ജിയോ സിനിമയിൽ റിലീസിനൊരുങ്ങി ഓണവില്ല് ദ് ഡിവൈൻ ബോ
Mail This Article
ഓണവില്ലിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ഓണവില്ല് ദ് ഡിവൈൻ ബോ എന്ന ഡോക്യൂമെൻറ്ററി പ്രദർശനത്തിനെത്തുന്നു. ആനന്ദ് ബനാറസും ശരത് ചന്ദ്ര മോഹനും ചേർന്ന് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി മാർച്ച് 8 ന് ശിവരാത്രി നാളിൽ ജിയോ സിനിമയിൽ റിലീസ് ചെയ്യും. പ്രമുഖ വ്യവസായി അഭിനവ് കൽറയാണ് ഡോക്യുമെന്ററിയുടെ നിർമാതാവ്.
മമ്മൂട്ടിയുടേയും യുവനടൻ ഉണ്ണി മുകുന്ദന്റെയും ശബ്ദ സാന്നിധ്യം ഉണ്ടെന്നുള്ളതും ഈ ഡോക്യുമെന്ററിയുടെ പ്രത്യേകതയാണ്. പ്രശസ്ത ബോളിവുഡ് ഗായിക താനിയ ദേവ് ഗുപ്ത ആലപിച്ച തിരുവിതാംകൂറിന്റെ പഴയ ദേശീയ ഗാനം പ്രേക്ഷകരിലേക്ക് വീണ്ടും ഈ ഡോക്യൂമെന്ററിയിലൂടെ എത്തുകയാണ്.
ബെൽജിയൻ സംഗീത സംവിധായകൻ സ്റ്റീഫൻ ഓർലണ്ടോയാണ് ഡോക്യുമെന്ററിക്ക് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് മിക്സിങ് നിർവഹിച്ചിരിക്കുന്നത് ബെൽജിയൻ ശബ്ദ സംയോജകനായ പിയെറി ബർത്തോലോമ് ആണ്.
‘‘കാലക്രമേണ അന്ന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളുടേയും പൈതൃക വസ്തുക്കളുടേയും സംരക്ഷണവും പ്രചരണവും ലക്ഷ്യം വെച്ചുകൊണ്ട് ആദ്യ പടിയായി ഈ സംരംഭത്തിലേക്ക് നമ്മൾ കടന്നത്. നമ്മുടെ പൈതൃകം നമ്മുടെ നാടിന്റെ സമ്പത്താണ് , അത് സംരക്ഷിക്കപ്പെടേണ്ടത് നമ്മടെ കടമയും.’’– സംവിധായകരായ ആനന്ദ് ബനാറസും ശരത് ചന്ദ്ര മോഹനും അഭിപ്രായപ്പെട്ടു.