ഷൂട്ടിന്റെ ആദ്യദിനം തന്നെ ഞാൻ കണ്ടത് ലാൽ സാറിനെയല്ല, വാലിബനെ: ടിനു പാപ്പച്ചൻ അഭിമുഖം
Mail This Article
മോഹൻലാൽ നായകനാകുന്ന ‘മലൈക്കോട്ടൈ വാലിബൻ’ നാളെ റിലീസിനെത്തുകയാണ്. ഇന്ത്യൻ സിനിമയൊന്നാകെ ഉറ്റുനോക്കുന്ന ‘വാലിബ’ന്റെ ഓരോ പോസ്റ്ററും ടീസറും ആരാധകർക്ക് കൗതുകവും ആവേശവുമാണ് പകർന്നത്. ഓരോ സിനിമയിലൂടെയും പുതിയൊരു അനുഭവ പ്രപഞ്ചം പ്രേക്ഷകർക്ക് പകർന്നു നൽകുന്ന ലിജോ ജോസ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനവിസ്മയവും ഒത്തുചേരുമ്പോൾ സിനിമയുടെ പുതിയൊരു ലോകമായിരിക്കും പ്രതീക്ഷിക്കാനാവുക എന്നാണ് പ്രേക്ഷക പ്രതീക്ഷ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി എത്തി, പിന്നീട് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ടിനു പാപ്പച്ചൻ വാലിബനിൽ ലിജോയുടെ സംവിധാന സഹായിയായിരുന്നു.
ലിജോയോടൊപ്പമുള്ള ഓരോ യാത്രയും തനിക്കു പുതിയ പാഠങ്ങൾ പകർന്നു തരാറുണ്ടെന്ന് ടിനു പാപ്പച്ചൻ പറയുന്നു. ഒരു മുത്തശ്ശിക്കഥ പോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കും വാലിബൻ എന്നും വാലിബന്റെ അദ്ഭുത ലോകം ആസ്വദിക്കാൻ എല്ലാവരും തിയറ്ററിൽ തന്നെ ചിത്രം കാണണമെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ടിനു പാപ്പച്ചൻ പറഞ്ഞു.
ലിജോ ജോസ് ഗുരുനാഥൻ മാത്രമല്ല എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന ഉറ്റസുഹൃത്ത്
എന്റെ സിനിമാ പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഓരോ സിനിമയും ഓരോ പുതിയ പഠനമാണ് തുറന്നു തരുന്നത്. ലിജോ ചേട്ടനൊപ്പം വർക്ക് ചെയ്യുന്നതും എനിക്ക് കൂടുതൽ പഠിക്കാൻ വേണ്ടിയാണ്. പഠിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ല. ലിജോ ചേട്ടനൊപ്പം യാത്ര ചെയ്യുന്നത് എനിക്കിഷ്ടമാണ്. അദ്ദേഹം എന്റെ ഗുരുനാഥൻ മാത്രമല്ല എനിക്ക് സഹോദര തുല്യനാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ്. ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഞങ്ങൾ തുറന്നു പറയാറുണ്ട്. ഒരു കുടുംബം പോലെയാണ്.
ലിജോയുടെ ഓരോ സിനിമയും പുതിയ പാഠശാല
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം ഒക്കെ ചെയ്തുകഴിഞ്ഞു ഞാൻ ലിജോ ചേട്ടനൊപ്പം അസിസ്റ്റ് ചെയ്യാൻ കൂടിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അങ്കമാലി, ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ തുടങ്ങി മിക്ക ചിത്രങ്ങളിലും പ്രവർത്തിച്ചു. ഓരോ സിനിമയും ഓരോ പാഠശാലയാണ്. എനിക്ക് മാത്രമല്ല ഒപ്പം വർക്ക് ചെയ്യുന്ന എല്ലാവർക്കും അങ്ങനെയാണ്. ‘ചാവേർ’ ചെയ്യുന്നതിനിടയിലാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കു വേണ്ടി വർക്ക് ചെയ്തത്. ചാവേറിന്റെ തിരക്കുള്ളത് കാരണം ശരിക്കും എനിക്ക് സമയം ഇല്ലായിരുന്നു. പക്ഷേ വലിയ പടം ആയതിനാൽ എക്സ്പീരിയൻസ് ഉള്ള കുറച്ചുപേര്‍ വേണമായിരുന്നു. ലാലേട്ടനും ലിജോ ചേട്ടനുമുള്ള കോംബിനേഷൻ കാണുക എന്നത് വലിയ അനുഭവമായിരിക്കുമല്ലോ. എനിക്ക് പലതും പഠിക്കാനും ചെയ്യാനുള്ള അവസരം ഉണ്ടാകും. വാലിബന്റെ ഒപ്പം യാത്ര ചെയ്യുക എന്നത് പുതിയൊരു സിനിമാ അനുഭവം ആയിരുന്നു. സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കാനും പുതിയൊരു ഉണർവ് ഉണ്ടാക്കാനും അത് സഹായിച്ചു.
മലൈക്കോട്ടൈ വാലിബൻ എന്ന മുത്തശ്ശിക്കഥ ആസ്വദിക്കാൻ തിയറ്ററിലെത്തുക
ലിജോ ചേട്ടൻ പറഞ്ഞതുപോലെ മുത്തശ്ശിക്കഥ പോലൊരു കഥയാണ് മലൈക്കോട്ടൈ വാലിബൻ. ബാലരമ, അമർചിത്രകഥ ഒക്കെ വായിച്ചതുപോലെ, അല്ലെങ്കിൽ അമ്മൂമ്മമാർ നമുക്കു പറഞ്ഞു തന്ന കഥകൾ പോലെ ഒരു നാടോടിക്കഥ. ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ പ്രതീക്ഷിച്ചു വരുന്നവർക്ക് നിരാശരാകേണ്ടി വരില്ല. തിയറ്ററിൽ ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും വാലിബൻ തരുന്നത്. പുതിയൊരു എക്സ്പീരിയൻസ് ആയിരിക്കും ഈ സിനിമ.
പുതിയ അനുഭവം
ഷൂട്ട് തുടങ്ങി ആദ്യ ദിവസം തന്നെ മോഹൻലാൽ സാർ വാലിബൻ ആയിക്കഴിഞ്ഞിരുന്നു. ഇത്രയും വർഷത്തെ അനുഭവം ഉള്ള ഇതിഹാസ നടനാണല്ലോ അദ്ദേഹം. അദ്ദേഹത്തിന് ഈ കഥാപാത്രമൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാൻ കഴിയും. വാലിബന്റെ കോസ്റ്റ്യൂമിൽ അദ്ദേഹം വന്നപ്പോൾ മുന്നിൽ വന്നു നിൽക്കുന്നത് മോഹൻലാൽ സർ അല്ല വാലിബൻ തന്നെയായിരുന്നു. കന്നഡ, ഹിന്ദി, മറാഠ, മലയാളം തുടങ്ങി പല ഭാഷകളിൽ നിന്നുള്ള താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വളരെ നല്ലൊരു അനുഭവമായിരിക്കും വാലിബൻ തരുന്നത്. കൂടുതലൊന്നും പറയുന്നില്ല, പടം നാളെ റിലീസ് ചെയ്യുകയാണല്ലോ. എല്ലാവരും തിയറ്ററിൽ വന്ന് ഈ പടം നേരിട്ട് കണ്ട് ആസ്വദിക്കുക. എന്റെ കാര്യമാണെങ്കിൽ ഞാൻ പുതിയൊരു പടത്തിന്റെ ചർച്ചയിലാണ്. പടം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.