ADVERTISEMENT

സിനിമയിലും ടെലിവിഷനിലും ചിരിപ്പിക്കുന്ന മുഖമാണ് പ്രസീത മേനോന്റേത്. മൂന്നാംമുറയിലൂടെ ബാലതാരമായി സിനിമയിലെത്തിയ പ്രസീത ക്യാരക്ടർ വേഷങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. അഭിനയത്തിൽ സജീവമായിരിക്കെത്തന്നെ പ്രസീത നിയമപഠനത്തിനും സമയം കണ്ടെത്തി. 2005 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത പ്രസീത, ആദ്യം അച്ഛനൊപ്പമാണ് പ്രാക്ടീസ് തുടങ്ങിയത്. പിന്നീട്, കോർപറേറ്റ് നിയമത്തിൽ സ്പെഷലൈസ് ചെയ്തു. സ്ക്രീനിൽ ചിരിപ്പിക്കുകയും ജീവിതത്തിൽ ഏറെ വായനയും വിശകലനവും ആവശ്യമായ ഒരു പ്രഫഷനിൽ പേരെടുക്കുകയും ചെയ്ത പ്രസീത, സിനിമാ നിർമാണത്തിലേക്കും ചുവടു വയ്ക്കുകയാണ്. ആർജിഎം വെഞ്ചേഴ്സ് എന്ന പേരിൽ തുടക്കമിട്ട പ്രൊഡക്‌ഷൻ കമ്പനിയുടെ ഉത്തരവാദിത്തങ്ങളുമായി ഓടിനടക്കുന്നതിനിടെ, 36 വർഷം നീണ്ട കരിയറിലെ മറക്കാനാവാത്ത അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ.  

ആദ്യ സിനിമ മൂന്നാംമുറ

അവിചാരിതമായി സിനിമയിൽ എത്തിപ്പെട്ട ആളാണ് ഞാൻ. സെവൻ ആർട്സ് ഫിലിംസുമായി എന്റെ കുടുംബത്തിന് നല്ല ബന്ധമുണ്ടായിരുന്നു. ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്. അങ്ങനെയാണ് 1988 ലെ മൂന്നാംമുറ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. ഡൽഹിയിൽനിന്നു വരുന്ന കേന്ദ്രമന്ത്രിയുടെ പേരക്കുട്ടികളായി അഭിനയിക്കാൻ അവർക്ക് ആർടിസ്റ്റുകളെ ആവശ്യമുണ്ടായിരുന്നു. കുറെ പേരെ നോക്കിയിട്ടൊന്നും ശരിയാകാതെ ഇരിക്കുന്ന സമയത്താണ് സെവൻ ആർട്സ് ഫിലിംസിലെ വിജയകുമാർ അങ്കിളിനൊപ്പം ഞങ്ങളൊരു ഡിന്നറിനു പോകുന്നത്. എന്ന കണ്ടപ്പോൾ അവർ ചോദിച്ചു, സിനിമയിലൊന്നു ട്രൈ ചെയ്തുകൂടെ എന്ന്? ഞാൻ അന്ന് ഏഴിലാണ് പഠിക്കുന്നത്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. എന്നാലും, എല്ലാവരും പറഞ്ഞപ്പോൾ പോയി ചെയ്തു. തൃപ്പൂണിത്തുറ ഹിൽ പാലസിലായിരുന്നു ഷൂട്ട്. അച്ഛനും അമ്മയുമൊക്കെ അന്ന് ഷൂട്ടിനുണ്ടായിരുന്നു.

അഭിനയത്തിന്റെ ബാലപാഠങ്ങൾ

ജനിച്ചത് നാട്ടിലായിരുന്നെങ്കിലും ബാല്യകാലം നൈജീരിയയിൽ ആയിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി. അവിടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്തപ്പോൾ കുടുംബത്തോടെ നാട്ടിലേക്ക് മടങ്ങാൻ അച്ഛൻ തീരുമാനിച്ചു. അങ്ങനെ കൊച്ചിയിലേക്ക് ഞങ്ങൾ ഷിഫ്റ്റ് ചെയ്തു. വരവേൽപ്പ്, പ്രാദേശിക വാർത്തകൾ തുടങ്ങിയ സിനിമകളിലൊക്കെ ആ സമയത്താണ് അഭിനയിച്ചത്. കമൽ, സിബി മലയിൽ തുടങ്ങി നിരവധി പ്രഗത്ഭ സംവിധായകരുടെ ആദ്യകാല സിനിമകളിൽ തുടർച്ചയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഭരത് ഗോപി സർ സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. ഷൊർണൂർ ആയിരുന്നു ഷൂട്ട്. പാർവതിച്ചേച്ചിയുടെ അനിയത്തിയുടെ വേഷമായിരുന്നു. എങ്ങനെ ചെയ്യണം എന്നത് ഗോപി സർ അഭിനയിച്ചു കാണിച്ചു തരും. അതൊരു ഗംഭീര അനുഭവമായിരുന്നു. എങ്ങനെ ചെയ്യണം, എവിടെ നിർത്തണം എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തരും. ആ സമയത്ത് നായകന്റെയോ നായികയുടെയോ അനിയത്തി, നായികയുടെ കൂട്ടുകാരി തുടങ്ങിയ വേഷങ്ങളായിരുന്നു ചെയ്തത്. 

ഐ.വി.ശശി കട്ട് വിളിച്ച സീൻ

ഐ.വി.ശശി സാറുമായി രസകരമായ ഒരു ഓർമയുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത വർത്തമാനകാലം എന്ന സിനിമയിൽ ഉർവശിച്ചേച്ചിയുടെ കൂട്ടുകാരിയായിട്ടാണ് ഞാൻ അഭിനയിച്ചത്. ചേച്ചിയുടെ അച്ഛന്റെ കഥാപാത്രം മരിച്ചു കിടക്കുന്ന സീൻ ചിത്രീകരിക്കുകയാണ്. കരച്ചിലാണ് സീക്വൻസ്. ശശി സർ ആക്‌ഷൻ എന്നു പറഞ്ഞതും ഞാൻ നല്ലോണമൊരു കരച്ചിൽ വച്ചു കൊടുത്തു. ഉടനെ സർ കട്ട് വിളിച്ചു. എന്നിട്ട് എന്നോടൊരു ചോദ്യം. "നീയെന്തിനാ കരയുന്നത്? മരിച്ചു കിടക്കുന്നത് നിന്റെ അച്ഛനൊന്നുമല്ലല്ലോ"  ഞാൻ കരുതിയത്, നല്ല പോലെ കരഞ്ഞാൽ എന്നെ ശ്രദ്ധിക്കുമല്ലോ, അതു നല്ലതല്ലേ എന്നൊക്കെയാണ്. അപ്പോഴാണ് ഈ ചീത്ത കേൾക്കുന്നത്. ഉടനെ ഉർവശി ചേച്ചിയൊക്കെ ആശ്വസിപ്പിച്ചു. അന്നത്തെ സംവിധായകർ അങ്ങനെയാണ്. നന്നായി ചീത്ത പറയും. ക്യാമറയിൽ ഫിലിം അല്ലേ! ഫിലിം വെറുതെ കളഞ്ഞെന്നൊക്കെ പറഞ്ഞ് ചീത്ത വിളിക്കും. എനിക്കു മാത്രമല്ല, എല്ലാവർക്കും കേൾക്കും. അതൊരു കാലം.

മിമിക്രിയിലെ പെൺതാരം

കൗതുകത്തിന്റെ പേരിലാണ് മിമിക്രി ചെയ്യുന്നത്. കാരണം, ചെറിയ പ്രായത്തിൽത്തന്നെ നിരവധി സിനിമാതാരങ്ങളുമായി അടുത്തിടപെഴുകാൻ അവസരം കിട്ടിയല്ലോ. അവരുടെ ശരീരഭാഷയും ശൈലിയുമെല്ലാം ഞാൻ നിരീക്ഷിക്കുമായിരുന്നു. ബാത്ത്റൂമിലാണ് ഇതെല്ലാം പയറ്റി നോക്കുക. ഒരു ദിവസം എന്റെ ചേച്ചി ഇതു കയ്യോടെ പൊക്കി. ‘എന്താടീ... അവിടെ ആണുങ്ങളുടെയൊക്കെ ശബ്ദം’ എന്നു പറഞ്ഞാണ് ചേച്ചി ഇടപെടുന്നത്. സത്യത്തിൽ മിമിക്രിയിൽ ഒരു കൈ നോക്കാൻ ധൈര്യം തന്നത് ചേച്ചിയാണ്. കുറച്ചൂടെ മിനുക്കിയെടുത്താൽ യുവജനോൽവസത്തിൽ മത്സരിക്കാമെന്നു ചേച്ചി പറഞ്ഞു. സ്കൂളിലും കോളജിലും മിമിക്രിക്ക് ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അന്ന് സ്ത്രീകൾ മിമിക്രി രംഗത്ത് ഇല്ലല്ലോ. അതിനാൽ, എല്ലായിടത്തുനിന്നും നല്ല പ്രോത്സാഹനമായിരുന്നു. 

മഴയെത്തും മുൻപെയിലെ കുഞ്ഞുമോൾ

ഏറെ ആസ്വദിച്ചു െചയ്ത സിനിമയാണ് മഴയെത്തും മുൻപെ. സെറ്റിൽ ഞങ്ങളൊരു ഗ്യാങ് തന്നെയുണ്ടായിരുന്നു. സെറ്റിൽ ഞങ്ങളുടെ കലപില തന്നെയായിരുന്നു. കമൽ ഇക്ക (സംവിധായകൻ കമൽ) ഇടയ്ക്ക് ചീത്ത വിളിക്കും. ഞങ്ങളുടെ പ്രായം അതായിരുന്നല്ലോ. ഒരുപാടു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാകും. പാലക്കാട് ആയിരുന്നു ഷൂട്ട്. ഞങ്ങളുടെ അമ്മമാരും കൂടെയുണ്ടായിരുന്നു. സുകുമാരിയമ്മയുമായി ഒരുപാട് സമയം ചെലവഴിച്ചതും ആ സെറ്റിൽ വച്ചാണ്. ഡ്രസിങ്, മേക്കപ്പ്, ഹെയർ സ്റ്റൈൽ എല്ലാം സുകുമാരിയമ്മ ശ്രദ്ധിക്കും. നല്ല ഉപദേശങ്ങൾ തരും. ഓരോ നടിമാരും എങ്ങനെയാണ് ഒരുങ്ങുന്നത് എന്നെല്ലാം പറഞ്ഞു തരും. ഭാനുപ്രിയ മാഡത്തെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. അവർ മേക്കപ്പ് ഇടുമ്പോൾ മുഖത്തിന്റെ അതേ സ്കിൻ ടോൺ തന്നെയാകും ശരീരത്തിനും. വിരൽത്തുമ്പു വരെ ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നു അവർ. കഥാപാത്രത്തിന് അനുസരിച്ച് ഒരുങ്ങണമെന്ന് അമ്മ എപ്പോഴും പറയും. ‌എല്ലാ ദിവസവും ഉണ്ടാകും ഞങ്ങൾക്ക് സുകുമാരിയമ്മയുടെ ഒരു ക്ലാസ്.  

നന്ദി പറയേണ്ടത് രൺജിയേട്ടനോട്

മോനിക്ക ഡേവിഡ് സഭാപതി എന്ന ‘പത്ര’ത്തിലെ എന്റെ കഥാപാത്രത്തിന് നന്ദി പറയേണ്ടത് രൺജി പണിക്കരോടാണ്. അദ്ദേഹം എഴുതിയ വേറൊരു സിനിമയിൽ അഭിനയിക്കാൻ പോയതായിരുന്നു. കോഴിക്കോട് മഹാറാണിയിലെത്തിയപ്പോൾ മനസ്സിലായി, ഞാൻ ചെയ്യാനിരുന്ന വേഷം മറ്റൊരാൾക്കു കൊടുത്തെന്ന്. അത് അറിഞ്ഞപ്പോൾ രൺജിയേട്ടന് വിഷമമായി. എന്നെയും അമ്മയേയും റൂമിലേക്ക് വിളിച്ചിട്ടു പറഞ്ഞു, ‘ഇതിന്റെ കുറവ് ഞാൻ നികത്തിയിരിക്കും. ഇതെന്റെ വാക്കാണ്’, എന്ന്. ആ വാക്കാണ് പത്രത്തിലെ എന്റെ കഥാപാത്രം. എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റമായിരുന്നു ആ വേഷം. അതുവരെ ചെയ്തു വന്നതിൽ നിന്ന് ആ കഥാപാത്രം വേറിട്ടു നിന്നു. ഞാനും മഞ്ജു വാരിയരും ഒരുമിച്ചൊരു സീൻ എഴുതിയിരുന്നു. പക്ഷേ, അത് എടുത്തില്ല. പിന്നീട്, വർഷങ്ങൾക്കു ശേഷം ‘മോഹൻലാൽ’ എന്ന സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്.

പഞ്ചാബി ഹൗസിലെ ഹിന്ദി കുക്ക്

പഞ്ചാബി ഹൗസിലെ കുക്കിന്റെ കഥാപാത്രവും മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. ആ സിനിമയിലേക്കു വിളിച്ച സമയത്തായിരുന്നു എൽഎൽബി എൻട്രൻസ് വന്നത്. അതുകൊണ്ട്, വളരെ കുറച്ചു സീനുകളിലേ ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളൂ. ഹരിശ്രീ അശോകനുമായിട്ടുള്ള അടുക്കള സീൻ എന്തായാലും ചെയ്യണേ എന്നു റാഫിക്ക പറഞ്ഞു. എന്നിട്ടു ചോദിച്ചു, എനിക്കു ഹിന്ദി അറിയുമോ എന്ന്! സ്കൂൾ മുതൽ ഞാനും ഹിന്ദിയും 'ദുശ്മൻ' (ശത്രു) ആണ്. ഞാൻ എന്റെ അവസ്ഥ അറിയിച്ചു. അതു കുഴപ്പമില്ലെന്നു പറഞ്ഞു റാഫിക്ക ധൈര്യം തന്നു. ഡയലോഗ് ഒന്നും എഴുതി വച്ചിട്ടൊന്നുമില്ല. എല്ലാം സ്പോട്ടിൽ വരുന്നതാണ്. 

ട്രോളന്മാരോടു നന്ദി

പറക്കും തളികയിലെ ടിവി ഹോസ്റ്റിന്റെ വേഷം ചെറുതാണെങ്കിലും എല്ലാവരും ഓർത്തിരിക്കുന്ന ഒന്നാണ്. ഒറ്റ ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ പറഞ്ഞു തന്നെയാണ് വിളിച്ചത്. ഉച്ചയോടെ എടുത്തു തീർത്ത സീനായിരുന്നു അത്. ഇപ്പോഴും പല ട്രോളുകളിലും മീമുകളിലും ആ കഥാപാത്രത്തെ കാണാം. സിനിമയിൽ അത്ര സജീവമല്ലെങ്കിൽ പോലും എന്നെ മലയാളികൾക്കിടയിൽ ലൈവാക്കി നിർത്തിയത് അത്തരം മീമുകളാണ്. അതിൽ, ട്രോളന്മാരോടു നന്ദിയുണ്ട്. 

അമ്മായി ഹിറ്റായപ്പോൾ കല്യാണാലോചന

ടെലിവിഷനിൽ വലിയ സ്വീകാര്യത എനിക്കു നേടിത്തന്ന കഥാപാത്രമാണ് ബഡായി ബംഗ്ലാവിലെ അമ്മായി. അവിവാഹിതയും ഭക്ഷണപ്രേമിയുമായ ആ കഥാപാത്രത്തെപ്പോലെയാണ് ശരിക്കും ഞാനെന്നു കരുതുന്നവരുണ്ട്. അത്രയും ഇംപാക്ടുണ്ടായിരുന്നു ആ കഥാപാത്രത്തിന്. അത് ഹിറ്റായപ്പോൾ ചാനലിന്റെ ഓഫിസിലേക്ക് എനിക്ക് കല്യാണാലോചന വരെ വന്നിട്ടുണ്ട്. ഈയടുത്ത് എന്റെ മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലായപ്പോഴും പ്രേക്ഷകർ ചോദിച്ചത്, എനിക്ക് ഇത്ര വലിയ മകനുണ്ടോ എന്നായിരുന്നു. പലരുടെയും മനസ്സിൽ എന്നെ കാണുമ്പോൾ അമ്മായി എന്ന കഥാപാത്രമാണ് കണക്ട് ആകുന്നത്. അതുകൊണ്ടാകാം ഇത്തരം കമന്റുകൾ. 

വിളിച്ചപ്പോഴേ ഭാവന സമ്മതിച്ചു

ആർജിഎം വെഞ്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്‌ഷൻ കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്. ഫിലിം പ്രൊഡക്‌ഷൻ, തിയറ്റർ പ്രൊഡക്‌ഷൻ, ഇവന്റ്സ്, അഡ്വർടൈസിങ്, സ്റ്റേജ് ഷോ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രൊഡക്‌ഷൻസ് കമ്പനി ലക്ഷ്യം വയ്ക്കുന്നു. പ്രൊഡക്‌ഷൻ കമ്പനിയുടെ ഉദ്ഘാടനത്തിന് ഭാവനയും വിനയൻ സാറുമൊക്കെ വന്നിരുന്നു. സത്യത്തിൽ ഭാവനയേക്കാൾ അടുപ്പം അവരുടെ അമ്മയോടാണ്. ഞങ്ങളൊരുമിച്ച് ഒരു യുഎസ് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയിരുന്നു. ആറേഴു വർഷം മുൻപാണ്. അന്നാണ് നല്ല സൗഹൃദമായത്. പ്രൊഡക്‌ഷൻ കമ്പനിയുടെ ഉദ്ഘാടനത്തിന്റെ കാര്യം പറഞ്ഞപ്പോൾ വലിയ സന്തോഷത്തോടെ ഭാവന സമ്മതിച്ചു. 'അതിനെന്താ ചേച്ചി... ഞാൻ വരാം' എന്നായിരുന്നു ഭാവന പറഞ്ഞത്. കാശും പണവുമൊന്നല്ലല്ലോ, ഇത്തരം സൗഹൃദങ്ങളും സ്നേഹവുമല്ലേ നമ്മൾ വിലമതിക്കേണ്ടത്.

എനിക്കു വേണ്ടി കാത്തിരുന്ന സിനിമ

മറ്റൊരു സംവിധായകനും ചെയ്യാത്ത കാര്യമാണ് വിനയൻ സർ വെള്ളിനക്ഷത്രം എന്ന സിനിമയിൽ എനിക്കു ചെയ്തു തന്നത്. ആ സിനിമയ്ക്ക് സർ എന്നെ വിളിക്കുമ്പോൾ ഞാൻ ഗർഭിണിയാണ്. ജഗദീഷേട്ടന്റെ ഭാര്യയുടെ വേഷമാണ്. സർ വിളിച്ചപ്പോൾ ഞാൻ പറ‍ഞ്ഞു, ‘അയ്യോ സർ പറ്റില്ല... ഞാൻ പ്രസവിക്കാൻ പോകാണ്’ എന്ന്. സർ എന്റെ ഡെലിവറി ഡേറ്റ് ചോദിച്ചു. എന്നിട്ടു പറഞ്ഞു, ഡെലിവറി കഴിഞ്ഞ്, കുഞ്ഞിന്റെ 56 ഉം കഴിഞ്ഞിട്ട് സിനിമയിൽ ജോയിൻ ചെയ്താൽ മതിയെന്ന്! എന്റെ കഥാപാത്രം വേറെ ആരു ചെയ്താലും ഓകെയാണ്. പക്ഷേ, സർ എനിക്കു വേണ്ടി കാത്തിരുന്നു. ഡെലിവറി കഴിഞ്ഞ് ഞാനെത്തിയതിനു ശേഷമാണ് എന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. എന്റെ സൗകര്യാർഥമാണ് ഷൂട്ട് സെറ്റ് ചെയ്തത്. ഞാനൊരു നായിക അല്ല. അത്ര വലിയ ആർടിസ്റ്റു പോലുമില്ല. എന്നിട്ടും, അദ്ദേഹം എനിക്കു വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു. അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. 

നല്ല കഥകൾക്കായി കാത്തിരിക്കുന്നു

അഭിനയിച്ചതെല്ലാം വാണിജ്യ സിനിമകളിലാണ്. ഓഫ് ബീറ്റ് സിനിമകളിലൊന്നും വേഷം കിട്ടിയിട്ടില്ല. കൂടാതെ, വലിയ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടുമില്ല. എല്ലാ തരം വേഷങ്ങളും ചെയ്യണമെന്നുണ്ട്. ധാരാളം കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിൽനിന്നു വ്യത്യസ്തമായിരുന്നു പത്രം, സ്റ്റാൻഡ് അപ് എന്നീ സിനിമകളിലെ വേഷങ്ങൾ. കോമഡി എനിക്കു വഴങ്ങുമെന്ന് അറിയില്ലായിരുന്നു. വന്നപ്പോൾ ചെയ്തു. അതു വർക്ക് ആയി. ഞാനെപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്; ഞാനല്ല, എന്റെ വർക്കു വേണം എനിക്കു വേണ്ടി സംസാരിക്കാൻ. ഏതു കാര്യം ചെയ്യുമ്പോഴും എന്റെയൊരു കയ്യൊപ്പ് അതിലുണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്. എന്റെ പ്രൊഡക്‌ഷൻ കമ്പനിക്കു വേണ്ടി ഇപ്പോൾ കഥകൾ കേട്ടുകൊണ്ടിരിക്കുകയാണ്. 36 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. ആ അനുഭവം തീർച്ചയായും നല്ല കഥകൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷ. വൈകാതെ നല്ലൊരു പ്രൊജക്ട് പ്രഖ്യാപിക്കും.  

English Summary:

Chat with Prasseetha Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com