ADVERTISEMENT

ഏപ്രിൽ അവസാന വാരം ഒരുപിടി സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. അനുപമ പരമേശ്വരൻ നായികയായെത്തുന്ന ‘തില്ലു സ്ക്വയർ’ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. കിരൺ റാവു സംവിധാനം ചെയ്ത ലാപത ലേഡീസും നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നു. വിജയ് ദേവരകൊണ്ടയുടെ ഫാമിലി സ്റ്റാർ, ഗോപി ചന്ദിന്റെ ഭീമ, വിദ്യുത് ജംവാലിന്റെ ക്രാക്ക് എന്നിവയാണ് ഒടിടി റിലീസിനെത്തിയ മറ്റ് സിനിമകൾ.

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത അഞ്ചക്കള്ളക്കോക്കാൻ, ജയം രവിയുടെ സൈറൺ, ഹിന്ദി ചിത്രം ആർട്ടിക്കിൾ 370, ഹോളിവുഡ് ചിത്രം ഡ്യൂൺ 2 തുടങ്ങി ബ്രഹ്മാണ്ഡ സിനിമകൾ കഴിഞ്ഞ വാരം സ്ട്രീമിങ് ആരംഭിച്ചിരുന്നു.

തില്ലു സ്ക്വയർ: നെറ്റ്ഫ്ലിക്സ്: ഏപ്രിൽ 27

അനുപമ പരമേശ്വരൻ നായികയായെത്തിയ തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ. സിദ്ദു ജൊന്നാലഗഢയാണ് നായകൻ. 2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ.

ഫാമിലി സ്റ്റാർആമസോൺ പ്രൈം: ഏപ്രിൽ 26

വിജയ് ദേവരകൊണ്ടയും മൃണാൾ ഠാക്കൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. തിയറ്ററുകളിൽ ചിത്രം വലിയ പരാജയമായിരുന്നു. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് സിനിമയായ ‘ഗീതാഗോവിന്ദ’ത്തിന്റെ സംവിധായകൻ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. പക്ഷേ കാലഹരണപ്പെട്ട കഥയാണ് സിനിമയ്ക്കു വിനയായതെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

തേരി ബാതോം മേ ഏസാ ഉൽസാ ജിയ: ആമസോൺ പ്രൈം: ഏപ്രിൽ 26

റോബട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥ പറയുന്ന സിനിമ. ഷാഹിദ് കപൂറും കൃതി സനോണുമാണ് നായികമാർ. റോബട് ആണെന്നറിയാതെ അതിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അബദ്ധങ്ങളാണ് ഈ കോമഡി എന്റർടെയ്നർ പറയുന്നത്. അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം. നിർമാണം ദിനേശ് വിജൻ. കഥ– തിരക്കഥ അമിത്തും ആരാധനയും ചേർന്നാണ്. ധർമേന്ദ്ര, ഡിംപിൾ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ക്രാക്ക്: ഏപ്രിൽ 27: ഹോട്ട്സ്റ്റാർ

വിദ്യുത് ജമ്വാൽ നായകനാകുന്ന ആക്‌ഷൻ ചിത്രം. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ നോറ ഫത്തേഹി നായികയാകുന്നു. അർജുൻ രാംപാൽ, ആമി ജാക്സൺ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്ത്യയിലെ ആദ്യത്തെ സാഹസിക സ്പോർട്സ് ആക്‌ഷൻ സിനിമ എന്ന വിശേഷത്തോടെയാണ് ക്രാക്ക് എത്തുന്നത്. സാഹസിക റിയാലിറ്റി ഷോയിൽ നടക്കുന്ന തട്ടിപ്പ് ആണ് സിനിമയുെട പ്രമേയം.

‘അഞ്ചക്കള്ളക്കോക്കാൻ’: ആമസോൺ പ്രൈം: ഏപ്രിൽ 19

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ മലയാള ചിത്രം ‘അഞ്ചക്കള്ളക്കോക്കാൻ’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂെടയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 നാണ് തിയറ്ററുകളിൽ എത്തിയത്. അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് സിനിമ.

ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ  അഭിനേതാവായി ആണ്  ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. 

റിബല്‍ മൂൺ പാർട്ട് 2: നെറ്റ്ഫ്ലിക്സ്: ഏപ്രിൽ 19

സാക്ക് സ്നൈഡർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റിബൽ മൂൺ: എ ചൈല്‍ഡ് ഓഫ് ഫയറിന്റെ തുടർച്ചയാണിത്. സോഫിയ ബൗട്ടെല്ലാ, എഡ് സ്ക്രീൻ, ആന്റണി ഹോപ്കിൻസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ആർട്ടിക്കിൾ 370: നെറ്റ്ഫ്ലിക്സ്: ഏപ്രിൽ 19

യാമി ഗൗതം പ്രധാനവേഷത്തിലെത്തുന്ന പൊളിറ്റിക്കൽ ആക്‌ഷൻ ത്രില്ലർ. ആദിത്യ സുഹാസ് ആണ് സംവിധാനം. പ്രിയാമണി, സ്കന്ദ് ഠാക്കൂർ, അശ്വിനി കൗൾ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

സൈറൺ: ഹോട്ട്സ്റ്റാർ: ഏപ്രിൽ 19

ജയം രവി, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു. ആന്റണി ഭാഗ്യരാജ് സംവിധാനം. പൊലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനു റൂബെൻ എഡിറ്റിങ് നിർവഹിക്കുന്നു.

ഡ്യൂൺ 2: ആമസോൺ പ്രൈം: ഏപ്രിൽ 19 (റെന്റ്)

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ പാർട് 2. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്. 190 മില്യൻ ഡോളറാണ് സിനിമയുടെ മുതൽമുടക്ക്. ഹോളിവുഡിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്. എന്നാൽ അവതാർ 2വിന്റെ ബജറ്റ് 460 മില്യനായിരുന്നു. അതുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും വിഷ്വൽ–സൗണ്ട് എഫക്ട്സിൽ ഡ്യൂൺ മറ്റേതു വമ്പൻ സിനിമകളെടും കിടപിടിക്കും.

ഫ്രാങ്ക് ഹെർ‌ബെർട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഓസ്റ്റിൻ ബട്‌ലറിന്റെ വില്ലൻ വേഷമാകും സിനിമയുടെ മറ്റൊരു ആകർഷണം. ഹാൻസ് സിമ്മെർ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസർ. സിനിമയുടെ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ കാണാം.

എനിവണ്‍ ബട്ട് യു: ആമസോൺ പ്രൈം: ഏപ്രിൽ 19

റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സിഡ്‌നി സ്വീനെ, ഗ്ലെന്‍ പോവെല്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 

പ്രേമലു: ഏപ്രിൽ 12: ഹോട്ട്സ്റ്റാർ

12 കോടി രൂപ മുടക്കി 100 കോടി ക്ലബ്ബിലടക്കം ഇടം നേടിയ ഗിരീഷ് എ.ഡി. ചിത്രം. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്. ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ നേടിയ മലയാളം മൊഴിമാറ്റ ചിത്രമെന്ന പുലിമുരുകന്റെ നേട്ടം പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകന്‍ നേടിയത് എന്നാല്‍ പ്രേമലു 16 കോടിയോളമാണ് കലക്‌ഷന്‍ നേടിയത്. തമിഴ്നാട്ടില്‍ 6 കോടിയോളമാണ് ഇതിനകം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ മാത്രം 62 കോടിയോളം രൂപ ചിത്രം കലക്‌ട് ചെയ്തു.  135 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത്. 

യാത്ര 2: ഏപ്രിൽ 12: പ്രൈം വിഡിയോ (ഔട്ട്സൈഡ് ഇന്ത്യ)

മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്.

ഹനുമാൻ (മലയാളം, തമിഴ്): ഏപ്രിൽ 7: ഹോട്ട്സ്റ്റാർ

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂപ്പർഹീറോ ചിത്രമായി ഒരുക്കിയിരിക്കുന്ന ഹനുമാൻ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളാണ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരിക്കുന്നത്.

പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത്.

റിബെൽ: ഏപ്രിൽ 7: പ്രൈം വിഡിയോ

മമിത ബൈജു തമിഴിൽ നായികയായി എത്തിയ ചിത്രം. ജി.വി. പ്രകാശ് ആണ് നായകൻ. മാർച്ച് 22ന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ്ഓഫിസിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വെങ്കടേശ് വിപി, ശാലു റഹീം, കരുണാസ്, അദിത്യ ഭാസ്കർ, കല്ലൂരി വിനോദ്, ശുബ്രമണ്യ ശിവ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

English Summary:

OTT releases to watch this weekend: Anchakallakokkan, Article 370, Dune Part Two to Siren and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com