ആരോടും പരിഭവവുമില്ല, പരാതിയും: കമൽ അഭിമുഖം
Mail This Article
സംവിധാനം–കമൽ; ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകർ കണ്ണുമടച്ച് ടിക്കറ്റെടുത്തിരുന്ന ഈ ടൈറ്റിൽ കാർഡ് 4 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിൽ എത്തുകയാണ്, വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലൂടെ. 19ന് സിനിമ തിയറ്ററിലെത്തും. 40 വർഷത്തിലേക്കെത്തുന്ന സിനിമാ ജീവിതവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ കമൽ സംസാരിക്കുന്നു...
വിവേകാനന്ദൻ വൈറലാകും
നമ്മുടെ സമൂഹത്തിലുള്ള ചെറുപ്പക്കാരിൽ 10 പേരെ എടുത്താൽ അതിൽ മൂന്നോ നാലോ പേരിൽ ഇത്തരം വിവേകാനന്ദൻമാരെ കാണാൻ കഴിയും. പുറത്തു വളരെ സാധാരണ ജീവിതം നയിക്കുന്ന അവർ, തങ്ങളുടെ സ്വകാര്യ സമയങ്ങളിൽ മറ്റൊരു മനുഷ്യനായിരിക്കും. അത്തരത്തിൽ വ്യത്യസ്ത സ്വഭാവതലങ്ങളുടെ ആളാണു വിവേകാനന്ദൻ. എന്റെ ചിത്രങ്ങളിലുള്ള സ്ഥിരം പാറ്റേൺ ബ്രേക്ക് ചെയ്യാൻ വിവേകാനന്ദനിലൂടെ ശ്രമിച്ചിട്ടുണ്ട്. പൊളിറ്റിക്കലി ശക്തമായ ഒരു പ്രമേയത്തെ നർമത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമം. കേന്ദ്ര കഥാപാത്രം വിവേകാനന്ദനാണെങ്കിലും ഇതിലെ സ്ത്രീ കഥാപാത്രങ്ങളാണു കഥ മുന്നോട്ടുകൊണ്ടുപോകുന്നത്.
പുതിയ തലമുറയുടെ ചിത്രം
എന്നെപ്പോലെ പഴയതലമുറയിലെ സംവിധായകരെ ഒരു മുൻവിധിയോടെയാണ് പല പ്രേക്ഷകരും സമീപിക്കുന്നത്. ഈ മുൻവിധി പൊളിക്കുക എന്ന ലക്ഷ്യം കൂടി വിവേകാനന്ദനുണ്ട്. പുതിയ തലമുറയ്ക്ക് എല്ലാതരത്തിലും ഉൾക്കൊള്ളാൻ സാധിക്കുന്ന സിനിമ തന്നെയായിരിക്കും വിവേകാനന്ദൻ.
4 വർഷത്തെ ഇടവേള
ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സമയത്താണ് ആമിയും പ്രണയമീനുകളുടെ കടലും ചെയ്യുന്നത്. ആ സമയത്താണ് പ്രളയവും പിന്നാലെ കോവിഡും വരുന്നത്. അതോടെ എല്ലാ മേഖലയിലും ഉണ്ടായ മാന്ദ്യം സിനിമയെയും ബാധിച്ചു. അക്കാദമി ചെയർമാൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണം സിനിമയിൽ നിന്ന് അൽപം മാറി നിൽക്കേണ്ടിവന്നിട്ടുണ്ട്. പിന്നെ പ്രണയമീനുകൾ ഞാൻ പ്രതീക്ഷിച്ച രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. അതോടെ അടുത്ത ചിത്രം അൽപം കൂടി സമയമെടുത്ത് ചെയ്താൽ മതിയെന്നു തീരുമാനിച്ചു.
സിനിമയും സൂപ്പർ താരങ്ങളും
മുൻപൊക്കെ ഒരു സിനിമയുടെ കഥയും തിരക്കഥയും തയാറാക്കിയ ശേഷം താരത്തെ നിശ്ചയിച്ച് പടം തുടുങ്ങുകയായിരുന്നു പതിവ്. പക്ഷേ, ഇന്ന് ആദ്യം താരത്തിന്റെ ഡേറ്റ് വാങ്ങി അതിനനുസരിച്ച് സിനിമ ചെയ്യുന്ന രീതിയിലേക്കു കാര്യങ്ങൾ മാറി. സിനിമ എങ്ങനെ വേണം, എപ്പോൾ തുടങ്ങണം, അതിന്റെ ബിസിനസ് എങ്ങനെ ആയിരിക്കണമെന്നെല്ലാം താരങ്ങളാണു തീരുമാനിക്കുന്നത്. വലിയ താരങ്ങൾക്കെല്ലാം അവരുടേതായ സ്പേസ് ഉണ്ട്. അതിൽ നിന്നുമാത്രമേ അവർ സിനിമ ചെയ്യൂ. ആ സ്പേസിലേക്ക് ഇടിച്ചുകയറി സിനിമ ചെയ്യാൻ എനിക്കു താൽപര്യമില്ല. അതുകൊണ്ടുതന്നെ ആരോടും പരിഭവവുമില്ല, പരാതിയും.
ഷൈൻ എന്ന നായകൻ
ഈ കഥ മനസ്സിൽ വന്നപ്പോൾ എനിക്ക് ഏറ്റവും എളുപ്പം സമീപിക്കാവുന്ന താരമായിരുന്നു ഷൈൻ. ഞാൻ എപ്പോൾ വിളിച്ചാലും ഷൈൻ സിനിമ ചെയ്യാൻ തയാറാണെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതൽ ഷൈനിനെ എനിക്കറിയാം. തുടക്കകാലത്ത് അഭിനയിക്കാനുള്ള അമിതമായ അഭിനിവേശംകൊണ്ട് തന്നെ തേടിവരുന്ന എല്ലാ കഥാപാത്രങ്ങളും ഷൈൻ ചെയ്യുമായിരുന്നു. പിന്നെപ്പിന്നെ കഥാപാത്രം തിരഞ്ഞെടുക്കുന്നതിനാൽ കുറെക്കൂടി ശ്രദ്ധിക്കാൻ തുടങ്ങി. ഏതുതരം കഥാപാത്രങ്ങളും ചെയ്യാൻ സാധിക്കുന്ന നടനാണ് ഷൈൻ. പുതിയ നടൻമാരിൽ ഇമേജിന്റെ യാതൊരു ഭാരവുമില്ലാത്ത നടനാണ് ഷൈൻ എന്നുതോന്നിയിട്ടുണ്ട്.
സിനിമയും പൊളിറ്റിക്കൽ കറക്ട്നസും
80കളിലും 90കളിലും സിനിമ മറ്റൊരു ലോകമായിരുന്നു. റിയാലിറ്റിയുമായി ബന്ധമില്ലാത്ത, സിനിമാക്കാർ ഉണ്ടാക്കിയെടുത്ത ഒരു ലോകം. അന്നത്തെ സിനിമകൾക്കോ അതിലെ കഥാപാത്രങ്ങൾക്കോ യഥാർഥ സമൂഹവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ 10–15 വർഷത്തിനുള്ളിൽ സമൂഹത്തിലും സിനിമയിലും വലിയ മാറ്റങ്ങൾ വന്നു. പൊളിറ്റിക്കൽ കറക്ടനെസ് സിനിമയിലും സമൂഹത്തിലും വലിയ സ്വാധീനം ഉണ്ടാക്കി. ഇന്നത്തെ തലമുറ ഇതിനെക്കുറിച്ചെല്ലാം നല്ല ബോധമുള്ളവരാണ്. പക്ഷേ, അന്ന് ഞങ്ങളൊക്കെ സിനിമ ചെയ്തിരുന്ന കാലത്ത് പൊളിറ്റിക്കൽ കറക്ടനെസിനെക്കുറിച്ച് ആർക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ പല സംഭാഷണങ്ങളും രംഗങ്ങളും പൊളിറ്റിക്കലി തെറ്റായിരുന്നു എന്നു മനസ്സിലാകുന്നു.
മാറുന്ന നായകസങ്കൽപങ്ങൾ
സിനിമ എല്ലാ കാലത്തും പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയിരിക്കുന്നത്. ടിപ്പിക്കൽ നായകൻമാരുമായി ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം ഓടണമെന്നില്ല. മറിച്ച്, നായകസങ്കൽപത്തെ ഉടച്ചുവാർക്കുന്ന സിനിമകൾ വിജയിച്ചിട്ടുമുണ്ട്. വിവേകാനന്ദൻ ഇറങ്ങുമ്പോഴും അത്തരത്തിൽ കണ്ടുശീലിച്ച നായകകഥാപാത്രത്തെ ഉടച്ചുവാർക്കുന്ന ഒരു ചിത്രം എന്ന രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
സിനിമകളുടെ എണ്ണത്തിലെ കുതിച്ചുചാട്ടം
ഇത്രയധികം സിനിമകൾ എങ്ങനെ എല്ലാവർഷവും പുറത്തിറങ്ങുന്നു എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. പണ്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചാലോ മൂന്നോ നാലോ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചാലോ മാത്രമേ സിനിമ സംവിധായകനാകാനുള്ള യോഗ്യത ലഭിക്കൂ. എന്നാൽ ഇന്ന് ഒരു ഷോർട്ട് ഫിലിം എടുത്താൽ, പണം മുടക്കാൻ ഒരു നിർമാതാവിനെ കിട്ടിയാൽ സിനിമ സംഭവിക്കുന്നു. ഡിജിറ്റൽ രംഗത്തെ കുതിച്ചുചാട്ടമാകാം ഇതിനു കാരണം. ഏതൊരു കാര്യവും അധികമായാൽ അതിന്റെ ഗുണമേന്മയെയും തിരഞ്ഞെടുപ്പിനെയും ബാധിക്കും.