‘പ്രശസ്തനായില്ലെന്നതിൽ കുറ്റബോധമില്ല, എനിക്ക് എല്ലാം സംഗീതം’; തട്ടാശ്ശേരി കൂട്ടത്തിന്റെ സംഗീതസംവിധായകൻ പറയുന്നു
Mail This Article
ഒരുപാടു കാലം സിനിമയ്ക്കും സിനിമ സംഗീതത്തിനും വേദികൾക്കുമിടയിൽ പ്രവർത്തിച്ച ഒരാളുടെ പാട്ടുമായിട്ടാണ് തട്ടാശ്ശേരി കൂട്ടം എന്ന സിനിമ എത്തിയത്, റാം ശരത്. ഈ കീബോർഡിസ്റ്റിനെ സിനിമാ സംഗീതത്തിനു പരിചിതമായിട്ട് കുറെ കാലമായി. എങ്കിലും ഇപ്പോഴാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായത്. സിനിമയിൽ വൈകിയെത്തി അവസരത്തെക്കുറിച്ചും സംഗീത ചിന്തകളെക്കുറിച്ചും റാം ശരത് മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.
അന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല
ഇതിഹാസ തുല്യരായ സംഗീതജ്ഞരുടെ സംഗീതം കേട്ട് വളർന്ന ആളാണ് ഞാൻ. ഒരുപാട് ഇഷ്ടത്തോടെ സംഗീതരംഗത്തേക്കു കടന്നുവന്ന് മികച്ച സംഗീത സംവിധായകർക്കൊപ്പം കീബോർഡിസ്റ്റായും പ്രോഗ്രാമറായും ലൈവ് ഷോകളിൽ സൗണ്ട് എൻജിനീയറായും ജോലി ചെയ്തു. അതുകൊണ്ടുതന്നെ എനിക്ക് എപ്പോഴും ഒരു സംശയമായിരുന്നു ഞാൻ അവരെ പോലെ ഒരു സ്വതന്ത്ര സംഗീത സംവിധായകൻ ആകാനുള്ള പ്രാപ്തിയിലെത്തിയോ എന്ന്. ആ ഒരു തോന്നൽ ഉള്ളതുകൊണ്ട് തന്നെ ഇത്രയും കാലം സംഗീതരംഗത്തു നിന്നിട്ടും സ്വതന്ത്ര സംഗീത സംവിധായകനാകൻ ഇത്രയും വർഷം എടുത്തല്ലോ എന്നുള്ള ഒരു നിരാശയൊന്നും എനിക്കില്ല. സിനിമയുമായി ബന്ധം തുടങ്ങുന്നതു മഹാസമുദ്രത്തിലൂടെയാണ്. ആ സിനിമയുടെ സംഗീത സംവിധായകന്‍ കണ്ണൻ ചേട്ടൻ ആണ് എന്നെ അതിലേക്ക് ആദ്യമായി മ്യൂസിക് പ്രോഗ്രാമറായി വിളിക്കുന്നത്.
ആദ്യത്തെ സിനിമ മഹാസമുദ്രമായിരുന്നെങ്കിലും അതിനും എത്രയോ വർഷങ്ങൾക്കു മുന്നേ തന്നെ കീബോർഡ് പ്ലെയറായും പ്രോഗ്രാമറായും ഞാൻ സിനിമ സംഗീതരംഗത്ത് ഉണ്ടായിരുന്നു. കസെറ്റുകളിലും ഭക്തിഗാന ആൽബങ്ങളിലുമൊക്കെ പ്രോഗ്രാമർ ആയി ജോലി ചെയ്തു. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ രണ്ട് ലൈവ് ഷോകളിലും പ്രോഗ്രാമർ ആയിരുന്നു. അതൊക്കെ ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വളരെ വലിയ അനുഭവങ്ങളാണ്. സംഗീതരംഗത്ത് ഇത്രയും കാലം വളരെ സെയ്ഫ് സോണിലായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ സിനിമ എന്നത് ഒരു വലിയ കാര്യമായിട്ടോ അതിലേക്കെത്താൻ അധിക ശ്രമം വേണമെന്നോ തോന്നിയിട്ടില്ല.
ഈ സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനർ റോഷൻ ജിത്തുവുമായി വർഷങ്ങള്‍ നീണ്ട പരിചയമുണ്ട്. ദിലീപേട്ടൻ അമേരിക്കയിൽ നടത്തിയ ദിലീപ് ഷോയിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. സംവിധായകനും ദിലീപേട്ടന്റെ സഹോദരനുമായ അനൂപ് ചേട്ടനെയും പരിചയപ്പെട്ടു. പിന്നീട് അവർക്കൊപ്പം ഒരുപാട് ഷോകളിൽ ഞാനും പങ്കാളിയായി. അതുകൊണ്ടായിരിക്കണം അദ്ദേഹം ഒരു സിനിമ ചെയ്തപ്പോൾ സംഗീതസംവിധായകനായി എന്നെ തിരഞ്ഞെടുത്തത്. അനൂപേട്ടനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സിനിമ ചെയ്യാം എന്ന് ഉറപ്പിക്കുകയായിരുന്നു. സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കുന്ന. സമയത്തൊക്കെ ഞാൻ കൂടെയുണ്ടായിരുന്നു. ആകെ നാല് പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് സിനിമയ്ക്കായി ചെയ്തത്.
അവരെല്ലാമാണ് എന്റെ സംഗീത അനുഭവങ്ങൾ
അലക്സ് പോൾ, മോഹൻ സിത്താര, ജാസി ഗിഫ്റ്റ് തുടങ്ങി ഒരുപാട് സംഗീതസംവിധായകർക്കൊപ്പം മ്യൂസിക് പ്രോഗ്രാമർ ആയി ഞാൻ പങ്കാളിയായിട്ടുണ്ട്. ഇപ്പോൾ ബിജിബാൽ സാറിനൊപ്പം ആണ്. മേരിക്കുണ്ടൊരു കുഞ്ഞാട് മുതൽ അദ്ദേഹത്തിന്റെ പ്രോഗ്രാമറായി ഞാൻ കൂടെയുണ്ട്. എല്ലാകാലവും സ്വാധീനിച്ച കുറെ സംഗീതവും സംഗീതജ്ഞരുമുണ്ട്.എങ്കിലും എടുത്തു പറയാൻ രണ്ടു മൂന്നു പേരുകളുണ്ട്. ആദ്യത്തെ ആള് സൂരജ് ബാലൻ. അദ്ദേഹത്തിന്റെ ജീവിതവും സംഗീതമാണ്. അദ്ദേഹം സംഗീതത്തെ സമീപിക്കുന്ന രീതി ഒരുപാട് ഊർജ്ജം പകർന്നിട്ടുണ്ട്. പല സംഗീതോപകരണങ്ങളും അദ്ദേഹം പരിചയപ്പെടുത്തിയതു മറക്കാനാവില്ല. മറ്റൊരാൾ ബിജിബാൽ. അദ്ദേഹം ജീവിതം പോലെ സിനിമയിലെ സംഗീതത്തെ സമീപിക്കുന്ന രീതിയും വലിയ ആഴമുള്ളതാണ്. അത് കണ്ടിരിക്കാനും കേട്ടിരിക്കാനും പ്രത്യേക രസമുണ്ട്. എ.ആർ.റഹ്മാൻ സാറിനോടും ജോൺസൺ മാഷിനോടും എനിക്ക് എന്നും ആരാധനയാണ്.
ചേച്ചിയാണ് ഗുരു, അച്ഛൻ വഴികാട്ടി
ചേച്ചി സരിത റാമിനെ പഠിപ്പിക്കാൻ വന്നിരുന്ന മാഷിന്റെ ഹാർമോണിയത്തിൽ നിന്ന് ഒരു സ്വരമാണ് ഞാൻ ആദ്യം കേട്ട സംഗീതം. ചേച്ചി മാഷ് പഠിപ്പിച്ചു തരുന്നതൊക്കെ പതിയെ എനിക്കും പഠിപ്പിച്ചു തരാൻ തുടങ്ങി. ചേച്ചിയാണ് എന്റെ ആദ്യത്തെ ഗുരു. ചേച്ചി പാടുന്ന ആളായതുകൊണ്ടാണ് ഞാനും സംഗീതത്തെ അറിയുന്നതും ആ വഴിയിലേക്കു വരുന്നതും. ചേച്ചിയെ സംഗീതരംഗത്ത് കൊണ്ടുവന്നത് അച്ഛനാണ്. അച്ഛനു ജലസേചന വകുപ്പിൽ ആയിരുന്നു ജോലി. സർക്കാർ ഉദ്യോഗസ്ഥൻ ആകുന്നതിനു മുന്നേ അച്ഛൻ സംഗീതരംഗത്തുണ്ടായിരുന്നു. നിരവധി വേദികളിൽ പാടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചേച്ചിക്ക് സംഗീത വാസന ഉണ്ടെന്നറിഞ്ഞപ്പോൾ അതിൽ ഏറ്റവുമധികം സന്തോഷിച്ചതും ചേച്ചിയുടെ സംഗീത അഭിരുചി വളർത്തിയെടുക്കാനും പാട്ട് പഠിപ്പിക്കാനും മത്സരങ്ങളിൽ കൊണ്ടുപോകാനും മറ്റ് വേദികൾ ചേച്ചിയെ പരിചയപ്പെടുത്താനും കരിയർ വളർത്തിയെടുക്കാനുമൊക്കെ അച്ഛനോളം ഉത്സാഹിച്ച മറ്റാരുമില്ല. അതൊക്കെ കണ്ട് വളർന്ന ഒരാൾ എന്ന നിലയിൽ എനിക്ക് സംഗീതം അല്ലാതെ മറ്റൊരു ലോകം ഇല്ലായിരുന്നു. ചേച്ചിക്കൊപ്പം ഒരു മൂന്ന് നാല് വയസ്സ് ഉള്ളപ്പോൾ ഞാനും വേദികളിൽ പോയിരുന്നു. അന്ന് കോറസ്സുകളിലൊക്കെ ഞാനും പാടുമായിരുന്നു. പക്ഷേ എന്നെ ഏറ്റവും ആകർഷിച്ചത് അവിടെ ഉണ്ടായിരുന്ന വാദ്യോപകരണങ്ങൾ ആണ്. അവ വായിക്കുന്നതും അത് ഒരു പാട്ടിന്റെ അകമ്പടിയായി മാറുന്നതും എന്നിൽ വളരെയധികം കൗതുകമുണ്ടാക്കി. സംഗീതം വളരെ ചെറുപ്പത്തിൽ തന്നെ എന്നിലേക്കു വന്നു ചേര്‍ന്നതുകൊണ്ടായിരിക്കാം, സംഗീതമില്ലാതെ എനിക്കൊരു ജീവിതമില്ല. എന്നെ സംബന്ധിച്ച് സിനിമ സംഗീതമെന്നോ അല്ലാത്ത സംഗീതമെന്നോ വേർതിരിവുകളൊന്നുമില്ല. സിനിമയിൽ സംഗീതം ചെയ്തില്ലല്ലോയെന്നോ വലിയ പ്രശസ്തനായില്ലെന്നോ ഉള്ള കുറ്റബോധവും ഇല്ല.
അന്നത്തെ പാട്ടും ഇന്നത്തെ പാട്ടും
പണ്ടത്തെ പാട്ടുകൾ ഇന്നത്തെ പാട്ടുകൾ എന്ന് വേർതിരിച്ച് അതിനെക്കുറിച്ച് ഒരുപാട് താരതമ്യം ചെയ്തു പറയാനൊന്നും ഞാൻ ശ്രമിക്കുന്നില്ല. എന്നെ സംബന്ധിച്ച് എല്ലാ സംഗീതവും മികച്ചതാണ്. മോശം സംഗീതം എന്നൊന്നില്ല. എങ്കിലും പാട്ടുകൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. പണ്ട് സംവിധായകർ പാട്ട് ഏത് സാഹചര്യത്തിലാണ് വരുന്നതെന്നു മനസ്സിൽ കാണും. ആ സാഹചര്യം സംഗീതസംവിധായകനോടു പറഞ്ഞു കൊടുക്കും. അദ്ദേഹം അതിനനുസരിച്ചു പാട്ടുകൾ ചെയ്യും. അതിന്റെ ഒരു അവസാന പതിപ്പായിരിക്കും സംവിധായകൻ കേൾക്കുന്നത്. ചില നേരങ്ങളിൽ ആ പാട്ടും സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരിക്കും. പക്ഷേ ഒന്നും ചെയ്യാനില്ല, ആ പാട്ട് ഉൾപ്പെടുത്തുകയെ നിവൃത്തിയുള്ളു. സ്വതന്ത്രമായി അത് വളരെ മികച്ച ഗാനമായിരിക്കും. പക്ഷേ ആ സിനിമയുടെ സാഹചര്യത്തോടു ചേർന്നതായിരിക്കില്ല. 9 90% സാഹചര്യങ്ങളിലും ചേരുന്നതായിരിക്കും ചിലപ്പോൾ 10% ആയി മാറി നിൽക്കുന്നത് പക്ഷേ ഇന്ന് ആ 10% സാധ്യത പോലും ഇല്ല. കാരണം ഒരു പാട്ട് പാട്ടായി വരുന്ന ഓരോ ഘട്ടത്തിലും അതിന്റെ സംവിധായകൻ ആ പാട്ട് കേൾക്കുന്നുണ്ട് ആവശ്യമായ മാറ്റം വരുത്തി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കും. അത്രയേറെ വിപുലമായ സോഫ്റ്റ്‌വെയറുകളാണ് ഉള്ളത്. അതുപോലെതന്നെ ഇന്നത്തെ കാലത്ത് എല്ലാ സിനിമാ ഗാനങ്ങളും സിനിമയുടെ സാഹചര്യത്തിനനുസരിച്ചു മാത്രം സൃഷ്ടിക്കപ്പെടുന്നവയാണ്. അതിന്റെ വരികളും ഭാവവുമെല്ലാം പൂർണമായും സിനിമയുടെ സാഹചര്യത്തോടു മാത്രം യോജിച്ചു നിൽക്കുന്നതായിരിക്കും. പക്ഷേ പണ്ടത്തെ ഗാനങ്ങൾ മിക്കപ്പോഴും സ്വതന്ത്രമായി തന്നെ നിൽക്കുകയും അത് ഒരുപാട് സിനിമകളുമായി ചേരുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ട്. ഇന്ന് പക്ഷേ അങ്ങനെയില്ല. അതുപോലെതന്നെ പണ്ടത്തെ സിനിമാഗാനങ്ങളിലേതുപോലെ പ്രയാസമേറിയ വരികളൊന്നും നമുക്കിന്നില്ല. അത്തരം വരികൾ കേൾക്കാനുള്ള ഒരു മനസ്സോ സമയമോ ഇന്നത്തെ ആളുകൾക്കില്ല എന്നതാണു യാഥാർഥ്യം.
കഴിവാണ് മാനദണ്ഡം
ഇന്നത്തെ കാലത്ത് സംഗീതരംഗത്തേക്കു മാത്രമല്ല സൗണ്ട് എൻജിനീയറിങ്ങിലേക്കും ഒരുപാട് ആളുകൾ കടന്നുവരുന്നുണ്ട്. പ്രത്യേകിച്ച് സൗണ്ട് എൻജിനീയറിങ് ഇപ്പോൾ ഒരുപാടധികംപേർ പഠിക്കാൻ എത്തുന്ന കോഴ്സുകളിൽ ഒന്നായി മാറിയിട്ടുണ്ട്. പക്ഷേ രണ്ടിലും അടിസ്ഥാനപരമായി വേണ്ടത് പ്രതിഭയാണ്. അതിനോടൊപ്പം പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും അത് പ്രാവർത്തികമാക്കാനുമുള്ള കഴിവും. സൗണ്ട് എൻജിനീയർമാരെ സംബന്ധിച്ച് ടെക്നിക്കൽ കാര്യങ്ങളിൽ മാത്രമല്ല സംഗീതത്തെ സംബന്ധിച്ചും അഭിരുചി ആവശ്യമാണ്. പാട്ട് പഠിക്കുകയോ പാടുകയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും സംഗീതവും സാങ്കേതികത്വവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം എന്നുള്ളതിനെ പറ്റിയുള്ള യുക്തി അവർക്ക് ആവശ്യമാണ്.
പ്രതിഭയുള്ളവർക്ക് എവിടെയും അവസരങ്ങൾ ഉണ്ട്. കോവിഡ് പോലുള്ള സാഹചര്യങ്ങൾ വന്നപ്പോൾ മാത്രമാണ് സംഗീതഞ്ജരെ പ്രതികൂലമായി അത് ബാദിച്ചത്. ലൈവ് ഷോകൾ നടത്തിയിരുന്ന സംഗീതജ്ഞരെയും സൗണ്ട് എഞ്ചിനീയറിങ് ചെയ്തവരെയും വലിയ രീതിയില്‍ കോവിഡ് ബാധിച്ചു. ആ ഒരു കാലം കടന്നു പോയപ്പോൾ വീണ്ടും അവർക്ക് അവസരങ്ങൾ വരികയാണ്. അതിനുള്ള കാരണം അവരുടെ പ്രതിഭ തന്നെയാണ്.
അവരാണ് എന്റെ താളബോധം
എന്റെ സംഗീതം എന്നു പറയുന്നത് എന്റെ സുഹൃത്തുക്കൾ കൂടിയാണ്. സംഗീതത്തെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരും അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നവരുമായ ഒരു സൗഹൃദ വലയം ഉണ്ടെങ്കിൽ ഒരു സംഗീതസംവിധായകനെയോ സംഗീതജ്ജനെയോ സംബന്ധിച്ച് മറ്റൊരു ഇടവും ഇതിലും വലിയൊരു പാഠശാല ആയിരിക്കില്ല. നിലവിൽ ഞാൻ ജോലി ചെയ്യുന്നത് ബോധി സൈലൻസിലാണ്. അവിടം തരുന്ന ഒരു ഊർജം ചെറുതല്ല.
സംഗീതം അല്ലാതെ മറ്റൊന്നും മുന്നിലില്ല
സംഗീതജ്ഞനായി ജീവിക്കുക, സംഗീതത്തിൽ കൂടി കടന്നുപോവുക എന്നുള്ളതാണ് എന്റെ ജീവിതലക്ഷ്യം. എന്നെ സംബന്ധിച്ച് അതിജീവനം സംഗീതത്തിൽ കൂടി മാത്രമാണ്. കീബോർഡ് പ്ലേയർ ആയിട്ടാണെങ്കിലും പ്രോഗ്രാമറായിട്ടാണെങ്കിലും സംഗീതസംവിധാനായിട്ടാണെങ്കിലും എങ്ങനെയാണെങ്കിലും സംഗീത രംഗത്തു നിൽക്കണം. അതല്ലാതെ മറ്റൊന്നും മുന്നിലില്ല. തട്ടാശ്ശേരി കൂട്ടത്തിൽ 4 പാട്ടുകളാണ് ചെയ്തിട്ടുള്ളത് പിന്നെ അതിന്റെ പശ്ചാത്തല സംഗീതവും. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.