ADVERTISEMENT

വക്കീൽ പ്രഫഷനിൽ തിളങ്ങി നിൽക്കുന്ന സമയത്താണു സിനിമയിൽ അഭിനയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയത്തിൽ നിന്ന് തിരക്കഥാകൃത്തായി വള‍ർന്നു. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലൂടെ ജീത്തുവിനൊപ്പം തിരക്കഥാകൃത്തായ തുടക്കം കുറിച്ച ശാന്തി, തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

നേരിന്റെ നേര്

കോടതിക്കുള്ളിൽ നടക്കുന്ന ഒരു ഇമോഷനൽ ഡ്രാമയാണ് ഒറ്റവാക്കിൽ നേര്. ചിത്രത്തിന്റെ ഭൂരിഭാഗം സമയവും കോടതിമുറിക്കുള്ളിലാണ്. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന കാര്യങ്ങൾ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ‘നേര്’ ശ്രമിച്ചിട്ടുണ്ട്.

നേരിന്റെ ജനനം

ഒരു കോർട്ട് റൂം ഡ്രാമ ചെയ്യണമെന്ന് ജീത്തു സാറിന് ആഗ്രഹമുണ്ടായിരുന്നു. ദൃശ്യത്തിന്റെ സെറ്റിൽ വച്ച് ആ കാര്യം എന്നോടു പറഞ്ഞിരുന്നു. ദൃശ്യത്തിനു ശേഷം ഞങ്ങൾ ഫാമിലി ഫ്രണ്ട്സ് ആയി. ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു. അങ്ങനെയൊരു യാത്രയ്ക്കിടെയാണ് നേരിന്റെ കഥാതന്തു എന്നോടുപറയുന്നത്. അവിടെ മുതൽ ഞങ്ങൾ നേരിനു പിന്നാലെയായി.ദൃശ്യവുമായി യാതൊരു രീതിയിലും സാമ്യപ്പെടുത്താൻ സാധിക്കാത്ത ചിത്രമാണ് ‘നേര്’. 

കോടതിമുറിയിലെ  യാഥാർഥ്യവും ‘നേരും’

കോടതി രംഗങ്ങൾ പല സിനിമകളിലും വ്യത്യസ്തമായ രീതിയിലാണ് കാണിച്ചിട്ടുള്ളത്. പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ ചിത്രങ്ങൾ കോടതി രംഗങ്ങളെ പരമാവധി റിയലസ്റ്റിക്കായി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നേരിലും അത്തരമൊരു ശ്രമമാണ് നടത്തിയിരിക്കുന്നത്. 

shanthi-mayadevi - 1

ആദ്യ തിരക്കഥയും മോഹൻലാലും

ശരീരഭാഷകൊണ്ടും സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതികൊണ്ടും സിനിമയിൽ ഉടനീളം മോഹൻലാൽ എന്ന നടൻ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ലാലേട്ടൻ‌ ഉൾപ്പെടെ ഒട്ടേറെ സീനിയർ താരങ്ങളുണ്ട് ചിത്രത്തിൽ. ഒരാളുടെ ഷോട്ട് കഴിഞ്ഞാൽ അടുത്തയാളുടെ പെർഫോമൻസ് കാണാനായി ലാലേട്ടൻ ഉൾപ്പെടെയുള്ളവർ കാരവനിലേക്കു പോകാതെ അവിടെത്തന്നെ ഇരിക്കും. പല സീനുകൾ കഴിയുമ്പോഴും ലാലേട്ടൻ ചിരിച്ചുകൊണ്ടുചോദിക്കും– ഞാനൊരു വക്കീൽ ആയാൽ മതിയായിരുന്നല്ലേ. അത്രയും റിയലസ്റ്റിക്കായാണ് ചിത്രത്തിൽ ഉടനീളം അദ്ദേഹം പെർഫോം ചെയ്തിരിക്കുന്നത്.

പ്രഫഷനും സിനിമയും

എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു ‍ഞാനൊരു വക്കീൽ ആകണമെന്നത്. ആദ്യമൊക്കെ ഈ പ്രഫഷനോട് ചെറിയ താൽപര്യക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് വളരെ പ്രിയപ്പെട്ടതായി മാറി. അവിചാരിതമായാണ് സിനിമയിലേക്കു വരുന്നതും. നടനും സംവിധായകനുമായ രമേഷ് പിഷാരടി സുഹൃത്താണ്. ആ സൗഹൃദത്തിന്റെ തുടർച്ചയായാണു ഗാനഗന്ധർവൻ എന്ന ചിത്രം ചെയ്യുന്നത്. അതിലെ പ്രകടനം കണ്ടാണ് ജീത്തു ജോസഫ് ‘റാം’ എന്ന ചിത്രത്തിലേക്കു വിളിക്കുന്നത്. അവിടെ നിന്നു ദൃശ്യത്തിലേക്കും ദൃശ്യം വഴി ലിയോയിലേക്കും.

റാം വരുന്നു

റാമിൽ വളരെ രസകരമായൊരു റോളാണ് ചെയ്യുന്നത്. കോവിഡിനു മുൻപുള്ള റാം അല്ല, കോവിഡിനു ശേഷമുള്ളത്. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന, ഒരു വലിയ സിനിമയായി റാം മാറി. മാസ് എന്റർടെയ്നർ വിഭാഗത്തിൽ വരുന്ന ആക്‌ഷൻ‌ ചിത്രമാണത്. 

വിവാദങ്ങളുടെ നേര്

വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണെന്ന് കേട്ടിട്ടുണ്ട്. നേര് തന്റെ കഥയാണെന്ന് അവകാശപ്പെട്ട് ഒരാൾ കേസ് കൊടുത്തിരുന്നു. അദ്ദേഹത്തിന് നിയമപരമായി അതു തെളിയിക്കാനുള്ള അവസരമുണ്ട്. നേരിന്റെ കഥ എന്ന പേരിൽ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ കഥയുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഞാനും കണ്ടിരുന്നു. ഞങ്ങളുടെ ചിത്രവുമായി അതിനു യാതൊരു ബന്ധവുമില്ല. നേര് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലുണ്ട്. ചിത്രം കണ്ടാൽ എല്ലാവർക്കും അതു വ്യക്തമാകും.

ഭാവി സിനിമകൾ

റാം തന്നെയാണ് ഇറങ്ങാനുള്ള ചിത്രം. മറ്റു ചിത്രങ്ങളൊന്നും ഇപ്പോൾ കമിറ്റ് ചെയ്തിട്ടില്ല. വക്കീൽ പ്രഫഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. സഹപ്രവർത്തകരിൽ നിന്നും കോടതിമുറികളിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞ ചില സംഭവങ്ങളും കഥകളും മനസ്സിലുണ്ട്. എല്ലാം ഒത്തുവന്നാൽ അതിൽ ചിലതു സിനിമയാവും.

English Summary:

Chat With Santhi Mayadevi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com