ADVERTISEMENT

‘‘ഇത്ര നാൾ നിങ്ങളെ ചിരിപ്പിച്ച ഞാൻ കുറേ നാളായി കരയുകയാണ്’’- തന്റെ പുതിയ സിനിമയായ പവി കെയർടേക്കറിന്റെ ഓ‍ഡിയോ ലോഞ്ചിൽ നടൻ ദിലീപ് പറഞ്ഞ വാക്കുകളാണിത്. തമാശ എന്നതിന്റെ പര്യായം പോലെ  ഒരു കാലത്ത് മലയാളികളെ ചിരിപ്പിച്ചും രസിപ്പിച്ചും ‘ജനപ്രിയ’ സിനിമകൾ ചെയ്തിരുന്ന ദിലീപിന്റെ അടുത്തകാലത്തിറങ്ങിയ സിനിമകൾ തിയറ്ററിൽ റിലീസിനെത്തുമ്പോൾ വിവാദങ്ങളും ചർച്ചകളും പതിവുകാഴ്ചയാകുന്നു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ‘‘മനസ്സാവാചാ അറിയാത്ത ഒരു കാര്യത്തിന് ഏഴ് വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അടി കിട്ടുന്നത് എനിക്കു മാത്രമല്ല ഇൻ‍ഡസ്ട്രിക്കും ഭയങ്കര നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്’’.–ദിലീപിന്റെ മറുപടി ഇങ്ങനെയാണ്. പുതിയ സിനിമ ‘പവി കെയർടേക്കർ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സിനിമയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ ദിലീപ് മനസ്സ് തുറക്കുന്നു..

സമയദോഷം, അല്ലാതെന്ത്?!

എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ല. മനസ്സാ വാചാ അറിയാത്ത ഒരു കാര്യത്തിനു വേണ്ടി ഏഴു കൊല്ലമായിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇത് തീർക്കാൻ പലർക്കും താൽപര്യമില്ല എന്നു പറയുമ്പോൾ എന്ത് പറയാനാണ്? നമുക്കൊന്നും പറയാൻ പറ്റില്ല. കാരണം ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളെ വിശ്വസിച്ചും അനുസരിച്ചും വേണം നമ്മൾ പോകാൻ. നമ്മുടെ സമയദോഷം. ഞാനൊരു കലാകാരനാണ്. നൂറു ശതമാനം ആത്മാർഥതയോടെയാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. സിനിമയെ മാത്രം ഫോക്കസ് ചെയ്തേ ഞാൻ പോയിട്ടുള്ളൂ. പിന്നിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ അറിഞ്ഞിട്ടില്ല. അതാണ് സംഭവിച്ചത്. ഞാൻ ഇൻഡസ്ട്രിയിലുള്ളതിൽ ഇത്രയും പ്രശ്നം ആർക്കാണ്? 

ഒരു അസ്ത്രം എടുത്ത് തൊടുത്തു വിടുമ്പോൾ അതിനു പിറകിലൊരു ആളുണ്ടാവുമല്ലോ. പറഞ്ഞു വന്നാൽ വേറൊരു വഴിക്കു പോകും. എനിക്കു കൂടുതൽ സംസാരിക്കാൻ പറ്റില്ല. കാരണം, ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ഞാൻ നിൽക്കുന്നത്. പല ആൾക്കാരും ചോദിക്കും; എല്ലാവരും വായിൽ തോന്നുന്നതൊക്കെ ടിവിയിൽ വന്നു പറയുന്നുണ്ടല്ലോ, ദിലീപിന് മാത്രമെന്താ പറയാൻ പാടില്ലാത്തത് എന്ന്. എനിക്ക് ഇതിനെക്കുറിച്ച് പറയാൻ പാടില്ല. ചിലപ്പോൾ മനസ്സിൽ നിന്ന് അറിയാതെ വന്നു പോകുന്ന കാര്യങ്ങളെന്നല്ലാതെ! 

ഞാൻ ഫൈറ്റ് ചെയ്യുകയാണ്. എന്റെ സമയദോഷം. പക്ഷേ ഞാനിപ്പോഴും ജോലി ചെയ്യുന്നു. എന്റെ പ്രേക്ഷകര്‍ എന്നോടൊപ്പം നില്‍ക്കുന്നു. എന്റയൊപ്പം നിൽക്കുന്ന ഡയറക്ടേഴ്സ്, പ്രൊഡ്യൂസേഴ്സ്, ടെക്നീഷ്യൻസ് ഒരുപാട് ആൾക്കാരുണ്ടല്ലോ. എന്നെ മാത്രം അറ്റാക്ക് ചെയ്യുമ്പോഴും ഈ അടി എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാർക്കൊക്കെ കിട്ടുന്നുണ്ട്. ഇൻഡസ്ട്രിക്ക് തന്നെ ഭയങ്കര നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. സർക്കാരിനും സംഭവിക്കുന്നുണ്ട്. കാരണം അത്രയുമധികം ടാക്സ് ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒരാളാണ് ഞാൻ. എത്രയോ വർഷക്കാലമായിട്ട്. ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. പക്ഷേ മുന്നിൽ നിന്ന് ഫേസ് ചെയ്യുന്നത് ഞാനാണ്. ഫേസ് ചെയ്തല്ലേ പറ്റൂ. 

ഇൻഡസ്ട്രിയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നുണ്ടോ?

‘മാറ്റി നിർത്തുന്നുവെങ്കിൽ ഞാനിവിടെ ഉണ്ടാവില്ലല്ലോ. കുറേ ആരോപണങ്ങൾ ഉണ്ടാക്കിയിട്ട് കുറച്ച് ആൾക്കാർ ഇങ്ങനെ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നമുക്ക് എന്തു ചെയ്യാൻ പറ്റും. ഇൻഡസ്ട്രിയിൽ ഞാൻ വര്‍ക്ക് ചെയ്യുന്ന സമയത്ത് എല്ലാവരും എന്റെ കൂടെ വർക്ക് ചെയ്യുന്നു. എന്നെ മാറ്റിനിർത്തിയിട്ടില്ല. പിന്നെ തിരിച്ചു വരുന്നു എന്നു പറയാൻ ഞാൻ എവിടെയും പോയിട്ടില്ല. രണ്ടു വർഷം കോവിഡ് കൊണ്ടുപോയി, രണ്ടു വർഷം സിനിമ െചയ്തില്ല. തീരട്ടെ തീരട്ടെ എന്നു വിചാരിച്ചിരുന്നു. തീർക്കാനുള്ള പരിപാടികൾ കാണുന്നില്ല. എനിക്ക് ഫാമിലിയുള്ളതല്ലേ. എന്നെ വിശ്വസിച്ച് എത്ര ഡയറക്ടേഴും പ്രൊഡ്യൂസേഴ്സും എനിക്ക് അഡ്വാൻസ് തന്നവരും ഒക്കെ നിൽക്കുകയല്ലേ. അപ്പോൾ എനിക്ക് ജോലിക്കിറങ്ങാതിരിക്കാൻ പറ്റില്ല. ജോലി ചെയ്യുന്നു. 

മേക്കിങ് വിഡിയോയിൽ നിന്നും
പവി കെയർ ടേക്കർ എന്ന സിനിമയിൽ നിന്നും

അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. നല്ല സിനിമകൾ, നല്ല കഥകൾ നമ്മളിലേക്ക് വരുക എന്നുള്ളതാണ് നമ്മുെട പ്രാർഥന. കാരണം ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്ന സമയത്തു തന്നെയാണ് രാമലീല എന്ന പടം ഇറങ്ങുന്നത്. അന്ന് പ്രിയപ്പെട്ട പ്രേക്ഷകർ, അതു വരെ ഞാൻ െചയത സിനിമയിലെ കഥാപാത്രങ്ങളിലൂെട എന്നെ ഇഷ്ടപ്പെട്ട എന്റെ പ്രേക്ഷകർ, ഞാൻ അവരെയാണ് വിശ്വസിക്കുന്നത്. അവർക്കെന്നെ അറിയാം. അതുപോലെ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. സിനിമയിലുള്ള ആളുകൾക്ക് എന്നെ നന്നായിട്ട് അറിയാം. കുറച്ചാളുകൾ ചേർന്നൊരുക്കുന്നതിനെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. കുറേ ആളുകൾ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് ഞാൻ ഉളളതുകൊണ്ടാണെന്ന് തോന്നുന്നു. ഒരു കാര്യത്തിൽ സന്തോഷമുണ്ട് എന്റെ പേരിലാണ് കുറെ ആള്‍ക്കാർ അറിയപ്പെടുന്നതും ജീവിക്കുന്നതും.

പേരു മാറ്റത്തെക്കുറിച്ച്

അത് ഒന്നുമില്ല. ന്യൂമറോളജിയെപ്പറ്റി കുറച്ചുപേർ പറഞ്ഞു. പിന്നെ, ഇങ്ങനെ പേരു മാറ്റുന്ന ആദ്യത്തെ ആൾ ഞാനല്ല. തെലുങ്കിലൊക്കെ ഇതു സർവസാധാരണമാണ്. എന്നാല്‍ പിന്നെ അതുകൂടി നോക്കാമെന്ന് കരുതി

dileep-meesamadhavan

ആദ്യം സിനിമ

എനിക്ക് ഫസ്റ്റ് പ്രിഫറൻസ് എപ്പോഴും സിനിമയാണ്. സിനിമയോടു തന്നെയാണ് പ്രണയവും. അതാണ് എന്റെ ലോകവും. സിനിമയാണ് എനിക്കെല്ലാം. ജീവവായു പോലെയാണ്. സിനിമ ഇല്ലാത്ത കാര്യം ചിന്തിക്കാൻ പറ്റില്ല. കാരണം നമ്മൾ ഒരുപാട് ആഗ്രഹിച്ചു വന്നതാണ് സിനിമയിലേക്ക്. ഇതിലേക്ക് എങ്ങനെ വരണമെന്നോ ഇതെവിടെയാണെന്നോ എനിക്കറിഞ്ഞുകൂടായിരുന്നു. ഞാൻ സ്ക്രീനിൽ മാത്രമേ ഇതിന്റെ ഫൈനല്‍ സാധനം കാണുന്നുള്ളൂ. ഇതെങ്ങനെ ഉണ്ടാക്കുന്നു എന്നോ, ഇത് ആരുണ്ടാക്കുന്നു എന്നോ ഇതെവിടെ ഉണ്ടാക്കുന്നു എന്നോ ഒന്നും എനിക്കറിയില്ല. 

ആ ഒരു സമയത്ത് നമുക്കു തോന്നിയ ഒരാഗ്രഹം അതിൽ കൊണ്ടു ചെന്ന് എത്തിച്ചു എന്നത് ദൈവാനുഗ്രഹമായി കാണുന്നു. നമുക്ക് ദൈവം തന്നൊരു നിധിയാണിത്. ഞാൻ സ്ക്രീനിൽ കണ്ട ആളുകളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക, അവരുമായി ഒരുമിച്ചിരിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, തമാശ പറയുക, ഒരുമിച്ച് അഭിനയിക്കുക അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മുടെ ലൈഫിൽ ഉണ്ടാവുക എന്നു പറയില്ലേ. ഒരു അദ്ഭുത ലോകത്താണിപ്പോള്‍ ഞാൻ. 

English Summary:

Chat with actor Dileep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com