ADVERTISEMENT

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിൽ മമിത ബൈജുവിന്റ കഥാപാത്രത്തോട് കൂട്ടുകാരി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘‘ഈ അമൽ ഡേവിസ് ആള് കൊള്ളാലോ’’ എന്ന്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും അതു സമ്മതിക്കും. നസ്‌ലിനൊപ്പം സിനിമയിൽ പൊട്ടിച്ചിരികളും കയ്യടികളും നേടുന്നുണ്ട് സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ ഡേവിസ്. 4 ഇയേഴ്‌സ്, ലിറ്റിൽ മിസ്സ് റാവുത്തർ, പത്രോസിന്റെ പടപ്പുകൾ എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളിൽ സ്പോട് എഡിറ്ററായും പ്രവർത്തിച്ചിട്ടുള്ള സംഗീതിന്റെ ആദ്യ മുഴുനീള വേഷമാണ് പ്രേമലുവിലേത്. സൂപ്പർ ശരണ്യ, ഹൃദയം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അമൽ ഡേവിസ് എന്ന കഥാപാത്രം വളരെ സ്പെഷൽ ആണെന്ന് സംഗീത് പറയുന്നു. സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടു സംഗീത് പ്രതാപ് മനോരമ ഓൺലൈനിൽ.

പരിപാടി വർക്ക് ആയി

എന്റെ ഒരു സുഹൃത്ത് ബെംഗളൂരുവിൽനിന്നു വിളിച്ചു. അവിടെ വലിയ പടങ്ങളുടെ കൂടെ ഇറങ്ങിയിട്ടും പ്രേമലു ഹൗസ്ഫുൾ ആയിരുന്നു. 600 സീറ്റുള്ള തിയറ്റർ ഹൗസ്ഫുൾ ആവുക, പ്രേക്ഷകർ തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുക, ഗിരീഷേട്ടന്റെ പേര് എഴുതിക്കാണിക്കുമ്പോൾ ഗംഭീര കയ്യടി ഉയരുക– ഇതെല്ലാം വലിയ സന്തോഷം പകരുന്ന മൊമന്റ്സ് ആണ്. അമൽ ഡേവിസും സച്ചിനും തമ്മിലുള്ള കോംബോ പുതിയ പരിപാടിയായി പ്രേക്ഷകർക്കു തോന്നിയെന്നു കേൾക്കുമ്പോൾ എക്സൈറ്റഡ് ആവുന്നു എന്നു പറഞ്ഞാൽ അതു കൃത്യമാകില്ല. വേറെയൊരു മാനസികാവസ്ഥയിലാണ് ഞാൻ.

റിയലിന്റെ പകുതിയെ റീലിലുള്ളൂ

ഗിരീഷേട്ടന്റെ ഗൈഡൻസിൽ കുറെ ഇംപ്രവൈസേഷൻസ് സ്പോട്ടിൽ ചെയ്തിരുന്നു. കയ്യീന്നിടൽ പരിപാടി സ്വാഭാവികമായും നടന്നിട്ടുണ്ട്. ശ്രദ്ധിച്ചാൽ മനസ്സിലാകും, സച്ചിനും അമലും സാധാരണ നമ്മൾ സിനിമകളിൽ കാണുന്ന തരം സൗഹൃദസംഭാഷണമല്ല നടത്തുന്നത്. ഇവർ രണ്ടു പേരും പരസ്പരം ഒന്നു തള്ളിയിട്ടോ തല്ലിയിട്ടോ പിച്ചിയിട്ടോ ഒക്കെയാകും സംസാരിക്കുന്നത്. ആ ശരീരഭാഷയും ചലനങ്ങളും അറിഞ്ഞോ അറിയാതെയോ ഗിരീഷേട്ടൻ പറഞ്ഞും അല്ലാതെയുമൊക്കെ വന്നു ചേർന്നതാണ്. ഇതൊക്കെയായിരിക്കും സച്ചിനെയും അമലിനെയും പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണം. നമ്മുടെ റിയൽ ലൈഫ് കൂട്ടുകാർ അങ്ങനെയല്ലേ? ഞാനും നസ്‌ലിനും വളരെ അടുത്ത സുഹൃത്തുക്കളാണ്. 

sangeeth-naslin

റിയൽ ലൈഫിൽ ഞങ്ങൾ പരസ്പരം കാണിക്കുന്നതിന്റെ പകുതിയാണ് സ്ക്രീനിൽ കണ്ടത്. പ്രേമലുവിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ അമൽ ഡേവിസ് എന്ന കഥാപാത്രം എത്ര പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഗിരീഷേട്ടൻ ഞങ്ങളോടു പറഞ്ഞതു തന്നെ, "എടാ, നിങ്ങളുടെ രണ്ടുപേരുടെയും പരിപാടിയാണ് പടം. അതു വർക്ക് ആയാൽ പടവും വർക്ക് ആകും" എന്ന്. അങ്ങനെയൊരു ആത്മവിശ്വാസം ഗിരീഷേട്ടൻ കാണിക്കുമ്പോൾ വ്യക്തിപരമായി ഒരു വിശ്വാസവും സന്തോഷവും തോന്നും. പിന്നെ, ഗിരീഷേട്ടൻ ആയതുകൊണ്ട് വേറൊന്നും നോക്കാനില്ല. 

സ്പോട്ട് എഡിറ്റർ ആക്ടർ ആയപ്പോൾ

തണ്ണീർമത്തൻ ദിനങ്ങളിൽ ഞാൻ സ്പോട്ട് എ‍‍ഡിറ്റർ ആയിരുന്നു. എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന സമയത്താണ് ആ സിനിമ സംഭവിക്കുന്നത്. ആ സെറ്റിൽ വച്ച് ഗിരീഷേട്ടനുമായി നല്ല കൂട്ടായി. ഗിരീഷേട്ടന്റെ കോമഡി എനിക്ക് പെട്ടെന്ന് കണക്ട് ആകും. പിന്നീട് സൂപ്പർ ശരണ്യ ചെയ്തപ്പോൾ എന്നെ അഭിനയിക്കാൻ വിളിച്ചു. അന്ന് ഹൃദയം പുറത്തിറങ്ങിയിട്ടില്ല. ആ സിനിമയിലാണ് ആദ്യം ഞാൻ അഭിനയിക്കുന്നത്. നസ്ലിൻ അഭിനയിച്ച കഥാപാത്രമായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് അതിലേക്ക് നസ്ലിൻ വരികയും ഞാൻ മറ്റൊരു വേഷത്തിലേക്ക് മാറുകയും ചെയ്തു. സിനിമയിൽ ഞാൻ അഭിയിച്ചു കണ്ടിട്ടല്ല ഗിരീഷേട്ടൻ എന്നെ അഭിനയിക്കാൻ വിളിച്ചത്. അദ്ദേഹത്തിന്റെ ട്രസ്റ്റ് ആണത്. ഞാൻ ഗിരീഷേട്ടനെ വിശ്വസിച്ചിട്ടാണ് അന്നും ഇന്നും അഭിനയിച്ചിട്ടുള്ളത്. 

sangeeth-prathap-2

കാരണം, അഭിനയം എനിക്കു പറ്റുന്ന പരിപാടിയാണോ എന്ന് അറിയില്ലായിരുന്നു. ഗിരീഷേട്ടന് വ്യക്തിപരമായി എന്നെ നന്നായിട്ട് അറിയാം. അത് അമൽ ഡേവിസ് എന്ന കഥാപാത്രത്തെ വികസിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സെറ്റിൽ സ്പോട്ട് എഡിറ്ററായി പോയ സമയത്ത് ഇടവേളകളിൽ ഞാൻ മിമിക്രി കാണിക്കും. പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് മിമിക്രിക്ക് ജില്ലയിൽ ഒന്നാം സ്ഥാനമുണ്ടായിരുന്നു. സംസ്ഥാന യുവജനോൽസവത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട്, അതെല്ലാം വിട്ടു. തണ്ണീർമത്തൻ ദിനങ്ങളുടെ സെറ്റിൽ തമാശയ്ക്ക് പഴയതെല്ലാം പുറത്തെടുത്തിരുന്നു. അതെല്ലാം ഗിരീഷേട്ടൻ ശ്രദ്ധിച്ചിരുന്നു. അമൽ ഡേവിസിൽ അതെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. 

ഭാവന സ്റ്റുഡിയോസിലെ ചക്കര മനുഷ്യർ

ഭാവന സ്റ്റുഡിയോസിലെ എല്ലാവരോടും വലിയ ബഹുമാനം തോന്നും. ശ്യാമേട്ടനുമായിട്ടാണ് (ശ്യാം പുഷ്കരൻ) ഞങ്ങൾ കൂടുതൽ സംസാരിച്ചിട്ടുള്ളതും ഇടപെഴുകിയിട്ടുള്ളതും. ഒരു ബഹുമാനത്തോടു കൂടിയാണ് എല്ലായ്പ്പോഴും അവരോട് സംസാരിച്ചിട്ടുള്ളത്. ബഹുമാനം കൊണ്ടുള്ള ഒരു ഉൾവലിവ് തീർച്ചയായും ഉണ്ടായിരുന്നു. സത്യത്തിൽ അവരെല്ലാവരും സ്വീറ്റ് ആയിരുന്നു. ചക്കര മനുഷ്യന്മാർ എന്നു പറയില്ലേ. അതായിരുന്നു ശ്യാമേട്ടനും ഉണ്ണിമായ ചേച്ചിയും ദീലീഷേട്ടനുമെല്ലാം! അവരുടെ കൂടെയുള്ള എല്ലാവർക്കും അതേ വൈബ് ആയിരുന്നു. മനുഷ്യരോട് എങ്ങനെ മനോഹരമായി പെരുമാറാം എന്നത് ശ്രദ്ധിക്കുന്ന ഒരു പ്രൊഡക്‌ഷൻ‌ ഹൗസാണ് അവരുടേത്. അവരുടെ മുൻഗണന വാണിജ്യവിജയമോ മാർക്കറ്റോ അല്ല. അവരുടെ സിനിമകൾ പോലെ അവർ വിലമതിക്കുന്നത് മനുഷ്യരെയാണ്.  

sangeeth-prathap-22

കല്യാണ എഡിറ്ററിൽനിന്ന് സിനിമയിലേക്ക്

ഞാൻ ആവശ്യമില്ലാതെ കുറെ ചിന്തിച്ചു കൂട്ടുന്ന ആളാണ്. ഞാനെപ്പോഴും എന്റെ തുടക്കകാലത്തെക്കുറിച്ചും അവിടെനിന്ന് ഇതുവരെയുള്ള എന്റെ ജീവിതത്തെക്കുറിച്ചും ആലോചിക്കാറുണ്ട്. ആ ട്രാൻസിഷൻ വളരെ സർപ്രൈസിങ് ആണ്. ഞാനെന്തിനു വേണ്ടി വന്നു, എവിടെയെത്തി എന്നതെല്ലാം ആലോചിക്കുമ്പോൾ അതിനു കാരണക്കാരായവരെ നന്ദിയോടല്ലാതെ ഓർക്കാൻ കഴിയില്ല. ഞാനായിട്ട് ചെയ്തതല്ല ഇതൊന്നും എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്. എഡിറ്റിങ്ങിൽ ആണെങ്കിൽ ഞാൻ പിന്നെയും പറയും, എന്റെ കഠിനാധ്വാനം അതിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന്! പക്ഷേ, അഭിനയം എന്നെ വിശ്വസിച്ച് ഏൽപിച്ചവരാണ് എന്നെ ഇവിടെ എത്തിച്ചത്. അവരെപ്പറ്റി എപ്പോഴും ആലോചിക്കാറുണ്ട്. സംവിധാനം എന്റെ വലിയ മോഹമായിരുന്നു. 

ആ ആഗ്രഹമാണ് എന്നെ എഡിറ്റിങ്ങിൽ എത്തിച്ചത്. ചെയ്തു തുടങ്ങിയപ്പോൾ രസം പിടിച്ചു. പലർക്കും എഡിറ്റിങ് ബോറടിയാണ്. പക്ഷേ, എനിക്ക് 'ഹൈ' കിട്ടുന്ന പണിയാണ് അത്. നല്ലൊരു സീൻ എഡിറ്റ് ചെയ്തു കഴിയുമ്പോൾ കിട്ടുന്ന കിക്ക് ഉണ്ട്. ബിഎസ്‌സി അനിമേഷനാണ് പഠിച്ചത്. അതിൽ സബ് ആയി എഡിറ്റിങ് പഠിക്കാനുണ്ട്. അനിമേഷനിലാണ് ആദ്യം ജോലി ചെയ്തത്. അതിന് ശമ്പളം 5000 രൂപയായിരുന്നു. അതിൽ ചെലവു നിൽക്കില്ലല്ലോ. അതുകൊണ്ട് കല്യാണം എഡിറ്റ് ചെയ്യാൻ തുടങ്ങി. ഷോർട്ട് ഫിലിമുകൾ ചെയ്തു. അതിലൂടെ സന്തോഷവും പണവും കിട്ടിത്തുടങ്ങി. അങ്ങനെയാണ് ഞാൻ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അടുത്ത് എത്തുന്നത്. ഷമീറിക്കയാണ് എനിക്ക് ഫിലിം എഡിറ്റിന്റെ ബാലപാഠങ്ങൾ പറഞ്ഞു തരുന്നത്. സിനിമ എങ്ങനെ കാണണം, എന്താണ് അതിന്റെ താളം എന്നതെല്ലാം പറഞ്ഞു തന്നത് ഷമീറിക്കയാണ്. 

അഭിനയത്തിലെ ഇൻസെക്യൂരിറ്റി

എഡിറ്റർ ആണെന്നുള്ളത് ഒരു തരത്തിലും അഭിനയത്തിൽ എന്നെ സഹായിച്ചിട്ടില്ല. അഭിനയത്തിൽ വേറെ തരത്തിലുള്ള ഇൻസെക്യൂരിറ്റിയും ബോധാവസ്ഥയുമാണുള്ളത്. ഒരിക്കൽ എന്റെ കൂടെ അഭിനയിച്ച ഒരു ആക്ടർ എന്നോടു ചോദിച്ചു, എഡിറ്റിങ് മനസ്സിൽ വച്ച് അഭിനയിച്ചു കൂടേ? അങ്ങനെ ചെയ്യുന്നവരുണ്ട്. ഞാൻ ചില സീനുകൾ എഡിറ്റ് ചെയ്യുമ്പോൾ ഓർക്കാറുണ്ട്, അഭിനയിക്കുന്നവർ ഒരു സെക്കൻഡ് ഗ്യാപ്പിട്ട് ഇമോഷൻസ് ചെയ്താൽ എഡിറ്റ് ചെയ്യാൻ എളുപ്പമാവില്ലേ എന്ന്! പക്ഷേ, അഭിനേതാവ് എന്ന നിലയിൽ എനിക്ക് അത് പറ്റില്ല. വളരെ ശ്രദ്ധിച്ചാണ് ഞാൻ അഭിനയിക്കുന്നത്. അറിവില്ലായ്മയും ഇൻസെക്യൂരിറ്റിയുമാണ് അതിനു കാരണം. ആ സമയത്ത് എഡിറ്റൊന്നും മനസ്സിൽ വരില്ല. 

sangeeth-prathap-32
ലിറ്റില്‍ മിസ് റാവുത്തർ എന്ന സിനിമയിൽ നിന്നും

നടനാക്കിയത് വിനീത് ശ്രീനിവാസൻ

എന്നെ അഭിനയിപ്പിക്കുന്നത് വിനീതേട്ടനാണ് (വിനീത് ശ്രീനിവാസൻ). ഹെലനിലും തണ്ണീർമത്തനിലും സ്പോട്ട് എഡിറ്റർ ഞാനായിരുന്നു. അന്ന് അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ എല്ലാ അലമ്പും തമാശകളും വിക്രിയകളും അദ്ദേഹത്തിനറിയാം. കോമഡിയല്ല, എന്റെ രൂപമാണ് ഹൃദയത്തിലെ വേഷത്തിലേക്ക് എന്നെ പരിഗണിക്കാൻ കാരണം. വളരെ അഗ്രസീവ് ആയ വേഷം മെലിഞ്ഞിരിക്കുന്ന ഒരാൾ ചെയ്യുമ്പോഴുള്ള ഇംപാക്ട് ഇല്ലേ. അതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ! ആ മീറ്റർ പോലും വിനീതേട്ടൻ കൃത്യമായി പറഞ്ഞു തന്നിരുന്നു. 

sangeeth-prathap5

വീട്ടിലെ സിനിമാക്കാരൻ

ചെറായി ആണ് നാട്. അച്ഛൻ പ്രതാപ് കുമാർ സിനിമയിൽ ക്യാമറാമാൻ ആയിരുന്നു. തൂവാനത്തുമ്പികൾ, ഇൻ ഹരിഹർ നഗർ തുടങ്ങിയവയിലും പണ്ടത്തെ ഐവി ശശി, ജോഷി സിനിമകളിലുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. വിഖ്യാത ഛായാഗ്രാഹകൻ ജയനൻ വിൻസന്റിന്റെ അസോഷ്യേറ്റ് ആയിരുന്നു അച്ഛൻ. അതുകൊണ്ട്, ഞാൻ സിനിമയിൽ വന്നതിന് വീട്ടിൽനിന്ന് കട്ട സപ്പോർട്ട് ആയിരുന്നു.

പത്തിലൊക്കെ പഠിക്കുമ്പോൾ ഞാൻ അച്ഛന്റെ കൂടെ വർക്കിന് പോയിട്ടുണ്ട്. അച്ഛൻ പണ്ടത്തെ കഥകൾ പറയാറുണ്ട്. മുപ്പതോളം സിനിമകളിൽ അച്ഛൻ പ്രവർത്തിച്ചു. എന്റെ ഇപ്പോഴത്തെ നേട്ടങ്ങളിൽ അച്ഛനും അമ്മയുമാണ് സൂപ്പർ ഹാപ്പി. അമ്മ ആനി റിട്ടയേഡ് ടീച്ചറാണ്. ഈയടുത്താണ് എന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ആൻസി ജർമൻ അധ്യാപികയാണ്. ജയ് ഗണേശ് എന്ന സിനിമയുടെ എഡിറ്റിലാണ് ഇപ്പോൾ ഞാൻ. 

English Summary:

Chat with Premalu Actor Sangeeth Prathap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com