ഇരുപതുകളുടെ അവസാനത്തിൽ ആദ്യ കുഞ്ഞുങ്ങൾ, 38ാം വയസ്സിൽ ഐശ്വര്യ: ദിവ്യ ഉണ്ണി അഭിമുഖം
Mail This Article
രാവിലെ എറണാകുളം ഗിരിനഗറിലുള്ള സ്കൂളിൽ പോയി പരീക്ഷയെഴുതുക. ശേഷം ഒറ്റപ്പാലത്തു പോയി സിനിമയിൽ അഭിനയിച്ചു തിരിച്ചു വീണ്ടും കൊച്ചിയിൽ വരിക. പരീക്ഷ തീരുന്നതു വരെ ഇതു തുടരുക. എസ്.എസ്.എൽ.സി പരീക്ഷയല്ല, പത്തിലെ സ്കൂൾ പരീക്ഷ പോലും ഉപേക്ഷിക്കാതെയാണ് ദിവ്യ ഉണ്ണി എന്ന പതിനഞ്ചുകാരി മലയാള സിനിമയിലെ നായികയാകാൻ വിനയൻ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിന്റെ സെറ്റിലെത്തുന്നത്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു മതി ഇനി സിനിമയെന്നു ആദ്യം തീരുമാനിച്ചെങ്കിലും നിരസിക്കാൻ പറ്റാത്ത വേഷങ്ങൾ തേടിയെത്തിയപ്പോൾ ആ വർഷം തന്നെ മൂന്നു സിനിമകളിൽ ദിവ്യ നായികയായി. 'ഇനി ഒരു ഇടവേള എടുക്കാം' എന്ന് സ്വയം തീരുമാനിക്കുന്നതു വരെ ദിവ്യയുടെ ജീവിതത്തിൽ സിനിമകൾ സംഭവിച്ചുകൊണ്ടേയിരുന്നു. വിവാഹശേഷം അമേരിക്കയിലെത്തി നൃത്തത്തെ മുഴുവൻ സമയ കരിയർ ആയി തിരഞ്ഞെടുത്തപ്പോഴും അർപ്പണബോധം തന്നെയായിരുന്നു ദിവ്യ ഉണ്ണിയുടെ മുഖമുദ്ര.
നൃത്തപരിപാടികൾക്കും മറ്റുമായി നാട്ടിലെത്തുമ്പോൾ സ്നേഹത്തോടെ അടുത്തെത്തുന്ന ആരാധകരോട്, ഊഷ്മളതയോടെ പെരുമാറുന്ന ദിവ്യ ഉണ്ണിക്ക് ഒരിക്കലും ആൾക്കൂട്ടവും ക്യാമറാസംഘങ്ങളും തലവേദനയായി തോന്നിയിട്ടേയില്ല. എങ്ങനെ ഇത്രയും ഹൃദ്യമായി പെരുമാറാൻ കഴിയുന്നു എന്നു ചോദിച്ചാൽ, നിറഞ്ഞ പുഞ്ചിരിയോടെ ദിവ്യ പറയും, "മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്നത് അത്ര എളുപ്പമല്ല. എല്ലാവർക്കും അതു പറ്റുന്നില്ലല്ലോ. അതുകൊണ്ട്, അത്രയും ആദരവോടെ വേണം ആ പ്രേക്ഷശ്രദ്ധയെ സ്വീകരിക്കാൻ"!
പ്രിയപ്പെട്ട സിനിമയെക്കുറിച്ചും ജിവശ്വാസം പോലെ കൊണ്ടു നടക്കുന്ന നൃത്തത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി മനോരമ ഓൺലൈനിൽ.
അയലത്തെ വീട്ടിലെ കുട്ടി
എനിക്കൊരിക്കലും സ്റ്റാർഡം അനുഭവപ്പെട്ടിട്ടേ ഇല്ല. ചെറുപ്പം മുതൽ പ്രേക്ഷകർ കണ്ടിട്ടുള്ള, അവർക്കു പരിചയമുള്ള ഒരാളായിട്ടാണ് എന്നെ എപ്പോഴും ആളുകൾ സ്വീകരിച്ചിട്ടുള്ളൂ. ഞാൻ ആകെ ഏഴു വർഷമെ സിനിമയിൽ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും, ആളുകൾ ഇപ്പോഴുമെന്നെ തിരിച്ചറിയുന്നതു വലിയ അംഗീകാരമാണ്. എവിടെ പോയാലും ക്യാമറകൾ പൊതിയുന്നത് വലിയ പ്രശ്നമായി തോന്നിയിട്ടില്ല. റസ്റ്റോറന്റിലായാലും അമ്പലങ്ങളിലായാലും ആ സ്ഥലങ്ങളിലെ അന്തരീക്ഷത്തെ മാനിച്ചു കൊണ്ടു തന്നെയാണ് അവരും ഫോട്ടോയും വിഡിയോയും എടുക്കുന്നത്. ഇപ്പോൾ എല്ലാം ക്യാൻഡിഡ് അല്ലേ! രസമുള്ള പരിപാടിയാണ് അത്. പുറത്തു പോകുമ്പോൾ എന്റെ മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പലപ്പോഴും എന്റെ ക്യാമറയിൽ പകർത്താൻ കഴിയാറില്ല. എന്നാൽ, ആ നിമിഷങ്ങളാണ് പലരും പകർത്തി അയച്ചു തരുന്നത്. അതൊരു നിധി പോലെയാണ് എനിക്കു തോന്നുന്നത്. എന്റെയും മകളുടെയും ക്യാൻഡിഡ് ചിത്രങ്ങളും വിഡിയോകളും എടുക്കുന്നവരോട് അയച്ചു തരാൻ ഞാൻ അങ്ങോട്ട് ആവശ്യപ്പെടാറുണ്ട്.
സെറ്റിലെ നൃത്ത പരിശീലനം
പഠനം റഗുലർ ആയി തന്നെ ചെയ്യണമെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കേരളത്തിലെ അവസാനത്തെ പ്രീഡിഗ്രി ബാച്ചായിരുന്നു എന്റേത്. എറണാകുളം സെന്റ് തെരേസാസിലായിരുന്നു പഠനം. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ സമാന്തരമായി കോളജും നൃത്ത പരിപാടികളും സജീവമായിരുന്നു. എന്റെ ഗുരുനാഥൻ ലൊക്കേഷനിൽ വരും. ഡാൻസിന്റെ റിഹേഴ്സൽ പലപ്പോഴും ലൊക്കേഷനിൽ ആകും. ഷൂട്ട് 30–35 ദിവസം വരെയൊക്കെ പോകുമല്ലോ. അത്രയും ദിവസം പ്രാക്ടീസ് ചെയ്യാതെ ഇരുന്നാൽ നൃത്തപരിപാടികൾ വൃത്തിയായി ചെയ്യാൻ പറ്റില്ല. കാരുണ്യത്തിന്റെ സെറ്റിൽ ഒരു സംഭവം നടന്നു. ആ സിനിമയിൽ ജയറാമേട്ടനും മുരളി അങ്കിളിനും വലിയ ഇമോഷനൽ സീനുകൾ ഉണ്ട്. ഒരിക്കൽ, അങ്ങനെയൊരു രംഗം എടുക്കുകയായിരുന്നു. എനിക്കപ്പോൾ സീൻ ഇല്ല. ആ സമയം, അവർ ഷൂട്ട് ചെയ്തിരുന്ന മുറിയുടെ മുകളിൽ ഞാൻ വലിയ ഡാൻസ് പ്രാക്ടീസാണ്. താഴേക്ക് പട പടാന്ന് ശബ്ദം കേൾക്കാം, ആരെങ്കിലും വന്നു നോക്കുമ്പോൾ ഞാൻ നിർത്തും. താഴെ അത്ര വലിയ ശബ്ദം കേൾക്കുന്നുണ്ടെന്ന് അറിഞ്ഞില്ലായിരുന്നു. അവസാനം ആ 'ബഹളത്തിന്റെ' ഉറവിടം അവർ കണ്ടു പിടിച്ചു. സിനിമയിൽ അഭിനയിക്കുന്നുവെന്നു കരുതി നൃത്തപരിശീലനം മുടക്കിയിട്ടില്ല. പരീക്ഷയാണെങ്കിൽ മാറ്റി വയ്ക്കുമോ എന്ന് ചിന്തിക്കുന്നതു പോലെ ആയിരുന്നു എനിക്ക് നൃത്തപരിപാടികളും. കച്ചേരി ചെയ്യണമെങ്കിൽ നല്ല സ്റ്റാമിന വേണം. അതുകൊണ്ട്, നൃത്തപരിശീലനം ഒരു ടൈംടേബിൾ പോലെ കൊണ്ടു പോയി.
Read more at: ‘കലാഭവൻ മണിയെ അപമാനിച്ച ആ നടി’; സത്യമെന്തെന്ന് എനിക്കറിയാം: ഒടുവിൽ മറുപടിയുമായി ദിവ്യ ഉണ്ണി
സിനിമയിലെ ആദ്യ ഡയലോഗ്
ആദ്യമായി അഭിനയിച്ചത് നീയെത്ര ധന്യ എന്ന സിനിമയിലാണ്. ഞാൻ അപ്പോൾ നഴ്സറിയിലാണ്. ഒരു ദിവസം നഴ്സറിയിൽ നിന്നു അച്ഛനും അമ്മയും വന്നു എന്നെ വിളിച്ചു കൊണ്ടു പോയി. സിനിമയുടെ സെറ്റിലേക്കാണ് നേരെ പോയത്. കാർത്തികയുടെ ചെറുപ്പകാലമായിരുന്നു വേഷം. ആകെയൊരു ഡയലോഗേ ഉള്ളൂ. അതു പഠിക്കാൻ തന്നിരുന്നു. ഷോട്ട് എടുക്കുമ്പോൾ സംവിധായകൻ ജെസി സാറും അച്ഛനും അമ്മയുമൊക്കെ ചുറ്റിലുണ്ട്. ബോഗൻവില്ല പൂക്കളുടെ ഇടയിൽ നിന്നായിരുന്നു ആ ഷോട്ട്. അതെല്ലാം ഇപ്പോഴും ഓർമയുണ്ട്. 'അമ്പടാ കള്ളാ... ഹോംവർക്ക് ചെയ്യാൻ പറഞ്ഞിട്ട് ഇവിടെ വന്ന് ഒളിച്ചിരിക്കാ' എന്നു തുടങ്ങുന്നൊരു ഡയലോഗ്. സിനിമയിൽ വലിയൊരു ഇമോഷനൽ സീക്വൻസിലാണ് ആ രംഗം വരുന്നത്. അതൊന്നും അന്ന് അറിയില്ലായിരുന്നു.
കല്യാണസൗഗന്ധികത്തിലെ ചെമ്പരത്തിപ്പൂവ്
വിനയൻ സാറിന്റെ ചിത്രത്തിലാണ് ഞാനാദ്യമായി നായികയാകുന്നത്. ആ സിനിമയിൽ രസകരമായ ഒരു രംഗമുണ്ട്. തല നിറയെ ചെമ്പരത്തിപ്പൂ വച്ച് ഞാൻ ദിലീപേട്ടനു മുമ്പിൽ വരുന്ന സീൻ. തലയിൽ ചെമ്പരത്തിപ്പൂവ് വയ്ക്കുന്നതിന്റെ അർത്ഥമൊന്നും ആ സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ഹെയർ ഡ്രസർ വന്ന് തലയിൽ നിറയെ ചെമ്പരത്തിപ്പൂ വച്ചു തന്നു. ഞാൻ നോക്കുമ്പോൾ, എന്നെ നോക്കി എല്ലാവരും ചിരിക്കുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് വലിയ പ്രശ്നമായൊന്നും തോന്നിയില്ല. നല്ല ഭംഗിയായിട്ടാണ് അവർ പൂക്കൾ തലയിൽ സെറ്റ് ചെയ്തിരുന്നത്. കല്യാണത്തിന് മുല്ലപ്പൂ വയ്ക്കുന്നതിനു പകരം ചെമ്പരത്തിപ്പൂവ്! അത്രയേ എനിക്ക് തോന്നിയുള്ളൂ. കഴിഞ്ഞ ദിവസം എന്റെ താഴെയുള്ള മകൾ (അവൾക്ക് നാലു വയസേ ഉള്ളൂ), രണ്ടു ചെമ്പരത്തിപ്പൂ കൊണ്ടു വന്നു തന്നിട്ടു പറഞ്ഞു, 'അമ്മേ, ഇതു തലയിൽ വച്ചോളൂ...അമ്മയ്ക്ക് സുന്ദരിയാവാനാ... തലയിൽ വച്ചു തരട്ടെ?' ഞാൻ ഞെട്ടി. കാരണം, അവൾ ആ സിനിമയൊന്നും കണ്ടിട്ടില്ല. ഇതു കണ്ട് എന്റെ അമ്മ അവളോടു പറഞ്ഞു, 'നിന്റെ അമ്മ പണ്ട് ഒരു കുട്ട ചെമ്പരത്തിപ്പൂ തലയിൽ വച്ചിട്ടുണ്ട്,' എന്ന്. രസകരമായിരുന്നു ആ നിമിഷം. ഇനി എപ്പോഴെങ്കിലും അവൾക്ക് ആ സീൻ കാണിച്ചു കൊടുക്കണം.
വർണ്ണപ്പകിട്ടിലെ നാൻസി
കല്യാണസൗഗന്ധികത്തിനു ശേഷം ഒരു ഇടവേള വന്നിരുന്നു. എസ്എസ്എൽസി കഴിഞ്ഞു മതി ഇനി സിനിമയെന്ന തീരുമാനത്തിലായിരുന്നു അച്ഛനും അമ്മയും. ആ സമയത്താണ് ശശി സർ (ഐ.വി ശശി) ഒരു പ്രൊഡ്യൂസറുടെ കൂടെ വീട്ടിലേക്കു വരുന്നത്. വർണ്ണപ്പകിട്ട് എന്ന സിനിമയെക്കുറിച്ച് ഞാൻ മാസികയിൽ വായിച്ചിരുന്നു. സിംഗപ്പൂരിൽ ആ സിനിമയുടെ ഒരു ഷെഡ്യൂൾ കഴിഞ്ഞെന്നും മീനയാണ് നായികയെന്നുമാണ് അറിഞ്ഞിരുന്നത്. സിനിമയിൽ ഇങ്ങനെ ഒരു ഭാഗമുണ്ടെന്നും മോഹൻലാലിന്റെ രണ്ടു നായികമാരിൽ ഒരാളാണ് എന്നും ശശി സർ പറഞ്ഞു. പത്താം ക്ലാസിലെ പരീക്ഷ അടുത്ത സമയത്തായതു കൊണ്ട് ആദ്യം ആ സിനിമ ചെയ്യേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ, മറ്റു പലരോടും അഭിപ്രായം ചോദിച്ചപ്പോൾ എല്ലാവരും പറഞ്ഞത്, ഇങ്ങോട്ടു വന്ന അവസരമല്ലേ... ചെയ്യണം എന്നാണ്. അങ്ങനെയാണ് ഞാൻ ആ വേഷം ചെയ്തത്. ആ കഥാപാത്രത്തിന്റെ രണ്ടു കാലം കാണിക്കുന്നണ്ടല്ലോ. എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് ഹെവി ആയിട്ടുള്ള ക്യാരക്ടറായിരുന്നു നാൻസി. കണ്ണട ഒക്കെ വച്ച്, വേറെ ഒരു ലുക്കിലാണ്! ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ തന്നെ രണ്ടു മൂന്നു ദിവസമെടുത്തു.
മാണിക്യക്കല്ലാൽ പാട്ടും ശശി സാറും
വർണപ്പകിട്ടിലെ മാണിക്യക്കല്ലാൽ പാട്ടിന്റെ ചിത്രീകരണം ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. നിങ്ങൾ സ്ക്രീനിൽ കാണുന്നത് ശരിക്കും ശശി സാർ മാജിക്കാണ്. ഷൂട്ട് ചെയ്യുമ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ എടുക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്റെയും ലാലേട്ടന്റെയും കഥാപാത്രങ്ങൾ അവരെ തന്നെ ഒരു സ്വപ്നത്തിലെന്ന പോലെ കാണുന്നതായിട്ടാണ് ചിത്രീകരിക്കുന്നത്. ശശി സർ ഇക്കാര്യം എനിക്ക് മനസിലാക്കി തരാൻ കുറെ ശ്രമിച്ചു. ഒരുപാട് ഡ്രസ് ചേഞ്ചുണ്ടായിരുന്നു. ഒരേ സ്ഥലത്തു തന്നെ രണ്ട് കോസ്റ്റ്യൂമിൽ ഷോട്ടുകൾ എടുക്കണം. ഒടുവിൽ സ്ക്രീനിൽ ആ പാട്ട് കണ്ടപ്പോഴാണ്, 'ഈശ്വരാ! ഇതിങ്ങനെ ആയിരുന്നല്ലേ' എന്ന് മനസ്സിലായത്. അതൊരു അതിശയമായിരുന്നു. സാറിന്റെ മകൾ അനുവും ഞാനും ഒരേ പ്രായമാണ്. സാറിന് പെട്ടെന്നു ദേഷ്യം വരും. പൊതുവെ വലിയ വേഗത്തിലാണ് സംസാരം. പക്ഷേ, എനിക്ക് ടെൻഷൻ ആകേണ്ടെന്നു കരുതി എന്നോടു സംസാരിക്കുമ്പോൾ സ്പീഡ് കുറയ്ക്കും.
ലോഹിതദാസ് സ്കൂൾ ഓഫ് ആക്ടിങ്
'ആക്ടിങ് പ്രോസസ്' എന്നത് ഇപ്പോൾ പരിചിതമായ വാക്കല്ലേ. ഞാൻ അഭിനയിച്ചിരുന്ന സമയത്ത് അങ്ങനെ ഒന്നും അറിയില്ല. സംവിധായകർ പറഞ്ഞു തരും. അതു ചെയ്യും. എന്റെ അഭിനയത്തെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് ലോഹി അങ്കിൾ (ലോഹിതദാസ്). കിലുക്കം എന്ന പേരിൽ ഒരു സ്റ്റേജ് ഷോ ചെയ്തിരുന്നു. അതിലാണ് ഞാൻ അങ്കിളിനെ പരിചയപ്പെടുന്നത്. ആ പരിപാടിയിൽ വച്ചാണ് ഞാനും മഞ്ജു ചേച്ചിയും (മഞ്ജു വാരിയർ) സൗഹൃദത്തിലാകുന്നത്. അന്ന് ലോഹി അങ്കിൾ പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷമുണ്ടെന്ന്! പിന്നെയും കുറെക്കാലം കഴിഞ്ഞാണ് എന്നെ കാരുണ്യത്തിലേക്ക് വിളിക്കുന്നത്. കാരുണ്യത്തിലെ ഇന്ദുവിന് ഞാൻ ഇതുവരെ ചെയ്യാത്ത ഒരു ടോൺ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
കല്യാണശേഷം ജയറാമേട്ടന്റെ വീട്ടിലെത്തുമ്പോൾ അവിടത്തെ അമ്മയുടെ പോലെ തന്നെ ആകണം, കാഴ്ചയിലും പെരുമാറ്റത്തിലുമെല്ലാമെന്ന് അദ്ദേഹം പറഞ്ഞു തരും. എന്റെ വേഷവും പ്രകടനവുമെല്ലാം അങ്കിളിന്റെ തന്നെ ആലോചനയായിരുന്നു. അതിൽ, ജയറാമേട്ടനുമായി ഇന്റൻസ് ആയിട്ടുള്ള സീനുകളുണ്ട്. എനിക്കിപ്പോഴും ഓർമയുണ്ട്, ഞാൻ ജയറാമേട്ടനോടു യാത്ര പറയാൻ വരുന്ന സീൻ എടുത്തത്. അത് ആദ്യമെടുത്തത് ലോഹി അങ്കിളിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം, അടുത്ത ദിവസം ആ സീൻ റീഷൂട്ട് ചെയ്തു. എന്റെ മേക്കപ്പ് ഒന്നു കൂടി കുറയ്ക്കാൻ പറഞ്ഞു. മുഖത്തിന് അത്ര ബ്രൈറ്റ്നസ് വേണ്ട... വേഷം കുറച്ച് ഉലയണം... എന്നൊക്കെ പറഞ്ഞാണ് വീണ്ടും അതെടുത്തത്. അതെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. കഥാപാത്രത്തിന്റെ ഇമോഷനൽ ചേഞ്ച് എങ്ങനെ ഫിസിക്കൽ അപ്പിയറൻസിൽ ഒരു ക്യാരക്ടറിനെ അഫക്റ്റ് ചെയ്യും എന്നു ചിന്തിക്കാൻ തുടങ്ങി. എനിക്കന്ന് 15–16 വയസ്സല്ലേ ഉള്ളൂ. ആ പ്രായത്തിൽ അതൊന്നും ആലോചിക്കില്ലല്ലോ. ലോഹി അങ്കിളാണ് അത്തരമൊരു ചിന്ത എന്റെ തലയിലേക്ക് ഇട്ടു തന്നത്.
പ്രണയവർണങ്ങളിലെ മേക്കോവർ
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, പ്രണയവർണങ്ങൾ എന്റെയൊരു മേക്കോവർ സിനിമ ആയിരുന്നു. അതുവരെ നാടൻ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ആദ്യമായി ഒരു മോഡേൺ ക്യാരക്ടർ ചെയ്തത് പ്രണയവർണങ്ങളിലായിരുന്നു. വീട്ടിൽ വന്ന് കോസ്റ്റ്യൂം ട്രയൽ ഒക്കെ നോക്കിയിരുന്നു. ഏതു രീതിയിലുള്ള മോഡേൺ ഡ്രസാണ് എനിക്ക് ചേരുക? എങ്ങനെ വ്യത്യസ്ത ലുക്ക് കൊണ്ടുവരാം? അതിനു വേണ്ടി സിബി മലയിൽ സർ ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്നു ഷൂട്ട്. ആ ഷൂട്ടിന്റെ ഇടയിൽ ഞാനും മഞ്ജു ചേച്ചിയും കൂടി ഒരുമിച്ച് സിനിയ്ക്കു പോയി. ഞങ്ങൾ ഒരുമിച്ചു കോളജിൽ പോകുന്നതും വരുന്നതുമായ കുറെ സീനുകൾ ഉണ്ടല്ലോ. രാവിലെ കാറിൽ ഞങ്ങൾ ഇറങ്ങും. അധികം തിരക്കില്ലാത്ത റോഡിൽ ഇറങ്ങി, ടൂവീലറിൽ ഞാൻ മഞ്ജു ചേച്ചിയെ പിന്നിലിരുത്തി ഓടിക്കുന്ന ഷോട്ടുകൾ എടുക്കും. അങ്ങനെ കുറെ ഓർമകളുണ്ട്.
'ഡബ്ബ് ചെയ്യാതിരുന്നത് നന്നായി'
ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന്! പക്ഷേ, ആ സമയമാകുമ്പോൾ വേറെ ഏതെങ്കിലും വർക്കിന്റെ തിരക്കിലായിപ്പോകും. മലയാളത്തിലെ ചെയ്തില്ല. തമിഴിലാണെങ്കിൽ ആ സമയത്ത് ആ ഭാഷയും അത്ര വശമില്ല. പിന്നെ, അവരുടെ ആ സ്ലാങ്ങ് അത്ര എളുപ്പവുമല്ലല്ലോ. അതുകൊണ്ട് തമിഴിലും വേറെ ആളുകളാണ് എനിക്ക് ഡബ്ബ് ചെയ്തത്. തമിഴിൽ വേദം എന്ന സിനിമയിൽ എനിക്ക് ഡബ് ചെയ്തത് രേവതി ചേച്ചി ആണ്. അതിൽ ഞാൻ എക്സൈറ്റഡ് ആയിരുന്നു. അന്നു തോന്നി, ഞാൻ ഡബ്ബ് ചെയ്യാതിരുന്നത് നന്നായി എന്ന്. ഡബ്ബ് ചെയ്യുന്നില്ലെന്ന് കരുതി, തമിഴിൽ ഡയലോഗ് പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ. വേദത്തിൽ എനിക്കൊപ്പം വിനീതേട്ടനായിരുന്നു. അദ്ദേഹം ഡയലോഗ് നന്നായി പഠിക്കുന്ന ആളാണ്. അതു കണ്ട്, ഞാനും കുത്തിയിരുന്ന് പഠിക്കും. മലയാളത്തിൽ നിന്ന് തമിഴിൽ ചെന്ന് ചീത്തപ്പേര് ഉണ്ടാക്കരുതല്ലോ.
ചുരത്തിലെ മായ
ഇപ്പോഴും ഒരുപാട് ആളുകൾ എന്നോടു പറയാറുണ്ട് ചുരം അവരുടെ ഇഷ്ടപ്പെട്ട സിനിമയാണെന്ന്. ഈ സിനിമയുടെ ഓഫർ വന്നപ്പോൾ അമ്മ പറഞ്ഞത് ഓർമയുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും, അതായത് കല്യാണത്തിന് മുൻപുള്ള കാലം, വീട്ടമ്മ, ഗർഭിണി ആകുന്നത്, കുഞ്ഞിനെ വളർത്തുന്നത്– അങ്ങനെ എല്ലാം ഒന്നിച്ചുള്ള കഥാപാത്രമാണ് മായയുടേത് എന്ന്. ഒരു ആർട്ടിസ്റ്റിന് കിട്ടുന്ന സുവർണാവസരം എന്നാണ് അമ്മ പറഞ്ഞത്. മധു അമ്പാട്ട് സാറായിരുന്നു ക്യാമറ. ആ സിനിമ ഇറങ്ങുമ്പോൾ ഞാൻ സെന്റ് തേരേസാസ് കോളജിലാണ്. കോളജിന്റെ മുൻപിൽ ആ സിനിമയുടെ വമ്പനൊരു പോസ്റ്റർ ഒക്കെ വച്ചിരുന്നു. അതിലെന്റെ വേഷം മുണ്ടും ബ്ലൗസുമാണല്ലോ. ആ സമയത്ത് കുറെ മോശം റിപ്പോർട്ടുകൾ ചില മാസികകളിൽ വന്നിരുന്നു. ഞാനും ആ പോസ്റ്ററുകൾ കണ്ടിരുന്നു. പക്ഷേ, എന്റെ ശ്രദ്ധ അതിൽ ചുരം എന്നെഴുതിയതിലായിരുന്നു. കാരണം, ഭരതൻ സർ മുള കൊണ്ട് ചുരം എന്നെഴുതി ഉണ്ടാക്കി, പെയിന്റടിച്ച് അതിന്റെ ഫോട്ടോ എടുത്താണ് ആ ടൈറ്റിൽ കാർഡ് ഉണ്ടാക്കിയത്. അതിലായിരുന്നു എന്റെ ശ്രദ്ധ. ആളുകളെന്തിനാണ് എന്റെ പടത്തെക്കുറിച്ച് പറയുന്നതെന്നായിരുന്നു എന്റെ ആലോചന.
വിവാഹത്തിനു ശേഷം പുതിയ റോളുകൾ
സത്യത്തിൽ, കല്യാണത്തിനു ശേഷവും ചാവിയിട്ട പാവ പോലെ ഞാനിങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കയിൽ ശ്രീപദം പെർഫോമിങ് ആർട്ട്സ് ആൻഡ് കൾച്ചർ എഡ്യുക്കേഷൻ എന്ന ഡാൻസ് സ്റ്റുഡിയോ തുടങ്ങി. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. അതിന്റെ തിരക്കുകളിലായിരുന്നു കുറെ വർഷങ്ങൾ. ഇപ്പോൾ ശ്രീപാദത്തിന് 20 വയസ്സായി. അതിനിടയിൽ എനിക്കു മൂന്നു മക്കളുണ്ടായി. എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് അർജുനും മീനാക്ഷിയും ജനിക്കുന്നത്. പിന്നീട് 38 –ാം വയസ്സിലാണ് ഐശ്വര്യ ഉണ്ടാകുന്നത്. പ്രസവത്തിനു ശേഷം തിരികെ സജീവമായി നൃത്തത്തിലേക്ക് വരുന്നത് ഇരുപതുകളിലേതു പോലെ എളുപ്പമല്ല മുപ്പതുകളിൽ. കൂടുതൽ പ്രയത്നം വേണ്ടി വരും.
അച്ഛനും അമ്മയുമാണ് എന്റെ കരുത്ത്
എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കൾ കൂടെയുള്ളതാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടാണ്, ചില നിർണായക തീരുമാനങ്ങൾ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത്. ജീവിതത്തിലെ ഇന്റൻസ് ആയ ചില നിമിഷങ്ങളിൽ, സിംപിളായി എന്നോട് വലിയ കാര്യങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. 'എന്തു വേണമെങ്കിലും നീ തീരുമാനിച്ചോളൂ, ഏതു തീരുമാനത്തിനും ഒപ്പമുണ്ട്'- ഇക്കാര്യം സിംപിളാണ്. പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാൻ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോയത്. അവർ ഒരിക്കലും ഒന്നും ലൈറ്റായിട്ട് എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഡാന്‍സാണെങ്കിലും സിനിമയാണെങ്കിലും, ഒരാൾക്കു കൊടുത്ത വാക്കാണെങ്കിലും! ഇതൊക്കെ ഇപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്.
റീലിൽ കാണുന്നതല്ല റിയൽ
അമ്മ എന്ന നിലയിൽ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ബോധ്യമുണ്ട്. ചിലത് അസ്വസ്ഥയാക്കാറുണ്ട്. നമ്മൾ മാധ്യമങ്ങളിൽ കാണുന്ന ജീവിതമല്ല സത്യം എന്നുള്ളത് മക്കളെ മനസ്സിലാക്കി കൊടുക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. പണ്ടത്തെ പേരന്റ്സിന് ആ ചുമതല ഉണ്ടായിരുന്നില്ല. ഇപ്പോൾ കുട്ടികൾ റീലുകളാണ് കാണുന്നത്. റീലുകളിൽ കാണുന്നത് എല്ലാം റിയൽ അല്ലെന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരും. പിന്നെ, സ്ത്രീകൾ ശക്തരായി തന്നെ നിൽക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ശക്തയാകാൻ വഴക്കാളി ആകണമെന്നുള്ള ചിന്ത വരാൻ പാടില്ല. പറയാനുള്ളത് തുറന്നു പറയണം. നമുക്ക് യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ വിയോജിക്കുന്നു എന്നു തന്നെ പറയണം. പക്ഷേ, അത് ബഹളമുണ്ടാക്കി പറഞ്ഞാലേ ആളുകൾ കേൾക്കൂ എന്നല്ല. അവർ കേട്ടില്ലെങ്കിൽ വേണ്ട. അത് നമ്മെ ബാധിക്കാത്ത തലത്തിലേക്ക് ഉയരണം. നമ്മുടെ മനസ്സിനാണ് ആ ശക്തി കൊടുക്കേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇനി എന്നാണ് സിനിമയിലേക്ക്?
ചർച്ചകൾ നടക്കുന്നുണ്ട്. ഒന്നും പറയാറായിട്ടില്ല. തൽക്കാലം, നൃത്തപരിപാടികൾ മാത്രം.