ADVERTISEMENT

‘പവി കെയർടേക്കർ’ സന്തോഷം തരുന്ന സിനിമയായിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് കുമാർ. അഞ്ചു വർഷത്തിന് മുൻപാണ് ‘പവി കെയർടേക്കർ’ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിപ്പോവുകയായിരുന്നു.  ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് ഈ കഥ തനിക്കരികിൽ എത്തുന്നതെന്നും ചിത്രത്തിലെ നായകനാകാൻ ഏറ്റവും അനുയോജ്യൻ ദിലീപ് ആണെന്ന് തോന്നിയതുകൊണ്ട് അദ്ദേഹത്തെ സമീപിക്കുകയായിരുന്നുവെന്നും വിനീത് കുമാർ പറയുന്നു. ദിലീപ് ഏറെ കഠിനാധ്വാനിയായ നടനാണെന്നും പുതിയ തലമുറയിലെ താരങ്ങൾക്ക് പിന്തുടരാൻ അനുയോജ്യമായ പാഠപുസ്തകമാണ് അദ്ദേഹമെന്നു വിനീത് പറയുന്നു. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിനീത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘പവി കെയർടേക്കർ എന്ന സിനിമ ഏപ്രിൽ 26 നു റിലീസ് ചെയ്യുകയാണ്.  ഈ സിനിമയുടെ യാത്ര തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഈ അഞ്ചുവർഷത്തെ ഓർമകളും പ്രയാണവും ഒക്കെ നിങ്ങളുടെ മുന്നിൽ എത്തുകയാണ്. ‘അയാൾ ഞാനല്ല’ എന്ന സിനിമ ഫഹദുമായി ചെയ്തതിനു ശേഷം രണ്ടാമത്തെ സിനിമ ഞങ്ങൾ തന്നെ ഒരുമിച്ച് ചെയ്യാം എന്ന് തീരുമാനിച്ച് ഞങ്ങൾ ഒരുമിച്ച് ആലോചിച്ചു. പക്ഷേ ഞങ്ങളെ രണ്ടുപേരെയും എക്സൈറ്റ് ചെയ്യിക്കാൻ പറ്റുന്ന ഒരു കഥയിലേക്ക് എത്തിയില്ല.  അങ്ങനെയിരിക്കെയാണ് രാജേഷ് എന്റടുത്ത് വന്നു ഈ കഥ പറയുന്നത്. ഫഹദിനെ വച്ച് ഒരു സിനിമ ചെയ്യാനാണ് ഞാനിരുന്നത്. പക്ഷേ ഈ കഥ കേട്ടപ്പോൾ എനിക്ക് ഭയങ്കര താല്പര്യം തോന്നി. പക്ഷേ ഇത് ഫഹദ് ചെയ്യേണ്ട ഒരു കഥാപാത്രം അല്ലെന്ന് കഥ മുഴുവനായി വായിച്ചപ്പോൾ എനിക്ക് തോന്നി. ഞാൻ രാജേഷിനോട് ചോദിച്ചു ആരായിരിക്കും പവിത്രൻ എന്ന കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യൻ.  

രാജേഷ് പറഞ്ഞു, എന്റെ മനസ്സിൽ ദിലീപേട്ടൻ ആണ്. ഞാൻ പറഞ്ഞു തീർച്ചയായിട്ടും എന്റെ മനസിലും വേറൊരാൾ വന്നില്ല, നിങ്ങൾ ഇനി മാറ്റി പറയുമോ എന്ന് കരുതിയാണ് പറയാതിരുന്നതെന്ന് പറഞ്ഞു.  ഞാൻ ദിലീപേട്ടനൊപ്പം ഒരുമിച്ച് അഭിനയിച്ചിട്ടില്ല.  ‘അയാൾ ഞാനല്ല’ ചെയ്യുന്നതിന് മുൻപ് ഞാനും ഫഹദും സിനിമകൾ ചർച്ച ചെയ്യുന്ന ഒരു കാലം ഉണ്ടയിരുന്നു.  ആ സമയത്ത് ഒരു ദിവസം ഞാൻ ഫഹദിനോട് ഫഹദേ ഒരു കഥയുണ്ട് എനിക്ക് അത് ദിലീപേട്ടനോട് പറയണം എന്ന് പറഞ്ഞു.  ഫഹദ് പറഞ്ഞു, ‘‘വാ നമുക്ക് പോയി പറയാം. ദിലീപേട്ടൻ ഇപ്പോൾ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ട്.’’ അങ്ങനെ ഞാൻ ഒരു ദിവസം ദിലീപേട്ടനെ പോയി കണ്ടിരുന്നു.  പക്ഷേ കഥ പറയാനുള്ള ധൈര്യം കിട്ടാത്തതുകൊണ്ട് അന്ന് ഞാനൊന്നും പറഞ്ഞില്ല.  കുറെ നേരം വിശേഷങ്ങൾ പറഞ്ഞിരുന്നിട്ട് ഞാൻ പോയി.    

വീണ്ടും രാജേഷ് പറഞ്ഞ കഥയുമായി ഞാൻ ചെന്നത് ലാലുവേട്ടന്റെ (ലാൽ ജോസ്) അടുത്താണ്. കഥ കേട്ടപ്പോൾ ലാലുവേട്ടൻ പറഞ്ഞു, കഥ വളരെ നന്നായിട്ടുണ്ട് ആരെ വച്ചാണ് ചെയ്യുന്നത് ? ഞാൻ പറഞ്ഞു ദിലീപേട്ടനാണ് എന്റെ മനസ്സിൽ ഉള്ളത്. ലാലുവേട്ടൻ പറഞ്ഞു ഏറ്റവും മികച്ച തീരുമാനമാണ്.  ലാലുവേട്ടൻ ആണ് ദിലീപേട്ടൻ വിളിച്ച് പറഞ്ഞത് ഞാനൊരു കഥ കേട്ടു എനിക്ക് ഭയങ്കര ഇഷ്ടമായി നീ ഇത് കേൾക്കണം എന്ന് പറഞ്ഞിട്ട് എന്നെ ദിലീപേട്ടന്റെ അടുത്തേക്ക് വിടുന്നത്.  ഞാൻ ചെന്ന് ദിലീപേട്ടനോട് കഥപറഞ്ഞ ഉടനെ അദ്ദേഹം ചോദിച്ചു, ഈ കഥ ആരാണ് നിർമിക്കുന്നത്. അതൊന്നും ആലോചിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘‘കൂടുതൽ ഒന്നും ആലോചിക്കണ്ട ഇത് ഞാൻ തന്നെയാണ് നിർമിക്കുന്നത്’’.  

അന്ന് അവിടെ നിന്നു കിട്ടിയ ആത്മവിശ്വാസമാണ് എന്നെ ഈ ദൂരത്തേക്ക് കൊണ്ട് എത്തിച്ചത്. ഈശ്വരാധീനം കൊണ്ട് നമ്മൾ ആഗ്രഹിച്ചതുപോലെ തന്നെ ചിത്രീകരണം നടന്നു.  പല പ്രതിബന്ധങ്ങളും ഇതിനിടയിൽ വന്നു.  കോവിഡിന് മുൻപ് പ്ലാൻ ചെയ്ത സിനിമയാണ്. പക്ഷേ മുടങ്ങിപ്പോയി. അങ്ങനെയാണ് എന്റെ രണ്ടാമത്തെ സിനിമയായി "ഡിയർ ഫ്രണ്ട്" സംഭവിക്കുന്നത്.  വീണ്ടും ഞാൻ ഈ സിനിമയുടെ പണികളിലേക്ക് കടക്കുന്നു. കഥ പറഞ്ഞപ്പോൾ ഞാൻ രാജേഷിനോട്  ചോദിച്ചു, രാജേഷേ തിരക്കഥ എഴുതാൻ എത്ര സമയമെടുക്കും ? രാജേഷ് പറഞ്ഞു ഒരു രണ്ടു മാസം കൊണ്ട് ഞാൻ എഴുതി തരാം. 

ദിലീപേട്ടൻ എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമാണ് ഭാഗ്യം അല്ലെങ്കിൽ ദൈവാധീനം. അതുകൊണ്ടാണ് ഈ നിലയിൽ എത്തിയത്. കൂടെ പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ ഞാൻ പറയാം ഇത്രയും കഠിനാധ്വാനം ചെയ്യുന്ന വേറൊരു നടനില്ല.  ഈ കഥ പറയാൻ ഞങ്ങൾ പോയത് വേറൊരു സിനിമയുടെ ലൊക്കേഷനിൽ ആണ്. അന്ന് പത്തരയ്ക്ക് ഷൂട്ടിങ് കഴിഞ്ഞു വന്നു അതുകഴിഞ്ഞു ജിമ്മിൽ പോയി, പിന്നീട് അന്നത്തെ ഷൂട്ടിന്റെ എഡിറ്റ് കാണാൻ പോയി, അതിനു ശേഷം പന്ത്രണ്ടരയ്ക്ക് ഞങ്ങൾ സ്ക്രിപ്റ്റ് വായന തുടങ്ങി ,പുലർച്ചെ മൂന്നരവരെ വായിച്ച് പിറ്റേന്ന് രാവിലെ ഷൂട്ടിന് പോയ മനുഷ്യനാണ്.  

ഇന്നലെ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടും അദ്ദേഹം ഈ സിനിമയുടെ വിഎഫ്‌എക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നെ വിളിച്ച് സംസാരിക്കുകയും അതുകഴിഞ്ഞു സ്റ്റുഡിയോയിൽ പോവുകയും അതിനു ശേഷം ഷൂട്ടിങ്ങിനു പോവുകയും ചെയ്തിരുന്നു. ഈ അധ്വാനം ആണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. പുതിയ തലമുറയിൽ ഉളവർക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടൻ. അദ്ദേഹത്തിന്റെ കഠിനാധ്വാനം ആണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. കൂടെ വർക്ക് ചെയ്യാൻ സാധിച്ചപ്പോൾ എനിക്ക് കിട്ടിയ പോസിറ്റീവ് എനർജിയും അതുതന്നെയാണ്. എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ ‘പവി കെയർടേക്കർ’ എന്നത് ഒരു സന്തോഷം തരുന്ന സിനിമയായിരിക്കും.  നിങ്ങൾക്ക് തീയറ്ററിൽ നിന്ന് നിറഞ്ഞ മനസ്സോടെ ഇറങ്ങാൻ പറ്റും.  ഏല്ലാവരുടെയും പ്രാർഥനയും പിന്തുണയും ഈ സിനിമയോടൊപ്പം ഉണ്ടാകണം.’’–വിനീത് പറയുന്നു.

English Summary:

Vineeth Kumar about Pavi Caretaker movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com