‘ആവേശത്തിൽ’ ബിബിമോന്റെ അമ്മ, ശരിക്കും ദർശനയുടെ അമ്മ; നീരജ രാജേന്ദ്രൻ അഭിമുഖം
Mail This Article
ചില സിനിമകൾ കാണുമ്പോൾ ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നു പോകുന്ന ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടും. മുൻപൊരിക്കലും നമ്മൾ അവരെ കണ്ടിട്ടുണ്ടാകില്ല. പക്ഷേ എവിടയോ കണ്ടു മറന്ന മുഖം, ഇത്രയും നാൾ ഇവർ എവിടെയായിരുന്നു എന്ന് ചിന്തിച്ചു പോകുന്ന അത്രയും മികച്ച പ്രകടനം. അത്തരത്തിലൊരു അഭിേനത്രിയാണ് നീരജ രാജേന്ദ്രൻ. നടി ദർശനാ രാജേന്ദ്രന്റെ അമ്മ എന്ന ലേബലിനപ്പുറം ചെറിയ കാലയളവിനുള്ളിൽ തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നീരജ രാജേന്ദ്രന്റെ പുതിയ സിനിമയാണ് ‘ആവേശം’. ‘‘ബിബി മോൻ ഹാപ്പി ആണോ?’’ എന്ന്എപ്പോഴും ആകുലപ്പെടുന്ന അമ്മ കഥാപാത്രം, നിറഞ്ഞ കയ്യടികളാണ് തിയറ്ററിൽ നിന്ന് നേടിയത്...
ഒരു ഫ്ലോയിലങ്ങു പോയി
ജിത്തുവിന്റെ ആദ്യത്തെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട് ഞാൻ. അന്നേയുള്ള അടുപ്പമാണ്. അതുപോലെ ‘രോമാഞ്ചം’ പ്രിമിയർ ഷോയ്ക്കു ചെന്നപ്പോഴാണ് ‘ആവേശ’ത്തെപ്പറ്റി പറയുന്നത്. എപ്പോഴും ഹാപ്പി ആയിട്ടിരിക്കുന്ന ഒരു കഥാപാത്രം ആണെന്ന് ജിത്തു പറഞ്ഞു. ഒരു ആകാംക്ഷയ്ക്ക് എന്താണ് സിനിമ എന്നൊക്കെ ചോദിച്ചപ്പോൾ, ‘‘ചേച്ചി ടെൻഷൻ ആകേണ്ട, ഹാപ്പി ആയ സിനിമയാണ്, അന്നേരം വരുന്ന പോലെ ചെയ്യാം’’ എന്ന് പറഞ്ഞു. പിന്നെ ഒന്നും ചോദിച്ചില്ല. ഒരു ഒഴുക്കിനങ്ങു വലിയ പ്ലാനിങ്ങുകൾ ഒന്നുമില്ലാതെ ചെയ്ത കഥാപാത്രമാണ്. നല്ല പ്രതികരണങ്ങൾ വരുമ്പോൾ ഒത്തിരി സന്തോഷം.
‘‘ചേച്ചി ഹാപ്പി അല്ലെ’’ എന്ന ചോദ്യം
എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ഫഹദിനൊപ്പം എന്നത് തന്നെയായിരുന്നു എനിക്കേറ്റവും സന്തോഷം നൽകിയ കാര്യവും. ബെംഗളൂരിൽ ഷൂട്ടിങ് തുടങ്ങുന്ന ദിവസം ഫഹദിനെ കണ്ടപ്പോഴേ ചോദിച്ചത് ‘‘ചേച്ചി ഹാപ്പി അല്ലെ’’ എന്നായിരുന്നു. അത് കേട്ടപ്പോഴേ എനിക്ക് തോന്നി എന്തോ രസകരമായ ഒന്ന് അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന്. നീളൻ ഡയലോഗുകളൊന്നും ഇല്ലല്ലോ എന്റെ കഥാപാത്രത്തിന്. പക്ഷേ ആകെയുള്ളതിനെല്ലാം തിയറ്ററിൽ ഓളമുണ്ടാക്കാനായി.
സിംപിൾ ആയിട്ടുള്ള കാര്യങ്ങളൊക്കെയല്ലേ ബിബി മോന്റെ അമ്മയ്ക്ക് ചോദിക്കാനുണ്ടായിരുന്നുള്ളു. അതുകൊണ്ട് കഥാപാത്രം ഉൾക്കൊണ്ടു ചെയ്യാൻ എളുപ്പം ആയിരുന്നു. പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നും ആവശ്യമില്ലായിരുന്നു. അല്ലെങ്കിലും വലിയ പ്ലാനിങ്ങുകൾ ഒന്നുമില്ലാതെയാണ് ഞാൻ എപ്പോഴും സെറ്റിലേക്ക് പോകാറ്. അതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്.
അന്നേയുള്ള സ്വപ്നം
എന്റെ എന്നെന്നുമുള്ള സ്വപ്നമാണ് സിനിമ എന്നത്. ഓർമ വച്ച കാലം മുതൽക്കേ അതാണ് മനസ്സിൽ. കലാ സാഹിത്യ പാരമ്പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ സിനിമ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് കരുതിയിരുന്നില്ല. അതൊരു ആഗ്രഹമായി മാത്രം നിന്ന് പോകുമെന്ന് കരുതി. അച്ഛൻ ഡോ. ചന്ദ്രശേഖരൻ നായർ സാഹിത്യകാരനും പത്മശ്രീ ജേതാവുമാണ്. ജ്യേഷ്ഠൻ ശരത് ചന്ദ്രൻ പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമാണ്. ചേട്ടൻ ഇന്നില്ല. എങ്കിലും ആ വെളിച്ചം ഒപ്പമുണ്ട്, പ്രചോദനമായി.
ഞാൻ ആദ്യം കാണുന്ന സിനിമ ശ്രീദേവി അഭിനയിച്ച ‘പൂമ്പാ’റ്റയാണ്. അന്ന് മനസ്സിൽ കയറിയതാണ് സിനിമ. അതുപോലെ മുത്തച്ഛൻ എംപി മന്മദൻ, ‘യാചകൻ’ എന്ന സിനിമയിൽ മിസ് കുമാരിയുടെ നായകൻ ആയിരുന്നു. അങ്ങനെയൊക്കെയാണ് എന്റെ സിനിമ ബന്ധങ്ങൾ. വിവാഹശേഷം റിയാദിൽ ആയിരുന്നു മക്കളുമൊത്ത്. പിന്നീട് നാട്ടിലേക്ക് പോന്നതിനുശേഷമാണ് സിനിമ മോഹം പൊടിതട്ടിയെടുത്തത്. സൗഹൃദങ്ങൾ തന്നെയാണ് മുന്നോട്ട് നയിച്ചത്. അതിനിടെയാണ് ഗായിക രശ്മി സതീഷ് ‘തൃശ്ശിവപേരൂർ ക്ലിപ്തം’ എന്ന സിനിമയിലേക്ക് ഒരു അമ്മ വേഷത്തിന് ഓഡിഷൻ നടക്കുന്നുണ്ട് എന്ന് പറഞ്ഞത്. അങ്ങനെയാണ് അതിലെ കഥാപാത്രം ചെയ്യുന്നത്. പിന്നീട് അമ്പതോളം സിനിമകളുടെ ഭാഗമായി. ആദ്യ സിനിമ വന്ന നാൾ മുതൽക്ക് തന്നെ കുറെയേറെ ആളുകൾ ശ്രദ്ധിച്ചിരുന്നു. അന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട് എവിടെയായിരുന്നു ഇതുവരെ എന്നൊക്കെ. അത് കേൾക്കുന്നത് സന്തോഷമാണ്. പക്ഷേ ഈ സിനിമയിലെ കഥാപാത്രത്തിനാണ് ഇത്രയേറെ ശ്രദ്ധ കിട്ടുന്നത്. ഇന്ത്യയ്ക്ക് വെളിയിൽ നിന്നൊക്കെ ഒരുപാട് കോളുകൾ സിനിമ പുറത്തിറങ്ങിയതിനു ശേഷം വന്നു. അത് ജീവിതത്തിൽ കിട്ടിയ ഏറ്റവും മൂല്യമുള്ള ഒരു കാര്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.
ഞാൻ എന്ന അമ്മ
മക്കൾക്കൊപ്പം വളർന്ന ഒരു അമ്മയാണ് ഞാൻ എന്ന് പറയാനാണ് എനിക്കിഷ്ടം. അവരുടെ കാര്യത്തിൽ ഞാൻ വളരെ കൂളാണ്. അവരുടെ ഇഷ്ടങ്ങൾക്ക് തന്നെയായിരുന്നു എന്നും ഞങ്ങൾ രണ്ടുപേരും പ്രാധാന്യം കൊടുത്തിരുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും ഒരു തരത്തിലും നമ്മളുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിരുന്നേയില്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ എന്നൊരു പോളിസി ആയിരുന്നു അന്നും ഇന്നും. അതുകൊണ്ട് തന്നെയാണ് രണ്ടുപേരും മികച്ച ജോലികളിൽ ഇരിക്കവേ അത് റിസൈൻ ചെയ്ത് ഞങ്ങൾക്ക് നാടകവും സിനിമയും ഒക്കെയാണ് ഇഷ്ടമെന്ന് പറഞ്ഞ് പോകാൻ തീരുമാനമെടുത്തപ്പോഴും ഞങ്ങൾ ഒപ്പം നിന്നത്. ദർശനയും ഭാവനയും ലണ്ടനിലാണ് മാസ്റ്റേഴ്സ് പഠിച്ചത്. പിന്നീട് മികച്ച ജോലികളാണ് ചെയ്തുകൊണ്ടിരുന്നത്. അതിനിടയിലാണ് നാടകവും സിനിമയുമാണ് ഇഷ്ടമെന്ന് പറഞ്ഞു അവർ അത് റിസൈൻ ചെയ്യുന്നത്.
ചെന്നൈയിൽ വച്ച് നാടകത്തിന്റെ പ്രാക്ടീസും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയിട്ട് ജോലി വേണ്ടെന്നു വച്ചാലോ എന്ന് ദർശന വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ഒരു സങ്കടവും ഉണ്ടായിരുന്നില്ല. അവർ അവരുടെതായ വഴികളിലേക്ക് പോകുന്നതിനോടൊപ്പം നിൽക്കുന്ന അമ്മയാണ് ഞാൻ. സിനിമ ഒരു അനിശ്ചിതത്വം നിറഞ്ഞ മേഖലയായിട്ട് കൂടി നല്ല ജോലി ഉപേക്ഷിച്ച് വരുന്നതിനോട് എനിക്ക് ഒട്ടും ആവലാതികളും ഇല്ലായിരുന്നു. വരുന്നത് വരുന്നിടത്ത് വച്ച് കാണാം, നല്ലത് സംഭവിക്കും എന്നൊരു പ്രതീക്ഷയാണ് മുന്നോട്ടു നയിച്ചത്.
‘വൈറസ്’ കഴിഞ്ഞതിനുശേഷം കുറെ ഓഫറുകൾ ഒക്കെ വന്നിരുന്നു. കുറെ നല്ല കഥാപാത്രങ്ങൾ ചെയ്തു. എന്റെ മകൾ ദർശനയാണ് എന്റെ ഏറ്റവും വലിയ വിമർശക എന്ന് പറയുന്നത്. അവൾ തന്നെ പറഞ്ഞു അമ്മ വരുന്നതെല്ലാം ചെയ്യാൻ നിൽക്കണ്ട, ഒത്തിരി സിനിമകൾ ചെയ്യുന്നതിലല്ല വർഷത്തിൽ ഒരെണ്ണം ആയാലും അത് മികച്ച സിനിമയാണോ എന്നതിലാണ് കാര്യമെന്ന്. പക്ഷേ എനിക്ക് അത്തരം ചിന്തകളോ പ്ലാനിങ്ങോ ഒന്നുമില്ല. ഇനി എന്റെ നാലോളം സിനിമകൾ പുറത്തു വരാനുണ്ട്. ഞാൻ ഒരു കഥാപാത്രത്തെക്കുറിച്ചോ സിനിമയിലെ അവസരങ്ങളെ കുറിച്ചോ ഒന്നും ഓർത്ത് തല പുണ്ണാക്കാത്ത ഒരു വ്യക്തിയാണ്. വീട്ടിൽ ഭർത്താവും മക്കളും ഒക്കെ എന്നെക്കാൾ കൂളാണ്. ഒരുപക്ഷേ അവരുടെ ഇടയിലെ ഏറ്റവും ചെറിയ കുട്ടി ഞാനായിരിക്കും.
ഉർവശി എന്ന നടനം
മോഹൻലാലാണ് എന്റെ ജീവിതത്തിന്റെ വലിയൊരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച അഭിനയ പ്രതിഭ. ഇപ്പോൾ ഫഹദിനോടാണ് ആണ് ഇഷ്ടം. അതുപോലെ തന്നെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഒരു വ്യക്തി ഉർവശിയാണ്. ഉർവശിയോട് അടങ്ങാത്ത ഒരു ഇഷ്ടമുണ്ട്. ഒപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും ഉർവശിയാണ്. അവർക്കൊപ്പം ഒരു കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. അതൊക്കെ സമയമാകുമ്പോൾ നടക്കും എന്നാണ് ഞാൻ കരുതുന്നത്. ഉർവശിയെ പോലെ തന്നെ കൽപ്പനയുടെ അഭിനയത്തോടും വലിയ ഇഷ്ടമായിരുന്നു. എങ്കിലും ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കഥാപാത്രങ്ങളെ ചെയ്തത് ഉർവശിയാണ് അവരുടെ ഹാസ്യ കഥാപാത്രങ്ങൾ എന്നെന്നും വലിയ ആവേശമായിരുന്നു എനിക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാനും ഇഷ്ടമായിരുന്നു.
ഇപ്പോൾ അപ്രതീക്ഷിതമായിട്ടാണ് ആവേശത്തിന്റെ കഥാപാത്രം വന്നത് അതുപോലെ എല്ലാം നടക്കും എന്ന് കരുതുന്നു. ഒരു കാര്യം കൂടി പറയാതെ വയ്യ ഇവരെയൊക്കെ പോലെ തന്നെ ഞാൻ എന്റെ മകളുടെയും വലിയൊരു ഫാനാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാർ ആരൊക്കെ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിൽ ഒരാൾ എന്റെ മകളാണ് എന്ന പറയുന്ന വലിയ സന്തോഷം കൂടിയുണ്ട്.