ADVERTISEMENT

പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവന്റെ സിനിമാ ജീവിതം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് മകനും സംവിധായകനുമായ സന്തോഷ് സേതുമാധവൻ. ‘കഥയുടെ സംവിധാനം’ എന്ന ഡോക്യുമെന്ററിയിലൂടെ സേതുമാധവന്റെ ജീവിതത്തെയും അനുഭവങ്ങളെയും മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സന്തോഷ് സേതുമാധവൻ. (പുനപ്രസിദ്ധീകരിച്ചത്)

 

santhosh-sethumadhava-2

മലയാള സിനിമയിൽ ഏറ്റവുമധികം ക്ലാസിക്‌ സാഹിത്യകൃതികൾ സിനിമയാക്കി അവതരിപ്പിച്ച സംവിധായകൻ കെ.എസ്. സേതുമാധവൻ ആണ്. ഈ അപൂർവ നേട്ടത്തെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുണ്ടായ അപൂർവ സിനിമാ നേട്ടങ്ങളെ പറ്റിയുമാണ് ഡോക്യുമെന്ററിയിൽ കൂടുതലും പ്രതിപാദിക്കുന്നത്. മമ്മൂട്ടിയെയും കമൽഹാസനെയും ക്യാമറക്ക് മുന്നിൽ കൊണ്ട് വന്ന് അവരുടെ അനുഭവത്തെക്കുറിച്ചുള്ള അപൂർവ ഓർമകളും ഈ ഡോക്യുമെന്ററിയിൽ പങ്കുവയ്ക്കുന്നുണ്ട്. നേരിട്ട് പ്രേക്ഷരോട് അദ്ദേഹം മാത്രം പങ്കുവയ്ക്കുന്ന അനുഭവങ്ങളാണ് ഈ ഡോക്യുമെന്ററിയിൽ ഉള്ളത്. ഇതിലൂടെ ഒരു സിനിമാ കാലത്തെ പ്രേക്ഷകർക്ക് അനുഭവിക്കാനാവും.

santhosh-sethumadhava-23

 

അച്ഛനെ കുറിച്ച് ഇങ്ങനെയൊരു അപൂർവ ഡോക്യുമെന്ററി സംവിധാനം ചെയ്തതിനെ കുറിച്ച് സന്തോഷ് സേതുമാധവൻ പറയുന്നത് ഇങ്ങനെയാണ്, ‘ഞങ്ങളുടെ കുട്ടികാലത്ത് അച്ഛൻ ഏറ്റവുമധികം സമയം ചിലവഴിച്ചിരുന്നത് പുസ്തകങ്ങൾക്കൊപ്പമായിരുന്നു. ഇത്രയും സാഹിത്യ കൃതികൾ സിനിമയാക്കിയ സംവിധായകരും കുറവായിരിക്കും. അതൊക്കെ ഡോക്യുമെന്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനോട് ആദ്യമൊക്കെ അതിനെ പറ്റി സംസാരിച്ചപ്പോൾ സമ്മതിച്ചില്ല. പിന്നീട് ഈ 94 ാം വയസിലും അച്ഛൻ ദുൽഖർ സൽമാന്റെയും ജയസൂര്യയുടെയും അഭിനയത്തെ പുകഴ്ത്തുന്നത് കണ്ടപ്പോൾ അത് ചെയ്യാൻ തന്നെ തീരുമാനിച്ചു. അച്ഛനും അപ്പോൾ സമ്മതിച്ചു. ഗുരുതരമായ ഒരു അസുഖ കാലത്താണ് ഇത് ഷൂട്ട്‌ ചെയ്തത്. പക്ഷേ സിനിമ,പുസ്തകങ്ങൾ ഒക്കെ അദ്ദേഹത്തിനു ഊർജം നൽകി. അദ്ദേഹത്തെപ്പറ്റി മറ്റുള്ളവർ പറയുന്ന ഓർമകളല്ല അദ്ദേഹം തന്നെ നേരിട്ട് പങ്കുവയ്ക്കുന്ന അനുഭവങ്ങളാണ് എനിക്ക് പ്രേക്ഷകരെ കാണിക്കാൻ ഉണ്ടായിരുന്നത്.’

 

കെ.എസ്. സേതുമാധവന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളായ മറീന ബീച്ചും ചെന്നൈ പ്രസിഡൻസി ലൈബ്രറിയും അദ്ദേഹം പഠിച്ച കോളജിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ഒക്കെയാണ് ഈ ഡോക്യുമെന്ററിയുടെ ലൊക്കേഷനുകൾ. മനോരമ ന്യൂസ് നിർമിച്ച ഈ ഡോക്യൂമെന്ററിയുടെ തിരക്കഥ നവീനയുടേതാണ്. മലയാള സിനിമയുടെ സുവർണ കാലത്തെക്കുറിച്ചും കെ.എസ്. സേതുമാധവൻ എന്ന മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനെ കുറിച്ചും ആഴത്തിൽ അറിയാൻ കഥയുടെ സംവിധാനം സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com