ക് ഒരു നാല് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിനെ ഞാനും കൂടി ചേര്‍ന്നാണ് ഒരു നാടകത്തില്‍ അഭിനയിപ്പിച്ചത്. അന്നു മുതല്‍ക്കേ മുസ്തഫയെ അറിയാം. മുസ്തഫയുടെ ഓരോ വളര്‍ച്ചയിലും എനിക്കു വലിയ സന്തോഷവും കൗതുകവുമായിരുന്നു.
ഞങ്ങള്‍ അയല്‍വാസികളും കൂടിയാണ്. ഒരു ദിവസം മുസ്തഫ എന്നെ വിളിച്ചിട്ട് പറഞ്ഞു ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ കുറച്ചു പേര്‍ വരുമെന്ന്. സിനിമയുടെ വിവരങ്ങളെല്ലാം പറഞ്ഞു, അവര്‍ക്കൊരു പുതുമുഖത്തെയാണ് വേണ്ടത് അത് കേട്ടപ്പോള്‍ ഞാന്‍ സാറിന്റെ കാര്യം പറഞ്ഞുവെന്നുമാണ് മുസ്തഫ പറഞ്ഞത്. കുറച്ചു ദിവസം കഴിഞ്ഞ് അവര്‍ വന്നു. ജിയോ ബേബി ഉള്‍പ്പെടെ നാലു പേരായിരുന്നു വന്നത്. ജിയോ നേരെ തന്നെ കാര്യത്തിലേക്ക് വന്നു. മമ്മൂട്ടിക്കമ്പനിയുടെ സിനിമയാണ്. അതില്‍ മമ്മൂട്ടിയുടെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നു പറഞ്ഞു. എനിക്ക് ജിയോയേയോ മമ്മൂട്ടിയേയോ ഒന്നും മുന്‍പരിചയമില്ല. മമ്മൂട്ടിയെ ഇത്രയും വര്‍ഷമായി കാണുന്നു. സിനിമ കണ്ട് മാത്രം ഏറ്റവുമടുത്തൊരാളെ പോലെയായൊരാള്‍. ജിയോയേ തീരെയും അറിയില്ല. പക്ഷേ എന്ത് മുന്നില്‍ വന്നാലും ഒന്നു നോക്കിക്കളയാം എന്ന മട്ടിലാണ് ഞാന്‍ എന്നുള്ളതുകൊണ്ട് ഓകെ പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കുറഞ്ഞപക്ഷം മമ്മൂട്ടിയെ കാണുകയെങ്കിലും ചെയ്യാമല്ലോ. അദ്ദേഹത്തിനൊപ്പമൊരു ഫോട്ടോ പോലും സന്തോഷം.
ഇങ്ങനങ്ങു പോയാല്‍ മതി
മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍ തന്നെയായിരുന്നു ആദ്യം. സംഭാഷണങ്ങള്‍ അധികമില്ലല്ലോ സിനിമയില്‍. ആദ്യ സീന്‍ കഴിഞ്ഞ് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു, എങ്ങനെയുണ്ടെന്ന്. ഇങ്ങനെയങ്ങു പോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ തന്നെയാണല്ലോ നിര്‍മാണവും അതുകൊണ്ടു തന്നെ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. ആ സെറ്റിലെ ഏറ്റവും മുതിര്‍ന്ന ആള്‍ ഞാനായിരുന്നു. ആ ബഹുമാനം അവരെല്ലാം എനിക്കു തന്നിരുന്നു. തിരിച്ചു ഞാനും അതുപോലെ. ഇക്കാര്യങ്ങളും
കാണാനും പരിചയപ്പെടാനും കൂടെ അഭിനയിക്കാനും കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവച്ചപ്പോള്‍ ഞങ്ങള്‍ക്കും ഒരാളെ കൂടി കിട്ടിയല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് വലിയ ആത്മവിശ്വാസമാണ് തന്നത്. അധികം ടേക്കുകളൊന്നുമില്ലാതെയാണ് മിക്ക സീനുകളും പൂര്‍ത്തിയാക്കിയത്. ആദ്യത്തെ സീനിനു ശേഷം ബാക്കിയൊക്കെ അങ്ങ് സംഭവിക്കുകയായിരുന്നു.
Read more at: മമ്മൂട്ടിയുടെ ‘ചാച്ചൻ’; 74 –ാം വയസ്സിൽ പണിക്കർ സിനിമാ നടനായതെങ്ങനെ..?
നമുക്ക് ഒന്നുകൂടി നോക്കിയാലോ
സിനിമയ്ക്കുള്ളിലെ സംവിധായകരെ കണ്ട് മാത്രം പരിചയമുള്ളതുകൊണ്ട് ആക്‌ഷന്‍, കട്ട് വിളികളൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ പോയത്. പക്ഷേ ജിയോ അങ്ങനെയുള്ളൊരു സംവിധായകനേയല്ല. ആവശ്യമുള്ളത് പറയേണ്ട സമയത്ത് മാത്രം പറഞ്ഞ് സ്വന്തം പ്രവൃത്തി ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ പൂര്‍ത്തിയാക്കുന്ന ആളാണ്. എന്തെങ്കിലും നമ്മള്‍ ചെയ്തിട്ടു ശരിയാകാതെ വന്നാല്‍ അടുത്തേക്ക് വന്ന നമുക്കിത് ഒന്നുകൂടി നോക്കിയാലോ എന്നു മാത്രം പറയും. അതുപോലെ തന്നെയായിരുന്നു ജ്യോതികയും. അവര്‍ക്കൊരു തമിഴ് സംസ്‌കാരമാണല്ലോ. ആ ബഹുമാനവും എളിമയും എല്ലായ്‌പ്പോഴും അവരിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ കോമ്പിനേഷന്‍ സീനില്‍ അറിയാതെ കണ്ണുനിറഞ്ഞുപോയി. എന്റെ മരുമകളെ പോലെ തോന്നി എനിക്കവരെ. സിനിമയിലെ പല സീനുകളും വളരെ വ്യക്തിപരമായി എന്നെ ബാധിച്ചു. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും ഞാന്‍ ചാച്ചനായിരുന്നു ആ സെറ്റില്‍. മറ്റുള്ളവരൊക്കെ സീന്‍ കഴിഞ്ഞ് അവരവരിലേക്ക് മടങ്ങില്ലേ. എനിക്കെന്തോ അത് സാധിച്ചില്ല. നമുക്ക് വലിയ പരിചയമോ പ്രഫഷനലിസമോ ഒന്നും സിനിമയിലില്ലല്ലോ. അതാകും. ചാച്ചന്റെ നീറ്റല്‍ എനിക്കിപ്പോഴും ഉള്ളിലുണ്ട്.
ഞാന്‍ വിറയ്ക്കുകയായിരുന്നു
മമ്മൂട്ടിക്കൊപ്പമുള്ള രംഗത്ത് ശരിക്കും കരയുകയായിരുന്നു. ആ സീന്‍ എങ്ങനെ ചെയ്യണമെന്ന് ജിയോയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. പക്ഷേ എല്ലാ സങ്കടങ്ങളും അണപൊട്ടിയൊഴുകിയ അദ്ദേഹത്തിന്റെ കഥാപാത്രം അത്രമേല്‍ ഗാഢമായി കെട്ടിപ്പിടക്കുമെന്ന് കരുതിയില്ല. ചാച്ചന്‍ അത്രമേല്‍ എന്നെ ബാധിച്ചിരുന്നതിനാല്‍ ഞാനാകെ വിറയ്ക്കുകയായിരുന്നു. സിനിമ വന്നതിനു ശേഷമാണ് അദ്ദേഹത്തിന്റെ അന്നേരത്തെ വോയ്‌സ് മോഡുലേഷന്റെ ആഴമറിഞ്ഞത്. എത്ര മനോഹരമായാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയതെന്ന് എനിക്കു മനസ്സിലായത്.
മമ്മൂക്ക ആ സീനിൽ റിയാക്ട് ചെയ്യും എന്നു മാത്രമാണ് എന്നോടു പറഞ്ഞിട്ടുള്ളത്. എന്തുതരം റിയാക്‌ഷനാണെന്ന് പറഞ്ഞിരുന്നില്ല. സാധാരണ മമ്മൂട്ടി വിസ്മയിപ്പിച്ചു എന്നാണ് പറയുക, പക്ഷേ ഇവിടെ എന്നെ വിഭ്രമിപ്പിക്കുകയായിരുന്നു.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...
സിനിമ പുറത്തിറങ്ങി അന്നുമുതല്‍ ഒരുപാട് കോളുകള്‍ ആണ് വരുന്നത് അതുപോലെ ഒരുപാട് ലേഖനങ്ങളിലും ചാച്ചന്‍ എന്ന കഥാപാത്രത്തെ പരാമര്‍ശിച്ചു കണ്ടു. ഒത്തിരി സന്തോഷം തോന്നി നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു കാര്യം ചെയ്യുകയും അതിനെ പ്രതീക്ഷിക്കാത്ത ഒരു റിസള്‍ട്ട് ഉണ്ടാവുകയും ചെയ്യുന്നത്. കുറെ പേരെന്താ ചോദിച്ചു ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന് ഒരു സിനിമയില്‍ മോഹന്‍ലാലിന്റെ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഇല്ലേ ‘‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’’ എന്ന്. അതുപോലെ തന്നെയാണ് എന്റെ കാര്യത്തിലും. ഒരിക്കല്‍ ഒരു തിയറ്ററില്‍ പോയപ്പോള്‍ കുറേ കോളജ് കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ ബാല്‍ക്കണിയിലിരുന്ന എന്നെ നോക്കി ചാച്ചാ എന്നു വിളിച്ചു. ഞാന്‍ അതിശയിച്ചു. അന്ന് മനസ്സിലായി സിനിമ ഏത് റേഞ്ചില്‍ പോയി എന്ന്.
അനുഭവങ്ങളാണ് എല്ലാം
എന്നെ പരുവപ്പെടുത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയവും സംഘടനപ്രവര്‍ത്തനങ്ങളുമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ജോയിന്റ് റജിസ്റ്റാര്‍ ആയാണ് ഞാന്‍ രാജിവച്ചത്. പിഎസ്സി അംഗമായിരുന്നു. നാല്‍പത് വര്‍ഷത്തോളമായി ജീവനക്കാരുടേതുള്‍പ്പെടെയുള്ള സംഘടന പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. സംഘടനയും രാഷ്ട്രീയവും സമ്മാനിച്ച വലിയൊരു സൗഹൃദ വലയങ്ങളുണ്ട്. ബന്ധങ്ങളും. അവരുടെയൊക്കെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെയൊരു കോണില്‍കൂടി ഞാനും കടന്നുപോയി. ആ അനുഭവങ്ങള്‍ ധാരാളമായിരുന്നു സിനിമയില്‍ അഭിനയിക്കാന്‍. ചാച്ചന്‍ ആ ആളുകളുടെ മനസ്സില്‍ എത്ര വിങ്ങലുണ്ടാക്കിയോ, അതെന്റെ മനസ്സിലുമുണ്ട് ഇപ്പോഴും. എന്റെ പ്രായവും എഴുപതുകളിലാണ്. എനിക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ ആ അപ്പന്റെ മനസ്സ്. എല്ലാ അഭിനേതാക്കാളും അവരവരുടെ സീന്‍ കഴിഞ്ഞ ശേഷം പോയി മോണിറ്ററില്‍ നോക്കും. ഞാന്‍ നോക്കിയിരുന്നില്ല. കാരണം നമ്മുടെ മനസ്സില്‍ സിനിമ ഇങ്ങനെയൊന്നുമല്ലല്ലോ. എനിക്ക് അതിന്റെ ഒരു സാങ്കേതികവശവും അറിയില്ലല്ലോ. അതുകൊണ്ട് എന്നോട് കാണണോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു.
ചാച്ചാ എന്ന വിളി
തിയറ്ററിലും തിയറ്ററുകളിലേക്കുമാണ് എന്റെ ഓരോ ദിവസവും കടന്നുപോകുന്നത്. ഒരു തിയറ്ററില്‍ ചെയ്യുന്ന സമയത്ത് അവിടെ കുറെ കോളജ് കുട്ടികള്‍ വന്നിരുന്നു. അവര്‍ താഴെ ഇരുന്ന് ചാച്ചാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ എന്ന വിളി പോലെയാണല്ലോ ചാച്ചനും, അത് കേള്‍ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭവമാണ്. ആ കഥാപാത്രത്തെ അത്രമാത്രം ഉള്‍ക്കൊണ്ടു എന്നതുകൊണ്ടാണല്ലോ അവരെന്നെ അങ്ങനെ വിളിക്കുന്നത്.
സിനിമ സിനിമയാകണ്ടേ..
സിനിമയ്ക്ക് സിനിമയുടേതായ ഭാഷയും അതിന്റേതായ ചേരുവകളും ഉണ്ടല്ലോ. അതൊന്നുമില്ലാതിരുന്നാല്‍ ഒരു നാടകമോ ഒരു ഡോക്യുമെന്ററിയോ ആയിപ്പോകും സിനിമ. അതുകൊണ്ടു തന്നെ ഈ സിനിമയിലും അങ്ങനെ കുറെ എലമെന്റുകള്‍ വന്നിട്ടുണ്ട.് അങ്ങനെ വന്നാലേ പ്രേക്ഷകര്‍ക്ക് അത് കണ്ടിരിക്കാനാകുകയുള്ളൂ. മലയാളം സിനിമ ഇതുവരെ കൈകാര്യം ചെയതിട്ടില്ലാത്ത ഒരു സബ്ജക്ട് എടുക്കാന്‍ ധൈര്യപ്പെട്ടതിനാണ് സംവിധായകന് ആദ്യം കയ്യടി നല്‍കേണ്ടത്. പോരായ്മകളില്ലാത് ഒരു സൃഷ്ടിയും ഈ ഭൂമുഖത്ത് ഇല്ലല്ലോ. എന്തുതന്നെയാണെങ്കിലും എനിക്ക് ഒന്നുറപ്പാണ് ഈ സിനിമ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കും അവരോടുള്ള നമ്മുടെ സമൂഹത്തിന്റെ സമീപനത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്ന്. സ്വന്തം സ്വത്വം വെളിപ്പെടുത്താതെ ജീവിക്കേണ്ടി വരുന്ന നിസഹായരായ മനുഷ്യരോട് വലിയ രീതിയില്‍ സിനിമ ഐക്യപ്പെടുന്നുണ്ട്്. അതല്ലേ വലിയ കാര്യം.
എന്റെ പേര് ഞാന്‍ തന്നെ മറന്നു
എല്ലാവരും എന്റെ പേര് പറയുന്നത് പണിക്കര്‍ എന്നാണ്...പണിക്കര്‍ സാറേ, ചേട്ടാ, അങ്കിളേ എന്നൊക്കെ. ശരിക്കും ശരത് ചന്ദ്ര പണിക്കര്‍ എന്നാണ് പേര്. ശരിക്കുള്ള പേര് ഞാന്‍ തന്നെ മറന്നു. ഭാര്യ ജിനചന്ദ്രികയും സര്‍വകലാശാല ജീവനക്കാരിയായിരുന്നു. രണ്ട് ആണ്‍മക്കളും ഒരു മകളുമാണെനിക്ക്. നല്ല സമയമൊക്കെ രാഷ്ട്രീയവും സംഘടനയും ആയി നടന്നോണ്ട് ആണ്‍മക്കളും ഞാനും സിനിമയിലും മാത്യുവിനെയും ചാച്ചനെയും പോലെയാണ്. വലിയ മിണ്ടാട്ടമില്ല. പക്ഷേ മകളുമായി നല്ല വര്‍ത്തമാനമാണ്. അവള്‍ സാധാരണയായി എന്നെ അങ്ങനെ അഭിനന്ദിക്കുന്ന ആളല്ല. പക്ഷേ സിനിമയിലെ അഭിനയത്തെ കുറിച്ച്...അച്ഛാ നന്നായി ചെയ്തു എന്നു പറഞ്ഞു. വീട്ടിലെല്ലാവരും സിനിമ കാണുന്നേയുള്ളൂ. മൂത്ത മകന്റെ ഭാര്യ ബെംഗളൂരു സ്വദേശിയാണ്. മലയാളം കേട്ടാല്‍ മനസ്സിലാകും. അവള്‍ക്കും സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയിലെ ഓമനയെ പോലെ എന്നോട് വര്‍ത്തമാനം പറയുന്ന ആളാണ് ആ കുട്ടിയും. ചുരുക്കി പറഞ്ഞാല്‍ ഈ സിനിമയില്‍ ഞാന്‍ ശരിക്കും അച്ഛന്റെ മനസ്സോടെയാണ് അഭിനയിച്ചത്.