ADVERTISEMENT

‘‘അന്യഗ്രഹജീവികൾ അമേരിക്കയിൽ മാത്രമേ വരൂ? നമ്മുടെ നാട്ടിലൊന്നും വരില്ലേ?’’- ഈ ചോദ്യം ചില ഇംഗ്ലിഷ് സയൻസ് ഫിക്‌ഷൻ സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്കു ന്യായമായും തോന്നാം. അങ്ങനെയൊരു രസികൻ ചോദ്യത്തിന് ഒരു സിനിമയിലൂടെ മറുപടി കണ്ടെത്തിയിരിക്കുകയാണ് സംവിധായകൻ ആർ.രവി കുമാറും യുവതാരം ശിവകാർത്തികേയനും. ലോജിക്ക് മാറ്റി നിർത്തിയാൽ കുട്ടികൾക്കൊപ്പം കണ്ടിരിക്കാവുന്ന ഒരു ഫൺ മാസ് എന്റർടെയ്നറാണ് ‘അയലാൻ’ എന്ന സിനിമ. 

തമിഴ് പേസും 'ഏലിയൻ'

കഥ നടക്കുന്നത് തമിഴ്നാട്ടിലാകുമ്പോൾ ഏത് അമേരിക്കക്കാരനും തമിഴ് പറയും. അപ്പോൾ പിന്നെ അന്യഗ്രഹജീവികളുടെ കാര്യം പറയാനില്ലല്ലോ. അങ്ങനെയൊരു സിനിമാറ്റിക് സ്വാതന്ത്ര്യം സംവിധായകൻ എടുത്തതിനെ പ്രേക്ഷകർക്കു കുറ്റം പറയാൻ കഴിയില്ല. കഥ മുമ്പോട്ടു പോകണമല്ലോ. ഏത് അന്യഗ്രഹജീവി ആണെങ്കിലും ഒരു ലോക്കൽ പ്രോജക്ട് വിജയിക്കണമെങ്കിൽ ലോക്കൽ ഭാഷ അറിയുക തന്നെ വേണം. അങ്ങനെ ഒരു പ്രത്യേക ദൗത്യത്തിനായി ഈ പ്രപഞ്ചത്തിലെ മറ്റൊരു ഗ്രഹത്തിൽനിന്നു ഭൂമിയിൽ എത്തുകയാണ് ടാറ്റൂ എന്നു വിളിക്കുന്ന അന്യഗ്രഹജീവി. ആ മിഷനിൽ ടാറ്റൂവിനൊപ്പം കൈകോർക്കുന്നത് തമിഴൻ എന്ന ശിവകാർത്തികേയനും അയാളുടെ കൂട്ടുകാരുമാണ്. തമാശയും ഇമോഷനും മാസും കോർത്തിണക്കി പക്കാ തമിഴ് മാസ് പടത്തിന്റെ ചേരുവകളോടെയാണ് സിനിമ പുരോഗമിക്കുന്നത്. 

നൻപൻ ടാ! 

ശിവകാർത്തികേയനും അന്യഗ്രഹജീവിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവുമാണ് സിനിമയുടെ കാതൽ. അയലാനിൽ ഏറ്റവും മികച്ചു നിൽക്കുന്നതും ഇവർ തമ്മിലുള്ള കോംബോയാണ്. ടാറ്റൂ എന്ന അന്യഗ്രഹജീവിക്കു ശബ്ദം നൽകിയിരിക്കുന്നത് നടൻ സിദ്ധാർഥ് ആണ്. ടാറ്റൂ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നതിന്റെ ഒരു കാരണം ആ ശബ്ദവും അതിലൂടെയുള്ള പ്രകടനവുമാണ്. അതിഗംഭീരമായാണ് ടാറ്റൂവിനെ സിനിമയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പേസ്ഷിപ്പും അനേകായിരം പ്രകാശവർഷങ്ങൾ അകലെയുള്ള ഗ്രഹവും അതിലെ ജീവികളും അവരുമായുള്ള ആശയവിനിമയവുമെല്ലാം ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചെയ്തിരിക്കുന്നത്. അവയെല്ലാം ഒറിജിനലായി സ്ക്രീനിൽ തോന്നിപ്പിക്കുന്നുവെന്നതാണ് അണിയറപ്രവർത്തകരുടെ വിജയം. സാങ്കേതികത്തികവിനൊപ്പം ടാറ്റൂ എന്ന കഥാപാത്രം സൃഷ്ടിക്കുന്ന വൈകാരിക അടുപ്പവും സിനിമയുടെ പ്ലസ് പോയിന്റാണ്. അതിനുള്ള പശ്ചാത്തലം സൃഷ്ടിക്കുന്നത് എ.ആർ. റഹ്മാന്റെ മ്യൂസിക് മാജിക് ആണ്. കാഴ്ചയിലൂടെ സൃഷ്ടിക്കുന്ന നവീന സങ്കേതങ്ങളെ ശബ്ദത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ റഹ്മാന്റെ സംഗീതം വിജയിക്കുന്നു. അതുകൊണ്ടാണ് തമിഴനോടും ടാറ്റൂവിനോടും പ്രേക്ഷകർക്ക് വൈകാരിക അടുപ്പം തോന്നുന്നതും അവരുടെ ദൗത്യം റിയൽ ആയി തോന്നുന്നതും. 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

സയൻസ് പടമല്ല, സൂപ്പർ ഹീറോ പടം

സയൻസ് ഫിക്‌ഷൻ ചിത്രമെന്നതിനേക്കാൾ സൂപ്പർ ഹീറോ പടമെന്ന വിശേഷണമാകും അയലാനു കൂടുതൽ യോജിക്കുക. ആദ്യപകുതി സയൻസ് ഫിക്‌ഷൻ സിനിമയെന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും രണ്ടാം പകുതിയിൽ ഒരു സൂപ്പർ ഹീറോ പടത്തിന്റെ കളറിലേക്ക് സിനിമ ട്രാക്ക് മാറ്റുകയാണ്. കൂടാതെ, സിനിമയിലുടനീളം ഉപയോഗിക്കുന്ന സിനിമാറ്റിക് സ്വാതന്ത്ര്യത്തിന് ശാസ്ത്രീയ വിശദീകരണം തേടിപ്പോയാൽ കുഴങ്ങിപ്പോകും. അതേസമയം, ഇതൊരു സൂപ്പർ ഹീറോ പടമല്ലേ എന്നാലോചിക്കുകയാണെങ്കിൽ രസച്ചരട് മുറിയാതെ സിനിമ കണ്ടു തീർക്കാം. ആദ്യപകുതിയിൽ അന്യഗ്രഹജീവിയായ ടാറ്റൂ നടത്തുന്ന മാസ് പ്രകടനങ്ങളാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നതെങ്കിൽ രണ്ടാം പകുതിയിൽ സ്കോർ ചെയ്യുന്നത് ശിവകാർത്തികേയനാണ്. മിന്നൽ മുരളി കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് അയലാനിലെ ചില രംഗങ്ങൾ കാണുമ്പോൾ ടൊവീനോ തോമസിന്റെ ജെയ്സണെയും ജോസ്മോനെയും ഓർമ വരുന്നത് സ്വാഭാവികം മാത്രം. സിനിമയുടെ ടെയ്‍ൽ എൻഡിലും ഒരു സൂപ്പർ ഹീറോ സർപ്രൈസ് അണിയറപ്രവർത്തകർ ഒരുക്കി വച്ചിട്ടുണ്ട്. 

ayalaan-trailer

ശരാശരി അനുഭവമാകുന്ന തിരക്കഥ

സാങ്കേതികത്തികവിൽ കയ്യടി നേടുമ്പോഴും അയലാനെ ശരാശരി അനുഭവത്തിൽ ഒതുക്കുന്നത് കെട്ടുറപ്പില്ലാത്ത തിരക്കഥയാണ്. പലയിടത്തും കഥ പറച്ചിൽ ഇഴയുന്നു. അപൂർണമായ കഥാപാത്രനിർമിതിയും സീൻ ലൈനപ്പിലെ വീഴ്ചകളും ആസ്വാദനത്തിൽ കല്ലുകടിയാകുന്നുണ്ട്. പ്രത്യേകിച്ചും ക്ലൈമാക്സ് സീക്വൻസിൽ! തിരക്കഥയിലെ പ്രശ്നങ്ങളിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. വില്ലനായെത്തിയ ശരത് കേൾക്കർ മികച്ച പ്രകടനം കാഴ്ച വച്ചു. മറാത്തി, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയനായ ശരത് കേൾക്കറുടെ ആദ്യ തമിഴ് ചിത്രമാണ് അയലാൻ. തമിഴിലെ അരങ്ങേറ്റം ശരത് ഗംഭീരമാക്കിയെന്ന് നിസംസംശയം പറയാം. ശരത്തിനൊപ്പം കിടിലൻ നെഗറ്റീവ് റോളിലാണ് ഇഷ കോപിക്കർ അയലാനിൽ എത്തുന്നത്. നായിക രാകുൽ പ്രീത് സിങ്ങിന് സ്ഥിരം 'നായിക പാറ്റേൺ' പ്രകടനത്തിനപ്പുറത്ത് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

ചെറിയൊരു ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ഭാനുപ്രിയയ്ക്കും കാര്യമായൊന്നും അയലാനിൽ ചെയ്യാനില്ല. യോഗി ബാബുവും കരുണാകരനും അവരുടെ സ്ഥിരം കോമഡി ട്രാക്കിൽ തന്നെയാണ് ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. തമാശയ്ക്കും മാസ് പ്രകടനങ്ങൾക്കും അപ്പുറത്ത് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്കും കൂടി സിനിമ വിരൽ ചൂണ്ടുന്നുണ്ട്. ഭൂമിയെ നശിപ്പിക്കുന്നത് പുറത്തു നിന്നുള്ള ശക്തികളല്ല, ഭൂമിയുടെ അവകാശികളെന്ന് അഹങ്കരിക്കുന്ന മനുഷ്യർ തന്നെയെന്ന സന്ദേശവും സിനിമ പങ്കുവയ്ക്കുന്നു. കുറച്ചു സമയം ചിരിച്ചും കളിച്ചും കുട്ടികൾക്കൊപ്പം കണ്ടിരിക്കാൻ കഴിയുന്ന ഒരു സിനിമയാണ് ആഗ്രഹിക്കുന്നതെങ്കിൽ, തീർച്ചയായും അയലാനു ടിക്കറ്റെടുക്കാം.   

English Summary:

Ayalaan Movie Review: An enjoyable sci-fi entertainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com