ADVERTISEMENT

പതിമൂന്ന് അംഗങ്ങളുള്ള ഒരു നാടക ഗ്രൂപ്പ്. അതിൽ ആകെയുള്ളത് ഒരേയൊരു സ്ത്രീ. എല്ലാവരും ചിരപരിചിതർ, സ്നേഹബന്ധമുള്ളവർ. ഒരു രാത്രിയിൽ, അവൾ സ്വന്തമെന്നു കരുതിയ ആ 12 പേരിലൊരാളിൽനിന്ന് അവൾക്കുനേരേ അതിക്രമമുണ്ടാകുന്നു. അതോടെ, ഒപ്പമുണ്ടായിരുന്നവർ മുഖങ്ങളില്ലാത്ത 12 പേരായി മാറുന്നു. ആനന്ദ് ഏകർഷിയുടെ ‘ആട്ടം’ എന്ന സിനിമയിലെ 13 അംഗ നാടക സംഘത്തിലെ നായിക അഞ്ജലിയുടെ വൈകാരികതകളെ കയ്യടക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിച്ചത് തിയറ്റർ ആർട്ടിസ്റ്റ് കൂടിയായ സറിൻ ഷിഹാബ് ആണ്. ആട്ടത്തെക്കുറിച്ചും സിനിമ എന്ന സ്വപ്നത്തെക്കുറിച്ചും സറിൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
 

ആട്ടം

ആട്ടത്തിന്റെ കഥ കേട്ടപ്പോൾ വളരെ എക്സൈറ്റഡായിരുന്നു. കാണികളെ മുൾമുനയിൽ നിർത്തുന്ന ത്രില്ലറിന്റെ മോഡിലാണ് കഥ പറച്ചിൽ. വളരെ രസകരമായി തോന്നി. എന്നാൽ ആളുകൾ അംഗീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ നല്ല പ്രതികരണങ്ങളാണു ലഭിച്ചത്. സിനിമയുടെ തുടക്കം മുതലുള്ള പ്രോസസ് വളരെ എക്സൈറ്റിങ് ആയിരുന്നു. ഓ‍ഡിഷന് ചെന്നപ്പോൾ നടൻ വിനയ് ഫോർട്ടുമുണ്ടായിരുന്നു. ഷോർട്ട് ലിസ്റ്റ് ചെയ്ത അഞ്ചു പെൺകുട്ടികളുടെ കൂടെ വിനയ് ഫോർട്ടും ഓഡിഷൻ ചെയ്യുകയായിരുന്നു. അത് എപ്പോഴും നടക്കുന്ന കാര്യമല്ല. ഇതൊരു സ്പെഷൽ പ്രൊജക്ടാണെന്ന് അപ്പോഴേ തോന്നി. 

zaine-shihab-4

35 ദിവസത്തെ റിഹേഴ്സൽ

ക്യാമറ ഉൾപ്പെടുത്തിക്കൊണ്ടുള്ള 35 ദിവസത്തെ റിഹേഴ്സലുണ്ടായിരുന്നു. തിയറ്ററും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണ്. നാടകത്തിൽ അവസാന വരിയിൽ ഇരിക്കുന്ന ആൾക്കു കൂടി വേണ്ടി അഭിനേതാവ് പെർഫോം ചെയ്യണം. അതിശയോക്തി കലർന്ന രീതിയിലായിരിക്കും പ്രകടനം. സിനിമയിൽ ക്യാമറ എല്ലാം ഒപ്പിയെടുക്കും. അതിന്റെയൊരു താളം കിട്ടാൻ കുറെ നാൾ പരിശീലിച്ചു. 

zarine-shihab5

വെറുതേ കണ്ടുപോകാനുള്ളതല്ല

സിനിമ എൻഗേജിങ്ങായിരുന്നു എന്ന പ്രതികരണങ്ങളാണ് കിട്ടിയത്. ഒത്തിരി സ്ത്രീകൾ വന്ന് കെട്ടിപ്പിടിച്ചു. പെട്ടെന്ന് അവർക്ക് ഒന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ല. പക്ഷേ അവരുടെ പ്രതികരണത്തിൽ ഒരു ‘ഹെവി ഇംപാക്ട്’ കാണാൻ സാധിക്കുമായിരുന്നു. വെറുതേ കണ്ടുപോകാവുന്ന സിനിമയല്ല ഇത്. സെൻസിറ്റീവ് വിഷയത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു. ആളുകളെ എൻ​ഗേജ് ചെയ്യിപ്പിച്ചിട്ടുമുണ്ട്. സിനിമകൾ വയലൻസ് ചിത്രീകരിക്കാറുണ്ട്. അതു നേരിട്ട് സ്കീനിൽ കാണിക്കും. കണ്ടു മടുത്ത കാര്യമാണ്. പക്ഷേ അതിന്റെ അനന്തരഫലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മികച്ച പ്രതികരണങ്ങൾ കിട്ടുക. അതുതന്നെയാണ് ആട്ടത്തിലും. ‘‘എന്താണ് നടന്നതെന്ന് ഒരിക്കലും കാണിക്കാൻ പോകുന്നില്ല, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറെ തലങ്ങളുണ്ട്. അതിലേക്ക് പോകാം’’– ആനന്ദ് പറഞ്ഞിരുന്നു. അതുകേട്ടപ്പോൾ ‘സിനിമ ഈസ് ഇൻ ഗുഡ് ഹാൻഡ്സ്’ എന്ന് തോന്നിയിരുന്നു.

aattam-2

12 പേർ

സിനിമയിൽ ഒപ്പം അഭിനയിച്ചവർക്കെല്ലാം പരസ്പരം പതിനെട്ടോ ഇരുപതോ വർഷത്തിന്റെ പരിചയമുണ്ട്. ഇവരെങ്ങനെ എന്നെ ഉൾക്കൊള്ളുമെന്നു വിചാരിച്ചിരുന്നു. ആദ്യം കുറച്ച് പേടിയുണ്ടായിരുന്നു. പക്ഷേ നല്ല സ്വീകരണമായിരുന്നു. റിഹേഴ്സലില്ലാത്ത സമയത്തു ചായ കുടിക്കാൻ പോകുമ്പോഴും സിനിമ കാണാൻ പോകുമ്പോഴും എന്നെയും കൂട്ടുമായിരുന്നു. പുറത്തുള്ള ഒരാളാണ് ഞാനെന്ന് എനിക്ക് തോന്നിയില്ല. ഗ്രൂപ്പിന്റെ കൂടെ ചേർന്നു.

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

തിയറ്റർ

നാട് കൊല്ലമാണ്. വാപ്പ ഷിഹാബുദ്ദീൻ എയർഫോഴ്സിലായിരുന്നു. ഉത്തർപ്രദേശിലാണു ജനിച്ചത്. അസം, ബെംഗളൂരു, കോയമ്പത്തൂർ അങ്ങനെ ചുറ്റിക്കറങ്ങിയിട്ടാണു കേരളത്തിൽ സെറ്റിലാവുന്നത്. മദ്രാസ് ഐഐടിയിലാണ് ഡിഗ്രി ചെയ്തത്. കോളജിൽവച്ചാണ് നാടകങ്ങൾ ചെയ്യാൻ തുടങ്ങിയത്. എന്റെ വ്യക്തിത്വത്തിൽത്തന്നെ തിയറ്റർ ഒരു മാറ്റം കൊണ്ടുവന്നു. സ്റ്റേജിൽ കയറുമ്പോൾ വേറെ ആളായി മാറുന്നതിന്റെ എക്സൈറ്റ്മെന്റും ത്രില്ലും കൊണ്ടാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നത്. തിയറ്ററിനോട് ഇപ്പോഴും താൽപര്യമുണ്ട്. ഇനിയും ചെയ്യണമെന്നുണ്ട്. 2019 ലാണ് ഓഡിഷൻ വഴി ‘ഫാമിലി മാനി’ൽ അവസരം കിട്ടിയത്. അതിന് മുൻപു ചെന്നൈയിൽ  ഏഴു വർഷം നാടകങ്ങൾ ചെയ്തു. ഫാമിലി മാൻ ചെയ്യുന്നതിന് മുൻപ് കുറച്ച് ഷോർട്ട് ഫിലിം ചെയ്തിരുന്നു. ചെന്നൈയിലെ എൽവി പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ പ്രോജക്ടിന്റെ ഭാഗമായിരുന്നു. അതായിരുന്നു സ്ക്രീൻ ആക്ടിങ്ങിലെ എന്റെ തുടക്കം.

zarine-shihab-family-man
ഫാമിലി മാൻ സീരിസിൽ സറിൻ

ആളുകൾ പ്രതീക്ഷിക്കുന്ന മികവ് നിലനിർത്തണമെന്ന് ആഗ്രഹമുണ്ട്. എന്റെ ഉള്ളിലെ അഭിനേതാവിനെ എല്ലാ പ്രൊജക്ടിലൂടെയും വെല്ലുവിളിക്കണം. ഇതുവരെ ചെയ്ത പ്രൊജക്ടിൽനിന്ന് ഈ പ്രൊജക്ട് എങ്ങനെയാണു വ്യത്യസ്തമാകുന്നത്, എന്താണ് എനിക്ക് വ്യത്യസ്തമായി ചെയ്യാൻ സാധിക്കുക എന്നാണ് ഞാൻ നോക്കുന്നത്. ആളുകൾ പ്രതീക്ഷിക്കുന്ന കാര്യം ചെയ്താൽ അവരുടെ മനസിൽ ഇരിക്കില്ല. മറന്നുപോവും. വ്യത്യസ്തമായ, ഇൻട്രസ്റ്റിങ്ങായ വേഷങ്ങള്‍ ചെയ്യാനാണ് ആ​ഗ്രഹം.

zarine-shihab-3

എന്തു ചെയ്യണമെന്നു വ്യക്തതയുണ്ടായിരുന്നു

രാവിലെ 9 മുതൽ 5 വരെ ചെയ്യാവുന്ന ഒരു ജോലി, സർക്കാർ ജോലിയോ സ്വകാര്യ മേഖലയിലെ ജോലിയോ ആവണം- സ്കൂളിൽ പഠിക്കുമ്പോൾ ഇതൊക്കെത്തന്നെയായിരുന്നു എന്റെയും ആ​ഗ്രഹം. പിന്നെയാണ് എല്ലാം മാറിയത്. സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലില്ല. പക്ഷേ എനിക്ക് നല്ല വ്യക്തതയുണ്ടായിരുന്നു. അത്തരം ജോലി ചെയ്താൽ തിയറ്ററിലൂടെ കിട്ടുന്ന സംതൃപ്തി ഒരിക്കലും കിട്ടില്ലെന്നു മനസ്സിലായി. നാടകങ്ങളിൽ പ്രവർത്തിക്കുന്ന സമയത്ത് പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. പക്ഷേ എന്റെ യഥാർഥ പാഷൻ തിയറ്റർ ആണെന്ന് അപ്പോൾ മനസ്സിലായി. തിയറ്ററുമായി മുന്നോട്ടു പോകാമെന്നായിരുന്നു തീരുമാനം. പക്ഷേ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതൊരു നല്ല തീരുമാനമാണ്, ഇതിന്റെ പ്രതിഫലം കുറെ വർഷങ്ങൾക്കു ശേഷമേ ഉണ്ടാവു, പത്തുപതിനഞ്ച് വർഷങ്ങൾക്കു ശേഷമാണ് എത്രയോ അഭിനേതാക്കൾക്ക് അംഗീകാരം തന്നെ കിട്ടുന്നത് തുടങ്ങി ആദ്യം എന്നെത്തന്നെ ബോധ്യപ്പെടുത്തണമായിരുന്നു; പിന്നെ കുടുംബത്തെയും.

zarine-shihab567

കുടുംബം

കുടുംബത്തിൽ വേറെയാരും സിനിമ മേഖല തിരഞ്ഞെടുത്തിട്ടില്ല. തുടക്കത്തിൽ അതിന്റേതായ ഒരു പ്രതിസന്ധിയുണ്ടായിരുന്നു. ഫാമിലി മാൻ കഴിഞ്ഞ് അവസരങ്ങൾ വന്നു. അപ്പോൾ വാപ്പയും ഉമ്മയും ഒന്ന് അലിഞ്ഞു. എന്താണു ചെയ്യുന്നതെന്ന് എനിക്ക് അറിയാം, സ്വയം നോക്കാൻ അറിയാം, എന്ന് അവർക്കു മനസ്സിലായി. തിയറ്റർ ചെയ്തില്ലെങ്കിൽ വേറെയൊരു ജോലിയും എനിക്കു സംതൃപ്തി തരില്ലെന്നും അവർ തിരിച്ചറിഞ്ഞു. നമ്മുടെ മോൾ സന്തോഷമായിരിക്കണം, സംതൃപ്തിയുണ്ടാവണം, അതിന് ഇതാണ് മികച്ച വഴി എന്ന് അവർക്ക് മനസ്സിലായി. ഇപ്പോൾ നല്ല പിന്തുണയാണ്.

zarine

അഞ്ജലിയുമായുള്ള സാമ്യങ്ങൾ

ആട്ടത്തിലെ അഞ്ജലിയുമായി എനിക്കു ചില സാമ്യങ്ങളുണ്ട്. അഞ്ജലി ആർക്കിടെക്റ്റാണ്, ഒപ്പം തിയറ്ററും ചെയ്യുന്നുണ്ട്. അതുപോലെ ഞാനും കുറെ വർഷം നടന്നിട്ടുണ്ട്. എനിക്ക് മൂന്നുനാലു പാർട്ട് ടൈം ജോലിയുണ്ടായിരുന്നു. അതിന്റെ കൂടെത്തന്നെ തിയറ്റർ റിഹേഴ്സലും കോഴ്സ് വർക്കും ചെയ്യുമായിരുന്നു. 

zarine-shihab-32

മാറ്റങ്ങളുണ്ട്, പക്ഷേ

മോശപ്പെട്ട അനുഭവം മിക്ക സ്ത്രീകളും നേരിട്ടിട്ടുണ്ടാവും. ഇന്ത്യയ്ക്കു പുറത്തുപോയാലും ഇതുതന്നെയാണ് അവസ്ഥ. ഇന്ത്യയ്ക്കു പുറത്തു സുഹൃത്തുക്കളുണ്ട്. അവർ അഭിമുഖീകരിക്കുന്ന അതിക്രമങ്ങളെക്കുറിച്ചു കേട്ടപ്പോൾ ഇത് എല്ലായിടത്തുമുള്ള പ്രശ്നമാണെന്ന് മനസ്സിലായി. അതു മാറാൻ സമയമെടുക്കും. ചെറിയ മാറ്റങ്ങളുണ്ട്. പക്ഷേ അതു വളരെ സാവധാനത്തിലാണ്.

English Summary:

Chat With Actress Zarin Shihab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com