ADVERTISEMENT

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തി നടി അഹാന കൃഷ്ണ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും തരത്തില്‍ നെഗറ്റിവിറ്റി വരുമെന്ന് കരുതുന്നില്ല. എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെ പിന്തുണയ്ക്കുമല്ലോ എല്ലാ കുടുംബങ്ങളും അങ്ങനെതന്നെയല്ലേ എന്നും അഹാന ചോദിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അച്ഛനെ പിന്തുണച്ചത് തന്നെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു അഹാനയുടെ മറുപടി.  ഭാര്യ സിന്ധു കൃഷ്‌ണ, മക്കളായ അഹാന കൃഷ്‌ണ, ദിയ കൃഷ്‌ണ, ഇഷാനി കൃഷ്‌ണ, ഹൻസിക കൃഷ്‌ണ എന്നിവരോടൊപ്പമാണ് കൃഷ്‌ണകുമാർ മാധ്യമങ്ങളെ കണ്ടത്.

‘‘ഞാൻ എന്റെ അച്ഛനെ പിന്തുണക്കാനാണ് എത്തിയത്. എന്റെ അടുത്ത വീട്ടിലെ പരിപാടിക്കു പോലും മുന്നിൽ നിന്ന് എല്ലാ സഹായവും ചെയ്തു പങ്കെടുക്കുന്ന ആളാണ്.  അപ്പോ എന്റെ സ്വന്തം അച്ഛനും അമ്മയ്ക്കും അനിയത്തിമാർക്കും വേണ്ടിയാകുമ്പോൾ മുന്നിൽ നിന്ന് നമ്മൾ സപ്പോർട്ട് ചെയ്യുമല്ലോ. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലല്ല എന്റെ അച്ഛനെ പിന്തുണക്കാനാണ് ഞാൻ എത്തിയത്. അതുകൊണ്ട് എനിക്കൊരു നെഗറ്റിവിറ്റി വരുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇത് കണ്ടുകൊണ്ടിരിക്കുന്ന നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വീട്ടിലെ കുടുംബങ്ങളോടൊപ്പം എല്ലാ കാര്യത്തിനും നിൽക്കില്ലേ? ഇത് കാണുന്ന മനുഷ്യരും എല്ലാ ബന്ധങ്ങളുമുള്ള മനുഷ്യരല്ലേ.  

അതുകൊണ്ട് നെഗറ്റീവ് പറയും എന്നൊന്നും കരുതുന്നില്ല.  ഞാൻ നാളെ എന്ത് ചെയ്താലും എന്നെ ഏറ്റവും സപ്പോർട്ട് ചെയ്യുന്നത് എന്റെ അച്ഛനും അമ്മയും ആയിരിക്കും. നമ്മൾ ജനിക്കുന്നത് മുതൽ എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്നത് അച്ഛനും അമ്മയും സഹോദരങ്ങളും കൂട്ടുകാരുമാണ്.  പുറത്തു നിൽക്കുന്നവരൊക്കെ അത് കഴിഞ്ഞു വരുന്നവരാണ്. അച്ഛനും അമ്മയും എന്ത് ചെയ്താലും പിന്തുണയ്ക്കും. രാഷ്ട്രീയ പാർട്ടികൾ പലത് ഉണ്ടെങ്കിൽ അവർ അവരുടെ എതിർ പാർട്ടിക്കാർക്ക് എതിരായിട്ടായിരിക്കും പറയുന്നതും പ്രവർത്തിക്കുന്നതും. അത് ഒരിക്കലും ഒരു വ്യക്തിപരമായ വൈരാഗ്യമല്ല. 

എല്ലാവരും അവർ വിശ്വസിക്കുന്ന പാർട്ടിയുടെ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ അപ്പുറത്തു നിൽക്കുന്ന പലർക്കും അതിൽ എതിരഭിപ്രായം ഉണ്ടാകാം, അതിനെയൊന്നും വ്യക്തിപരമായി കാണേണ്ട കാര്യമില്ല. അച്ഛൻ വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി പറയുമ്പോൾ മറ്റു പാർട്ടിക്കാർക്ക് എതിരഭിപ്രായം ഉണ്ടായി എന്തെങ്കിലും പറഞ്ഞു എന്ന് വരും ഞങ്ങൾ അതൊന്നും വ്യക്തിപരമായി എടുക്കുന്നില്ല. ഞങ്ങളാരും വ്യക്തിപരമായി രാഷ്ട്രീയം പിന്തുടരുന്നവരല്ല. അച്ഛൻ ചെയ്യുന്ന ജോലികളിലും അദ്ദേഹത്തിന്റെ പ്ലാനുകളിലും ഞങ്ങൾക്ക് താല്പര്യമുണ്ട്. സമൂഹ മാധ്യമങ്ങൾ വളരെ നന്നായി ഉപയോഗിക്കുന്നവരും ചീത്തയായി ഉപയോഗിക്കുന്നവരും ഉണ്ട്.  സോഷ്യൽ മീഡിയ വളരെ നന്നായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഞങ്ങൾ എല്ലാരും.  

പക്ഷേ സോഷ്യൽ മീഡിയ വളരെ മോശമായി ചീപ്പായി ഉപയോഗിക്കുന്ന ഒരു വലിയ കൂട്ടം ആൾക്കാരുണ്ട്, അവരെ സൂക്ഷമായി നോക്കിയാൽ പത്തുപേരിൽ അഞ്ചു പേരും ഫേക്ക് അക്കൗണ്ട് ആണ്.  പറയുന്നത് വളരെ ചീപ്പ് ആണ് എന്റെ സ്വന്തം മുഖം വച്ച് അത് പറയാൻ പറ്റില്ല എന്ന് അറിയാവുന്ന ആളുകളാണ് അവർ. അപ്പോൾ പിന്നെ നമ്മളും ഒരു പരിധിക്കപ്പുറം അവർക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.  നമ്മൾ നമ്മുടെ വീട്ടിൽ ഇരുന്ന് ഇത്തരം മോശപ്പെട്ട കാര്യങ്ങൾ സംസാരിക്കുമോ, ഇല്ല.  സോഷ്യൽ മീഡിയയിൽ ഒളിച്ചിരുന്ന് പലതും പറയാൻ എല്ലാവർക്കും ഉത്സാഹമുണ്ട്. സ്വയം ബഹുമാനം ഉളളവർ സ്വന്തം വീട്ടിലും മാതാപിതാക്കളുടെ മുന്നിലും പെരുമാറുന്ന പോലെ സോഷ്യൽ മീഡിയയിലും പെരുമാറും. അത് ഓരോരുത്തരും ചിന്തിക്കണം ചിന്തിച്ചാൽ അവർക്ക് കൊള്ളാം.’’ അഹാന കൃഷ്ണ പറഞ്ഞു.

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്. ‘‘കഴിഞ്ഞ തവണ ഇലക്‌ഷന് നിന്നതിനേക്കാൾ ഒരുപാട് പോസിറ്റീവ് വിഡിയോകൾ അച്ഛനെപ്പറ്റി ഞാൻ ഇത്തവണ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. മുമ്പ് മറ്റ് പാർട്ടികൾക്കൊപ്പം നിന്നിരുന്ന എന്റെ സുഹൃത്തുക്കളിൽ പലരും അച്ഛന്റെ വിഡിയോ ഇപ്പോൾ അയച്ച് തരുന്നുണ്ട്. അച്ഛൻ ജയിക്കും എന്നാണ് അവരും പറയുന്നത്. കോളജിൽ തടഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണമാണ് കൂടുതൽപേരും പറയുന്നത്. കൃഷ്‌ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് അവർ പറഞ്ഞു. അച്ഛൻ എല്ലാവരോടും ഒരുപോലെയാണ് സംസാരിക്കുന്നത്. എല്ലാവരെയും സഹായിക്കണം എന്ന് പഠിപ്പിച്ച് തന്നിട്ടുണ്ട്. ഇലക്‌ഷന് നിൽക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ ഒരുപാടുപേർക്ക് സഹായം ചെയ്‌തിട്ടുണ്ട്.’’ ദിയ കൃഷ്‌ണ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പമുണ്ടാകുമെന്ന് കൃഷ്‌ണകുമാർ പറഞ്ഞു. ‘‘ജീവിതത്തിൽ വലിയ ദൈവാനുഗ്രഹം കിട്ടിയിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്നും എപ്പോഴും ദൈവം എനിക്കൊരു നല്ല ജീവിതം തന്നിട്ടുണ്ട്. അതുപോലെ കുടുംബമായിക്കഴിഞ്ഞിട്ടും അങ്ങനെ തന്നെയാണ്. ഞാൻ സിനിമാ രംഗത്ത് വന്നു. ഞാൻ പലപ്പോഴും ഒരു സ്ട്ര‌ഗ്‌ളർ ആയിരുന്നു. പിന്നീട് മക്കൾ അതുപോലെ ഈ രംഗത്ത് തന്നെ വന്നു.' - കൃഷ്‌ണകുമാർ പറഞ്ഞു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവരെല്ലാം മക്കളെ സ്വീകരിച്ചു, സ്‌നേഹിച്ചു. അവരെ അംഗീകരിച്ചു. ഇവരെ ധാരാളംപേർ സ്‌നേഹിക്കുന്നുണ്ട്. അതാണ് ഇന്നെനിക്ക് അനുഗ്രഹമായി കിട്ടിയിരിക്കുന്നത്. അച്ഛൻ ഫൈറ്റ് ചെയ്യണമെന്നാണ് മക്കൾ പറഞ്ഞത്. അവസാന പത്ത് ദിവസങ്ങളിൽ വേണ്ട രീതിയിൽ ഞങ്ങൾ സഹായിക്കാമെന്നും അവർ പറഞ്ഞു. ഇലക്ഷൻ പ്രചാരണവുമായി ബന്ധപ്പെട്ട് എന്നെ സഹായിക്കാനാണ് ഇവർ കൊല്ലത്ത് വന്നിരിക്കുന്നത്.’’ - കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.

English Summary:

Ahaana Krishna at Krishna Kumar's election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com