ADVERTISEMENT

ഫീൽ ഗുഡ് സിനിമകൾക്ക് ഒരു പഞ്ഞവുമില്ലാത്ത മലയാളത്തിൽ ആ നിരയിലേക്ക് ഒടുവിലെത്തിയ ചിത്രമാണ് ഫിലിപ്സ്. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു മലയാളി കുടുംബം നേരിടുന്ന പ്രതിസന്ധികളും അതിന് അവർ കണ്ടെത്തുന്ന പ്രതിവിധികളുമാണ് ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമ അവതരിപ്പിക്കുന്നത്. 

ഫിലിപ്പും മൂന്നു മക്കളും അടങ്ങുന്ന കുടുംബം ബെംഗളൂരുവിലാണ് താമസിക്കുന്നത്. അകാലത്തിൽ‌ മരിച്ചു പോയ ഭാര്യയുടെ അഭാവം അവരുടെ കുടുംബത്തിൽ നിഴലിക്കുന്നുണ്ട്. ഒരു ദുരന്തം തകർത്ത അവരുടെ വീട്ടിലേക്ക് മറ്റൊരു ദുരന്തമെത്തുന്നതും അത് അവർക്കിടയിലെ ഒരുമയെ തന്നെ തകർക്കുന്നതുമാണ് സിനിമ പറയുന്ന കഥ. 

ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമ ഒരുക്കിയ ടീം തന്നെയാണ് ഫിലിപ്സിനു പിന്നിലും. ഏതാണ്ട് സമാനമായ കഥ പറച്ചിൽ രീതിയാണ് ഇൗ സിനിമയിലും അവർ സ്വീകരിച്ചിരിക്കുന്നത്. അച്ഛൻ–മക്കൾ ബന്ധം പറഞ്ഞ് ആരംഭിക്കുന്ന സിനിമ രസകരമായാണ് മുന്നേറുന്നത്. പ്രേക്ഷകന് പ്രതീക്ഷിതമായി തോന്നുന്ന, എന്നാൽ ആ കുടുംബത്തിൽ‌ അപ്രതീക്ഷിതമായി വന്ന പ്രതിസന്ധികളാണ് സിനിമയുടെ വഴിത്തിരിവ്. സിറ്റുവേഷനൽ കോമഡികൾ സെന്റിമെന്റ്സിനു വഴി മാറുന്നതോടെ സിനിമയുടെ ട്രാക്കും മാറുന്നു. 

കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ആഴവും പരപ്പും വെളിവാക്കുന്ന രണ്ടാം പകുതിയിൽ വൈകാരിക രംഗങ്ങൾക്കാണ് പ്രാധാന്യം. പക്ഷേ ആ രംഗങ്ങൾ അതേ തീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കാൻ അണിയറക്കാർക്ക് സാധിച്ചോ എന്ന് സംശയമാണ്. ഫീൽ ഗുഡ്, ഇമോഷനൽ, മോട്ടിവേഷനൽ സിനിമയായി ഒരുക്കാനാണ് ശ്രമിച്ചതെങ്കിലും അത്ര കണ്ട് അത് വി‍ജയിച്ചിട്ടില്ല. 

ഫിലിപ്പായി എത്തിയ മുകേഷ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. തന്റെ അവസാനത്തെ ചിത്രത്തിൽ ഇന്നസെന്റും മികവു പുലർത്തി. അറിയപ്പെടുന്ന താരങ്ങൾ ആരുമില്ലാത്ത സിനിമയെ പലപ്പോഴും താങ്ങി നിർത്തിയത് ഇവർ രണ്ടു പേരുമാണ്. നോബിൾ, നവനി, ഒപ്പം പ്രധാന കഥാപാത്രമായ ബാലതാരമായെത്തിയ ക്വിൻ എന്നിവരും പതർച്ചകളേതുമില്ലാതെ അഭിനയിച്ചു. 

ഹിഷാമിന്റെ സംഗീതവും ജെയ്സന്റെ ഛായാഗ്രഹണവും സിനിമയ്ക്കു യോജിച്ചതായി. ഹെലനു ശേഷം ആൽഫ്രഡും മാത്തുക്കുട്ടിയും വീണ്ടും ഒന്നിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും തിരക്കഥയിലെയും സംവിധാനത്തിലെയും ചില പോരായ്മകൾ സിനിമയെ ചെറുതായി ബാധിച്ചിട്ടുണ്ട്. 

English Summary:

Philips Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com