ഓസ്‌ലർ, ഫൈറ്റർ, ഓപ്പൺഹൈമർ: ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Mail This Article
ഫെബ്രുവരി മാസത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകളാണ് മലയാളത്തിൽ പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ഈ നിരയിലെ ആദ്യ സൂപ്പർഹിറ്റ് സിനിമ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയാണ് ഇതിൽ ആദ്യം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലർ ‘ഭ്രമയുഗ’വും സോണി ലിവ്വിലൂടെ റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കിലെ ബ്ലോക്ബസ്റ്റർ ചിത്രം ഹനുമാൻ മാർച്ച് പതിനാറിനെത്തി. ജയറാം നായകനായ ഓസ്‌ലർ ആണ് മാർച്ച് മൂന്നാം വാരം ഒടിടിയിലെത്തിയ പ്രധാന സിനിമ. ഹൃതിക്കിന്റെ ഫൈറ്റർ, നോളന്റെ ഓപ്പൺഹൈമർ എന്നിവയും ഒടിടി റിലീസിനെത്തിയിട്ടുണ്ട്.
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സി സ്‌പേസ് ഒടിടിയിലൂടെയും പുതിയ സിനിമകൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ‘ബി 32 മുതൽ 44 വരെ’ തുടങ്ങി നിരൂപക പ്രശംസയും അവാർഡുകളും നേടിയ സിനിമകൾ ഉൾപ്പെടെ നാൽപത്തിരണ്ടോളം പ്രശസ്ത ചിത്രങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി’ എന്ന ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
ഏബ്രഹാം ഓസ്‌ലർ: മാർച്ച് 20: ഹോട്ട്സ്റ്റാർ
ജയറാം നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘എബ്രഹാം ഓസ്‌ലർ’ ഒടിടിയിലേക്ക്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാര്‍ച്ച് 20 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രത്തിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക.
കഥയിലെ നിർണായക കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ സർപ്രൈസ് വേഷവും പ്രേക്ഷകരെ ആവേശത്തിലാക്കും. അലക്സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ രണ്ടാം പകുതിയിലെത്തുന്ന മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി.
ഫൈറ്റർ: മാർച്ച് 21: നെറ്റ്ഫ്ലിക്സ്
ഹൃതിക് റോഷനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തിയ ചിത്രം. ഇന്ത്യന്‍ വ്യോമയാന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഹൃതിക് എത്തിയത്. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിങ് പാർട്ണർ.
ഓപ്പൺഹൈമർ: മാർച്ച് 21: ജിയോ സിനിമ
ഓസ്‌കറില്‍ മികച്ച സിനിമയ്ക്ക് ഉള്‍പ്പടെ ഏഴ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം. ക്രിസ്റ്റഫന്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കിലിയന്‍ മര്‍ഫിയാണ് പ്രധാന വേഷത്തിലെത്തിയത്. ജിയോ സിനിമ പ്രിമിയത്തിലൂടെ മാര്‍ച്ച് 21 ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
അനാട്ടമി ഓഫ് എ ഫാള്‍: മാർച്ച് 22: ഹോട്ട്സ്റ്റാർ
ഓക്‌സറില്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച ചിത്രം. ഗംഭീര അഭിപ്രായം നേടിയ ക്രൈം ത്രില്ലര്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ മാര്‍ച്ച് 22ന് സ്ട്രീമിങ് ആരംഭിക്കുന്നു.
എ വതന്‍ മേരെ വദന്‍: മാർച്ച് 21: പ്രൈം വിഡിയോ
അണ്ടര്‍ ഗ്രൗണ്ട് റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ച ഉഷ മെഹ്തയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സാറ അലി ഖാനാണ് പ്രധാന വേഷത്തിലെത്തിയത്. ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച് 21ന് ചിത്രം എത്തും.
3 ബോഡി പ്രോബ്ലം: മാർച്ച് 21: നെറ്റ്ഫ്ലിക്സ്
ചൈനീസ് നോവല്‍ ദ് ത്രീ ബോഡി പ്രോബ്ലത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരീസ്. ഗെയിം ഓഫ് ത്രോൺസിന്റെ സൃഷ്ടാക്കളാണ് പിന്നണിയിൽ. നെറ്റ്ഫ്‌ളിക്‌സിലൂടെ മാര്‍ച്ച് 21 മുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നു.
തുണ്ട്: മാർച്ച് 15: നെറ്റ്ഫ്ലിക്സ്
ബിജു മേനോന്‍ പൊലീസ് വേഷത്തിലെത്തിയ ‘തുണ്ട്’ ഒടിടിയില്‍ എത്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭിക്കും. നവാഗതനായ റിയാസ് ഷെരീഫ് ആണ് ചിത്രത്തിന്റെ കഥ–സംവിധാനം. ഫെബ്രുവരി 16നായിരുന്നു തിയറ്റർ റിലീസ്.
ഭ്രമയുഗം: മാർച്ച് 15: സോണി ലിവ്
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലർ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ, മണികണ്ഠൻ ആചാരി എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.
ആട്ടം: മാർച്ച് 12: ആമസോൺ പ്രൈം
രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകർഷി ചിത്രം ‘ആട്ടം’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് തുടങ്ങി ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും തകർത്താടിയിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾ നന്നേ കുറവുള്ള ചിത്രത്തിലെ നായിക സെറിൻ ഷിഹാബ് അഞ്ജലിയെന്ന കേന്ദ്രകഥാപാത്രത്തിലേക്കുള്ള പകർന്നാട്ടം മനോഹരമാക്കുന്നു.
ഹനുമാൻ: മാർച്ച് 16: ജിയോ സിനിമ
പ്രശാന്ത് വർമ എഴുതി സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം. 40 കോടി മുതൽ മുടക്കില്‍ നിർമിച്ച ചിത്രം വാരിയത് 300 കോടിയാണ്. തേജ സജ്ജയായിരുന്നു നായകൻ. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജനുവരിയിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
റാണി: മാർച്ച് 7: മനോരമ മാക്സ്
തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, പതിനെട്ടാംപടി എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ നിയതി, അശ്വിൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിധ്യത്തിലൂടെ ഉദ്ദ്വേഗജനകമായ കഥ പറയുന്നു.
അന്വേഷിപ്പിന്‍ കണ്ടെത്തും: മാർച്ച് 8: നെറ്റ്ഫ്ലിക്സ്
ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ സസ്പെൻസ് ത്രില്ലർ. ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ആദ്യ വാരത്തിൽ തന്നെ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ബോക്സ്ഓഫിസിൽ നിന്നും 40 കോടിയലധികം നേടുകയും ചെയ്തു.കേരളം ഏറെ ചർച്ച ചെയ്ത യഥാർഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് സിനിമാറ്റിക്കായി ചിത്രം ഒരുക്കിയിരിക്കുന്നത് ഡാർവിൻ കുര്യാക്കോസാണ്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമിച്ച ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്.
മെറി ക്രിസ്മസ്: മാർച്ച് 8: നെറ്റ്ഫ്ലിക്സ്
വിജയ് സേതുപതി, കത്രീന കൈഫ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ. ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാനാണ് ആദ്യം റിലീസായത്. തമിഴിലും ഇതേപേരിൽ ചിത്രം ഒരുക്കിയിരുന്നു.
ബി 32 മുതൽ 44 വരെ: മാർച്ച് 7: സി സ്പേസ്
പെൺശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും പറയുന്ന ചിത്രം. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം സംസ്ഥാന സർക്കാരിന്‍റെ വിമെൻ സിനിമ പ്രോജക്ടിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനാണ് നിർമിച്ചത്. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, നവാഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുപതിൽ കൂടുതൽ സത്രീകൾ പിന്നണിയിലും മുന്നിലും ഒരു പോലെ പ്രവർത്തിച്ച ചിത്രമാണ് 'ബി 32 മുതൽ 44 വരെ.
ഡാംസൽ: മാര്‍ച്ച് 8: നെറ്റ്ഫ്ലിക്സ്
മില്ലി ബോബി ബ്രൗണിനെ നായികയാക്കി ജുവാൻ കാർലോസ് സംവിധാനം ചെയ്യുന്ന ഡാർക് ഫാന്റസി ചിത്രം. എവ്‌ലിൻ സ്കീയുടെ ഇതേപേരിലുള്ള നോവലാണ് സിനിമയുടെ ആധാരം.