പരാജയപ്പെടാം പക്ഷേ, പ്രേക്ഷകരെ പറ്റിക്കരുത്: ജീത്തു ജോസഫ് അഭിമുഖം
Mail This Article
സിനിമയിൽ ട്വിസ്റ്റൊന്നും പ്രതീക്ഷിക്കരുതെന്ന് പലയാവർത്തി പറഞ്ഞാലും സംവിധായകൻ ജീത്തു ജോസഫ് ആണെങ്കിൽ എന്തെങ്കിലുമൊരു സർപ്രൈസ് ആ സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. അങ്ങനെയൊരു വിശ്വാസം പ്രേക്ഷകർക്കു നൽകിയത് അദ്ദേഹം ചെയ്ത സിനിമകളാണ്. നേരിന്റെ വിജയമധുരത്തോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന ജീത്തു ജോസഫ് പ്രേക്ഷകരുടെ മാറിയ ആസ്വാദനരീതിയെക്കുറിച്ചും സിനിമയുടെ എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.
പ്രേക്ഷകരാണ് കിങ് മേക്കർ
ഒരു പടം നന്നായി ജനങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് അറിയുന്നതും അവർ ആസ്വദിക്കുന്നുവെന്ന് അറിയുന്നതും ചലച്ചിത്രകാരൻ എന്ന നിലയിൽ സന്തോഷം പകരുന്ന കാര്യമാണ്. എനിക്കും അങ്ങനെയാണ്. നേരിന്റെ വിജയം പ്രേക്ഷകർ ആഘോഷിക്കുകയാണ്. സിനിമ കണ്ടവർ അതിനെക്കുറിച്ച് സുഹൃത്തുക്കളോട് പറയുന്നു. സോഷ്യൽ മീഡിയയിൽ എഴുതുന്നു. ഇതെല്ലാം കാണുമ്പോൾ സന്തോഷം മാത്രമല്ല, കടപ്പാട് കൂടിയുണ്ട്. ഇരു കയ്യും നീട്ടി അവർ ഈ സിനിമയെ സ്വീകരിച്ച് വേറെയൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്. ഒരു പടം കണ്ടു, ഇഷ്ടപ്പെട്ടു. അവർക്കു വേണമെങ്കിൽ മിണ്ടാതെ ഇരിക്കാം. പക്ഷേ, അവർ ആ സിനിമയെ മറ്റുള്ളവരിലേക്കും കൂടി എത്തിക്കുകയാണ്. ഈ സിനിമ കാണണമെന്ന് അവർ മറ്റുള്ളവരോടും പറയുന്നു. പബ്ലിസിറ്റി എന്നു പറയുന്നത് സിനിമയുടെ റിലീസ് തിയതി, പ്രധാന ആർടിസ്റ്റുകൾ, കഥാഗതി എന്നിവ പ്രേക്ഷകരെ അറിയിക്കുക എന്നതു മാത്രമാണ്. തീയറ്ററിൽ വന്നു കണ്ടതിനുശേഷം പ്രേക്ഷകരാണ് തീരുമാനിക്കുന്നത് സിനിമ നല്ലതാണോ ചീത്തയാണോ എന്ന്!
പറഞ്ഞു പറ്റിക്കരുത്
ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണ്. ജീത്തു ജോസഫ് എന്ന സംവിധായകൻ ഇന്ന് ഏതെങ്കിലും നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണം പ്രേക്ഷകരാണ്. അവരാണ് എന്നെ ഈ നിലയിലെത്തിച്ചത്. അവരാണ് കിങ് മേക്കേഴ്സ്. അവർ നമ്മുടെ ക്രിയേറ്റിവിറ്റിയെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമ്മൾ വേറൊരു തലത്തിലേക്ക് ഉയർത്തപ്പെടുന്നത്. നല്ല സിനിമകൾ ഇനിയും ചെയ്യാൻ ശ്രമിക്കും. എന്നാൽ, ചില കണക്കുക്കൂട്ടലുകൾ തെറ്റിപ്പോകാം. അതിൽ പ്രേക്ഷകർക്കു കുഴപ്പമില്ല. പക്ഷേ, അവരെ കളിയാക്കരുത്. അവരെ പറ്റിക്കരുത്. ഒരു ശ്രമം നടത്തി, അതു വിജയിച്ചില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ, പ്രേക്ഷകരെ ബോധപൂർവം പറ്റിക്കുന്നു എന്നു തോന്നിയാൽ അവർ നിഷ്കരുണം നമ്മെ എടുത്തെറിയും. ഒരു നല്ല സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പ്രേക്ഷകർ എന്നിൽ നിന്നു പ്രതീക്ഷിക്കുന്ന ത്രില്ലർ ജോണറിൽ നിന്നു മാറി കോടതി പശ്ചാത്തലത്തിലുള്ള ഒരു ഇമോഷനൽ ഡ്രാമയായിരുന്നു ഞാൻ ആഗ്രഹിച്ചത്. നേരിന്റെ കഥ പരുവപ്പെട്ടു വന്ന സമയത്ത് മനസിൽ ലാൽ സർ ഒന്നുമില്ല. പിന്നീടാണ് അദ്ദേഹത്തെ ഈ വേഷത്തിലേക്ക് ആലോചിക്കുന്നത്. കാരണം, പൂർണമായൊരു കോർട്ട് റൂം ഡ്രാമ അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ല. ഇതൊരു മോശം പടമല്ല. നല്ല പടം തന്നെയാകും എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ, ഇത്ര വലിയ ആഘോഷമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
തിരക്കഥയാണ് ഹീറോ
ത്രില്ലർ സിനിമയുടെ ഇംപാക്ട് അതിന്റെ തിരക്കഥയിലാണ്. സീൻ ഓർഡർ വളരെ പ്രധാനമാണ്. ഞാൻ പിന്തുടരുന്ന ചില രീതികളുണ്ട്. ഓരോ കഥ അനുസരിച്ച് അതിൽ ചില വ്യത്യാസങ്ങൾ വരുത്താറുണ്ട്. ഒരു ഗട്ട് ഫീലിങ് ഉണ്ടാവുമല്ലോ! സ്വയം അപ്ഡേറ്റഡ് ആകാൻ ബോധപൂർവമായി ഒന്നും ചെയ്യാറില്ല. മനസിൽ കൊളുത്തുന്ന ആശയത്തിന് ത്രില്ലർ സ്വഭാവം ആണെങ്കിൽ അതിനു അനുസരിച്ചുള്ള ചേരുവകൾ കണ്ടെത്തും. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരിപാടി ആദ്യം നടക്കുന്നത് എഴുത്തിലാണ്. പിന്നെയാണ്, മേക്കിങ് വരുന്നത്. മനസിൽ കൃത്യമായൊരു ഫ്രെയിം ആയിട്ടു മാത്രമേ ഞാൻ എഴുത്തിലേക്ക് കയറാറുള്ളൂ. നല്ല ഒരു തുടക്കവും ഇടവേളയും ക്ലൈമാക്സും തെളിഞ്ഞു വരണം. അതിനെക്കുറിച്ച് മനസിൽ എന്തെങ്കിലും ആശയം തോന്നിയാൽ മാത്രമേ എഴുതാനിരിക്കൂ. ചിലപ്പോൾ എഴുതി വരുമ്പോൾ ക്ലൈമാക്സ് മാറുമായിരിക്കാം. പക്ഷേ, കൃത്യമായൊരു ആശയം മനസിൽ വരാതെ എഴുത്തിലേക്ക് കടക്കില്ല. നേരിന്റെ തിരക്കഥയിൽ ശാന്തിയുടെ ഇൻപുട്ട് നല്ല രീതിയിൽ സംഭവിച്ചിട്ടുണ്ട്. ഒരു കോടതി എങ്ങനെ കൃത്യമായി സിനിമയിൽ കൊണ്ടുവരാമെന്നതായിരുന്നു വെല്ലുവിളി. ശാന്തി അതിന്റെ എല്ലാ സാധ്യതകളും പഠിച്ചു മനസിലാക്കി എനിക്ക് പ്രാപ്യമാകുന്ന രൂപത്തിലാക്കി തന്നു. അതെങ്ങനെ സിനിമാറ്റിക് ആയി അവതരിപ്പിക്കാമെന്നതായിരുന്നു എന്റെ പണി. ഒരേ സമയം നാലു ക്യാമറകൾ വച്ചാണ് ഷൂട്ട് ചെയ്തത്. ഇതിനു മുമ്പ് ട്വൽത്ത് മാൻ എന്ന സിനിമയിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ടീം തന്നെയാണ് നേരിലും. അവർക്ക് ആ പ്രോസസ് അറിയാം. അടിസ്ഥാനപരമായി നടത്തേണ്ട ഹോംവർക്ക് ചെയ്തു. അതെല്ലാ സിനിമയ്ക്കും വേണമല്ലോ.
ക്ലൈമാക്സിനു വേണ്ടത് ഇംപാക്ട്
സിനിമയിൽ ക്ലൈമാക്സ് വളരെ പ്രധാനമാണ്. പ്രേക്ഷകർക്ക് സംതൃപ്തി നൽകുന്ന രീതിയിൽ കഥ പറഞ്ഞ് അവസാനിപ്പിക്കണം. അപ്പോഴാണ് അവർ സന്തോഷമായി തിയറ്ററിൽ നിനു ഇറങ്ങിപ്പോവുക. സംവിധായകനെ സംബന്ധിച്ച് അതൊരു തലവേദന തന്നെയാണ്. അതുകൊണ്ട് പരമാവധി ക്ലൈമാക്സിൽ എന്തെങ്കിലുമൊക്കെ ഇംപാക്ട് കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. പുതുമ എന്നു ഞാൻ പറയില്ല. സിനിമയുടെ ജോണർ ത്രില്ലറോ ഫാമിലി ഡ്രാമയോ ഹ്യൂമറോ ഏതുമാകട്ടെ, അതിനു യോജിച്ച രീതിയിലൊരു ഇംപാക്ട് കൊണ്ടുവരാനാണ് ശ്രമിക്കാറുള്ളത്. പ്രേക്ഷകർ സംതൃപ്തിയോടെ തിയറ്ററിൽ നിന്നു ഇറങ്ങുക എന്നത് തീർച്ചയായും പ്രധാനമാണ്.
പറഞ്ഞതു പോലെ സംഭവിച്ചു
നേരിന്റെ തിരക്കഥ പൂർത്തിയായതിനു ശേഷം ആരാണ് സാറാ എന്നു ചോദിച്ചപ്പോൾ അനശ്വര രാജന്റെ പേര് നിർദേശിച്ചത് ഞാൻ തന്നെയാണ്. ആർക്കും അതിൽ അഭിപ്രായവ്യത്യാസമില്ലായിരുന്നു. കുട്ടിത്തം നിറഞ്ഞ മുഖമുള്ള ആർടിസ്റ്റായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. ആ കഥാപാത്രത്തെ ഉപദ്രവിക്കുന്നതു കണ്ടാൽ പ്രേക്ഷകർക്ക് അതു ചെയ്തവരോട് ദേഷ്യം തോന്നണം. കൂടാതെ, അനശ്വര നല്ല പെർഫോർമർ ആണ്. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മുകളിൽ, ഞങ്ങളെ ഞെട്ടിക്കുന്ന പ്രകടനമാണ് സിനിമയിൽ അവർ കാഴ്ച വച്ചത്. അതുപോലെ മികച്ച പ്രതികരണം സിദ്ദീഖേട്ടനും ലഭിക്കുന്നുണ്ട്. ഷൂട്ട് തീരാറായപ്പോൾ ഞാൻ സിദ്ദീഖേട്ടനോടു പറഞ്ഞു, മിക്കവാറും സിനിമ ഇറങ്ങിക്കഴിഞ്ഞ് ആളുകൾ ചേട്ടനെ വഴിയിൽ വച്ചു കണ്ടാൽ ഒന്നു പൊട്ടിക്കുമെന്ന്! ആ കഥാപാത്രം അതുപോലെ വർക്ക് ആകുമെന്ന ആത്മവിശ്വാസം തോന്നിയിരുന്നു. സിനിമ റിലീസ് ആയ സമയത്ത് ഞാനും സിദ്ദീഖ് ഏട്ടനും ഖത്തറിലാണ്. സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ എല്ലാവരും ഒരുപോലെ ആവർത്തിച്ച പ്രതികരണം അദ്ദേഹത്തെക്കുറിച്ചുള്ളതായിരുന്നു. സിദ്ദീഖ് എന്ന അഭിനേതാവിന്റെ വിജയമാണ് ഈ പ്രതികരണങ്ങൾ. തീർച്ചയായും അതിൽ സന്തോഷമുണ്ട്.
ലാഗാണ് എന്റെ സ്റ്റൈൽ
സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് അറിവുണ്ട്. പ്രത്യേകിച്ചും കോവിഡിന്റെ സമയത്തു ധാരാളം സിനിമകൾ അവർ കണ്ടു. കൊറിയനും മറ്റു വിദേശഭാഷാ ചിത്രങ്ങളും അവർ കാണുകയും അതിന്റെ മേക്കിങ് പാറ്റേൺ മനസിലാക്കുകയും ചെയ്തു. അതു അവരുടെ ആസ്വാദനരീതിയെ മാറ്റി. അതുകൊണ്ട്, നമ്മുടെ പഴയ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടി വരും. അപ്പോഴും തിരക്കഥയിൽ സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് ഒഴിവാക്കാൻ കഴിയില്ല. തിരക്കഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവിടെ ചെയ്യാതെ മേക്കിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ പടം രക്ഷപ്പെടുമെന്ന് എനിക്കു തോന്നുന്നില്ല. ചിലപ്പോൾ അതൊരു ദുരന്തമായി മാറുകയും ചെയ്യും. ഇപ്പോൾ സിനിമയുടെ സ്പീഡ് മാറി. ചെറിയൊരു കാര്യം വരുമ്പോൾ തന്നെ പ്രേക്ഷകർ 'ലാഗ്' എന്നു പറയും. പക്ഷേ, ഞാനിപ്പോഴും ചെറിയൊരു ലാഗ് ഇട്ടു തന്നെയാണ് സിനിമ ചെയ്യുന്നത്. ആ ലാഗിന് ഒരു ലക്ഷ്യം ഉണ്ട്. ഞാൻ ചിന്തിക്കുന്ന രീതിയിൽ സിനിമ ചെയ്യുമ്പോൾ അതിൽ ലാഗ് വരും. അതാണ് എന്റെ മേക്കിങ് സ്റ്റൈൽ. ഇപ്പോൾ പലരും പറയുന്നത് ലാഗില്ലാതെ സിനിമ ചെയ്യണം എന്നൊക്കെയാണ്. അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല.