പുലിമുരുകനും ബാന്ദ്രയും മുതൽ കാഥികൻ വരെ: ഷാജി കുമാർ അഭിമുഖം
Mail This Article
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഒരുകാലത്ത് വേദികൾ കയ്യടക്കിയിരുന്ന കലാകാരന്മാരാണ് കാഥികർ. ഗംഭീര കഥപറച്ചിലിലൂടെ മലയാളികളുടെ ഹൃദയത്തെ സ്പർശിച്ച വി.സാംബശിവനും നമ്മെ കുടുകുടെ ചിരിപ്പിച്ച വി.ഡി. രാജപ്പനും അടക്കമുള്ള അനുഗൃഹീത കാഥികരുടെ പിന്മുറക്കാർ ഇപ്പോൾ നിത്യവൃത്തിക്കായി മറ്റു ജോലികൾ ചെയ്യുകയാണ്. അന്യം നിന്നുപോയ കഥാപ്രസംഗം എന്ന കലയുടെയും കാഥികരുടെയും ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ജയരാജ് ഒരുക്കുന്ന കാഥികൻ എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാറാണ്.
പുരസ്‌കാരങ്ങൾക്ക് അർഹമായ നിരവധി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഷാജി കുമാർ പേരും പ്രശസ്തിയും നേടിയിട്ടും പിന്നിട്ട വഴികൾ മറന്നിട്ടില്ല. വലുപ്പച്ചെറുപ്പമില്ലാതെ, തന്നെ സമീപിക്കുന്ന നല്ല ചിത്രങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഈ ക്യാമറാമാൻ പറയുന്നത് ഒരു സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദി സംവിധായകനോ പ്രധാന നടനോ മാത്രമല്ല, ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നാണ്.
സിനിമയെ വിമർശിക്കാൻ ആർക്കും അവകാശമുണ്ടെന്നും എന്നാൽ മനഃപൂർവം സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ലെന്നും ഷാജി കുമാർ പറയുന്നു. പുലിമുരുകൻ, രാമലീല, ഒടിയൻ, മധുരരാജ, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര തുടങ്ങിയ വൻ കച്ചവട സിനിമകളിലും കലാമൂല്യമുള്ള നിരവധി സിനിമകളിലും ക്യാമറാമാൻ ആയി പ്രവർത്തിച്ച ഷാജി കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത് ജയരാജിന്റെ കാഥികൻ, പെരുംകളിയാട്ടം തുടങ്ങിയവയാണ്. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും പിന്നിട്ട നാൾവഴികളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് ഷാജി കുമാർ മനോരമ ഓൺലൈനിൽ എത്തുന്നു.
വേദികൾ നഷ്ടപ്പെട്ട കാഥികരുടെ കഥ
ജയരാജ് സാറിന്റെ രണ്ടു സിനിമകൾ ആണ് അടുത്തടുത്ത് ചെയ്തത്, കാഥികനും പെരുങ്കളിയാട്ടവും. വേദിയിൽനിന്ന് നിഷ്കാസിതരായ കഥാപ്രസംഗ കലാകാരന്മാരുടെ കഥയാണ് കാഥികൻ. ഡിസംബർ എട്ടിനു റിലീസ് ആണ്. അത് വളരെ കുറച്ചു ദിവസം കൊണ്ട് ചെയ്തു തീർത്ത ചിത്രമാണ്. കേരളത്തിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന പേരുകേട്ട കാഥികന്മാരുണ്ടായിരുന്നു. ഇപ്പോൾ അവരെയാരെയും കാണുന്നില്ല.
കഥാപ്രസംഗം യുവജനോത്സവങ്ങളിലെ മത്സരയിനമായി ഒതുങ്ങിപ്പോയി ഇപ്പോൾ. ഒരിക്കൽ വേദിയിൽ നിറഞ്ഞു നിന്നിരുന്ന ഈ താരങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നൊരു അന്വേഷണമാണ് ഈ സിനിമ. കഥ പറഞ്ഞുകൊണ്ടിരുന്നവർ ഇപ്പോൾ ജീവിക്കാൻ വേണ്ടി മറ്റു ജോലികൾ ചെയ്യേണ്ട അവസ്ഥയാണ്. അവരുടെ വേദനയാണ് ഈ സിനിമ പറയുന്നത്. മുകേഷ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന താരങ്ങൾ. പ്രശസ്തനായ കാഥികനായി മുകേഷ് അഭിനയിക്കുന്നു.
ജയരാജ് ആദ്യം വിളിച്ചപ്പോൾ പോകാൻ കഴിഞ്ഞില്ല
ഞാൻ പണ്ട് അസിസ്റ്റന്റായി പ്രവർത്തിക്കുമ്പോൾ ജയരാജ് സാറിനെ പരിചയപ്പെട്ടിട്ടുണ്ട്. പിന്നീട് സ്വതന്ത്രമായി സിനിമകൾ ചെയ്തു തുടങ്ങിയപ്പോൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു. ജയരാജ് സർ എന്നെ ആദ്യമായി വിളിച്ചപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. രണ്ടാമത്തെ പ്രാവശ്യം വിളിച്ചപ്പോഴാണ് എനിക്ക് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത്. അന്ന് ഞാൻ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം കഴിഞ്ഞിട്ടുള്ള ഇടവേളയിൽ ആയിരുന്നു. കഥ കേട്ടപ്പോൾത്തന്നെ ഒരുപാടിഷ്ടമായി. സാംബശിവൻ എന്ന പ്രശസ്തനായ കാഥികനെ കേട്ടുവളർന്ന എനിക്ക് കാഥികരുടെ കഥയാണ് അദ്ദേഹം ചെയ്യാൻ പോകുന്നതെന്നറിഞ്ഞപ്പോൾ ഏറെ താൽപര്യം തോന്നി.
ഓരോ സിനിമയും ഒരു പഠനക്കളരി
ഒരുപാട് ആളുകളുള്ള സെറ്റിൽനിന്ന് വളരെ കുറച്ച് ആളുകൾ മാത്രമുള്ള സെറ്റിലേക്കാണ് ഞാൻ എത്തിയത്. എനിക്ക് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും അദ്ദേഹത്തിന്റെ സെറ്റിൽ കഴിഞ്ഞു. ഒരു ക്യാമറാമാൻ ഏതു തരം സിനിമകളും ചെയ്യണമല്ലോ അല്ലാതെ നമുക്ക് ഇഷ്ടമുള്ളതേ ചെയ്യൂ എന്ന് പറയാൻ പറ്റില്ല. വലിയ ബജറ്റ് ഉള്ള സിനിമകളും വളരെ ചെറിയ മുതൽ മുടക്കുള്ള സിനിമകളും ചെയ്യണം. ഞാൻ എല്ലാ കാലത്തും പുതിയ സംവിധായകരുടെയും ചെറിയ സിനിമകളുടെയും കൂടെ നിന്നിട്ടുണ്ട്. സൗകര്യങ്ങൾ കുറവാണെന്നോ പുതിയ ആൾക്കാരാണെന്നോ ഞാൻ നോക്കില്ല. ഏതു സിനിമയാണോ ആദ്യം ഏറ്റെടുക്കുന്നത് അത് പൂർത്തിയാകുന്നതുവരെ അവരുടെ കൂടെത്തന്നെ നിൽക്കും.
വലുപ്പച്ചെറുപ്പം നോക്കാതെ സിനിമകൾ തിരഞ്ഞെടുക്കും
ജയരാജ് സാറിന്റെ തന്നെ പെരുങ്കളിയാട്ടത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞു. അത് കളിയാട്ടം എന്ന കലാരൂപവുമായി ബന്ധപ്പെട്ടതാണ്. ബാന്ദ്ര റിലീസ് ചെയ്തു, അത് പൂർണമായും ഒരു കമേഴ്‌സ്യൽ സിനിമയാണ്. പത്തൊൻപതാം നൂറ്റാണ്ട് ചെയ്‌തു കഴിഞ്ഞാണ് കാഥികൻ ചെയ്‌തത്. അവിടെനിന്ന് നേരെ പോകുന്നത് ബാന്ദ്രയിലേക്കാണ്. ബാന്ദ്ര കഴിഞ്ഞിട്ടാണ് പെരുങ്കളിയാട്ടം വരുന്നത്. അതുകഴിഞ്ഞു ചെയ്തത് നാദിർഷ സംവിധാനം ചെയ്യുന്ന പ്രോജക്ടാണ്.
ഇങ്ങനെ പല ഴോണറിലും തരത്തിലുമുള്ള സിനിമകളാണ് ഞാൻ ചെയ്യുന്നത്. പല തരം സംവിധായകരോടൊപ്പം ജോലി ചെയ്ത് ആര്‍ജിച്ചെടുക്കുന്ന കഴിവാണ് നമ്മുടേത്. അല്ലാതെ പെട്ടെന്നൊരുനാൾ പൊട്ടിമുളച്ചതല്ലല്ലോ. വന്ന വഴി മറക്കുന്ന ആളല്ല ഞാൻ. പഴയ ആൾക്കാരിൽനിന്നും പുതിയവരിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്. പലതരം സിനിമകൾ എന്നെ തേടി വരുന്നത് ദൈവാധീനമാണ്. നമ്മൾ 100 ശതമാനം ആത്മാർഥതയോടെ ജോലി ചെയ്യുകയാണ് വേണ്ടത്.
വിജയിച്ചാലും പരാജയപ്പെട്ടാലും സിനിമയ്ക്കൊപ്പം
ഒരു സിനിമയുടെ വിജയവും പരാജയവും അതിൽ പ്രവർത്തിച്ചവർക്കെല്ലാം ബാധകമാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിൽ പ്രവർത്തിച്ച എനിക്കും ആ തോൽവിയുടെ ബാധ്യത ഉണ്ട്. ഒരു മോശം അവസ്ഥ വന്നാൽ അത് ഇന്ന ആളിന്റെ കുഴപ്പം കൊണ്ടാണു സംഭവിച്ചതെന്ന് ഞാൻ പറയില്ല. സിനിമ പരാജയപ്പെടുമ്പോൾ നിർമാതാവിനുണ്ടാകുന്ന പ്രയാസം കുറെയേറെ നാൾ എന്റെയുള്ളിൽ ഒരു നീറ്റലായി ഉണ്ടാകും.
പ്രേക്ഷകന് ഏതാണ് ഇഷ്ടപ്പെടുന്നത്, ഏതാണ് ഇഷ്ടപ്പെടാത്തത് എന്നൊന്നും നമുക്ക് പ്രവചിക്കാൻ പറ്റില്ല. തിയറ്ററിൽ പടം വരുമ്പോൾ അവരുടെ പ്രതികരണം കണ്ടു മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഏതു സിനിമയാണെങ്കിലും കണ്ടിട്ട് അഭിപ്രായം പറയാൻ പ്രേക്ഷകന് അവകാശമുണ്ട്. നമ്മൾ എന്തു വാങ്ങിയാലും അത് നല്ലതല്ലെങ്കിൽ നമ്മൾ മിണ്ടാതിരിക്കില്ലല്ലോ.
വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ ഒരു സിനിമ വേറൊരാൾ കാണരുത് എന്നു പറയാൻ പാടില്ല. ഓരോരുത്തരും സിനിമ കണ്ടു തീരുമാനിക്കട്ടെ. അല്ലാതെ നിങ്ങൾ ഇത് കാണരുത് എന്ന് പറയാൻ ആർക്കും അധികാരമില്ല. ഓരോ തലമുറ വരുമ്പോഴും അവരുടെ അഭിരുചി വ്യത്യസ്തമായിരിക്കും. ഞാൻ ഒരു സിനിമ കാണുന്നതുപോലെ ആയിരിക്കില്ല എന്റെ കുട്ടികൾ കാണുന്നത്. അവരുടെ കാഴ്ചപ്പാട് വേറെ ആയിരിക്കും. അത് നമ്മൾ തിരിച്ചറിയണം. വിമർശനങ്ങൾ കേട്ട് തിരുത്തി മെച്ചപ്പെടുത്തി മുന്നോട്ടു പോവുകയാണ് നമ്മൾ ചെയ്യേണ്ടത്.