‘മഞ്ഞുമ്മലിലെ’ സീൻ മാറ്റിയ അഭിലാഷ്; അച്ഛന്റെ ആഗ്രഹം നിറവേറ്റി: ചന്തു സലിംകുമാർ അഭിമുഖം
Mail This Article
മലയാളസിനിമയിലെ അനുഗൃഹീത കലാകാരന്മാരുടെ മക്കളിൽ പലരും സിനിമാരംഗത്തെത്തുകയും കഴിവു തെളിയിക്കുകയും ചെയ്തിട്ടുണ്ട്, സലിംകുമാറിന്റെ മകൻ ചന്തുവും ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രമായി സിനിമയിലെത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സിൽ, ഒരൽപം വ്യത്യസ്തനായ അഭിലാഷ് എന്ന കഥാപാത്രമായാണ് ചന്തു എത്തുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്ന് ചന്തു സലിംകുമാർ പറയുന്നു. അച്ഛന്റെ ആഗ്രഹമായ എൽഎൽബി പഠനം പൂർത്തിയാക്കുന്നതിനൊപ്പം കുട്ടിക്കാലം മുതൽ ഭാഗമായിരുന്ന സിനിമാമേഖലയിൽ കഴിവ് തെളിയിക്കുക കൂടി ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്ന് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ചന്തു പറഞ്ഞു.
പിച്ചവച്ചു വളർന്നത് സിനിമയിൽ
എനിക്ക് സിനിമയോടായിരുന്നു എന്നും ആകർഷണം. ഞങ്ങൾ ജീവിതത്തിൽ എന്നും രാവിലെ മുതൽ കണ്ടുകൊണ്ടിരുന്നത് സിനിമക്കാരെയാണ്. സിനിമയെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം മുഴുവൻ. അങ്ങനെയൊരാൾക്ക് സിനിമയോടു താൽപര്യം വരുന്നത് സ്വാഭാവികമാണ്. എല്ലാവരും ഞങ്ങളോടു ചോദിക്കാറുള്ളത് എപ്പോഴാണു സിനിമയിലേക്ക് വരുന്നത് എന്നായിരുന്നു. ചെറുപ്പം മുതൽ അങ്ങനെയാണ് കേൾക്കുന്നത്. അതുകൊണ്ട് എന്റെ മനസ്സും ആ രീതിയിലാണ് ചിന്തിച്ചിരുന്നത്. ഞങ്ങൾ ഏതു പാത തിരഞ്ഞെടുക്കുന്നതിലും അച്ഛനു കുഴപ്പമില്ല.
Read more at: മഞ്ഞുമ്മൽ ബോയ്സിന് സെറ്റിട്ട 'മൂത്താശാരി'; ഗുണ കേവ്സ് തയാറാക്കിയത് കൊച്ചിയിൽ
എന്നെ ഒരു ഡോക്ടറാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതു നടക്കില്ല എന്നു മനസ്സിലായപ്പോൾ വക്കീൽ ആക്കണം എന്നായി. ഞാൻ ബിഎ കഴിഞ്ഞ് എംഎ ചെയ്തു, അതു കഴിഞ്ഞ് സിവിൽ സർവീസ് കോച്ചിങ്ങിനു പോയി. അവിടെ നിന്നാണ് എൽഎൽബി എന്ന ആശയം എന്റെ മനസ്സിൽ കയറിയത്. അത് അച്ഛന് താൽപര്യം ഉള്ള ജോലി ആയിരുന്നു. അച്ഛനും പണ്ട് എൽഎൽബി എൻട്രൻസ് എഴുതിയിട്ടുണ്ട്. എനിക്ക് വക്കീൽ ആകാൻ ആഗ്രഹം വന്നപ്പോൾ അച്ഛനും ആഗ്രഹമുള്ളതുകൊണ്ട് ഞാൻ പഠിക്കാൻ തീരുമാനിച്ചു. ഞാനിപ്പോൾ പൂത്തോട്ട എസ്എൻ ലോ കോളജിൽ എൽഎൽബിക്കു പഠിക്കുകയാണ്. പഠിച്ച് വക്കീൽ ആയി എൻറോൾ ചെയ്യുകയും ഒപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്യണം. അതാണ് ആഗ്രഹം. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കാൻ പോയപ്പോൾ കുറച്ചു ദിവസം ക്ലാസ് മുടങ്ങി.
ഗണപതി വിളിച്ചു
ഗണപതിയാണ് എന്നെ ഈ പടത്തിലേക്ക് വിളിച്ചത്. അതിനു മുൻപ് സൗബിൻ ഇക്ക എന്നോട് ‘ഒരു പടം ചെയ്യുന്നുണ്ട്’ എന്നു പറഞ്ഞിരുന്നു. അസോഷ്യേറ്റ് ഡയറക്ടർ ശ്രീരാഗ് ആണ് ഗണപതിക്ക് ഞാൻ അഭിനയിച്ച മാലിക്കിലെ രംഗം കാണിച്ചു കൊടുത്തത്. യഥാർഥ ജീവിതത്തിലെ അഭിലാഷ് എന്ന വ്യക്തിയുമായി സാമ്യമുള്ള ആളുകളെയാണ് അവർ നോക്കിയത്. അഭിലാഷുമായി ചെറിയ സാമ്യം ഉള്ളതുകൊണ്ടാണ് എന്നെ വിളിച്ചത്. ഞങ്ങളെ വിളിച്ചിട്ട് അവർ കഥയല്ല പറഞ്ഞത്. ചിദംബരം ഈ വിഷയത്തിൽ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അത് കാണിച്ചു തന്നു. അത് കണ്ടപ്പോൾത്തന്നെ ഞങ്ങൾ എക്സൈറ്റഡ് ആയി. അങ്ങനെയാണ് ഞങ്ങൾ എല്ലാവരും ഈ സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചത്. യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ എല്ലാവരെയും ഞങ്ങൾ കാണാറുണ്ട്. അവരുടെ വീട്ടിൽ പോവുകയും പള്ളിപ്പെരുന്നാളിന് പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അവരുടെ മാനറിസവും ജീവിത രീതിയും ഒക്കെ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്.
മഞ്ഞുമ്മലിലെ അഭിലാഷ്
അഭിലാഷ് ഒരു പ്രത്യേക സ്വഭാവക്കാരനാണ്. അദ്ദേഹം കുറച്ച് അന്തർമുഖൻ ആണ്. സുഹൃത്തുക്കളുടെ ഇടയിലല്ലാതെ മറ്റുള്ളവരോട് അധികം സംസാരിക്കാറില്ല. സുഭാഷ് കുഴിയിലേക്കു വീഴുന്നത് അഭിലാഷ് മാത്രമാണ് കണ്ടത്. ആ ഷോക്കില്‍നിന്ന് അവനു പുറത്തുകടക്കാൻ പറ്റുന്നുണ്ടായില്ല. സുഭാഷ് പോയി എന്ന വസ്തുത അംഗീകരിക്കാൻ അഭിലാഷിന് കഴിഞ്ഞില്ല. അയാൾ വല്ലാത്ത ട്രോമയിലേക്ക് പോയി. അയാൾ കുഴിയിലേക്ക് പോകാൻ ശ്രമിക്കുകയാണ്. കുഴിയിൽ പോയി സുഭാഷിനെ കണ്ടെടുത്തുകൊണ്ടു വരണം അതാണ് അവന്റെ ആവശ്യം. സിനിമയിൽ കാണുന്നതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ അഭിലാഷ് അവിടെ ഉണ്ടാക്കി. അഭിലാഷും മറ്റുള്ളവരും അന്ന് നടന്നതൊക്കെ ഞങ്ങൾക്കു പറഞ്ഞുതന്നു. സിനിമയിൽ ഒടുവിൽ സുഭാഷിനെ രക്ഷിക്കുന്നതിലേക്ക് ഒരു ലീഡ് കൊടുക്കുന്നതും അഭിലാഷ് ആണ്. സിനിമയിൽ കുറച്ച് ഫിക്‌ഷൻ കൂടി ചേർത്തിട്ടുണ്ട്. ചിദംബരം മനസ്സിൽ രൂപപ്പെടുത്തിയ മഞ്ഞുമ്മൽ ബോയ്സ് ആണ് ഇത്.
മാസ്റ്റർപീസ് സിനിമ ആകണം എന്നായിരുന്നു ആഗ്രഹം
ഡോക്യുമെന്ററി കണ്ടപ്പോൾത്തന്നെ, ഇത് സിനിമയാകുമ്പോൾ ഗംഭീരമാകുമെന്ന് തോന്നിയിരുന്നു. ഇതൊരു ആവറേജ് പടം ആയാൽ പോരാ എന്ന് ഞങ്ങൾ എല്ലാവരും തീരുമാനിച്ചിരുന്നു. ‘കുഴപ്പമില്ല, ഒരു പ്രാവശ്യം കാണാം’ എന്ന് പറഞ്ഞ് ആളുകൾ ഇറങ്ങിപ്പോകാൻ പാടില്ല. ഇതൊരു മാസ്റ്റർപീസ് ആകണം എന്നു തന്നെയായിരുന്നു ആഗ്രഹം. അതുപോലെ സംഭവിക്കുകയാണ്.
മഞ്ഞുമ്മൽ ബോയ്സ് പോലെ ഒരു സൗഹൃദം
മഞ്ഞുമ്മൽ ബോയ്സ് പോലെ ഞങ്ങൾ തമ്മിലും ഒരു സൗഹൃദം രൂപപ്പെട്ടിരുന്നു. അവർക്ക് ഉള്ളതുപോലെ ഞങ്ങൾക്കിടയിലും നല്ല ഒരു ബോണ്ട് ഉണ്ടായി. മിക്കവാറും കുടുംബവുമായിട്ടാണ് ഷൂട്ടിങ്ങിനു വന്നത്. കൊടൈക്കനാലിൽ വച്ച് എനിക്കൊരു പനി വന്നിരുന്നു. ആ സമയത്ത് ഭാസിയും ബാലുവും ഒക്കെയാണ് എന്നെ ശുശ്രൂഷിച്ചത്. സൗബിൻ ഇക്കയുടെ ഭാര്യ ജാമിയും കുട്ടിയും ബാലുവിന്റെ ഭാര്യ എലീനയും എല്ലാവരും ഉണ്ടായിരുന്നു. ഷൂട്ട് എത്ര ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഷൂട്ടിങ് കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ റൂമിൽ പോകില്ല. ക്യാംപ് ഫയർ ഇട്ട് ഒരുമിച്ചിരുന്നു തമാശകൾ പറയും. ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്. ഇടയ്ക്കിടെ ബ്രേക്ക് ഉണ്ടെങ്കിലും ഏകദേശം ഒരു വർഷം ഉണ്ടായിരുന്നു പടത്തിന്റെ വർക്ക്. ഷൂട്ട് കഴിഞ്ഞു പിരിഞ്ഞപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു.
സൗബിനും ശ്രീനാഥ് ഭാസിയും തൂങ്ങിക്കിടന്നു
ഗുണ കേവ് മാത്രമാണ് സെറ്റിട്ടത്. ബാക്കി കൊടൈക്കനാലിൽ എടുത്തതെല്ലാം അവിടെത്തന്നെ ആയിരുന്നു. ഗേറ്റ് ചാടുന്നതൊക്കെ യഥാർഥ സ്ഥലത്തായിരുന്നു. സൗബിക്ക, ഭാസി ഒക്കെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. അവരുടെ പോർഷനൊക്കെ 40 മുതൽ 80 അടി വരെ താഴ്ചയുള്ള സെറ്റിൽ ആയിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ കയറിൽ തൂങ്ങി കിടക്കണം. ഭയങ്കര പാടായിരുന്നു അവർക്ക്. യഥാർഥ കുഴിയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥ തന്നെയായിരുന്നു.
അമ്മയ്ക്ക് ഇത് മക്കളുടെ സിനിമ
അമ്മ എന്റെ ഒപ്പം വന്നു സിനിമ കണ്ടു. അമ്മയ്ക്ക് ഇത് ഞാൻ എന്ന മകന്റെ മാത്രം പടമല്ല, ഈ സിനിമയിൽ അഭിനയിക്കുന്നവർ എല്ലാം അമ്മയ്ക്ക് മക്കളാണ്. അവരെല്ലാം ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. എല്ലാ മക്കളുടെയും വിജയമാണ് അമ്മയ്ക്ക് ഈ സിനിമ. ഗണപതി, ബാലു, ചിദംബരം എല്ലാവരും അമ്മയ്ക്ക് അടുപ്പമുള്ളവരാണ്. സിനിമ റിലീസ് ചെയ്തിട്ട് എല്ലാവരും അച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്നു. അച്ഛന് ചില തിരക്കുകൾ ഉള്ളതുകൊണ്ട് സിനിമ കാണാൻ കഴിഞ്ഞിട്ടില്ല. അനുജൻ പോയി പടം കണ്ടിട്ട് കയ്യടിക്കലും ബഹളവും ആർപ്പുവിളിയുമായി ആഘോഷമായിരുന്നു. പടം കണ്ടിട്ട് ചാക്കോച്ചൻ, ജയേട്ടൻ എന്നിവർ വിളിച്ചിരുന്നു. ലാൽ ജോസ് അങ്കിൾ നാട്ടിൽ ഇല്ല. അദ്ദേഹം വരുമ്പോൾ കാണും എന്ന് പറഞ്ഞു. ഞാനും അദ്ദേഹവും വലിയ അടുപ്പമാണ്. തമിഴ് നാട്ടിലും പടം ഹിറ്റാണ് എന്നറിയുമ്പോൾ ഭയങ്കര സന്തോഷമാണ്. ഒരുപാട് തമിഴ് സിനിമാപ്രേമികൾ നല്ല അഭിപ്രായം പറയുന്നുണ്ട്, ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിൻ പടം കണ്ടിട്ട് റിവ്യൂ ഇട്ടിരുന്നു.
നടികർ തിലകം വരുന്നു
ലവ് ഇൻ സിങ്കപ്പൂരിൽ അഭിനയിച്ചു. അത് വളരെ ചെറുപ്പത്തിൽ ആയിരുന്നു. മാലിക്കിലും അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷമാണ് മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചത്. ഇനി ഇറങ്ങാൻ പോകുന്നത് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന നടികർ തിലകം ആണ്. സിനിമകൾ വേറെയും ചെയ്തിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് ഇരിക്കുകയാണ്. ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗാമാകാൻ കാത്തിരിക്കുന്നു.