തിയറ്റർ കയ്യൊഴിഞ്ഞു, ഒടിടി സ്വീകരിച്ചു; ആമിർ ഖാൻ ചിത്രത്തിന്റെ അപൂർവ കഥ
Laapataa Ladies Review
Mail This Article
പൊലീസ് സ്റ്റേഷനിലേക്ക് ദരിദ്രനെന്നു തോന്നിപ്പിക്കുന്ന ഒരു യുവാവ് കേസ് ഫയൽ ചെയ്യാനെത്തുന്നു. വിവാഹം കഴിഞ്ഞു വരുന്ന വഴി തന്റെ ഭാര്യയെ കാണാതായി എന്നതാണ് അയാളുടെ പരാതി. 'ശരി, അന്വേഷിക്കാം' എന്ന് മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ഫോട്ടോ ആവശ്യപ്പെടുന്നു. മൂടുപടമണിഞ്ഞ വധുവിനൊപ്പം നിൽക്കുന്ന കല്യാണഫോട്ടോ നൽകുന്ന യുവാവിനെ നോക്കി അത്ഭുതത്തോടെ ചിരിക്കുന്ന എസ് ഐ. ഇത്ര മാത്രം അവശേഷിപ്പിച്ച 'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ആകർഷണം. കിരൺ റാവു എന്ന സംവിധായികയും, ആമിർ ഖാൻ എന്ന നിർമ്മാതാവും പ്രതീക്ഷ തരുന്ന മറ്റ് ഘടകങ്ങളാണ്.
കിരൺ റാവുവിന്റെ മുൻ ചിത്രമായ ധോബി ഘട്ടിന്റെ വൈകാരികതയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പുതിയ ചിത്രം. വടക്കേ ഇന്ത്യയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന സിനിമ, ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. സങ്കീർണ്ണമായ കഥാപാത്രങ്ങളും, കഥാപശ്ചാത്തലവുമാണെങ്കിലും ലളിതമായ അവതരണവും പ്രകടനങ്ങളുമാണ് ലാപതാ ലേഡീസിനെ വേറിട്ടു നിർത്തുന്നത്. സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സിനിമയിലൂടെ പ്രകടിപ്പിക്കാവുന്ന സുന്ദരമായൊരു പ്രതിഷേധം; ചെറുത്തുനിൽപ്പ്. ഒരു മൂടുപടം തുറക്കുന്ന നിരവധി ആശയങ്ങൾ. രണ്ടു മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമ ഒരിടത്തും മുഴച്ചു നിൽക്കാത്ത തരത്തിൽ അതിന്റെ ആശയം അവതരിപ്പിക്കുകയാണ്. ഒരു സ്ത്രീവായനയിൽ, വിവിധ തലങ്ങളെ പുറത്തെടുക്കുന്ന ചിത്രം പുരുഷാധിപത്യത്തിനകത്തു കലഹിക്കേണ്ടി വരുന്ന ദീപക്ക്മാരുടെ കൂടെ കഥയാണ്.
"സപ്നാ കർനേക്കാ മാഫീ നഹി മാൻത്തെ" (സ്വപ്നം കാണുന്നതിന് മാപ്പ് ചോദിക്കരുത്) എന്ന് പറഞ്ഞവസാനിക്കുന്ന ചിത്രം സ്വപ്നങ്ങളില്ലാത്ത മനുഷ്യരുടെ സുന്ദരസ്വപ്നങ്ങളാണ്. മൂടുപടത്തിനു പുറത്തു വരാനാവാത്ത, ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാനോ, കഴിക്കാനോ സാധിക്കാത്ത, ഭർത്താവിന്റെ പേര് ഉറക്കെ പറയാൻ അനുവാദമില്ലാത്ത, സ്വന്തമായി ഒന്നും ചെയ്യരുതാത്ത സ്ത്രീകളുടെയും, ഈ വിലക്കുകൾക്കുള്ളിൽ ആണത്തത്തിന്റെ ഗാംഭീര്യം ഒളിപ്പിച്ചു വയ്ക്കുന്ന ആണുങ്ങളുടെയും, പ്രണയം കൊണ്ടു വിലക്കുകളഴിക്കുന്ന പുതുതലമുറയുടെയും കഥ.
വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ചിത്രം ആരംഭിക്കുന്നത്. ഒരു ട്രെയിനിൽ കയറുന്ന മൂന്നാമത്തെ ദമ്പതിമാരാണ് ദീപക്കും ഫൂലും. എല്ലാ സ്ത്രീകൾക്കും ഒരുപോലെ മൂടുപടമുണ്ട്. ദീപക് ട്രെയിനിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫൂലിന് പകരം ജയയെ വിളിച്ചിറക്കുന്നു. വീട്ടിലെത്തുമ്പോഴാണ് ആളു മാറിയ വിവരം എല്ലാവരും അറിയുന്നത്. ഇതേ സമയം ജയയുടെ ഭർത്താവിന്റെ സ്റ്റേഷനിൽ ഇറങ്ങുന്ന ഫൂൽ അവിടെ ഒറ്റപ്പെടുന്നു. സ്ഥലം മാറിയെന്നറിഞ്ഞും ജയ തിരിച്ചുപോകാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. അവരുടെ ചുറ്റുമുള്ള മനുഷ്യരെയും സാവകാശം അവരുടെ സാന്നിധ്യം മാറ്റിയെടുക്കുന്നുണ്ട്. എന്നാൽ ഫൂലിന് വന്നത് എവിടെ നിന്നെന്നോ, പോകേണ്ടത് എവിടേക്കെന്നോ പോലും അറിയില്ല. താഴെ നോക്കി ഭർത്താവിനെ പിന്തുടരുന്ന ഫൂൽ കഥാവസാനം സ്വന്തം സമ്പാദ്യവുമായാണ് മടങ്ങുന്നത്, അതും മുഖപടമില്ലാതെ! ഒരു വലിയ സ്വപ്നത്തിലേക്ക് ജയ യാത്രയാകുന്നു. അത്ര ലളിതമാണ് കിരൺ റാവുവിന്റെ കഥ. നിഷ്കളങ്കമായ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഇതളുകൾ ചേരുന്നൊരു സുന്ദര അനുഭവം.
ചിത്രത്തിൽ കുറച്ചുകൂടെ ഉച്ചത്തിൽ രാഷ്ട്രീയം അവതരിപ്പിക്കുന്നത് ഫൂലിന് അഭയമാകുന്ന മഞ്ജു മായിയാണ്. റയിൽവേ സ്റ്റേഷനിൽ ഭക്ഷണമുണ്ടാക്കി വിറ്റു ജീവിക്കുന്ന മായി സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞ ആളാണ്. മായിയുടെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് അവസരങ്ങളൊക്കെയും നിഷേധിക്കപ്പെടുന്നതിനു കാരണം ആണുങ്ങളുടെ ഭയമാണ്. "സ്ത്രീകൾക്കു കൃഷി ചെയ്യാനും അറിയാം, ഉണ്ടാക്കിയത് പാകം ചെയ്തു ഭക്ഷിക്കാനുമറിയാം. കുട്ടികളെ പ്രസവിക്കാനും അറിയാം, അവരെ വളർത്താനും അറിയാം. യഥാർത്ഥത്തിൽ സ്ത്രീക്ക് ജീവിക്കാൻ പുരുഷന്റെ ആവശ്യമേ വരുന്നില്ല." ആണുങ്ങളിലെ ആ ഭയമാണ് മായിയുടെ ധൈര്യം. അതില്ലാതെപോയ സ്ത്രീകളാണ് ദീപക്കിന്റെ അമ്മയും, സഹോദരന്റെ ഭാര്യയുമെല്ലാം. എന്നാൽ ജയ വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. അവൾക്ക് മുഖം മറച്ചിരിക്കുന്ന മൂടുപടവും, അമ്പലവും ഒക്കെ എങ്ങനെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നറിയാം.
ഒട്ടും നീട്ടി വലിക്കാതെ ഹാസ്യരൂപേണ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങളെല്ലാം തന്നെ മികച്ചതാണ്. ജയ എന്ന കഥാപാത്രമായി പ്രതിഭ രന്തയും, ഫൂലായി നിതാൻഷി ഗോയലും ദീപക്കിന്റെ വേഷത്തിൽ സ്പർശ് ശ്രീവാസ്തവും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സിനിമകളിലൂടെ അത്ര പരിചിതമല്ലാത്ത അഭിനേതാക്കളാണ് സിനിമയിലേക്കുള്ള പ്രേക്ഷകരുടെ മുൻധാരണകൾക്ക് തടയിടുന്നത്. പശ്ചാത്തല സംഗീതവും, എഡിറ്റിങ്ങും ഒരുപോലെ അഭിനന്ദനമർഹിക്കുന്നു. കഥയ്ക്കുമേലെ പറക്കുന്നതൊന്നും സിനിമയിലില്ല. ചുരുക്കത്തിൽ, ആവശ്യാനുസരണം പാകപ്പെടുത്തിയ 'എവരിവൺസ് കപ്പ് ഓഫ് ടീ'.
വാൽക്കഷണം: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടൊറന്റോ ചലച്ചിത്രമേളയിലാണ് ലാപതാ ലേഡീസ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ശേഷം ഇന്ത്യയിലാകെ മാർച്ച് ഒന്നിനു പ്രദർശനത്തിനെത്തിയെങ്കിലും ഒട്ടും സ്വീകാര്യത ലഭിക്കാതെ, ആരുമറിയാതെ ചിത്രം പിൻവാങ്ങി. ശേഷം ഏപ്രിൽ 26നാണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. ഇപ്പോഴത്തെ തിയറ്റർ ചിത്രങ്ങളുടെ ഫോർമുലകൾക്ക് പുറത്തു നിൽക്കുന്ന ചിത്രം ഒരു കൂട്ടത്തോടൊപ്പമുള്ള ആസ്വാദനത്തേക്കാൾ അർഹിക്കുന്നത് ഏറ്റവും പ്രിയപ്പെട്ട മനുഷ്യർക്കൊപ്പമോ, തനിച്ചോ ഉള്ള ആസ്വാദനമാണ്. തിയറ്റർ റിലീസ് നടന്ന മാസം തന്നെ ലോക സിനിമാ റിവ്യൂ പ്ലാറ്റ്ഫോം 'ലെറ്റർ ബോക്സ്' പുറത്തിറക്കിയ പട്ടികയിൽ പതിനഞ്ചാം സ്ഥാനമാണ് ചിത്രത്തിനു നൽകിയത്. ആദ്യ നൂറിൽ മറ്റൊരു ഹിന്ദി ചിത്രവും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരുപക്ഷേ, ഈ വർഷം പ്രദർശനത്തിനെത്തിയ, പ്രേക്ഷകർ സ്വീകരിച്ച, ചർച്ച ചെയ്ത ഒരേയൊരു ഹിന്ദി ചിത്രമാണ് ലാപതാ ലേഡീസ്.