ഈ സംവിധായക പുത്രിയെ അറിയുമോ?; ശ്രവണ അഭിമുഖം
Mail This Article
‘തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായി വന്ന ശ്രവണ, ഷാജൂൺ കാര്യാലിന്റെ പുതിയ ചിത്രമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’യിലൂടെ ഫെബ്രുവരി 2ന് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഏതം, അഞ്ചിൽ ഒരാൾ തസ്കരൻ എന്നീ സിനിമകളിലും ശ്രവണ അഭിനയിച്ചിരുന്നു. അച്ഛന്റെ വിയോഗത്തെ തുടർന്ന് കുറച്ചുനാൾ ശ്രവണ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
സംവിധായകന്റെ മകൾ എന്ന നിലയിൽ (അനിൽ–ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകൾ) കുട്ടിക്കാലത്തേ ശ്രവണ സിനിമയുമായി അടുത്തുകാണുമല്ലോ?
അച്ഛന്റെ കൂടെ ഷൂട്ടിങ് സെറ്റുകളിലൊക്കെ പോയി സിനിമ എന്താണെന്നു മനസ്സിലാക്കിയിരുന്നു. സിനിമയോടുള്ള ഇഷ്ടം അന്നുമുതലുണ്ട്.
മിന്നിമറഞ്ഞ മുഖം
അച്ഛൻ സംവിധാനം ചെയ്ത അവസാന ചിത്രമായ ‘ടു നൂറാ വിത്ത് ലവി’ൽ അപ്രതീക്ഷിതമായി കയറിക്കൂടിയതാണ് എന്റെ ആദ്യ സിനിമാഅനുഭവം. സെറ്റിലുള്ളവർ നിർബന്ധിച്ചപ്പോൾ പാട്ടു പാടുന്ന സീനിൽ ചെറുതായി പാടി ‘മുഖം കാണിച്ചു’. അടുത്ത ദിവസം ഡാൻസ് സീനിൽ ആളില്ലാതെ വന്നപ്പോൾ എന്നെ ഫില്ലറാക്കി നിർത്തി. ഇതൊക്കെയാണ് ‘തട്ടും പുറത്ത് അച്യുതന്’ മുൻപ് എനിക്ക് ആകെയുണ്ടായിരുന്ന എക്സ്പീരിയൻസ്. ചേട്ടൻ ഈ സിനിമയിൽ ലാസ്റ്റ് അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. അങ്ങനെ അച്ഛന്റെ പടത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് കഴിഞ്ഞു.
ജീവിതത്തിന്റെ നിറം മാറ്റിയ ‘നിറമാല’
ഡിഗ്രിക്ക് പഠിക്കുമ്പോൾ നിറമാല എന്ന പേരിൽ നടത്തിയ ഫാമിലി ഗെറ്റ് ടുഗെതറിൽ ലാൽ ജോസ് സാറായിരുന്നു അതിഥി. അന്നു ചെയ്ത ആൽബത്തിൽ ഞാൻ പാട്ടു പാടി, ഡാൻസ് കളിച്ചു. ആ പ്രോഗ്രാമിൽ അദ്ദേഹം പറഞ്ഞു: അച്ഛനും അമ്മയും സമ്മതിക്കുകയാണെങ്കിൽ ഒരു നായികയെ കിട്ടും. ഒത്തിരി സന്തോഷം തോന്നിയിരുന്നെങ്കിലും അന്നത് ആരും കാര്യമാക്കി എടുത്തില്ല.
പിന്നീട് തൃശൂർ സെന്റ് തോമസ് കോളജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ സമയത്താണ് തട്ടും പുറത്ത് അച്യുതനിലേക്ക് വിളിക്കുന്നതും അഭിനയിക്കുന്നതും. മരിക്കുന്നതിന് മുൻപ് അച്ഛന് എന്നെ സ്ക്രീനിൽ കാണാനായി എന്ന സന്തോഷം ഉണ്ട്.
മൃദു ഭാവേ ദൃഢ കൃത്യേയിലേക്ക്
ഓഡിഷനിലൂടെയാണ് ഇതിലേക്ക് എത്തിയത്. കൂടുതൽ ആളുകളും പുതുമുഖങ്ങളാണ്. ഷൂട്ടിങ്ങിന് മുൻപ് ഒരു ക്യാംപ് ഉണ്ടായിരുന്നു. അതിലൂടെ ഞങ്ങളെല്ലാവരും തമ്മിൽ നല്ലൊരു കണക്‌ഷനുണ്ടായി. അത് ഷൂട്ടിങ് സമയത്ത് ഉപകാരപ്പെട്ടു. രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവാണ് സംഗീതം. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ പുത്തഞ്ചേരി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.