‘ആ മൂന്നാമൻ ഞാനായിരുന്നു, രണ്ട് ഒന്നാം സമ്മാനങ്ങൾ കിട്ടിയത് എനിക്കു മാത്രം; ചിത്രയോടു മിണ്ടിയിട്ടില്ല, അന്നും ഇന്നും’
Mail This Article
കോഴിക്കോടിന്റെ മണ്ണിൽ താളം പിടിപ്പിച്ച്, ആവേശത്തിരയുയർത്തി സ്കൂൾ കലോത്സവം നടക്കവെ, പതിറ്റാണ്ടുകള്‍ക്കു മുൻപ് പത്രത്തിൽ അച്ചടിച്ചുവന്ന മൂന്ന് കൗമാരക്കാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ആൺകുട്ടികളുടെ ലളിതഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മോഹൻ ലോറൻസ്, പെൺകുട്ടികളുടെ വിഭാഗത്തിലെ വിജയി ചിത്ര കെ.എസ്, കഥകളിസംഗീതം, മലയാളം പദ്യപാരായണം എന്നിവയിലെ വിജയി ഹരി യു നായർ എന്നിവരുടെ ചിത്രമായിരുന്നു അത്. അന്നത്തെ ആ പെൺകുട്ടി പിന്നീട് ദക്ഷിണേന്ത്യയിലെ വാനമ്പാടിയായി, കെ.എസ്.ചിത്ര. മോഹൻ ലോറൻസിനെ പിന്നീട് സംഗീതരംഗത്ത് ആരും കണ്ടിട്ടില്ല. വർഷങ്ങൾക്കിപ്പുറം ഈ കലോത്സവകാലത്ത് അദ്ദേഹത്തെ സുഹൃത്തുക്കൾ കണ്ടെത്തി. സഹപാഠിയെ തേടി സംഗീതഗവേഷകൻ രവി മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് മലയാള മനോരമയിൽ വാർത്തയായതോടെയാണ് വർഷങ്ങൾക്കിപ്പുറം മോഹൻ ലോറൻസിനെ ആളുകൾ തിരിച്ചറിഞ്ഞത്. നാല് വർഷമായി ദുബായിൽ ടാലന്‍റ് ഗ്രൂപ്പ് ഡയറക്ടറാണ് അദ്ദേഹം. മോഹനെ കണ്ടെത്തിയെങ്കിലും അന്നത്തെ ആ മൂന്നാമനെ ആരും എവിടെയും തിരഞ്ഞില്ല. ഹരി യു നായർ എന്ന ഹരി ഉണികൃഷ്ണൻ. സംഗീതം ഹോബി മാത്രമായെടുത്തിരുന്ന ഹരി, ഉന്നതവിദ്യാഭ്യാസത്തിന് ഇന്ത്യ വിട്ട് അമേരിക്കയിലേക്കു പോയി. പിന്നീട് അവിടുത്തെ സ്ഥിരതാമസക്കാരനുമായി. ജോലിയുമായി ബന്ധപ്പെട്ടു തിരക്കിലായെങ്കിലും സംഗീതത്തെ എപ്പോഴും മുറുകെ പിടിച്ചു ഹരി. 1979 ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് വിജയിയായതിന്റെ ചിത്രം വീണ്ടും കണ്ടപ്പോൾ അത് ഓർമ്മകളുടെ കുത്തൊഴുക്കായി മനസ്സിൽ നിറയുകയാണെന്നു ഹരി പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഹരി ഉണ്ണികൃഷ്ണൻ മനസ്സു തുറക്കുന്നു.
ആ മൂന്നാമൻ ഞാനായിരുന്നു
1979 ൽ ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. ഇത്തവണ കലോത്സവം നടക്കുന്ന സമയത്ത് മോഹൻ ലോറൻസിന്റെ സുഹൃത്ത് രവി മേനോൻ ഈ പഴയ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആ ചിത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞപ്പോൾ നഷ്ടപ്പെട്ടുപോയി. അദ്ദേഹം ഈ ഫോട്ടോ വച്ച് മോഹൻ ലോറൻസിനെയും കെ.എസ്.ചിത്രയെയും താരതമ്യപ്പെടുത്തി ഒരു ആർട്ടിക്കിൾ എഴുതി. ചിത്രയെപ്പോലെ പ്രതിഭയുള്ള ലോറൻസിനെ ആരും അറിയാത്ത വിധത്തിൽ മറഞ്ഞുപോയല്ലോ എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അന്നത്തെ ആ ചിത്രം അടുത്തിടെ എന്റെ ഫാമിലി ഗ്രൂപ്പിലും പ്രചരിച്ചു. അതിൽ മൂന്നാമൻ ആരാണെന്ന് അറിയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്റെ ബന്ധുവായ ആരതി അത് ശ്രദ്ധിച്ചു. ആ മൂന്നാമൻ വല്യച്ഛൻ ആണോ? അത് ആരും ശ്രദ്ധിച്ചില്ലല്ലോ എന്നാണ് ആരതി ചോദിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അപ്പോഴാണ് അതിൽ കാണുന്ന ഹരി യു എന്ന പൊടിമീശക്കാരൻ ഹരി ഉണ്ണികൃഷ്ണൻ എന്ന ഞാനാണെന്നു തിരിച്ചറിഞ്ഞത്.
അന്ന് രണ്ട് ഒന്നാം സമ്മാനങ്ങൾ കിട്ടിയ ഒരേയൊരാൾ
എന്റെ അച്ഛന് കഥകളി വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ചെറുപ്പം മുതൽ കഥകളി പദങ്ങൾ പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. മൂന്ന് വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കയറി പാടുന്നത്. വൈക്കത്ത് വാസുദേവൻ നമ്പൂതിരി എന്ന ഗുരുവിന്റെ അടുത്തുനിന്നാണ് ശാസ്ത്രീയസംഗീതം പഠിച്ചത്. ശാസ്ത്രീയസംഗീതം ഏറെ പഠിച്ചാലേ അതിന്റെ മത്സരത്തിൽ പങ്കെടുക്കാൻ പറ്റൂ. അതുകൊണ്ട് ഞാൻ ആ വിഭാഗത്തിൽ പങ്കെടുക്കാതെ കഥകളി സംഗീതം, മലയാളം പദ്യപാരായണം എന്നിവയിൽ മത്സരിച്ചു. അതിനു വേണ്ടി മാസങ്ങളോളം പരിശീലനം നടത്തി. കാരണം ആകെ അഞ്ചു മിനിറ്റിനുള്ളിൽ പാടി മുഴുവിപ്പിക്കണം. കോട്ടയം കല്ലറ എൻ.എസ്.എസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അവിടെ നിന്നാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. അച്ഛന് താല്പര്യമുള്ളതുകൊണ്ട് അച്ഛൻ ആണ് എല്ലാ പിന്തുണയും നൽകി കൂടെ നിന്നത്. ചേർത്തല തങ്കപ്പപ്പണിക്കർ എന്ന ആശാന്റെ കഥകളി കാണാൻ പോയപ്പോൾ ഒരു പദം അച്ഛൻ പാടി റെക്കോർഡ് ചെയ്തെടുത്തു. അത് കേട്ടാണ് ഞാൻ പഠിച്ചത്. വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ എന്ന കവിത ഞാൻ മലയാള പദ്യപാരായണത്തിന് എടുത്തു. അന്ന് അവിടെ രണ്ടു ഒന്നാം സമ്മാനങ്ങൾ കിട്ടിയത് എനിക്കു മാത്രമായിരുന്നു. കെ.എസ്.ചിത്രയെപ്പോലെ ഉള്ളവരാണ് അന്ന് പാടുന്നത് നല്ല ടൈറ്റ് മത്സരമായിരുന്നു.
ചിത്ര അന്നേ പ്രശസ്ത
അന്ന് മത്സരഫലം പ്രഖ്യാപിക്കാൻ കുറേയേറെ നേരമെടുത്തു. ഞങ്ങളെല്ലാം അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ചോദിച്ചപ്പോഴാണ് ഒരു പദം ചൊല്ലിയപ്പോൾ ഞാൻ കൈകൊണ്ടു ഉറപ്പിക്കുക എന്നർഥം വരുന്ന ആംഗ്യം കാണിച്ചത്രേ അത് ചെയ്യാൻ പാടില്ലായിരുന്നു എന്നുപറഞ്ഞ് അടുത്ത മത്സരാർഥി ചലഞ്ച് ചെയ്തു. അങ്ങനെയാണ് ഫലപ്രഖ്യാപനം വൈകിയത്. പക്ഷേ ഒടുവിൽ എനിക്ക് തന്നെ ഒന്നാം സമ്മാനം കിട്ടി. ചിത്ര അന്ന് മത്സരിച്ചതു ലളിതഗാന വിഭാഗത്തിലാണ്. ചിത്ര അന്നേ മത്സരങ്ങളിലൊക്കെ പങ്കെടുത്ത് പ്രശസ്തയായിരുന്നു. ചിത്രയെ അന്നേ വേദികളിൽ കണ്ടിട്ടുണ്ട്. പക്ഷേ പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. അന്ന് ഞങ്ങൾ കുട്ടികൾ അല്ലെ? പരിപാടികളുമായി തിരക്കിലായിരുന്നു എല്ലാവരും. പിൽക്കാലത്ത് ചിത്ര പിന്നണി ഗായികയായി അതിപ്രശസ്തയായി. പക്ഷേ പിന്നെ ഇതുവരെ ചിത്രയെ കാണാനോ പരിചയപ്പെടാനോ എനിക്കു കഴിഞ്ഞില്ല.
ജീവിതത്തിലുടനീളം പിന്തുടരുന്ന സംഗീതം
ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കുമായിരുന്നു. അന്ന് ഒപ്പം മത്സരിച്ചത് കാവാലം ശ്രീകുമാർ ആയിരുന്നു. അന്ന് ശ്രീകുമാർ ഒന്നാം സ്ഥാനവും ഞാൻ രണ്ടാം സ്ഥാനവും നേടി. എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചു. ലളിതഗാനം, സമൂഹഗാനം തുടങ്ങിയവയിലൊക്കെ പങ്കെടുക്കുമായിരുന്നു. കർണാടക സംഗീതത്തിൽ കച്ചേരികൾ നടത്തിയിട്ടുണ്ട്. അതിനു ശേഷം ഞാൻ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ചെയ്യാൻ അമേരിക്കയിലേക്കു പോയി. ഇപ്പോൾ ടെക്‌സസിൽ ഒരു പവർ ഇൻഡസ്ട്രി കമ്പനിയുടെ ഡയറക്ടർ ആണ്. അന്ന് സംഗീതം ഒരു ഹോബി ആയിട്ടായിരുന്നു എടുത്തത്. എനിക്ക് എൻജിനീയറിങ്ങിനു പോയി ജോലി നേടണം എന്നായിരുന്നു ആഗ്രഹം. സംഗീതം ഒരിക്കലും ഉപേക്ഷിച്ചില്ല. ഇപ്പോഴും സൗഹൃദ സദസ്സുകളിൽ പാടാറുണ്ട്. എന്റെ ഒരു സുഹൃത്ത് സിനിമ ചെയ്തപ്പോൾ എന്നെക്കൊണ്ട് ഒരു പാട്ട് പാടിച്ചിരുന്നു പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല. അതുകൊണ്ടു ഞാൻ പാടിയ പാട്ടും വെളിച്ചം കണ്ടില്ല. സിനിമാ പാട്ടുകൾ ഇഷ്ടമാണെങ്കിലും ശാസ്ത്രീയ സംഗീതത്തിലായിരുന്നു എനിക്കു കൂടുതൽ താൽപര്യം. അമേരിക്കയിൽ പല വേദികളിലും കച്ചേരികൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. ഹ്യൂസ്റ്റണിൽ ഒരു ക്ഷേത്രമുണ്ട്. അവിടെ ഉത്സവം വരുമ്പോൾ കച്ചേരികൾ നടത്താറുണ്ട്.
സ്വന്തമായി ഈണം കൊടുത്തു പാടുന്നു
ഇപ്പോൾ എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ പാട്ടുകൾ പാടി അപ്‌ലോഡ് ചെയ്യും. കോവിഡ് വന്നപ്പോൾ ആരെയും കാണാൻ പറ്റാതായപ്പോൾ പാട്ടുകൾ കംപോസ് ചെയ്ത് മറ്റു ആർട്ടിസ്റ്റുകളെ റിമോട്ട് ആയി കണക്റ്റ് ചെയ്ത് പാട്ടുകൾ ചെയ്തു തുടങ്ങി. അതെല്ലാം എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് കൂടുതലും സെമി ക്ലാസ്സിക്കൽ പാട്ടുകളാണ്. എന്റെ അമ്മ കുറേ കവിതകൾ എഴുതിയിട്ടുണ്ട്. അതും പിന്നെ എന്റെ സുകുമാർ എന്ന സുഹൃത്ത് എഴുതിയ കീർത്തനങ്ങളുമൊക്കെ കംപോസ് ചെയ്തു പാടിയിട്ടുണ്ട്. സംഗീതം ഒരിക്കലും ഞാൻ ഉപേക്ഷിച്ചിട്ടില്ല. അതെന്റെ ജീവിതത്തിൽ ഉടനീളം കൂടെയുണ്ടാകും.
മക്കളും പാടും
കോട്ടയത്തിനടുത്ത് മാഞ്ഞൂർ കുറുപ്പന്തറ ആണ് എന്റെ സ്വദേശം. അച്ഛനും അമ്മയും സ്‌കൂൾ അധ്യാപകർ ആയിരുന്നു. ഞാനും ഭാര്യ ലക്ഷ്മിയും രണ്ട് മക്കളും അമേരിക്കയിലാണ്. മക്കൾ പല്ലവിയും പ്രിയയും കെമിക്കൽ എഞ്ചിനീയേഴ്സ് ആണ്. മക്കൾക്കും പാട്ടിൽ താൽപര്യമുണ്ട്. രണ്ടുപേരും കർണാടക സംഗീതം പഠിച്ചിട്ടുണ്ട്. അമേരിക്കയിൽ വളർന്ന കുട്ടികൾ ആയതുകൊണ്ട് ഉച്ചാരണത്തിൽ വ്യത്യാസമുണ്ട്. കുട്ടികൾ പിയാനോ വായിക്കും. വീട്ടിൽ വരുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി പാടാറുണ്ട്.
ഓർമകളുടെ ഉണർത്തുപാട്ട്
ചിത്രയുമൊത്തുള്ള പേപ്പർ കട്ടിങ് പുറത്തു വന്നത് എനിക്കും കുറേ ഓർമ പുതുക്കൽ ആയി. കലോത്സവങ്ങൾക്കു പോയതും ഫലപ്രഖ്യാപനത്തിനായി കാത്ത് നിൽക്കുന്നതും ഇടവേളയിൽ അച്ഛനോട് ചോദിച്ച് രാഗം തിയറ്ററിൽ പോയി മദനോത്സവം സിനിമ കണ്ടതുമൊക്കെ എന്റെ ഓർമ്മയിൽ വീണ്ടും മിന്നിത്തെളിയുന്നു. മക്കൾക്ക് ഈ ചിത്രം കാണിച്ചുകൊടുത്ത് പഴയ കഥകളൊക്കെ പറഞ്ഞുകൊടുത്തു. ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ആ പഴയ പത്ര കട്ടിങ് എന്നെ സഹായിച്ചു.