‘ഈച്ച’യിൽ ഞാൻ ആകെ ഉളളത് 40 മിനിറ്റ്: നാനി അഭിമുഖം
Mail This Article
‘ഈച്ച’ എന്ന സിനിമയിലൂടെയാവും നാനി എന്ന നടനെ മലയാളിൽ അത്രയേറെ സ്നേഹിക്കാൻ തുടങ്ങിയത്. തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായകന്മാരിൽ ഒരാളായി മാറാൻ നാനിക്കു കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയികവു കൊണ്ടു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നാനി എന്ന അഭിനേതാവിന്റെ പുതിയ ചിത്രമാണ് ഹായ് നാന. ചിത്രത്തിന്റെ വിശേഷങ്ങളും വിവാഹജീവിതവും കുടുംബത്തെയുംപറ്റിയും നാനി മനോരമ ഓൺലെനിനോട് സംസാരിക്കുന്നു.
മാറ്റങ്ങളാണ് എനിക്ക് ഇഷ്ടം
ഞാനും പ്രേക്ഷകരെപ്പോരെയാണ്. ഒരേ സിനിമ ആയിരിക്കില്ലല്ലോ അവർ വീണ്ടും വീണ്ടും കാണുന്നത്. അതുപോലെ ഒരു അഭിനേതാവെന്ന നിലയിൽ ഞാനും മാറ്റങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. ഓരോ വ്യത്യസ്ത സിനിമയിലും എന്നെത്തന്നെ ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ അച്ഛൻ ആയിട്ടും സ്ക്രീനിൽ അച്ഛൻ കഥാപാത്രങ്ങൾ എനിക്കൊപ്പമുള്ള പല നടന്മാരും ചെയ്യുന്നില്ല. പ്രായം കൊണ്ട് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ തീർച്ചയായും അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റിനും വലിയ പ്രാധാന്യമുണ്ട്.
കരിയറിൽ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യാൻ കഴിയുന്നത് ഏതൊരു ആക്ടറിന്റെയും സ്വപ്നം കൂടിയാണ്. എനിക്ക് ഇത്തരം വേഷങ്ങൾ തരുന്ന ഡയറക്ടേഴ്സിനും ഏത് സിനിമ ചെയ്താലും ഒപ്പം നിൽക്കുന്ന പ്രേക്ഷകർക്കുമാണ് ഞാൻ നന്ദി പറയേണ്ടത്. ചെയ്ത കാര്യങ്ങൾ വീണ്ടും ചെയ്യുന്നത് ഒരാൾക്ക് കംഫർട്ടബിൾ ആയിരിക്കും എനിക്ക് അത് അങ്ങനെയല്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു പോകുമ്പോഴാണ് എനിക്ക് കംഫർട്ടബിൾ ആകുന്നത്.
സിനിമയിൽ ശബ്ദം കൊടുത്തത് ദുൽഖറിന്
അഭിനയത്തിനു മാത്രമല്ല ശബ്ദത്തിനും പ്രാധാന്യമുണ്ട്. ഒരു അഭിനേതാവ് ഡബ്ബ് ചെയ്യുമ്പോഴും ഡബ്ബിങ് ആർടിസ്റ്റ് ഡബ്ബ് ചെയ്യുമ്പോഴും വലിയ വ്യത്യാസമുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ ആ കഥാപാത്രം എന്തായിരുന്നെന്നും കഥാപാത്രത്തിന്റെ വികാരങ്ങൾ എന്താണെന്നും നമുക്ക് മനസ്സിലാകും. ഒാക്കെ കൺമണി എന്ന മണിരത്നം ചിത്രത്തിന്റെ തെലുങ്കു വേർഷനായ ഓക്കെ ബങ്കാരത്തിൽ ദുൽഖർ സൽമാന് ശബ്ദം നൽകിയത് ഞാനാണ്. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. മണിരത്നം സാറിന്റെ വലിയ ആരാധകന്‍ കൂടിയാണ് ഞാൻ.
17 വർഷത്തെ പ്രണയജീവിതം
ഞാനും ഭാര്യയും വിവാഹിതരായിട്ട് 11 വർഷമായി. എന്നാൽ അതിനും മുൻപ് 5 വർഷത്തിൽ അധികം ഞങ്ങൾ പ്രണയത്തിലായിരുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ ഏകദേശം 17 വർഷത്തോളമായി ഞങ്ങൾ ഒരുമിച്ചാണ്. എല്ലാവരുടെ ലൈഫിലും ഒരു പങ്കാളി വേണമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ പലർക്കും പല താൽപര്യങ്ങളാണ്. ചിലർക്ക് പങ്കാളി വേണമെന്നുണ്ടാവില്ല. ഒറ്റയ്ക്കായിരിക്കാനാവും ഇഷ്ടം. അതും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ ഒരുമിച്ച് സഞ്ചരിക്കാനും ഒപ്പമുണ്ടാവാനും ഒരു കൂട്ട് ഉള്ളത് മനോഹരമാണ്.
ഇൻഫ്ലുവൻസ് ചെയ്യാൻ ശ്രമിക്കണ്ട, കണ്ട് പഠിച്ചോളും
മകനെ ഓർത്ത് ഞാൻ ഒരുപാട് ടെൻഷനടിക്കാറില്ല. കുട്ടികളെ ആദ്യമായി സ്വാധീനിക്കാൻ കഴിയുന്നത് വീട്ടിൽ നിന്നു തന്നെയാണ്. അവിടെ നമ്മൾ തോൽക്കുകയാണെങ്കിൽ കുട്ടികളെ സ്വാധീനിക്കാൻ ലോകത്തിനു എളുപ്പമാകും. കുട്ടികളെ ഇൻഫ്ലുവൻസ് ചെയ്യാൻ മനഃപൂർവം ശ്രമിക്കേണ്ടതില്ല. നിങ്ങൾ നല്ല വ്യക്തികളായിരുന്നാൽ മതി. കുട്ടികൾ എങ്ങനെ ആയിത്തീരണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, സ്വന്തം ജീവിതത്തില്‍ നിങ്ങൾ അങ്ങനെ ആവുക. കുട്ടികൾ അത് കണ്ട് പഠിച്ചോളും. അതുകൊണ്ടു തന്നെ മകന്റെ കാര്യത്തിൽ മനഃപൂർവം ഒരു ശ്രമങ്ങളും നടത്താറില്ല. പിന്നെ അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോഴും, ആരെയൊക്കെയാണ് അവർ കണ്ടുമുട്ടുന്നതെന്നോർത്തും ടിവി കാണുമ്പോൾ പ്രായത്തിനു ചേർന്നതല്ലാത്ത കാര്യങ്ങൾ കാണുന്നുണ്ടോ എന്നുമൊക്കെയുള്ള ഭയം എപ്പോഴും ഉണ്ടാകും.
കറക്ട് സമയത്ത് രാജമൗലി സാർ എന്നെ കൊന്നു
ആകെ 40 മിനിറ്റ് മാത്രമാണ് ഈച്ച എന്ന സിനിമയിൽ അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയിലെ പെർഫോമൻസിന്റെ പേരിൽ അഭിനന്ദനങ്ങൾ കിട്ടാറുണ്ട്. വളരെ കുറച്ചേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ സിനിമയുടെ പേരിൽ എനിക്ക് ഒരുപാട് ക്രെഡിറ്റ് കിട്ടുന്നുവെന്ന് ഞാൻ രാജമൗലി സാറിനോടും പറഞ്ഞിരുന്നു. പലരും ചോദിച്ചു, ആ സിനിമയിൽ കുറച്ചു നേരം കൂടി അഭിനയിക്കാൻ വേണമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ എന്ന്. ഒരിക്കലുമില്ല. ഞാൻ ആ സിനിമയിൽ ഫുൾ ഉണ്ടായിരുന്നെങ്കിൽ ആരു കാണാനാണ്? ഈച്ചയെപ്പറ്റിയാണ് സിനിമ. ആൾക്കാർക്ക് അതിനെ കാത്തിരിക്കേണ്ടി വരരുത്. അതുകൊണ്ട് കൃത്യ സമയത്താണ് രാജമൗലി സാർ എന്നെ കൊന്നത്. ആർആർആർ, ബാഹുബലി എന്നീ സിനിമയ്ക്കു ശേഷമാണ് ‘ഈച്ച’ എന്ന ചിത്രം ചെയ്തിരുന്നതെങ്കിൽ വേറൊരു തലത്തിലേക്ക് ആ സിനിമ എത്തിയേനെ.
മലയാളി കണക്‌ഷന്‍സ്
എപ്പോഴും ഞാൻ മലയാളികൾക്കൊപ്പം വർക്ക് ചെയ്യാറുണ്ട്. ഹായ് നാന എന്ന ഈ ചിത്രത്തിൽ ജയറാം, സംഗീത സംവിധായകൻ ഹിഷാം, ക്യാമറാമാൻ സനു ജോൺ വർഗീസ് എന്നിവരുമുണ്ട്. നിത്യ, നസ്രിയ തുടങ്ങി ഒരുപാട് മലയാളികൾക്കൊപ്പം സിനിമയിൽ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികളോടും മലയാള സിനിമയോടും വളരെ അടുത്ത ബന്ധമാണ്. കോവിഡ് കാലത്ത് ഒരുപാട് മലയാള സിനിമകള്‍ കണ്ടിരുന്നു. ഇതുപോലെ ആകണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. മലയാളം സിനിമയിൽനിന്നും എല്ലാവർക്കും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട്. അത്ര മികച്ച വർക്കുകളാണ് ഈ ഇൻഡസ്ട്രിയിൽ നിന്നും വരുന്നത്. അതുകൊണ്ടുതന്നെ മലയാളികളുടെ സ്നേഹം എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുന്നത് പോലെയാണ്.