ADVERTISEMENT

‘ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ’ എന്ന പാട്ട് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അടുത്തിടെ ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിലെ പാചകപ്പുരയിൽ ജോലി നോക്കുന്ന കൃഷ്ണൻ, പാചകത്തിനാവശ്യമായ പഴം അരിഞ്ഞുകൊണ്ട് പാടിയ പാട്ട് ആസ്വാദക ഹൃദയങ്ങളിൽ ആനന്ദത്തിന്റെ അലയൊലി സൃഷ്ടിച്ചിരിക്കുകയാണ്. പാട്ട് കൃഷ്ണനു നേടിക്കൊടുത്തത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശ്രീകൃഷ്ണ സേവാ ഭക്ത പുരസ്‌കാരം. ഇത്രനാളും പാടിയിട്ട് കിട്ടാത്ത അംഗീകാരമാണ് ഇപ്പോൾ കിട്ടിയതെന്നും അത് ഗുരുവായൂരപ്പന്റെ സമ്മാനമാണെന്നും കൃഷ്ണൻ പറയുന്നു. മുപ്പത് വർഷമായി ഗാനമേള രംഗത്തു സജീവമായ കൃഷ്ണൻ, ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളും മറ്റു സ്വതന്ത്രസംഗീത വിഡിയോകളും ചെയ്തിട്ടുണ്ട്. പാട്ടുവിശേഷങ്ങൾ പങ്കിട്ട് കൃഷ്ണൻ മനോരമ ഓൺലൈനിനൊപ്പം.

 

പുരസ്കാരം ഗുരുവായൂരപ്പന്റെ അനുഗ്രഹം 

 

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഒരു പുരസ്കാരം കിട്ടിയത്. വലിയ സന്തോഷം തോന്നുന്നു. ഞാൻ ഗാനമേളകളിൽ പാടുന്ന ആളാണ്. പ്രഫഷനലായി പാടിക്കൊണ്ടിരിക്കുമ്പോഴൊന്നും കിട്ടാത്ത അംഗീകാരമാണ് ഭഗവാന്റെ സന്നിധിയിൽ ഇരുന്നു പാടിയപ്പോൾ കിട്ടിയത്. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു. ഞാൻ 30 വർഷത്തോളമായി സംഗീത മേഖലയിൽ എത്തിയിട്ട്. ശാസ്ത്രീയമായി പഠിച്ചിട്ടില്ല. സ്വന്തമായി രണ്ടു സംഗീത ആൽബം ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ പാടാറുണ്ട്.

 

ആ വൈറൽ ഗാനം

 

ഞാൻ ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ പ്രസാദം ഊട്ടിന്റെ ചുമതലയുള്ള ആളാണ്. ഏകാദശിയുടെ അന്ന് പ്രസാദ ഊട്ടിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ അവിടെയിരുന്നു പാടിയതാണ് ‘ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ’ എന്ന പാട്ട്. എന്റെ മകൾ വിഡിയോ എടുത്തു ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. അതൊന്നും ഞാൻ അറി‍ഞ്ഞിരുന്നില്ല. പിറ്റേ ദിവസം നിരവധി ഫോൺ കോളുകൾ വന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ പരിചയമില്ലാത്തവർ പോലും വിളിച്ചു. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ എന്നെക്കുറിച്ചു പോസ്റ്റുകളിട്ടു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അതൊക്കെ. 

 

യേശുദാസുമായി സാമ്യം 

 

എന്റെ ശബ്ദത്തിനു ദാസേട്ടന്റെ (കെ.ജെ.യേശുദാസ്) ശബ്ദവുമായി സാമ്യമുണ്ടെന്ന് മറ്റുള്ളവർ പറയാറുണ്ട്. ലോകം മുഴുവൻ ബഹുമാനിക്കുന്ന മഹാഗായകന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്നു കേൾക്കുന്നതിൽ ഏറെ ഒരുപാട് സന്തോഷം.

 

കുടുംബം 

 

ഗുരുവായൂർ ക്ഷേത്രത്തിനടുത്താണ് വീട്. വീട്ടിൽ ഭാര്യയും മകളും മകനുമാണ് ഉള്ളത്. അവർക്ക് എല്ലാം ഞാൻ പാടുന്നത് വലിയ ഇഷ്ടമാണ്. മമ്മിയൂർ ക്ഷേത്രത്തിൽ ഒരു വർഷത്തേക്ക് പ്രസാദ ഊട്ട് കരാർ എടുത്തിരിക്കുകയാണ്. അതിനൊപ്പം പാട്ടു പാടാനും പോകാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com