ചെമ്പന്റെ അനിയൻ, ഇപ്പോൾ ‘അഞ്ചക്കള്ളകോക്കാൻ’ സംവിധായകൻ: ഉല്ലാസ് ചെമ്പൻ അഭിമുഖം
Mail This Article
നിർമാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ചെമ്പൻ വിനോദ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് “അഞ്ചക്കള്ളകോക്കാൻ”. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധായകന്റെ മേലങ്കി അണിഞ്ഞ ചിത്രം കൂടിയാണിത്. ബിസിനസ്സിൽ ഡബിൾ മാസ്റ്റേഴ്‌സ് ബിരുദമുള്ള ഉല്ലാസ് ചെമ്പൻ കഴിഞ്ഞ 9 - 10 വർഷമായി ഓസ്‌ട്രേലിയയിലാണ്. ചെമ്പൻ വിനോദ് തിരക്കഥ എഴുതി നിർമിച്ച ‘അങ്കമാലി ഡയറീസി’ൽ ഒരു പൊലീസുകാരന്റെ വേഷത്തിലൂടെ ഉല്ലാസ് ചെമ്പൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. 2019ൽ ഉല്ലാസ് ചെമ്പൻ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത പാമ്പിച്ചി എന്ന ഷോർട് ഫിലിം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തന്റെ ആദ്യ സിനിമയായ ‘അഞ്ചക്കള്ളകോക്കാൻ’ ഹിറ്റിലേക്ക് കുതിക്കുമ്പോൾ വിശേഷങ്ങൾ പങ്കുവച്ച് ഉല്ലാസ് ചെമ്പൻ മനോരമ ഓൺലൈനിനോട് സംവദിക്കുന്നു
ചെമ്പൻ വിനോദ് പറഞ്ഞു ‘അഞ്ചക്കള്ളകോക്കാൻ’ ഉഗ്രൻ ടൈറ്റിൽ ആണെടാ!
ചെറുപ്പത്തിൽ രാത്രി ഉറങ്ങാതിരിക്കുമ്പോൾ അമ്മയും അമ്മൂമ്മയും ഒക്കെ ചുമ്മാ നമ്മളെ പേടിപ്പിക്കാൻ പറഞ്ഞിരുന്നതായിരുന്നു ‘അഞ്ചക്കള്ളകോക്കാൻ’ വരും വേഗം ഉറങ്ങിക്കോ എന്നൊക്കെ. ചെറുപ്പത്തിൽ എന്റെ വിചാരം എല്ലായിടത്തും ഈ അഞ്ചക്കള്ളകോക്കാൻ പോലെ എന്തോ ഒന്ന് ഉണ്ടെന്നാണ്. കൂട്ടുകാരോട് ഇങ്ങനെ എന്തോ സംസാരിച്ചപ്പോ അവരും പറഞ്ഞു അവരോടും ചെറുപ്പത്തിൽ ഇങ്ങനെ അമ്മ പറയുമായിരുന്നൂന്ന്.
ഞാനും ചേട്ടനും ചെറുപ്പം മുതൽ ഭയങ്കര സിനിമ പ്രേമികളായിരുന്നു. ഞാൻ ഇന്നുവരെ ഒരു ക്രിക്കറ്റ് ഫൈനൽ കാണാനോ ഒന്നിനും ക്ലാസ് പോകാതിരിക്കുകയോ ക്ലാസ് കട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. പക്ഷേ ഇതെല്ലാം ഞാൻ ചെയ്തിരുന്നത് സിനിമ കാണാൻ പോകാൻ വേണ്ടിയാണ്. പിന്നെ ഡിഗ്രിക്ക് ബെംഗളൂരിൽ പഠിക്കുമ്പോൾ എല്ലാ ദിവസവും സിനിമ കാണും, അതും എല്ലാ ഭാഷയിലേയും, പല ക്ലാസ്സിക്കുകളും, വേൾഡ് ടോപ് റേറ്റഡ് സിനിമകളൊക്കെ തേടി പിടിച്ചു കാണും. അതൊക്കെ സിനിമയിലേക്ക് എന്നെ ഒത്തിരി അടുപ്പിച്ചു. പിന്നെ ചേട്ടൻ വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തുന്നത്.
അങ്കമാലി ഡയറീസ് എഴുതുമ്പോൾ ചില ഡയലോഗിനെപ്പറ്റിയൊക്കെ വെറുതെ ചര്‍ച്ച ചെയ്തിട്ടുണ്ട്. പിന്നീട് 2019 ൽ പാമ്പിച്ചി എന്ന ഷോർട് ഫിലിമിന്റെ കഥ എഴുതി ഞാൻ തന്നെ സംവിധാനം ചെയ്തു. അതും ഇതുപോലെ ഒരു നാടൻ കലാരൂപവും ഇമോഷനും ഒക്കെ ആസ്പദമാക്കിയുള്ളതാണ്. ആ ഷോർട് ഫിലിം ചെയ്തപ്പോഴുള്ള അനുഭവം ചെറിയൊരു ആത്മവിശ്വാസം തന്നു. കൊറോണ കാരണം 2022 ലാണ് പോസ്റ്റ് പ്രൊഡക്‌ഷൻ തീർത്ത് അത് റിലീസ് ചെയ്യാൻ സാധിച്ചത്.
കൊറോണ സമയത്ത് ഞാൻ ഓസ്‌ട്രേലിയയിൽ ആയിരുന്നു. അവിടെ വച്ചാണ് ഒരു ചെറിയ കഥ എഴുതി നോക്കാം എന്ന് കരുതുന്നത്. സുഹൃത്തും ആർഡിഎക്സ് എന്ന സിനിമയുടെ അസ്സോഷ്യേറ്റ് ആയി വർക്ക് ചെയ്ത സൂരജ്, ആ സമയത്തു പങ്കുവച്ച 30 സെക്കൻഡ് വരുന്ന ചെറിയ ത്രെഡാണ് ‘അഞ്ചക്കള്ളകോക്കാൻ’ എന്ന സിനിമയുടെ ഇതിവൃത്തം. പിന്നെ ഞാനും സുഹൃത്തായിരുന്ന വികിൽ വേണുവും ചേർന്ന് ആ കഥ വികസിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമായി വരുന്ന ഒരു പൊലീസുകാരൻ നേരിടുന്ന ചില പ്രശ്നങ്ങൾ. അതിലേക്ക് പല ഫിക്‌ഷൻ എലമെന്റ് ചേർത്താണ് സിനിമയുടെ പൂർണരൂപത്തിലുള്ള സ്ക്രിപ്റ്റ് ആക്കുന്നത്.
പാമ്പിച്ചി എന്ന ഷോർട് ഫിലിം പൊട്ടൻ തെയ്യത്തെകുറിച്ചാണ്. പൊട്ടൻ തെയ്യത്തെപ്പറ്റി പലരും പറഞ്ഞു കേട്ട കഥയിൽ നിന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു പൊട്ടൻ തെയ്യത്തെയാണ് ഞാൻ അവതരിപ്പിച്ചത്. അല്ലാതെ ഇന്നുവരെ ഞാൻ തെയ്യം നേരിട്ട് കണ്ടിട്ടില്ല. അതുപോലെ പൊറാട്ട് നാടകത്തെപ്പറ്റി നമ്മുടെ സിനിമയിൽ അഭിനയിച്ച രാഗ് പറഞ്ഞാണ് അറിയുന്നത്. അദ്ദേഹം പറഞ്ഞു അത് കാണാൻ വൻ വൈബ് ആണെന്ന്. അത് കേട്ടപ്പോൾ എനിക്കൊരു കൗതുകം തോന്നി. അതെല്ലാം കൂടി ചേർത്താണ് ഞങ്ങൾ അഞ്ചക്കള്ളകോക്കാൻ എഴുതിയത്.
ഒരു പത്തു മാസം കൊണ്ടാണ് ഞങ്ങൾ ഈ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. ഞങ്ങൾ ഫിക്ഷൻ ആക്കിയ ഒരു പൊറാട്ട് നാടകം ആണ് അഞ്ചക്കള്ളകോക്കാൻ. ആ പേര് കേട്ട എല്ലാവരും പറഞ്ഞു വെറൈറ്റി പേരാണല്ലോ എന്ന്. ഞാൻ ഈ പേര് പറഞ്ഞപ്പോൾ അർമ്മോയും വികിലും ഒക്കെ എന്നെ സപ്പോർട്ട് ചെയ്തു. അർമോ ആണ് പാമ്പിച്ചിയുടെയും ക്യാമറ ചെയ്തത്. അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊക്കെ ടൈറ്റിൽ പറഞ്ഞപ്പോൾ അവർക്കും ഇഷ്ടമായി. ഒടുവിൽ ഞാൻ ചേട്ടനെ വിളിച്ച് ടൈറ്റിൽ പറഞ്ഞു. ആദ്യം ഒന്നും ചേട്ടൻ പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞു ചേട്ടൻ വിളിച്ചു പറഞ്ഞു ‘അഞ്ചക്കള്ളകോക്കാൻ ഉഗ്രൻ ടൈറ്റിൽ ആണെടാ’. എന്റെ ചേട്ടൻ എന്നതിലുപരി അങ്കമാലി ഡയറീസ്, ഭീമന്റെ വഴി ഇതിന്റെ ഒക്കെ റൈറ്റർ ആണ്, അദ്ദേഹം പറയുമ്പോൾ അതൊരു കോൺഫിഡൻസ് ആയിരുന്നു. അങ്ങനെയാണ് ആ പേര് തന്നെ ഉറപ്പിച്ചത്. സിനിമ ഇറങ്ങിയതിനു ശേഷവും ആളുകൾക്ക് അത് വായിക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും സിനിമ കണ്ടു കഴിയുമ്പോൾ ഇത് വളരെ യോജിക്കുന്ന ഒരു പേര് തന്നെയാണ് എന്ന അഭിപ്രായങ്ങൾ ആണ് വരുന്നത്.
അങ്കമാലി ഡയറീസ് എന്ന പാഠശാല
ഞാൻ ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമ എടുക്കുന്ന സമയത്ത് ചേട്ടനെ സഹായിക്കാൻ കുറച്ചുനാൾ നാട്ടിൽ വന്നു നിന്നിരുന്നു. ഞങ്ങളുടെ വീടിനടുത്തെ കവലയിലും പള്ളിയുടെ മുന്നിലും ഒക്കെയായിരുന്നു ഷൂട്ട് നടന്നത്. ഞങ്ങൾ ജനിച്ചു വളർന്ന പള്ളിയങ്ങാടി എന്ന സ്ഥലത്തെ കഥയാണ് അത്. ആ സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ ഞാൻ ഇരുന്നു കാണുമായിരുന്നു. അതിൽ ഒരു ചെറിയ കഥാപാത്രവും ഞാൻ ചെയ്തിട്ടുണ്ട്. ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോഴുള്ള ബുദ്ധിമുട്ട് വളരെ ഏറെയുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിൽ തന്നെ പ്രൊഡക്‌ഷനിൽ വർക്ക് ചെയ്യാനും എനിക്ക് സാധിച്ചു.
വളരെ ആലോചിച്ചു തിരഞ്ഞെടുത്ത താരങ്ങൾ
അങ്കമാലിയിൽ ജനിച്ചു വളർന്ന ആളുകളിൽ പറഞ്ഞു കേട്ടിട്ടുളള പേരുകളാണ് ഈ സിനിമയിൽ ഞാൻ ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പേരുകൾ അങ്കമാലിയിൽ വളരെ സുലഭമാണ്. ആർട്ടിസ്റ്റ് എന്നതിലുപരി അഭിനയിക്കാൻ അറിയാവുന്നവർ ആയിരിക്കണം നമ്മുടെ സിനിമയിൽ ഉണ്ടാവേണ്ടത് എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു.. ചേട്ടനോട് പറഞ്ഞപ്പോൾ രണ്ടു കഥാപാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലേക്ക് വച്ചത്. പക്ഷേ അദ്ദേഹം ഒന്നും ആലോചിക്കാതെ നടവരമ്പൻ എന്ന കഥാപാത്രം എടുത്തു. ഞാൻ കൊടുത്ത രണ്ടു കഥാപത്രവും അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നതായിരുന്നു. ലുക്മാൻ നമ്മുടെ ചെമ്പോസ്‌കി ഫിലിംസിന്റെ കഴിഞ്ഞ സിനിമയായ സുലേഖ മൻസിലിൽ പ്രധാന വേഷം ചെയ്തതാണ്. അങ്ങനെ ലുക്മാനോട് പോയി കഥപറഞ്ഞു, ഞാനും ലുക്മാനും കൂടി വണ്ടിയിൽ ഇരുന്ന് യാത്രചെയ്യുന്നതിനിടെ ആണ് കഥ പറയുന്നത്.
ലുക്മാൻ താല്പര്യം പ്രകടിപ്പിച്ചു. അങ്ങനെ പ്രധാനതാരങ്ങൾ രണ്ടുപേരും ആയി. മേഘ തോമസ് ഭീമന്റെ വഴിയിൽ അഭിനയിച്ചതുകൊണ്ട് അവരെയും സമീപിക്കാൻ എളുപ്പമായിരുന്നു. മേഘ തോമസ് ഈ കഥാപാത്രം നന്നായി ചെയ്യുമെന്ന് ഉറപ്പായിരുന്നു. മെറിൻ ഫിലിപ്പിനെ മറ്റൊരു സിനിമയിൽ കണ്ട ഒരു ഓർമ ഉണ്ടായിരുന്നു അങ്ങനെ അത് ആരാണെന്ന് അന്വേഷിക്കുകയും കണ്ടെത്തുകയുമായിരുന്നു. ശ്രീജിത്ത് രവി എന്റെ ഷോർട് ഫിലിം കണ്ടിട്ട് വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട് അങ്ങനെ അദ്ദേഹത്തെ ഞാൻ വിളിച്ചു. അങ്ങനെയാണ് ഓരോരുത്തരും വന്നത്.
പിന്നെ ഗില്ലാപ്പികൾ ആയി അഭിനയിച്ച മെറിൻ ജോസ്എനിക്ക് പരിചയമുള്ള ആളാണ്. ഞാൻ വിളിച്ചാൽ എപ്പോ വേണമെങ്കിലും അവൻ വരും. പ്രവീണിനെ എനിക്ക് പരിചയമില്ല, കമ്മട്ടിപ്പാടത്തിൽ ഞാൻ കണ്ടിട്ടുണ്ടെങ്കിലും, അവനെ ഗില്ലാപ്പിയാക്കാൻ തീരുമാനിക്കുന്നത് ബാലേട്ടന്റെ പ്രണയകവിത എന്ന മ്യൂസിക് വിഡിയോയിൽ കണ്ടിട്ടാണ്. പുള്ളി ആയിരിക്കണം ഒരു ഗില്ലാപ്പി എന്ന് തോന്നി. രണ്ടു ഗില്ലാപ്പികളും ഒരേ വൈബ് ഉള്ളവരായാൽ മാത്രമേ ശരിയാകൂ അല്ലെങ്കിൽ വർക്ക് ആകില്ല. പ്രവീണിനോട് കഥ പറഞ്ഞപ്പോൾ പുള്ളിക്ക് ഇഷ്ടമായി. അവർ രണ്ടും നല്ല ടാലന്റഡ് ആർട്ടിസ്റ്റുകൾ ആണ്, എന്ത് കൊടുത്താലും അവർ ചെയ്തോളും. അവരുടെ പോർഷന്‍ എടുത്തത് ഞങ്ങൾക്ക് തന്നെ നല്ല ഫൺ ആയിരുന്നു. അവർ വളരെ ഈസി ആയിട്ടാണ് അത് ചെയ്തത്.
ഇപ്പോൾ പ്രേക്ഷകരും അവരെപറ്റിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്. ലുക്മാന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്നത് രാഗ് എന്ന തിയറ്റർ ആർടിസ്റ്റാണ്. അദ്ദേഹമാണ് പാമ്പിച്ചിയിലെ നായകൻ. ഒരുപാട് പ്രശംസകൾ ലഭിച്ച കുറത്തി എന്ന നാടകത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹം ആക്ട് ലാബ് എന്ന ഗ്രൂപ്പിലെ അംഗമാണ്. അമ്മയായി അഭിനയിച്ചത് അനുപ്രഭ എന്ന ആർടിസ്റ്റാണ് അവരും ആക്റ്റ്ലാബ് അംഗമാണ്. പാമ്പിച്ചിയുടെ കാസ്റ്റിങ് മുഴുവൻ ആക്ട് ലാബിൽ നിന്ന് ആയിരുന്നു. ലുക്മാന്റെ കുട്ടിക്കാലം ചെയ്ത അലോഷിയെ ഇരട്ട എന്ന സിനിമയിൽ നിന്ന് കിട്ടിയതാണ്. ഇരട്ട എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ പോയപ്പോൾ അതിൽ ക്രിക്കറ്റ് കളിക്കുന്ന രണ്ടു പയ്യന്മാരിൽ ഈ കുട്ടിയുടെ നോട്ടം ഒക്കെ എനിക്ക് ഒരുപാടിഷ്ടപ്പെട്ടിരുന്നു.
കാന്താരയുടെ സ്വാധീനം ഇല്ല, കന്നഡയുമായി ബന്ധമുണ്ട്
കാന്താര വളരെ ബ്രില്യന്റ് ആയ സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പടമാണ്. പക്ഷേ അഞ്ചക്കള്ളകോക്കാൻ കാന്താരയുടെ സ്വാധീനം കൊണ്ട് ചെയ്തതല്ല. പാമ്പിച്ചി കണ്ടവരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു പക്ഷെ പാമ്പിച്ചി ഞാൻ ഷൂട്ട് ചെയുന്നത് 2019ൽ ആണ് അത് കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞാണ് കാന്താര റിലീസ് ആകുന്നത്. കന്നഡ ഭാഷയുമായി ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും അടുപ്പമുണ്ട്. എന്റെ അച്ഛൻ മൈസൂർ ജോലി ചെയ്തിട്ടുണ്ട്. എന്റെ അമ്മയുടെ സഹോദരി താമസിക്കുന്നത് ബെംഗളൂരിൽ ആണ്. എന്റെ കസിൻസ് വരുമ്പോൾ അവർ കന്നട പറയും. ഞങ്ങൾ മൈസൂർ താമസിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ ബെംഗളൂരിൽ പോയി താമസിക്കും. അതുകൊണ്ട് തന്നെ കന്നഡ ഞങ്ങൾക്ക് എല്ലാർക്കും അറിയാം.
ഒരു മലയാളി തമിഴ് പറയുന്നതുപോലെ ആണ് ഞങ്ങൾക്ക് കന്നഡ. ഒരു ഗ്രൂപ്പിൽ ഇരിക്കുമ്പോൾ ഞങ്ങൾക്ക് മറ്റുള്ളവർ അറിയാതെ എന്തെങ്കിലും പറയണമെങ്കിൽ ഞങ്ങൾ കന്നഡ പറയും. ചെറുപ്പത്തിൽ തന്നെ കന്നഡ പടങ്ങളും അങ്ങനെ ഒരുപാട് കണ്ടിട്ടുണ്ട്. ചേട്ടന്റെ കൂടെ ബെംഗളൂരിൽ നിന്ന് വരുമ്പോ ഓഡിയോ ട്രാക്സ് കേട്ടാണ് വരുക, അങ്ങനെ ഉപേന്ദ്രയുടെ പടങ്ങളുടെ ഒക്കെ ഓഡിയോ ട്രാക്സ് കേൾക്കും. പോകുന്ന വഴിക്ക് പോസ്റ്റർ കാണുമ്പോ പടം കാണാൻ തോന്നും. ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതലേ ഒത്തിരി കന്നഡ സിനിമകൾ കാണുമായിരുന്നു. കാന്താരയിലും പാമ്പിച്ചിയിലും ഒരുപോലെ വരുന്നത് അതിലെ ആർട്ട് ഫോം ആണ്. എന്റെ സിനിമയിൽ കാന്താരിയുടെ ഇൻഫ്ളുവൻസ് ഇല്ല. പക്ഷേ പാമ്പിച്ചിയുടെ ഇൻഫ്ലുവെൻസ് ഉണ്ട്.
ടറന്റീനോ ഫാൻ
ഞാനൊരു ഹാർഡ് കോർ ടറന്റിനോ ഫാൻ ആണ്. അദ്ദേഹത്തിന്റെ മാത്രമല്ല ഗൈ റിച്ചി, കോഹെൻ ബ്രതേഴ്സ് എന്നിവരുടെയും. ഇവരുടെയൊക്കെ സിനിമകൾ ഞാൻ എന്റെ ചെറു പ്രായത്തിലേ കണ്ടു ശീലിച്ചിട്ടുണ്ട്. ആ ഒരു ഇൻഫ്ലുവെൻസ് എന്റെ സിനിമയിൽ ഉണ്ടാകും. അവരുടെ സിനിമകളാണ് എന്നെ രസിപ്പിക്കാറുള്ളത്. എന്റെ ജോണറും ഫൺ വയലൻസ് സിനിമകൾ ആയിരിക്കും. ഞാൻ വിചാരിക്കുന്നത് മലയാളികളും അങ്ങനെ ഉള്ള ക്ലാസ്സിക്കുകളും ജോണറുകളും ഇഷ്ടപ്പെടുന്നവരാണ്.
ഏറ്റവും മികച്ച ടെക്നീഷ്യൻസ്
അങ്കമാലി ഡയറീസിന്റെ ഷൂട്ട് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവരെ ഏറ്റവും ഈസി ആക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യത്തെ കുറെ ദിവസം ഔട്ട് ഡോർ ഷൂട്ട് ചെയ്തിട്ട് പൊലീസ് സ്റ്റേഷനിലെ ഭാഗം ലീനിയർ ആയി ഷൂട്ട് ചെയ്തു. അത് ആർട്ടിസ്റ്റുകളെ സഹായിച്ചിട്ടുണ്ടാകാം. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടാണ് സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്. ഞങ്ങളുടെ സിനിമ ഒരു പൊറാട്ട് നാടകം ആണ്, അതുകൊണ്ട് ലൈറ്റിങ് തുടങ്ങി എല്ലാം ഒരു പൊറാട്ടിന്റെ രീതിയിൽ ആണ് എടുത്തിട്ടുള്ളത്. ഫോക് ലോർ ഉണ്ട്, ആക്‌ഷൻ ഉണ്ട്, റാപ്പ്, ഹിപ് ഹോപ് തുടങ്ങി പലതരത്തിലുള്ള സംഗീതം അങ്ങനെ ഒരുപാട് കാര്യങ്ങളുടെ സമ്മേളനം ആണ് ഈ ചിത്രം.
മൂന്ന് കാലഘട്ടം ആണ് ഈ സിനിമയിൽ കാണിക്കുന്നത്. കാളഹസ്തിയിൽ നടക്കുന്ന സംഭവം അതിനും മുൻപ് നടക്കുന്ന ശങ്കരന്റെ കഥ അതിനും ഒരുപാട് മുൻപ് നടക്കുന്ന ലുക്മാന്റെ കുട്ടിക്കാലം. മൂന്നും മൂന്ന് സ്ഥലമാണ്. മൂന്നിനും വേറെ വേറെ കളർ ടോൺ വേണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഏറ്റവും നല്ല ടെക്നിക്കൽ ടീമിനെ ആണ് ഞാൻ ഈ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തത്. ക്യാമറ, എഡിറ്റിങ്, സൗണ്ട് റെക്കോർഡിസ്റ്റ്, മ്യൂസിക് അങ്ങനെ എല്ലാം. ഏറ്റവും പ്രധാനപ്പെട്ടത് ക്യാമറ ചെയ്‌ത അരുൺ മോഹൻ.
പമ്പിച്ചിയിൽ തുടങ്ങിയ ബന്ധമാണ് അരുണിനോട്. മണികണ്ഠൻ അയ്യപ്പ ആണ് സംഗീതം ചെയ്തത്. പാമ്പിച്ചിയുടെ മ്യൂസിക് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ ഏൽപ്പിച്ചാൽ സംഗീതം എന്തായാലും അടിപൊളി ആകുമെന്ന് ഉറപ്പായിരുന്നു. പാമ്പിച്ചിയുടെ സൗണ്ട് ഡിസൈനർ ആയ അരുൺ പി.എ. ആണ് ഇതിന്റെയും സൗണ്ട് ചെയ്തത്. അരുണിനോട് ഞാൻ പറഞ്ഞത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗണ്ട് എൻജിനീയർ കണ്ണൻ ഗണപതിനെ കൊണ്ട് സൗണ്ട് മിക്സ് ചെയ്യിക്കണം എന്നായിരുന്നു. കണ്ണൻ ചേട്ടന്റെ മിക്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണ്. രണ്ടാഴ്ച്ച മുൻപ് ഫെഫ്ക നടത്തിയ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പാമ്പിച്ചിയുടെ മ്യൂസിക്കിനും, സൗണ്ട് എഫക്ട്സിനും, സൗണ്ട് മിക്സിങ്ങിനും അവാർഡ് കിട്ടിയിരുന്നു.
അതുപോലെ കളറിങ് വന്നപ്പോൾ ഞാൻ ഒരു പുതിയ ആളെ പരീക്ഷിക്കാൻ തയ്യാറല്ലായിരുന്നു. കളർ ചെയ്യാൻ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആളെ കണ്ടുപിടിക്കാൻ ഞാൻ അരുണിനോട് പറഞ്ഞു. അദ്ദേഹം കണ്ടെത്തിയത് അശ്വന്ത് സ്വാമിനാഥനെ ആയിരുന്നു. കെ ജി എഫിന്റെ കളർ ചെയ്തത് അദ്ദേഹമാണ്. വളരെ ടാലന്റഡ് ആയ ആര്ടിസ്റ്റാണ് അദ്ദേഹം. ഹൈദരാബാദിലെ നാഗാർജുനയുടെ അന്നപൂർണ സ്റ്റുഡിയോയോയിൽ ആണ് കളർ ചെയ്‌തത്. അന്നപൂർണയിൽ ചെയ്ത ഏറ്റവും ചെലവ് കുറഞ്ഞ സിനിമയാണ് ഞങ്ങളുടേത് പക്ഷെ അവർ ഞങ്ങൾക്ക് നല്ല സപ്പോർട്ട് ആണ് തന്നത്. ഈ സിനിമയിൽ ടെക്നിക്കൽ ബ്രില്യൻസ് ഉണ്ടെങ്കിൽ അതിനു കാരണം ഏറ്റവും മികച്ച ടെക്നിഷ്യൻസ് ആണ്.
അഞ്ചക്കള്ളകോക്കാൻ വിജയത്തിലേക്ക് കുതിക്കുന്നു
വളരെ വലിയൊരു വിജയത്തിലേക്ക് ആണ് ചിത്രം പോകുന്നത് എന്നാണ് മാർക്കറ്റിംഗ് ടീം വിലയിരുത്തുന്നത്. ചിത്രം കേരളത്തിന് പുറത്തേക്കും പോയിട്ടുണ്ട്. ബെംഗളൂരു, മംഗലാപുരം, മൈസൂർ ഒക്കെ ചിത്രം നന്നായി ഓടുന്നുണ്ട്. എറണാകുളത്ത് പരിചയമുള്ള തിയറ്റർ ഉടമകൾ ഒക്കെ പറയുന്നത് പടം പതിയെ പിക്കപ്പ് ചെയ്യുന്നുണ്ട് എന്നാണ്. എനിക്ക് കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് കൂടുതൽ ആളുകൾ അറിഞ്ഞു കേട്ട് സിനിമകാണാൻ എത്തുന്നുണ്ട് എന്നതാണ്. ഈ ദിവസങ്ങളിൽ ഒക്കെ ഹൗസ്ഫുൾ ഷോകളും കൂടുതൽ ഉണ്ട്.