പേരിലല്ല കാര്യം, തിരക്കഥ എഴുതിയതും ബ്ലാക്ക് ആൻഡ് വൈറ്റ് മനസ്സിൽ കണ്ട്: രാഹുൽ സദാശിവൻ അഭിമുഖം
Mail This Article
‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം’’– രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ട്രെയ്‌ലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ഈ ഡയലോഗിലാണ്. മമ്മൂട്ടിയുടെ വേറിട്ട വേഷപ്പകർച്ചയും ഇതുവരെ കാണാത്ത ഭാവങ്ങളും ചിരിയുമെല്ലാം ചേരുമ്പോൾ, എന്തായിരിക്കും ഈ സിനിമയുടെ തിയറ്റർ അനുഭവമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. സിനിമയുടെ റിലീസിനു മുൻപ് സംവിധായകൻ രാഹുൽ സദാശിവൻ മനോരമ ഓൺലൈനിൽ.
ഭ്രമയുഗത്തിന്റെ കഥ രൂപപ്പെട്ടത് എങ്ങനെ? മമ്മൂട്ടിക്കു വേണ്ടി ഒരുക്കിയ കഥയാണോ?
മുൻപേ മനസ്സിലുണ്ടായിരുന്ന കഥയാണ് ഭ്രമയുഗത്തിന്റേത്. അന്നും മമ്മൂക്ക വന്നാൽ മാത്രം ചെയ്യാമെന്ന ഐഡിയ ആയിരുന്നു. പക്ഷേ അന്നൊന്നും അദ്ദേഹത്തെ ഈ കഥയുമായി സമീപിക്കാൻ കഴിഞ്ഞില്ല. ഭൂതകാലത്തിനു ശേഷമാണ് ഈ ത്രെഡ് സമയമെടുത്ത് വികസിപ്പിച്ച് മമ്മൂക്കയുടെ അടുത്തേക്ക് എത്തുന്നത്. സ്ക്രിപ്റ്റ് തയാറാക്കിയതിനു ശേഷം മമ്മൂക്കയുമായുള്ള ഒരു മീറ്റിങ് ചോദിച്ചുറപ്പിക്കുകയായിരുന്നു.
എന്തുകൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ്?
ഇതൊരു പിരീഡ് സിനിമയാണ്. ഈ സിനിമയുടെ ചിന്ത മനസ്സിൽ വന്നതേ ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. കളറിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. എഴുതിയപ്പോഴും അടുത്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലെന്ന് മനസ്സിലുറപ്പിച്ചിരുന്നു. അങ്ങനെ തന്നെയാണ് ഷൂട്ട് ചെയ്തിട്ടുള്ളതും. ഒരുപാട് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കണ്ടിരുന്നു. മലയാള സിനിമകളും പാശ്ചാത്യസിനിമകളും അതിൽപ്പെടും. ഇന്നത്തെ തലമുറയുടെ മുൻപിൽ തിയറ്ററിൽ അത്തരമൊരു സിനിമ വരുമ്പോൾ എങ്ങനെയായിരിക്കും എന്നറിയാൻ അത്തരം കുറെ സിനിമകൾ കണ്ടു. അങ്ങനെയാണ് ഈ ഫോർമാറ്റിൽത്തന്നെ മുന്നോട്ടു പോകാമെന്നുറപ്പിച്ചത്.
കേസും വിവാദങ്ങളും ബാധിച്ചോ?
വിവാദങ്ങളിൽ ഒന്നും ചെയ്യാൻ പറ്റില്ല. കോട്ടയത്തെ ആ കുടുംബവുമായി സിനിമയിലെ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല. ഇതു തീർത്തും സാങ്കൽപിക കഥയാണ്. മൂന്നൂറോ നാനൂറോ വർഷം മുൻപ് നടക്കുന്നത്! പ്രത്യേകിച്ചൊരു കുടുംബത്തെയോ ആളുകളെയോ മുൻനിർത്തിയല്ല കഥയെഴുതിയിരിക്കുന്നത്. വേറെ ഏതെങ്കിലും മൂലകഥയിൽ നിന്നെടുത്തതും അല്ല. പൂർണമായും ഒറിജിനൽ കഥയാണ്. പണ്ട് പൊതുവെ കുറച്ചു പേരുകളല്ലേ ഉള്ളൂ. ഇങ്ങനെയൊരു പേരിട്ടാൽ കൊള്ളാമെന്നു തോന്നി. അങ്ങനെ ഇട്ടതാണ്. അതിപ്പോൾ മാറ്റി.
ടി.ഡി. രാമകൃഷ്ണന്റെ പങ്കാളിത്തം എത്രത്തോളം ഗുണകരമായി?
ടി.ഡി. രാമകൃഷ്ണൻ സർ നന്നായി സഹായിച്ചു. പ്രത്യേകിച്ചും ഡയലോഗുകളിൽ. ഈ കഥയെഴുതാൻ കുറച്ചു റിസർച്ച് മെറ്റീരിയലുകൾ വേണമായിരുന്നു. ഞാൻ പോകുന്ന വഴി കൃത്യമാണോ, എഴുതുന്നത് ശരിയാണോ എന്നൊക്കെ ചോദിക്കാൻ എനിക്ക് വളരെ സീനിയർ ആയ ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് ടിഡിയിലേക്ക് എത്തുന്നത്.
പ്രേക്ഷകരുടെ പ്രതികരണം ഓർത്ത് സമ്മർദമുണ്ടോ?
സിനിമയല്ലേ! ഒന്നും പറയാൻ പറ്റില്ല. പ്രേക്ഷകർക്ക് നല്ലൊരു അനുഭവം സമ്മാനിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
‘ഭ്രമയുഗം’ സിനിമയുമായി ബന്ധപ്പെട്ട് രാഹുലിനോട് മനോരമ ഓൺലൈൻ വായനക്കാർ ചോദിച്ചതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളും രാഹുലിന്റെ മറുപടിയും
കളർ ഫോർമാറ്റില്‍ ഈ ഐഡിയ കൺസീവ് ചെയ്തിട്ടില്ല. ബ്ലാക് ആൻഡ് വൈറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തിലാണ് തിരക്കഥയും എഴുതിയത്. അതിനെ ഒരു പ്രൊഡക്‌ഷൻ ഹൗസ് സപ്പോർട്ട് ചെയ്തു. പിന്നെ മമ്മൂക്ക വേണമെന്ന് ഒരു ചിന്ത ഉണ്ടായി. അങ്ങനെയാണ് ഇതുണ്ടായത്.
ബ്ലാക് ആൻഡ് വൈറ്റ് സിനിമ ചെയ്താൽ ആളുകളിൽ ജിജ്ഞാസയുണ്ടാക്കാം എന്നും ഉണ്ടായിരുന്നു. ആ എക്സൈറ്റ്മെന്റിലാണ് ആളുകൾ തിയറ്ററിൽ ഈ സിനിമ കാണാൻ വേണ്ടി കാത്തിരിക്കുന്നത്. നമ്മുടെ തലമുറയിൽ ആരും തിയേറ്ററിൽ പോയി ബ്ലാക് ആൻഡ് വൈറ്റ് സിനിമ കണ്ടിട്ടില്ല. മമ്മൂട്ടിയെ കൂടാതെ നാലുപേർ മാത്രമാണ് സിനിമയിലുള്ളത്.
പോസ്റ്റർ ഇറങ്ങിയപ്പോഴും ടീസർ ഇറങ്ങിയപ്പോഴും കിട്ടിയ സ്വീകാര്യത വളരെ വലുതായിരുന്നു, ഒരു തരത്തിൽ പറഞ്ഞാൽ പേടിപ്പിക്കുന്നത്. മറ്റൊരു തലത്തിലേക്കാണല്ലോ സിനിമയുടെ ചർച്ചകൾ പോകുന്നതെന്ന് സംവിധായകനെന്ന നിലയിൽ എനിക്കു തോന്നി. ആൾക്കാരൊക്കെ വിചാരിക്കുന്നത് ഭയങ്കരമായി പേടിപ്പിക്കും എന്നാണ്. ഒരുപക്ഷേ എന്റെ മുൻപത്തെ ചിത്രം അങ്ങനെയായതു കൊണ്ടുമാകാം. ഹൊറർ എന്നാൽ പല സബ് ജോണറുകളും ഉണ്ട്. പേടിക്കും എന്നു പറഞ്ഞ് ഇത് വന്നു കാണുമ്പോൾ ചിലപ്പോൾ നിങ്ങൾ നിരാശരായേക്കാം. ഇത് വേറെ രീതിയിൽ ക്രാഫ്റ്റ് ചെയ്തൊരു ഹൊറർ മൂഡാണ്. ഇതൊരു സൈക്കളോജിക്കൽ മിസ്റ്ററി ത്രില്ലറാണ്.