‘അപ്പനി’ലെ കുര്യാക്കോ; ജിഗർതാണ്ടയിലെ ആ മലയാളി നടൻ; അഷ്റഫ് മല്ലിശ്ശേരി അഭിമുഖം
Mail This Article
ജിഗർതാണ്ട ഡബിൾ എക്സ് റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ തിരഞ്ഞുപോയൊരു മുഖമാണ് രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ട നടന്റേത്. ആ അന്വേഷണം ചെന്നു നിന്നത് അഷ്റഫ് മല്ലിശ്ശേരി എന്ന നടനിലാണ്. കമ്മട്ടിപ്പാടത്തിലെ കെ.ഡി ജോസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ അഷറഫ് ഇപ്പോൾ തമിഴകത്തെ വിറപ്പിക്കുന്ന വില്ലനാണ്. റോക്കി, സാനികയിതം, തിരുവിൻ കുറൽ എന്നിങ്ങനെ തമിഴിൽ അഷറഫ് അഭിനയിച്ചു കയ്യടി നേടിയ ചിത്രങ്ങൾ അനവധി. മലയാളത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത അപ്പനിൽ, ക്ലൈമാക്സ് രംഗത്തിലെ മാസ് സീക്വൻസ് മാത്രം മതി അഷറഫ് എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ! കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതാണ്ട ഡബിൾ എക്സിൽ പക്ഷേ, പ്രേക്ഷകർ ഇതുവരെ കണ്ട അഷറഫ് അല്ല. പ്രേക്ഷകരുടെ നെഞ്ചിനുള്ളിൽ തുളച്ചു കയറുന്ന ഇമോഷനൽ പ്രകടനത്തോടെ അഭിനയത്തിന്റെ കരിയർ ഗ്രാഫ് ഉയർത്തുകയാണ് അഷ്റഫ് മല്ലിശ്ശേരി.
"സിനിമയിൽ ലഭിക്കുന്ന വേഷം ഒരു മിനിറ്റോ രണ്ടു മിനിറ്റോ ആകട്ടെ, അതു കൃത്യമായി ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ തേടി അവസരങ്ങൾ വരും," അഷ്റഫ് മല്ലിശ്ശേരിയുടെ വാക്കുകളിലുണ്ട് അനുഭവത്തിന്റെ തെളിച്ചം. ജിഗർതാണ്ട ഡബിൾ എക്സിനെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും മനസു തുറന്ന് അഷ്റഫ് മല്ലിശ്ശേരി മനോരമ ഓൺലൈനിൽ.
രാജീവ് രവി എന്നെ വില്ലനാക്കി
കമ്മട്ടിപ്പാടത്തിലെ കെ.ഡി ജോസ എന്ന കഥാപാത്രം ചെയ്തു നേരെ ചെന്നൈയിലേക്ക് വണ്ടി കയറിയ ഞാൻ പത്തിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ ഭൂരിഭാഗം വേഷങ്ങളും അസൽ വില്ലൻ വേഷങ്ങളായിരുന്നു. നാടകമാണ് ഞാൻ ചെയ്തു തുടങ്ങിയത്. പക്ഷേ, അതിലൊന്നും വില്ലൻ വേഷങ്ങളായിരുന്നില്ല. രാജീവ് രവി സാറാണ് എന്നെ പിടിച്ച് വില്ലനാക്കിയത്. അതിനു ശേഷം വന്നതെല്ലാം വില്ലൻ വേഷങ്ങളായി. എന്റെ ഈ വില്ലൻ വേഷങ്ങൾ കണ്ടിട്ടാണ് കാർത്തിക് സുബ്ബരാജ് എന്നെ ജിഗർതണ്ട ഡബിൾ എക്സിലേക്ക് വിളിക്കുന്നത്. അല്ലിയസ് സീസറിന്റെ അച്ഛന്റെ വേഷം ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെട്ടു.
ജിഗർതാണ്ടയിലേക്കുള്ള വിളി
ക്വട്ടേഷൻ ഗ്യാങ് എന്ന സിനിമയിൽ അഭിനയിക്കാൻ ഞാൻ ചെന്നൈയിലുള്ള സമയത്താണ് എനിക്ക് കാർത്തിക് സാറിന്റെ ഓഫിസിൽ നിന്നു വിളി വരുന്നത്. ഞാൻ അവരുടെ ഓഫിസിൽ പോയി. ആദ്യം അസോസ്യേറ്റ് ഡയറക്ടർ എന്നോടൊരു ഫേക്ക് കഥയാണ് പറഞ്ഞത്. എന്നോടു ചില ഭാഗങ്ങൾ ചെയ്തു കാണിക്കാൻ പറഞ്ഞു. അവർ അതു വിഡിയോ എടുക്കുകയും ചെയ്തു. പിന്നീട് എന്നെ വിളിച്ച് ആ റോൾ ഉറപ്പിച്ചെന്നു പറയുകയായിരുന്നു. അതിനുശേഷമാണ് ഞാൻ കാർത്തിക് സാറിനെ നേരിൽ കാണുന്നത്. ഈ സിനിമയുടെ ഒറിജനൽ കഥ എന്നോടു കാർത്തിക് സാറാണ് പറയുന്നത്.
ഗ്രാഫിക്സ് അല്ല, ആന ഒറിജിനൽ
ആനയുമായുള്ള സീക്വൻസ് ഒറിജിനലാണ്. അതിൽ ഗ്രാഫിക്സ് ഇല്ല. പാലക്കാട് മലമ്പുഴ ഡാമിന്റെ സൈഡിലാണ് ഷൂട്ട് ചെയ്തത്. ആദ്യം മലേഷ്യയിൽ ഷൂട്ട് ചെയ്യാൻ ആയിരുന്നു തീരുമാനം. പിന്നീട് മാറ്റി. കുറെ ഭാഗങ്ങൾ കൊടൈക്കനാലിൽ ഷൂട്ട് ചെയ്തു. ആനയുമായുള്ള രംഗങ്ങൾ മലമ്പുഴയിലും ചിത്രീകരിച്ചു. ലത എന്നായിരുന്നു ആനയുടെ പേര്. എന്നോട് കാർത്തിക് സർ പറഞ്ഞു, ലതയുമായി ഒന്നു പരിചയപ്പെട്ടിരിക്കൂ എന്ന്. ലത എന്നു പറഞ്ഞപ്പോൾ എനിക്കാദ്യം മനസിലായില്ല. പിന്നെയാണ്, ആനയാണെന്നു തിരിച്ചറിയുന്നത്. ഞാൻ പോയി പാപ്പാനോടു സംസാരിച്ചു. അവിടെ, പൈനാപ്പിൾ ചെത്തി ഒരു വലിയ പാത്രത്തിൽ വച്ചിരുന്നു. എന്നോട് അതിലെന്റെ കൈ കുഴയ്ക്കാൻ പറഞ്ഞു. പൈനാപ്പിൾ വാരിയെടുത്ത് ആനയ്ക്കും കുറച്ചു കൊടുത്തു. ആനയുമായി ബന്ധമുണ്ടാക്കാൻ വേറെന്തു ചെയ്യുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. ഇതല്ല കളി എന്നു മനസു പറഞ്ഞുകൊണ്ടിരുന്നു.
ടേക്ക് പോയപ്പോൾ വന്ന ആവേശം
എന്റെ ആലോചന കണ്ടപ്പോൾ പാപ്പാൻ പറഞ്ഞു, പത്തു മിനിറ്റ് ആനയുടെ കണ്ണിൽ തന്നെ നോക്കി നിൽക്കാൻ! കണ്ണു പിൻവലിക്കരുത്. ആന എന്നെ മാത്രമായിരിക്കും നോക്കുന്നതെന്ന് പാപ്പാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ശരിയാ! ആനയുമായി കണ്ണു കൊരുത്തു കഴിഞ്ഞപ്പോൾ ഞാനെങ്ങോട്ടു മാറിയാലും ആനയുടെ കണ്ണുകൾ എന്നെ പിന്തുടർന്നു. അങ്ങനെ സീൻ ചെയ്യാൻ തുടങ്ങി. റിഹേഴ്സലിൽ ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല. അവർ പറഞ്ഞത് അതുപോലെ ചെയ്തു. പക്ഷേ, ടേക്ക് പോയപ്പോൾ ഒരു നടന്റെ ആവേശം എന്നിലേക്കു വന്നു. ഞാൻ ആനയെ വട്ടം വാരിപ്പിടിച്ചു. പിന്നെ എല്ലാം അങ്ങനെ സംഭവിക്കുകയായിരുന്നു. അതു റിയലാണ്.
ഇതു ചെയ്തത് അഷ്റഫോ?
സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ ആദ്യം ആ കഥാപാത്രം ഞാനാണോ ചെയ്തതെന്ന സംശയമായിരുന്നു പലരും പങ്കുവച്ചത്. സിനിമ റിലീസായി രണ്ടാമത്തെ ദിവസം മുതൽ എന്റെ ഫോണിലേക്ക് നിലയ്ക്കാത്ത കോളുകളെത്തി. ഒരുപാടു പേർ അഭിനന്ദിച്ചു സംസാരിച്ചു. ഈ സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിട്ട്, തുള്ളാത മനവും തുള്ളും എന്ന സിനിമയുടെ സംവിധായകൻ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ ഒരു വേഷം ഓഫർ ചെയ്തു. ഞാനിതു വരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് അത്. ഒരു മുഴുനീള കോമഡി വേഷം! ഏറെ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്ന വേഷമാണ് അത്.
അപ്പനിലെ ആ കഥാപാത്രം
സംവിധായകൻ മജു എന്നോട് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഞാൻ സിനിമയിലെ വില്ലനാണ്. എന്നാൽ നായകനുമാണ്. ആദ്യം ഞാൻ ക്ലൈമാക്സിലെ ആ രംഗം ചെയ്തപ്പോൾ കമ്മട്ടിപ്പാടം ശൈലിയിലുള്ള ഒരു പെർഫോമൻസായിരുന്നു. പക്ഷേ, സംവിധായകൻ പറഞ്ഞു, ഇതല്ല വേണ്ടത്. അദ്ദേഹം ആ കഥാപാത്രത്തിന്റെ ഭൂതകാലം പറഞ്ഞു തന്നു. പിന്നെ, ഞാൻ കൃത്യമായി ആ കഥാപാത്രത്തിലേക്ക് ഇറങ്ങി. 'എടാ ഇട്ടീ... എന്തിനാടാ എന്റെ വീട്ടിൽ കേറിയേ' എന്ന ഡയലോഗ് സിനിമയിറങ്ങിയ സമയത്ത് എല്ലാവരും പ്രശംസിച്ച ഒന്നായിരുന്നു. പക്ഷേ, ഷൂട്ടിന്റെ സമയത്ത് ആ ഡയലോഗ് ഞാൻ പല തവണ തെറ്റിച്ചു. ഞാൻ പറയുമ്പോൾ, 'എടാ ഇട്ടീ, എന്തിനാടാ, ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ കേറിയേ' എന്നായിപ്പോയി. അതിനു പഞ്ചില്ലെന്നു സംവിധായകൻ പറഞ്ഞു. അങ്ങനെ പല തവണ ചെയ്താണ് അത് ഓകെ ആയത്.
ഡ്യൂപ്പില്ലാതെയാണ് ആ സംഘട്ടനരംഗം ചെയ്തത്. സണ്ണി വെയ്ൻ നന്നായി സഹകരിച്ചു. എന്നെപ്പോലെ ഒരു നടനോട് ഏറെ സൗഹാർദ്ദപരമായാണ് അദ്ദേഹം പെരുമാറിയത്. ആദ്യം തമിഴിൽ നിന്നൊരു ഫൈറ്റ് മാസ്റ്റർ വന്നാണ് അതു കൊറിയോഗ്രഫി ചെയ്തത്. പക്ഷേ, അത് ഓർഗാനിക് ആയി സംവിധായകനു തോന്നിയില്ല. പിന്നീട്, അഷറഫ് ഗുരുക്കൾ വന്നു. ആ ഭാഗം വീണ്ടും ചിത്രീകരിച്ചു. അതു രണ്ടും കലർത്തിയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
അടുത്തത് ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ
എനിക്കൊരു മാനേജരില്ല. എനിക്കു വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. എന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ഞാനാണ്. എനിക്കു വേണ്ടി ക്യാൻവാസ് ചെയ്യാനും ആരുമില്ല. എന്നിട്ടും തമിഴിൽ പത്തു സിനിമ ചെയ്തു. പതിനൊന്നാമത്തെ സിനിമ ചെയ്യാൻ പോകുന്നു. തമിഴിലാണ് എനിക്കു കൂടുതൽ അവസരങ്ങൾ. അവർ കൃത്യമായ പ്രതിഫലവും തരും. മലയാളത്തിൽ പക്ഷേ, പ്രതിഫലത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയില്ല. ചെറിയൊരു തുക അഡ്വാൻസ് തന്നിട്ട്, ബാക്കി പിന്നീട് തരാമെന്നൊക്കെ പറയും. പക്ഷേ, തമിഴിൽ അങ്ങനെയല്ല. ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിൽ നല്ലൊരു വേഷമുണ്ട്. ജിഗർതാണ്ടയിലെ കണ്ടതിന്റെ അപ്പുറമാണ് ആ വേഷം. ആയുധ കള്ളക്കടത്ത് വ്യാപാരിയുടെ വേഷമാണ് എന്റേത്. മലയാളത്തിൽ ജോജു ജോർജ് സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയിലും മഹേഷ് നാരായണന്റെ സിനിമയിലും അഭിനയിക്കുന്നുണ്ട്. പണിയിൽ എന്റെ സ്ഥിരം പണി തന്നെയാണ്, ക്വൊട്ടേഷൻ! പക്ഷേ, മഹേഷ് നാരായണന്റെ സിനിമയിൽ വേറിട്ടൊരു കഥാപാത്രമാണ്. അതിലെനിക്ക് വലിയ പ്രതീക്ഷയുണ്ട്. കൂടാതെ, സഹീർ അലി സംവിധാനം ചെയ്യുന്ന ദി ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ സിനിമയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.